സൂറത്തു ലുഖ്മാൻ: സാരോപദേശ സംഹിത


   പരിശുദ്ധ ഖുർആനിലെ 31- ആം അധ്യായമാണ് സൂറത്തു ലുഖ്മാൻ.

ലുഖ്മാൻ എന്ന മഹാൻ തന്റെ മകനു നൽകിയ ചില ഉപദേശങ്ങൾ ഉൾപ്പെടുന്നത് കൊണ്ടാണ് ഈ അധ്യായത്തിന് സൂറത്തു ലുഖ്മാൻ എന്ന പേര് ലഭിച്ചത്. ഖുർആനിന്റെ മഹത്വം എടുത്ത് കാണിച്ചുകൊണ്ടാണ് സൂറത്ത് തുടങ്ങുന്നത്. പിന്നീട് സത്യവിശ്വാസികളുടെ ഉൽകൃഷ്ട ഗുണങ്ങളും സത്യനിഷേധികളുടെ ചില മോശം പ്രവർത്തനങ്ങളും വിവരിക്കുന്നു. മറ്റു പല സുപ്രധാന വിഷയങ്ങളും ഇതിൽ പരാമർശിച്ചിട്ടുണ്ട്.


     ഹസ്രത് ലുഖ്മാൻ എന്നവർ പണ്ഡിതനും ജ്ഞാനിയും സച്ചരിതനായ വ്യക്തിയുമായിരുന്നു എന്ന്  ഖുർആൻ നമുക്ക് വ്യക്തമാക്കിത്തരുന്നു . അദ്ദേഹം ഒരു പ്രവാചകൻ ആയിരുന്നില്ല എന്ന് തന്നെയാണ് പ്രബലമായ അഭിപ്രായം. സൂറത്തിൻ്റെ 12 ആം സൂക്തം മുതൽ ലുഖ്മാനുൽ ഹക്കീം എന്നവർ തന്റെ പുത്രന് നൽകിയ ഉപദേശങ്ങളാണ് ഉദ്ധരിക്കുന്നത്. 


       മുഖവുരയായി അല്ലാഹുവിന്റെ അസ്തിത്വത്തിന്റെയും ഏകത്വത്തിന്റെയും ദൃഷ്ടാന്തങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചതിന് ശേഷം ലുഖ്മാൻ എന്നവരുടെ തത്വാ പദേശങ്ങളിലേക്ക്   കടക്കുകയാണ്.അറബി ജാഹിലുകൾക്ക് ഏറെ സുപരിചിതമായ തത്വചിന്തകൻ ആയിരുന്നു  ലുഖ്മാൻ എന്നവർ.

              ആരായിരുന്നു ലുഖ്മാൻ? ഇക്കാര്യത്തിൽ ഏറെ അഭിപ്രായവ്യത്യാസങ്ങളുണ്ട്.ലുഖ്മാൻ എന്നവർ അയ്യൂബ് നബിയുടെ സഹോദരി പുത്രനനാണെന്നും അല്ല, മാതൃസഹോദരീ പുത്രനാണെന്നും,  ദാവൂദ് നബിയുടെ സമകാലികൻ ആണെന്നും  പറയപ്പെടുന്നു.എന്നിരുന്നാലും ബുദ്ധിമാനും വിവേകശാലിയും ആയിരുന്നു ലുഖ്മാൻ  എന്നവർ. ജീവിതത്തിന്റെ സിംഹഭാഗവും അറേബ്യയിൽ ചിലവഴിച്ചത് കൊണ്ടാണ് അദ്ദേഹത്തിൻ്റെ സാരോപദേശങ്ങൾ അറബി ഭാഷയിൽ ആയതും അറബ് നാടുകളിൽ പ്രചരിച്ചതും.

                

    സാധാരണ രീതിയിൽ ദീനീ പ്രബോധനം ആരംഭിക്കുക അള്ളാഹുവിനെ വിശ്വസിക്കുവിൻ,اعبد بالله, امنوبالله എന്നൊക്കെയാണ്... ഇവിടെ ലുഖ്മാൻ എന്നവർ ആദ്യം മകനോട് പറയുന്നത്. يا بني لا تشرك بالله " പ്രിയ പുത്രാ നീ ദൈവത്തിൽ പങ്കുചേർക്കരുത്" എന്നാണ്.അദ്ദേഹം ജാഹിലിയ്യ കാലഘട്ടത്തിലായിരുന്നു ജീവിച്ചിരുന്നത്.വിഗ്രഹാരാധനയോടായിരുന്നു  ഈ പുത്രന്റേയും താല്പര്യം,ആ താല്പര്യത്തെ അഭിസംബോധനം ചെയ്യുകയാണ് ലുഖ്മാൻ എന്നവർ.ഗുരുതരമായ തെറ്റ് തിരുത്താൻ അപ്പോഴും അദ്ദേഹം അവനെ അഭിസംബോധന ചെയ്യുന്നത് 'എൻറെ പ്രിയമുള്ള കുഞ്ഞുമോനെ ' എന്നാണ്.ഈ സൂക്തം പ്രബോധന സംസ്കാരത്തെ കൂടി പ്രകാശിപ്പിക്കുന്നതായി പണ്ഡിതന്മാർ ദർശിക്കുന്നു.ഈ സൂക്തത്തിൽ പരമപ്രധാനമായ ഒരുപാട് ഉപദേശങ്ങൾ അല്ലാഹുതആല നൽകുന്നുണ്ട്.ആ ഉപദേശങ്ങളിൽ പെട്ടതാണ് അല്ലാഹുവിനോടും  മാതാപിതാക്കളോടും  നന്ദി പുലർത്തണം എന്നത്. മനുഷ്യനോടുള്ള അല്ലാഹുവിൻറെ പ്രഥമ ശാസനയാണിത്.അല്ലാഹു അല്ലാത്ത സൃഷ്ടികളെ അവന്റെ പങ്കാളിയായി അംഗീകരിക്കാൻ മാതാപിതാക്കൾ എത്ര നിർബന്ധിച്ചാലും വഴങ്ങരുത്, അതിനുപുറമേ പ്രധാനമായും നമസ്കാരം ദീനിൻ്റെ  മൗലിക സ്തംഭങ്ങളിൽ ഒന്നാണ്.ഭയഭക്തി, വിധേയത്വം വികാരത്തോടെ അല്ലാഹുവിനെ സ്മരിക്കാനും വാഴ് ത്താനും അവന്റെ മാർഗ്ഗ ദർശനത്തിനും സംരക്ഷണത്തിനും പ്രാർത്ഥിക്കലുമാണ്  അടിസ്ഥാനപരമായി നമസ്കാരം . പിന്നെയുള്ളത് വിശ്വാസികളോട് محسن(നന്മയുള്ളവൻ) ആവുക എന്ന ഉപദേശമാണ്. വിശ്വാസി محسن  ആകുമ്പോഴാണ് അള്ളാഹുവിനോടുള്ള അവന്റെ സമർപ്പണം യാഥാർഥ്യമാകുന്നത്. احسان  ഇല്ലാത്ത ഇസ്ലാം ايمان ഇല്ലാത്ത സൽകർമ്മം   പോലെയാണ്.

                   

    ലുഖ്മാൻ എന്നവർ തന്റെ മകന് കൊടുത്ത ഉപദേശ സംഹിതയിൽ ഉൾകൊണ്ട ഒരോ ഉപദേശവും,അത് കടുകുമണിയോളമൊള്ളൂ വെങ്കിൽ പോലും,അതുതന്നെ വല്ല പാറക്കെട്ടിലോ, വാനലോകത്തോ, ഭൂമിയിലെ എവിടെയെങ്കിലും ഒളിഞ്ഞു കിടന്നാലും അല്ലാഹു അതിനെ വെളിവാക്കുന്നതാണ്.അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവന് എല്ലാം ദൃശ്യമായതാകുന്നു.പിന്നീട് നൽകിയ ഉപദേശങ്ങൾ നമസ്കാരം മുറപ്രകാരം നിലനിർത്തണം .ധർമം കൽപിക്കുകയും അധർമം വിലക്കുകയും ചെയ്യണം, നിന്നെ ബാധിക്കുന്ന വിപത്തുകളിൽ ക്ഷമ കൈ കൊള്ളണം എന്നിവ അതിപ്രധാനമായ ഉപദേശമാകുന്നു. ജനങ്ങളെ സംസ്കരിക്കുന്നതിൽ മുന്നോട്ട് വരികയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധയൂന്നുകയും ചെയ്യുന്നത് നിശ്ചയധാർഢ്യം ഇല്ലാത്തവരുടെ ജോലിയല്ല, അത് മനോധൈര്യം ആവശ്യമുള്ള ജോലിയിൽ പെട്ടതാണ്.നീ ആളുകളിൽനിന്ന് മുഖംതിരിച്ചു സംസാരിക്കരുതെന്നും, നീ ഭൂമിയിൽ നിഗളിച്ചു നടക്കരുതെന്നും, അഹന്ത കാട്ടുകയും പൊങ്ങച്ചം പറയുകയും  ചെയ്യുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല.

             

 ഇതിലെ ഓരോന്നിൻ്റെയും താല്പര്യം യാതൊരു വ്യാഖ്യാനമോ വിവരണമോ കൂടാതെ തന്നെ വ്യക്തമാണ്. ചുരുക്കത്തിൽ മനുഷ്യന് അള്ളാഹുമായി ഇടപെടേണ്ടത് എങ്ങനെയെന്നും ജനങ്ങളുമായുള്ള പെരുമാറ്റം എങ്ങനെയാകണം എന്നും ഇതിൽ ഓർമ്മിപ്പിക്കുന്നു.മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിശ്വാസപരമായും, കർമപരമായും, സ്വഭാവസംബന്ധമായും പല തത്വങ്ങളുടെയും സമാഹാരമാണത്രേ അവ.ഓരോ വ്യക്തിയും നിത്യവും ഓർമിച്ചിരിക്കേണ്ടുന്ന ഉപദേശങ്ങൾ ആയതുകൊണ്ട് തന്നെയാണ് അല്ലാഹു ഖുർആനിൽ അവയെ ഉദ്ധരിച്ചത്.13 മുതൽ 19 വരെയുള്ള ആയത്തുകളിലൂടെ ലുഖ്മാൻ എന്നിവർ തന്റെ മകനു നൽകുന്ന സാരോപദേശങ്ങൾ ഇന്നത്തെ വളർന്നുവരുന്ന സമൂഹത്തിനുള്ള വലിയ മാതൃക കൂടിയാണ്.ഒരു പിതാവ് തന്റെ മകനു നൽകുന്ന സാരോപദേശത്തെ ലോകത്തുള്ള മുഴുവൻ ജനങ്ങൾക്കുള്ള ഉദ്ബോധനം ആയിട്ടാണ് അല്ലാഹു ഖുർആനിലൂടെ നമ്മിലേക്ക് എത്തിക്കുന്നത്.അതിനെ ജീവിതത്തിലേക്ക് ഉൾകൊള്ളാൻ നാഥൻ തൗഫീഖ് നൽകട്ടെ.. ആമീൻ. 


 Mufeedha.k,Nazila Naizam

KERALA SHAREE-ATH ACADEMY EDATHALA