സൂറത്തുൽ ഫുർഖാൻ; സത്യത്തിന്റെ വിശാല വീഥി.
ഖുർആനിന്റെ മറ്റൊരു നാമമാണ് 'ഫുർഖാൻ'. സത്യാസത്യ വിവേചനം എന്നാണ് 25-ആം അദ്ധ്യായമായ ഫുർഖാനിന്റെ നാമാർത്ഥം. സത്യവും അസത്യവും വേർതിരിച്ചു മനസ്സിലാക്കാനാണ് അന്ത്യ പ്രവാചകൻ മുഹമ്മദ് നബി (സ്വ) യിലൂടെ ഫുർഖാൻ ഈ ഉമ്മത്തിന് അവതരിപ്പിച്ചിട്ടുള്ളത്.
അള്ളാഹു ഏകനാണെന്നും രാജാധികാരത്തിൽ അവന് പങ്കുകാരില്ലെന്നുമാണ് പ്രവാചകൻ (സ്വ) മുന്നോട്ട് വെച്ച സത്യ പ്രസ്താവന. അള്ളാഹുവിന്റെ ഏകീകൃത പൊരുൾ തന്റെ ജനതക്ക് മുന്നിൽ ഖുർആനിക വചനങ്ങൾ കൊണ്ട് ഉയർത്തിയപ്പോൾ തീർത്തും എതിർത്തു കൊണ്ട് ഒരു കുത്തൊഴുക്ക് പോലെ സത്യനിഷേധികൾ അവരുടെ വാദങ്ങൾ കെട്ടഴിച്ചു വിട്ടു. പരിശുദ്ധ ഖുർആൻ കെട്ടിച്ചമച്ച നുണ മാത്രമാണെന്നും അന്യായത്തിലും വ്യാജത്തിലുമാണ് ഈ കൂട്ടർ എന്നും അവർ വാദിച്ചു.ഇസ്ലാമിക ആദർശത്തെയോ പരിശുദ്ധ പ്രവാചകൻ (സ്വ)യുടെ വ്യക്തിത്വത്തെയോ പഴിക്കാൻ ഒരുക്കിയ ന്യായങ്ങൾ വൃഥാവിലായപ്പോൾ അവരുന്നയിച്ച മൗഢ്യമായ ചോദ്യചിഹ്നങ്ങളും അതിന് അള്ളാഹുവിൽ നിന്നുള്ള തിരിച്ചറിവിന്റെ ഉത്തരങ്ങളുമാണ് പ്രസ്തുത സൂറത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത്.
وَاتَّخَذُوۡا مِنۡ دُوۡنِهٖۤ اٰلِهَةً لَّا يَخۡلُقُوۡنَ شَيۡـًٔـا وَّهُمۡ يُخۡلَقُوۡنَ وَلَا يَمۡلِكُوۡنَ لِاَنۡفُسِهِمۡ ضَرًّا وَّلَا نَفۡعًا وَّلَا يَمۡلِكُوۡنَ مَوۡتًا وَّلَا حَيٰوةً وَّلَا نُشُوۡرًا ﴿۳﴾
അവന്ന് പുറമെ പല ദൈവങ്ങളെയും അവർ സ്വീകരിച്ചിരുന്നു. അവർ (ദൈവങ്ങൾ) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവർ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങൾക്ക് തന്റെ ഉപദ്രവമോ ഉപകാരമോ അവർ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിർത്തെഴുന്നേൽപിനെയോ അവർ അധീനപ്പെടുത്തുന്നില്ല."
അങ്ങാടികളിൽ അലഞ്ഞു നടക്കുന്ന അന്നം ഭുജിക്കുന്ന ഒരു മനുഷ്യനെയാണോ അള്ളാഹു ദൂതനായി അയച്ചത് എന്നവർ ചോദിക്കുന്നു. എന്തുകൊണ്ട് നിധി ഇറക്കപ്പെട്ടതും ഒരുപാട് പൂന്തോട്ടങ്ങളുള്ള ഒരു ധനികനെ അയച്ചില്ല എന്നും അവർ ചോദ്യമുയർത്തുന്നു. എന്നാൽ അള്ളാഹു തന്റെ തിരുദൂതർ (സ്വ) യെ സാന്ത്വനിപ്പിക്കുന്നത് ' താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകുന്ന സ്വർഗീയാരാമങ്ങൾ നൽകുവാനും കൊട്ടാരങ്ങൾ പണിത് തരാനും കഴിവുള്ളവനാണ് അള്ളാഹു' എന്ന് പറഞ്ഞാണ്. പ്രബോധന രംഗത്ത് ഒരുപാട് ചോദ്യങ്ങളുടെ ചാട്ടുളി എറിഞ്ഞപ്പോഴും ഉടനടി അള്ളാഹു തന്റെ ഭാഗത്ത് നിന്ന് പ്രവാചകൻ (സ്വ) ക്ക് തിരിച്ചെറിയാനുള്ള ചുട്ട മറുപടികൾ ജിബ്‌രീൽ (അ) വഴി എത്തിച്ചു കൊടുക്കുകയും ചെയ്തു.
ഉയർത്തെഴുന്നേൽപ്പിന്റെ നാളിൽ ബഹുദൈവാരാധകരെ ചൂണ്ടി അള്ളാഹു സ്വർഗാവകാശികളോട് ചോദിക്കുന്നുണ്ട് " എന്റെ ഈ ദാസന്മാരെ നിങ്ങൾ വഴി പിഴപ്പിച്ചതോ അതോ അവർ സ്വയം വഴി തെറ്റിപ്പോയതോ ?" എന്ന്. അവരതിന് നിരപരാധിത്വം തെളിയിക്കുകയും ഉടനെ തെറ്റുകാർക്ക് ശിക്ഷ വിധിക്കുകയും ചെയുന്നു.നമ്മുടെ രക്ഷിതാവിനെ നാം (നേരിൽ) കാണാത്തതെന്താണെന്ന് കപടർ ചോദിക്കുന്നത് അഹങ്കാരവും ധിക്കാരവും കൊണ്ടാണെന്ന് അള്ളാഹു 21-ആം സൂക്തത്തിൽ വ്യക്തമാക്കുന്നുണ്ട്.
'തന്റെ കൂട്ടുകാരനേതു മതത്തിലാണോ അതിലാണ് അവൻ' എന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. എന്നാൽ അന്ത്യ നാളിൽ തിന്മ മുൻ തൂക്കമായി മുഖം നിലത്ത് കുത്തി നരകത്തിലേക്ക് വലിച്ചിഴക്കുന്ന അവസരത്തിൽ അവൻ ആർത്തു വിളിക്കുന്നുണ്ട് " ഞാൻ ഇന്നയാളെ എന്റെ സുഹൃത്തായി തിരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അവനെന്നെ ബോധനം കിട്ടിയതിന് ശേഷം (അള്ളാഹുവിനെ സ്മരിക്കുന്നതിൽ നിന്ന്) വഴി തിരിപ്പിച്ച് കളഞ്ഞല്ലോ.." എന്ന്. 'പിശാച് മനുഷ്യനെ കൈവിട്ടു കളയുന്നവനാകുന്നു' എന്നും 28,29-ആം സൂക്തത്തിൽ പറയുന്നുണ്ട്.
ഖുർആനിനെ എന്തുകൊണ്ട് ഒറ്റത്തവണയായി ഇറക്കിയില്ല എന്ന് സത്യനിഷേധികൾ ചോദിക്കുന്നുണ്ട്. അത് അപ്രകാരം (ഘട്ടങ്ങളായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്. അത് കൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പിച്ചു നിർത്താൻ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്തിരിക്കുന്നു' എന്നാണ് അള്ളാഹുവിന്റെ മറുപടി. മുൻകഴിഞ്ഞ നബിമാർക്കും ഇതുപോലെ വേദഗ്രന്ഥം നൽകുകയുണ്ടായി. അവരെ ധിക്കരിച്ച സമൂഹത്തെ പിന്നീട് മനുഷ്യർക്ക് ഒരു ദൃഷ്ടാന്തമാക്കിക്കൊണ്ട് നശിപ്പിക്കുകയാണ് ചെയ്തത് ഏന്ന് 35-40 സൂക്തങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. പിന്നീടുള്ള ആയത്തുകൾ അള്ളാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളെയും ചിന്തിച്ചു മനസ്സിലാക്കുന്നവർക്ക് വേണ്ടി ശാസ്ത്രീയമായ അത്ഭുതങ്ങളും അവൻ വിശദീകരിക്കുന്നുണ്ട്.
പരമകാരുണികന്റെ ദാസന്മാർ ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികൾ തങ്ങളോട് സംസാരിക്കാൻ വന്നാൽ സുരക്ഷിതമായ വാക്ക് പറഞ്ഞ് ഒഴിവാക്കുന്നവരുമാകുന്നു എന്ന് 63-ആം ആയത്തിൽ മനോഹരമായി പറയുന്നു.
ഫുർഖാൻ സൂറത്തിൽ സത്യ വിശ്വാസികൾ പതിവാക്കേണ്ട രണ്ടു പ്രാർത്ഥനകൾ പഠിപ്പിക്കുന്നുണ്ട്-
.....رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا (٦٥)
....رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا (٦٤)
ഉദ്ബോധനം കേൾക്കാനോ ഗ്രഹിക്കാനോ തയ്യാറാകാതെ അന്ധമായി എതിർക്കുന്നവരെ മുഖത്തടിച്ചു പറയുന്ന വാക്കുകളാണ് 73-ആം ആയത്തിൽ.
സൂറത്ത് അവസാനിക്കുന്നത് പ്രാർത്ഥനയുടെ പ്രാധാന്യം ഉയർത്തിക്കൊണ്ടാണ്. ഓരോരുത്തർക്കും പ്രത്യേക പരിഗണനകൾ നൽകുന്നത് അവരുടെ പ്രാർത്ഥനയുടെ തോതനുസരിച്ചെന്ന് സാരം. സത്യനിഷേധികൾക്ക് നിർബന്ധമാക്കപ്പെട്ട ഭയാനകമായ നരകശിക്ഷയെ സൂചിപ്പിച്ചാണ് സൂറത്തിന്റെ ഒടുക്കം.
അള്ളാഹു നമ്മെ സത്യവാഹകരിൽ പെടുത്തി നരകശിക്ഷയെ തൊട്ട് കാത്തു രക്ഷിക്കട്ടെ.. ആമീൻ.
Fathima
Fathima Zahra women's college, uduma
2 Comments
Maaa sha allah✨🔥🥀
ReplyDelete👍👍
ReplyDelete