സൂറത്തു മർയം:വിസ്മയം തീർത്ത ഇലാഹിൻ ഖുദ്രത്തുകൾ

 


പരിശുദ്ധ ഖുർആനിലെ പത്തൊമ്പതാം അധ്യായമാണ് സൂറത്തു മർയം.മക്കയിൽ അവതരിച്ച ഈ സൂറത്തിൽ പ്രധാനമായും തൗഹീദ് സ്ഥിരീകരണം, അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന വാദക്കാർക്കു ഖണ്ഡനം, പുനരുത്ഥാന ചർച്ച, ഖിയാമത്ത് നാളിലെ ചില രംഗങ്ങൾ, ഒരുപാട്  പ്രവാചകന്മാരുടെ ചരിത്ര കഥനങ്ങൾ എന്നിവ ഇതിൽ പ്രദിപാതിക്കുന്നു.


പരിശുദ്ധ ഖുർആനിൽ ഏതാനും അദ്ധ്യായങ്ങളെ ചില ഖണ്ഡിതാക്ഷരങ്ങൾ കൊണ്ട് തുടങ്ങിയത് പോലെ 'സൂറത്തു മർയം' ലും തുടക്കം അപ്രകാരം തന്നെയാണ്. തുടർന്ന് രാത്രിയുടെ മറവിൽ അല്ലാഹുവിനോട് ദുആ ചെയ്താൽ ഉത്തരം ലഭിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമായി പ്രവാചകനായ സകരിയ(അ) ന്റെയും മകൻ യഹ് യ (അ)ന്റെയും കഥ പരമാർശിക്കുന്നു. 120 വയസുള്ള സകരിയ്യ (അ)നും 98 പൂർത്തിയായ തന്റെ ഭാര്യക്കും എങ്ങനെയാണ് ഒരു കുഞ്ഞ് ലഭിക്കുക. അവിടെയാണ് الله പറഞ്ഞ ഉത്തരം പ്രസിദ്ധമാക്കുന്നത്;

قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٌ وَقَدْ خَلَقْتُكَ مِنْ قَبْلُ وَلَمْ تَكُ شَيْئًا (9)

അല്ലാഹു മറുപടി നൽകി : (കാര്യം) അങ്ങനെ തന്നെയാണ് താങ്കളുടെ രക്ഷിതാവ് പറയുന്നത്. മുമ്പ് താങ്കളെ ഞാൻ സൃഷ്ടിച്ചു താങ്കൾ ഉണ്ടായിരുന്നേയില്ലല്ലോ...


വൃദ്ധനായ സകരിയ്യ(അ)ന് ശക്തിയും മച്ചിയായ നബിയുടെ ഭാര്യയുടെ ഗർഭാശയത്തിൽ ജീവൻ നൽകിയവനായ അല്ലാഹു എത്ര കഴിവുള്ളവനാണ് ...?


ഏറ്റവും ചെറിയ പ്രായത്തിൽ തന്നെ പ്രവാചകനായ  യഹ്‌യ (അ)ന്റെ കഥയാണ് പിന്നീട് പറയുന്നത്. 

يَٰيَحْيَىٰ خُذِ ٱلْكِتَٰبَ بِقُوَّةٍۢ [ ] 


എന്ന കൽപനകൊണ്ട് രണ്ടാം വയസ്സിൽ പ്രബോധനവീഥിയിലേക്ക് തിരിച്ച യഹ്‌യ (അ)ന്റെ 

 ജനനം  വിവരിച്ചതിനെ തുടർന്ന് അത്ഭുതകരമായ നിലയിൽ  മർയം ബീവിക്ക് ഒരു പുത്രൻ - عيسى بن مريم- ജനിച്ച ചരിത്രം വിവരിക്കുകയാണ്. ഒരു പുരുഷ സ്പർശം പോലും ഇല്ലാതെ الله വിന്റെ കൽപന പ്രകാരം ബീവി ഗർഭിണിയായി. തുടർന്ന് പ്രസവവേദന വരികയും  പിതാവില്ലാതെ ഒരു കുട്ടി ജനിക്കുകയുണ്ടായി. ജനങ്ങളുടെ ചോദ്യത്തിൽ നിന്ന് മോചനമായി മർയംബീവിയോട് മൗനം പാലിക്കാൻ പറഞ്ഞത് മറ്റൊരു മഹാത്ഭുതം കാണിക്കാനായിരുന്നു .തൊട്ടിലിൽ വെച്ച് ഒരു പൈതൽ സംസാരിക്കുക. سُـبْـحَـانَ ٱلله എന്തൊരത്ഭുതം ...!!


قَالَ إِنِّي عَبْدُ اللَّهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا (30-34)

അല്ലാഹുവിന്റെ ഏകത്വവും നിസ്കാരം, സകാത്ത് മാതാപിതാക്കൾക്ക് നന്മ ചെയ്യൽ എന്നീ കാര്യങ്ങൾ കൽപിക്കുകയും സമൂഹത്തിന് ഒരു ദൃഷ്ടാന്തമായി عيسى بن مريم- മാറുകയും ചെയ്തു.


 അല്ലാഹുവിന്റെ قدرة ( കഴിവ്) നെയാണ് ഇവിടെ എടുത്തു കാണിക്കുന്നത്. ക്രിസ്ത്യാനികൾ 

ഈസാ عليه السلام അല്ലാഹു തആലയുടെ മകനാണെന്ന് പറയുന്നതിന് ഖുർആനിലൂടെ മറുപടി പറയുന്നു,

 مَا كَانَ لِلَّهِ أَنْ يَتَّخِذَ مِنْ وَلَدٍ سُبْحَانَهُ إِذَا قَضَى أَمْرًا فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ (35)

ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന് ഒരിക്കലും അനുയോജ്യമല്ല തന്നെ,അവനത്രെ പരിശുദ്ധൻ ! ഒരു കാര്യം തീരുമാനിച്ചാൽ അതിനോട് ' ഉണ്ടാകുക' എന്നു പറയുക മാത്രമാണ് അവൻ ചെയ്യുക അപ്പോൾ അതുണ്ടാകുന്നു... വിശ്വസിക്കാത്തവർക്ക് ഖിയാമത്ത് നാളിൽ ഭയാനകമായ ശിക്ഷയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു.


ശേഷം,ഇബ്റാഹീം നബി(അ) ൽ നിന്ന്തുടങ്ങി ഇസ്മാഈൽ നബി (അ), ഇദ്രീസ് നബി(അ) ,മൂസാ നബി(അ),ഇസ്ഹാഖ് നബി(അ) , യഅ്ഖൂബ് നബി(അ) എന്നിവരുടെ കഥകൾ വിവരിക്കുന്നു.പ്രവാചകന്മാരുടെ പാത പിന്തുടരുന്നവർക്ക് അദൃശ്യ നിലയിൽ വഗ്ദാനം ചെയ്ത;എന്നെന്നും  ശാശ്വതമായി നിലനിൽക്കുന്ന സ്വർഗമുണ്ടെന്ന് സന്തോഷവാർത്തയറിയിക്കുന്നു.


وَيَقُولُ الْإِنْسَانُ أَإِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيًّا (66)

" ഞാൻ മരിച്ചു കഴിഞ്ഞാൽ പിന്നെ ജീവനുള്ളവനായി പുറത്തേക്ക് കൊണ്ടു വരപ്പെടുമോ എന്നു മനുഷ്യൻ ചേദിക്കും. അതിന് മറുപടിയായി അല്ലാഹു പറയുന്നു:

أَوَلَا يَذْكُرُ الْإِنْسَانُ أَنَّا خَلَقْنَاهُ مِنْ قَبْلُ وَلَمْ يَكُ شَيْئًا (67)

ഒന്നുമില്ലാതെ മനുഷ്യനെ സൃഷ്ടിച്ച റബ്ബിന്, മരണാനന്തരം അവനെ സൃഷ്ടിക്കാൻ കഴിയില്ലേ ? എന്ന് അല്ലാഹു ചോദിക്കുന്നു.അതിൽ നിഷേധിക്കുന്നവർക്ക് ഭയാനകമായ പാരത്രിക ശിക്ഷ കാത്തിരിക്കുന്നുവെന്നും മുമ്പ് ഒരുപാട് സമൂഹത്തെ ദുനിയാവിൽ വെച്ച് നശിപ്പിച്ചിട്ടുണ്ടെന്ന് അവർക്ക് മുന്നറിയിപ്പു നൽകുന്നു.


പരലോക നിഷേധികളെക്കുറിച്ച് പലതും പ്രസ്താവിച്ച ശേഷം, ബഹുദൈവ വിശ്വാസികൾ ആരാധിക്കുന്ന ഇലാഹ് അവരെ സഹായിക്കുക മാത്രമല്ല അവർ ( ബിംബങ്ങൾ ) ആരാധകർക്കെതിരാവുകയും ചെയ്യുമെന്ന് പറയുന്നു.


ഈ സൂറത്തിന്റെ പരമപ്രധാനമായ ആയത്താണ്; ഉസൈർ അല്ലാഹുവിന്റെ പുത്രനാണെന്ന് മൊഴിഞ്ഞ ജൂതന്മാർക്കും, ഈസാ നബി അവന്റെ മകനാണെന്ന് വാദിച്ച ക്രിസ്ത്യാനികൾക്കും, മലക്കുകൾ അവന്റെ പുത്രിമാരാണെന്ന് പറഞ്ഞ അറബികൾക്കുമേലുള്ള സന്ദർഭം-

لَقَدْ جِئْتُمْ شَيْئًا إِدًّا (89-92)

അതി ഗൗരവമായ ഒരു കാര്യമാണ് നിങ്ങൾ ചെയ്തിരിക്കുന്നത്. ഇത് മൂലം ആകാശങ്ങളും പർവ്വതങ്ങളും പൊളിഞ്ഞു വീഴുന്നു. അല്ലാഹുവിന് സന്താനത്തെ സ്വീകരിക്കുക എന്നത് അനുയോജ്യമല്ല എന്ന് പറഞ്ഞ് കൊണ്ട് ആ വാദത്തെ ഖണ്ഡിക്കുന്നു.


98 ആയത്തുള്ള ഈ സൂറത്തിന്റെ അവസാനം അല്ലാഹു ചോദിക്കുന്നു." എത്രയോ സമൂഹത്തെ നാം നശിപ്പിച്ചു അവരിലാരെയെങ്കിലും കണ്ടുവോ ..?.അവരുടെ ശബ്ദം കേട്ടുവോ...? " ധിക്കാരികളെ നശിപ്പിക്കുക എന്ന അല്ലാഹുവിന്റെ നിയമം അവർക്ക് മാത്രമല്ല ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്കും ബാധകമാണെന്നു പഠിപ്പിക്കുന്നു.


ലോക ജനങ്ങൾക്കിടയിൽ മർയം ബീവി വ്യഭിചാരിയോ വഞ്ചിതയോ അല്ല , മറിച്ച് പരിശുദ്ധയും കന്യകയുമാണെന്ന് അറിയിക്കാനും മറിയംബീവിയുടെ മഹത്വം സമൂഹം  മനസ്സിലാക്കുവാനുമാണ് ഈ സൂറത്തിന് سورة مريم എന്ന് പേരിട്ടത്. നാളെ അവരോടൊപ്പം സ്വർഗീയ സുഖങ്ങൾ ആസ്വദിക്കാൻ അല്ലാഹു നമുക്കും തൗഫീഖ് നൽകട്ടെ... امين


✍🏻Fathimath Shamla

Irfana. OV


MTM wafiyya college, Olavilam