അൽ - അൻകബൂത്ത് ; എട്ടുകാലികളാകുന്ന കപടവിശ്വാസികൾ
പരിശുദ്ധ ഖുർആനിലെ ഇരുപത്തിയൊമ്പതാം അധ്യായമായ സൂറത്തുൽ അൻകബൂത്ത് കപട വിശ്വാസത്തെ പറ്റിയും അല്ലാഹുവിന്റെ ദൂതന്മാരെ നിഷേധിച്ചതിനെ പറ്റിയും അവർക്കുള്ള മുന്നറിയിപ്പുമാണ് പ്രതിപാദിക്കുന്നത്.സൂറത്തിലെ നാൽപ്പത്തിയൊന്നാമത്തെ ആയത്തിൽ കപടവിശ്വാസികളെ എട്ടുകാലിയോട് ഉപമിക്കുന്നതിനാലാണ് സൂറത്തിനു അൻകബൂത്ത് എന്ന പേരുവന്നത്. 69 സൂക്തങ്ങൾ അടങ്ങുന്ന ഈ സൂറത്ത് മക്കയിലാണ് അവതരിച്ചത്.
കേവലം വാക്കുകളിൽ മാത്രം അല്ലാഹുവിനോടുള്ള വിശ്വാസവും എന്നാൽ ഹൃദയത്തിൽ അടിയുറച്ച ഈമാൻ ഇല്ലാതെ അവസരത്തിനൊത്ത് കാലുമാറുന്ന കപട വിശ്വാസികളോടുള്ള അല്ലാഹു സുബ്ഹാനവുതആല യുടെ ശക്തമായ താക്കീത് ഈ അധ്യായത്തിലൂടെ നൽകുന്നുണ്ട്. അല്ലാഹുവിന്റെ പ്രവാചകൻമാർ സഹനങ്ങൾ സഹിച്ച് യഥാർത്ഥ വഴിയിലേക്ക് ക്ഷണിച്ചപ്പോൾ അവരെ നിന്ദിക്കുക മാത്രമായിരുന്നു ഇവർ ചെയ്തത്.
الم
أَحَسِبَ النّاسُ أن يُتْرَكُوا أن يَقُولُوا ءامنّا وَهُمْ لَا يُفْتَنُونْ
വെറുതെ ഞങ്ങൾ അല്ലാഹുവിനെ വിശ്വസിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം അവരെ വെറുതെ വിടുകയില്ല തീർച്ചയായും അല്ലാഹു അവരെ പരീക്ഷിക്കുക തന്നെ ചെയ്യും. സ്വയം വിശ്വാസം പ്രഖ്യാപിച്ചു നടക്കുന്ന വരെയൊക്കെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുക എന്നതല്ല അല്ലാഹുവിന്റെ നയം. സകല പ്രലോഭനങ്ങളെയും പ്രകോപനങ്ങളും അതിജയിച്ച് അഗ്നി പരീക്ഷകളെ അതിജീവിച്ച് വിശ്വാസം തെളിയിക്കുന്നവർക്ക് മാത്രം അവൻ മോക്ഷം നൽകുന്നു.
തുടർന്നുള്ള രണ്ടു സൂക്തങ്ങളിൽ എന്തുകൊണ്ടാണ് പരീക്ഷണങ്ങളിലൂടെ കടത്തിവിടുന്നത് എന്ന് അള്ളാഹു വ്യക്തമാക്കുന്നുണ്ട്. മുമ്പ് കടന്നു പോയ എല്ലാ സമുദായങ്ങളെയും അല്ലാഹു പരീക്ഷിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾ നേരിടുമ്പോൾ യഥാർത്ഥത്തിൽ സത്യം പറയുന്നവർ ആരെന്നും കള്ളം പറയുന്നവർ ആരെന്നും അവൻ അറിയും. ഇവയെല്ലാം അല്ലാഹുവിന്റെ ഇൽമിൽ മുൻപേ ഉള്ളതാണെങ്കിലും ചില ബോധ്യപ്പെടുത്തൽ സാധ്യമാക്കുകയാണിവിടെ .തിന്മ ചെയ്തുകൊണ്ടിരിക്കുന്നവർ തങ്ങളുടെ പ്രവർത്തനങ്ങൾ അല്ലാഹുവിൽ നിന്ന് മറികടക്കാമെന്ന് വിചാരിക്കേണ്ട.ആ ചിന്ത മോശം തന്നെയാണ് അവർക്കൊരിക്കലും അല്ലാഹുവിൽ നിന്ന് ഓടി മറിഞ്ഞു കളയാനാവുന്നതുമല്ല.
ومَن جهَدَ فَإنّما يُجَاهِدُ لِنَفْسِه إنّ اللّه لَغَنِيّ عَنِ الْعَالَمِين
6 മുതൽ 9 വരെ സൂക്തങ്ങളിൽ, വിശ്വസിക്കുകയും സൽക്കർമങ്ങൾ ചെയ്യുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലത്തെ കുറിച്ചാണ് പറയുന്നത്.അവരുടെ തിൻമകൾ മായ്ച്ചുകളയുകയും പ്രവർത്തിച്ചതിനുള്ള പ്രതിഫലം നൽകുകയും ചെയ്യും. മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കാനും അല്ലാഹു നമ്മോട് കല്പ്പിക്കുന്നു.എന്നാൽ ദീനിനെതിരെയുള്ള കാര്യങ്ങളിൽ അവരെ അനുസരിക്കേണ്ടത് ഇല്ല. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരെ അല്ലാഹു സദ് വൃത്തരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുമെന്ന് സംശയാതീതമാണ്.
പിന്നീടുള്ള ആയത്തുകളിൽ കപടവിശ്വാസികളെ കുറിച്ച് പറയുന്നു." എന്നാൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അവർ പീഡിപ്പിക്കപ്പെട്ടാൽ ജനങ്ങളുടെ മർദ്ദനത്തെ അല്ലാഹുവിന്റെ ശിക്ഷയെ പോലെ അവർ ഗണിക്കുന്നു" അല്ലാഹുവിന്റെ ശിക്ഷയെപ്പറ്റി ഭയപ്പെടുന്നതുപോലെ ജനങ്ങളുടെ പീഡനത്തെയും പേടിക്കുന്ന, അവസരത്തിനൊത്ത് നയം മാറുന്ന കപടവിശ്വാസികളെ പറ്റിയാണ് ഇവിടെ പരാമർശം .
അല്ലാഹു അവന്റെ ദീനിനെ ജനങ്ങളിലേക്കെത്തിക്കാൻ അവരിൽ നിന്നു തന്നെ ദൂതന്മാരെ തിരഞ്ഞെടുത്തു. എന്നാൽ അവരിലേക്ക് സത്യം എത്തിക്കുമ്പോൾ ജനങ്ങൾ അവരെ ഉപദ്രവിക്കുകയും ശിക്ഷിക്കുകയും, കപട വിശ്വാസികൾ അവരെ വഞ്ചിക്കുകയും ചെയ്തു. 14 മുതൽ 40 വരെ ആയത്തുകളിൽ നൂഹ് ( അ ),ഇബ്രാഹിം ( അ ), ലൂത്ത് (അ ), ശുഹൈബ് (അ ), തുടങ്ങിയ നബിമാരുടെ പ്രബോധനത്തിനെ കുറിച്ചും അവരുടെ സമുദായത്തിലെ ദുഷ്പ്രവർത്തികളെ കുറിച്ചും അവർ അവരിലേക്ക് അയക്കപ്പെട്ട ദൂതന്മാരുടെ നേരെ അയച്ചു വിട്ട അക്രമങ്ങളും ഒടുവിൽ അല്ലാഹു നശിപ്പിച്ചത് എപ്രകാരം എന്നും വിശദീകരിക്കുന്നു.
مَثَلُ الّذِينَ اتّخَذُوا مِن دُونِ اللّه أوْلِيَآء كَمَثَلِ الْعَنْكَبُوتِ اتَخَذَتْ بَيْتًا وَإنَّ أوْهَنَ الْبُيُوتِ لَبَيْتُ الْعَنْكبُوتِ لَوْ كَانُوا يَعْلَمُونَ
അല്ലാഹു കപടവിശ്വാസികളെ എട്ടുകാലിയോടാണ് ഉപമിച്ചിരിക്കുന്നത്.'അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി, വീടുകളിൽ വെച്ച ഏറ്റവും ദുർബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവർ കാര്യം മനസിലാക്കിയിരുന്നുവെങ്കിൽ '. അർത്ഥവത്തായ ഉപമപ്പെടുത്തലിലൂടെ മുനാഫിഖുകളുടെ പ്രവർത്തനത്തെ അല്ലാഹു തുറന്നുകാട്ടുന്നു. ഈ സൂറത്തിലെ മറ്റൊരു പ്രധാന കാര്യമാണ് അല്ലാഹു പറയുന്ന ഒരു ഉപദേശം. വേദക്കാരിൽ നിന്ന് അക്രമം പ്രവർത്തിച്ചവരോടല്ലാതെ ബാക്കിയെല്ലാവരോടും നല്ല രീതിയിൽ പെരുമാറാനും അവർക്ക് യാഥാർഥ്യം വിശദീകരിച്ചു കൊടുക്കാനും അല്ലാഹു നൽപ്പത്തിയാറാം സൂക്തത്തിൽ വ്യക്തമാക്കുന്നു.
അമ്പത്തിനാലം സൂക്തത്തിൽ ശിക്ഷ (عذاب ) യെ പറ്റി പറയുന്നുണ്ട്. രണ്ട് തരം ശിക്ഷയെ പറ്റിയാണ് റസൂൽ (സ) അവിശ്വാസികൾക്ക് താക്കീത് നൽകിയിരുന്നത്. അതായത് ഒന്ന് ഇഹലോകത്ത് അവർക്ക് നേരിടാവുന്ന ആപത്തും പരാജയവും പതിത്വവും. രണ്ട്, ശാശ്വതമായ നരകശിക്ഷ. ഇത് രണ്ടിനും നിർണിതമായ അവധിയുണ്ട്. ബദ്റ് മുതൽ മക്കാവിജയം വരെയുള്ള സംഭവപരമ്പരകളിലൂടെ ദുനിയാവിൽ സത്യനിഷേധികൾക്ക് അല്ലാഹു വിധിച്ചതെന്തെന്ന് അവർ കണ്ടറിഞ്ഞു. പരലോക ശിക്ഷയും അതിന്റെ അവധിയെത്തുമ്പോൾ അവർ അനുഭവിച്ചറിയുക തന്നെ ചെയ്യും.
'നമ്മുടെ മാർഗത്തിൽ സമരത്തിൽ ഏർപ്പെടുന്നവരാരോ അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ് (അവർ ഏത് വിഷയത്തിലേർപ്പെട്ടാലും അല്ലാഹു ഇഷ്ട്ടപ്പെടുന്ന മാർഗത്തിലേക്ക് അവരെ അവൻ നയിക്കുന്നതാണെന്നർത്ഥം ) തീർച്ചയായും അല്ലാഹു സദ് വൃത്തരോടൊപ്പമാണ് ' എന്ന അല്ലാഹുവിന്റെ വാഗ്ദാനത്തോടെ സൂറത്ത് അവസാനിക്കുന്നു.
Sana fathima
Murshida banu
Wmo womens college (wafiyya)
0 Comments