സൂറത്തു ദുഖാൻ: മുഅ്മിനീങ്ങൾക്ക് ഒരു മുന്നറിയിപ്പ്
പരിശുദ്ധ ഖുർആനിലെ 44ാം അദ്ധ്യായമാണ് സൂറത്തു ദുഖാൻ. ഇതിലെ പത്താമത്തെ ആയത്തിലെ പരാമര്‍ശമാണ് സൂറത്ത് ദുഖാൻ എന്ന പേരിന്റെ നിദാനം.
فارتقب يوم تاتي السماء بدخان مبين.
അതിനാൽ ആകാശം, തെളിഞ്ഞു കാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷീച്ചിരിക്കുക.
يغشى الناس هذا عذاب اليم
മനുഷ്യരെ അത് പൊതിയുന്നതാണ്. ഇത് വേദനയേറിയ ശിക്ഷയായിരിക്കും. മനുഷ്യരെ മൂടുന്ന പുക നബി (സ) യുടെ കാലത്ത് ഉണ്ടായിരുന്നതാണെന്നും, ലോകാവസാനത്തിൽ ഉണ്ടാകുന്നതാണെന്നും രണ്ട് അഭിപ്രായങ്ങൾ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. അള്ളാഹുവിന്റെ ഈ ശിക്ഷയെ തൊട്ട് ഒഴിയുവാനായ് അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്നും ഈ ശിക്ഷയെ ഒഴിവാക്കി തരണമേ.... അവരിലേക്ക് അല്ലാഹുവിന്റെ ദൂതനെ അയക്കുകയും (മൂസ നബി ) അവർ അദ്ദേഹത്തെ തിരിഞ്ഞു കളയുകയുമാണ് ചെയ്തത്. അവർ മൂസ നബിയെ ആരോ പഠിപ്പിച്ചു വിട്ടവൻ, ഭ്രാന്തൻ എന്നിങ്ങനെയൊക്കെ പറയുകയും ചെയ്തു. എന്നിട്ടും അല്ലാഹു അവര്‍ക്ക് ശിക്ഷയെ കുറച്ചു നല്‍കുകയും ചെയ്തു. ഇവര്‍ക്ക് മുമ്പ് മൂസ നബിയെ അള്ളാഹു അവര്‍ക്കിടയിലേക്ക് അയക്കുകയും ദൂതൻ ആ സമുദായത്തോട്
ان ادوا الي عباد الله اني لكم رسول امين
അള്ളാഹുവിന്റെ ദാസന്മാരെ നിങ്ങൾ എനിക്ക് ഏല്പിച്ചു തരണം. തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കുളള വിശ്വസ്തനായ ദൂതനാകുന്നു എന്ന് പറയുകയും ചെയ്തു. ദൂതൻ ആ സമുദായത്തോട് നിങ്ങൾ അല്ലാഹുവിനോട് പൊങ്ങച്ചം കാണിക്കുകയും ചെയ്യരുത്. തീര്‍ച്ചയായും ഞാന്‍ സ്പഷ്ടമായ തെളിവുകൾ കൊണ്ട് നിങ്ങളുടെ അടുക്കൽ വരാം എന്ന് പറഞ്ഞെങ്കിലും അവരില്‍ നിന്നും ഭൂരിഭാഗം പേരും ദൂതനെ അവിശ്വസിക്കുകയും അവരെ പരിഹസിക്കുകയും ചെയ്തിരുന്നു. അങ്ങനെ അള്ളാഹു അവരോട് തന്റെ ദാസന്മാരെയും കൊണ്ട് നീ രാത്രിയില്‍ പ്രയാണം ചെയ്തു കൊള്ളുക, തീര്‍ച്ചയായും നിങ്ങൾ ശത്രുക്കളാൽ പിന്തുടരപ്പെട്ടവരാണ്. അവർ മുക്കി നശിക്കപ്പെടാൻ പോകുന്ന ഒരു സൈന്യവും ആകുന്നു എന്ന് പറയുകയുണ്ടായി. തീര്‍ച്ചയായും അള്ളാഹു ഇസ്രായേല്‍ സന്തതികളെ അപമാനകരമായ ശിക്ഷയിൽ നിന്നും രക്ഷിക്കുക തന്നെ ചെയ്തു. അവർ ( ഫിർഔനും അനുയായികളും) ഉയിര്‍ത്തെഴുനേല്‍പ്പിൽ വിശ്വസിച്ചിരുന്നില്ല. അവർ ഇപ്രകാരം പറയുമായിരുന്നു:
فاتو بئابائنا ان كنتم صادقين
നമ്മുടെ ഒന്നാമത്തെ മരണം അല്ലാതെ മറ്റൊന്നുമില്ല. നാം ഉയർത്തെഴുനേൽക്കപ്പെടുന്നവരല്ല. അള്ളാഹു പിന്നീട് പറയുന്നു ഇവരാണോ കൂടുതൽ മെച്ചപ്പെട്ടവർ, അതല്ല 'തുബ്ബഇ'ന്റെ ജനതയും അവര്‍ക്ക് മുമ്പുളളവരുമാണോ? അവരെയെല്ലാം നാം നശിപ്പിക്കുകയുണ്ടായി, കാരണം അവർ കുറ്റവാളികള്‍ ആയതു തന്നെ. അള്ളാഹു ഒന്നിനെയും കളിയായി സൃഷ്ടിച്ചിട്ടില്ല. അതെല്ലാം ശരിയായ ഉദ്ദേശത്തോട് കൂടി സൃഷ്ടിക്കപ്പെട്ടതു തന്നെയാണ്. പക്ഷെ അതിൽ അധികവും അവര്‍ അറിയുന്നില്ല. എന്നിട്ട് അവര്‍ക്ക് മറുപടിയായി അള്ളാഹു പറയുന്നു: തീര്‍ച്ചയായും ആ നിര്‍ണായക തീരുമാനത്തിന്റെ ദിവസമാകുന്നു അവര്‍ക്കെല്ലാമുളള നിശ്ചിത സമയം. അതെ, ഒരു ബന്ധു മറ്റൊരു ബന്ധുവിന് യാതൊരു പ്രയോജനവും ചെയ്യാത്ത, അവര്‍ക്ക് ഒരു സഹായവും ലഭിക്കാത്ത ദിവസം. തീര്‍ച്ചയായും അവന്റെ അടുക്കള്‍ പാപികൾക്കുളള ആഹാരം 'സക്കൂം' വൃക്ഷമാണ്. അതിന്റെ കനി ഉരുകിയ ലോഹം പോലെയിരിക്കും. അത് വയറുകളിൽ ചൂടുവെള്ളം തിളക്കുന്നതുപോലെ തിളക്കും.
അള്ളാഹുവിന്റെ അടുക്കൽ സൂക്ഷ്മത പാലിച്ചവർക്ക് നിര്‍ഭയമായ വാസസ്ഥലം ആണ്. തോട്ടങ്ങൾക്കും അരുവികള്‍ക്കും ഇടയില്‍ നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവർ ധരിക്കുകയും അവർ അന്യോനം അഭിമുഖമായിട്ടുമായിരിക്കും ഇരിക്കുന്നത്. അവർ സുരക്ഷിത ബോധത്തോട് കൂടി എല്ലാവിധ പഴങ്ങളും അവർ അവിടെ വെച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. അവര്‍ക്കവിടെ രണ്ടാമതൊരു മരണം ഇല്ല. അവരെ അള്ളാഹു നരക ശിക്ഷയിൽ നിന്നും കാത്തു സൂക്ഷിക്കുകയും ചെയ്യും. ഇത് അള്ളാഹുവിൽ വിശ്വസിച്ചവർക്ക് അവൻ നല്‍കുന്ന ഭാഗ്യമാണ്. അള്ളാഹു ഇതിനെ വിവരിച്ചത് മനസ്സിലാക്കാൻ കഴിയുന്ന വളരെ ലളിതമായ ഭാഷയിലാണ്. അതിനാൽ അള്ളാഹു അവരോട് ഈ സൂറത്തില്‍ കാത്തിരിക്കാൻ പറയുന്നുണ്ട്.
വെള്ളിയാഴ്ച രാവും പകലും സൂറത്ത് ദുഖാൻ ഓതൽ സുന്നത്ത് ആണ്. പരിശുദ്ധ ഖുര്‍ആനിലെ സൂറത്തുകളുടെ കൂട്ടത്തിൽ ഏറ്റവും മഹത്വമേറിയ അമ്പത്തി ഏഴ് ആയത്തുകൾ ഉള്‍ക്കൊള്ളുന്ന ചെറിയ സൂറത്താണിത്. സൂറത്ത് ദുഖാൻ ഒരാൾ ഓതിയാൽ അവന് ഒരുപാട് നേട്ടങ്ങൾ ഉണ്ട്. വെള്ളിയാഴ്ച രാവും പകലും സൂറത്ത് ദുഖാൻ ഓതിയാൽ പ്രതിഫലങ്ങൾ വാരിക്കൂട്ടാൻ നമുക്ക് സാധിക്കും. വെള്ളിയാഴ്ച രാത്രി ആരെങ്കിലും സൂറത്ത് ദുഖാൻ ഓതിയാൽ സുബഹി ആവുമ്പോഴേക്കും അവന്റെ എല്ലാ ചെറു ദോഷങ്ങളും പൊറുക്കപ്പെടും. തുർമുദി (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ നമുക്ക് കാണാം. ആരെങ്കിലും വെള്ളിയാഴ്ച രാവിൽ സൂറത്തു ദുഖാൻ ഓതിയാൽ അവന് അള്ളാഹു പൊറുത്ത് കൊടുക്കും. മറ്റൊരു ഹദീസിൽ നമുക്ക് കാണാം ഒരാൾ വെള്ളിയാഴ്ച രാവിൽ സൂറത്ത് ദുഖാൻ ഓതിയാൽ സുബഹി വരെ അവന് പൊറുക്കലിനെ ചോദിക്കാൻ എഴുപതിനായിരം മലക്കുകൾ വരും.
عن ابي امامة (رصي) قال: من قرأ حم في ليلة الجمعة او يوم جمعة بنى الله له بيتا فى الجنه.
അബീ ഉമാമ (റ) വിനെ തൊട്ട് ഹദീസ് അദ്ദേഹം പറയുന്നു: ആരെങ്കിലും ഹാമീം സൂറത്തു ജുമുഅ രാവിലൊ പകലിലോ ഓതിയാൽ അവന് അള്ളാഹു സ്വര്‍ഗത്തിൽ ഒരു വീട് നൽകും.
സൂറത്തു ദുഖാൻ പാരായണം ചെയ്തവന് സന്തോഷത്തിന്റെയും, ഖൈറിന്റെയും ബർക്കത്തിന്റെയും എല്ലാ വാതിലുകളും തുറന്ന് നല്‍കും. സൂറത്ത് ദുഖാൻ ആരെങ്കിലും പാരായണം ചെയ്താൽ ശൈത്വാൻ അവന്റെ വീട്ടില്‍ നിന്നും ഓടിപ്പോകും. അതുപോലെതന്നെ സിഹ്റിന്റെ ബുദ്ധിമുട്ടുകൾ, ശൈത്വാനിയ്യത്തിന്റെ ബുദ്ധിമുട്ടുകളിൽ നിന്നും, സിഹ്റ് ചെയ്യുന്നവന്റെ ബുദ്ധിമുട്ടുകളിൽ നിന്നും അവനും അവന്റെ കുടുംബവും രക്ഷപ്പെടും. എല്ലാ ദിവസവും പതിവാക്കേണ്ട സൂറത്തുകളിൽ പെട്ടതാണ് ഈ സൂറത്ത്. നമുക്കെല്ലാവര്‍ക്കും അത് പതിവാക്കാനുളള ഭാഗ്യം അള്ളാഹു നല്‍കട്ടെ.
Fidha shamsudheen
Thoiba Women's college venmenad.

0 Comments