സൂറത്തു യാസീൻ; ഖൽബ് കൊണ്ട് ഖൽബ് കഴുകാം...
‘’قال رسول الله صلى الله عليه وسلم : من قرأ يس في ليلة أصبح مغفورا له ومن قرأ حم التي يذكر فيها الدخان أصبح مغفورا له’’
മണ്ണിൽ നിന്ന് ഉരുത്തിരിഞ്ഞ് മണ്ണിലേക്കു തന്നെ മടക്കപ്പെടുന്ന മനുഷ്യാ.. നിനക്ക് സൂറത്തു യാസീനിൽ വിജയമുണ്ട്... കെട്ടഴിക്കാത്ത ആഗ്രഹഭാണ്ഡവുമായി ജീവിതം മുന്നോട്ടു നയിക്കുന്ന മാനവാ.. നിനക്ക് യാസീൻ പ്രതീക്ഷയാണ്. സൂറത്തു യാസീനിനെ സംബന്ധിച്ച് പ്രവാചക പൂങ്കമർ അരുൾ ചെയ്തത് ഇങ്ങനെയാണ്; ‘’എന്റെ സമുദായത്തിലെ എല്ലാ ഓരോരുത്തരുടേയും ഹൃദയാന്തരങ്ങളിൽ ഇതുണ്ടാകാൻ ഞാൻ ഇഷ്ടപ്പെടുന്നു’’.
36-മത്തെ അധ്യായമായ സൂറത്തു യാസീൻ ഹിജ്റക്ക് മുമ്പാണ് അവതീർണ്ണമായത്. ഒരു നാട്ടുകാരുടെ ചരിത്രം, ഖുർആനിന്റെ വാദം സത്യമാണെന്നതിന് പ്രകൃതിയിൽ നിന്നുള്ള ചില ദൃഷ്ടാന്തങ്ങൾ, ലോകാവസാനഘട്ടം, സ്വർഗസുഖങ്ങൾ തുടങ്ങി പല കാര്യങ്ങളും വിവരിച്ച ശേഷം മരണാനന്തരജീവിതത്തിന് സ്പഷ്ടമായ ചില ദൃഷ്ടാന്തങ്ങൾ ചൂണ്ടികാണിച്ചു കൊണ്ടാണ് അധ്യായം അവസാനിക്കുന്നത്.
നബി(സ്വ) ലോകത്തിനാകമാനമുള്ള പ്രവാചകൻ തന്നെയാണെന്ന് യാസീൻ അടിവരയിട്ട് പ്രസ്താവിക്കുന്നുണ്ട്.ഹൃദയങ്ങളിലേക്ക് സത്യം പ്രവേശിക്കാൻ യാതൊരു പഴുതുമില്ലാത്ത നിലയിൽ അസത്യം കൊണ്ട് ഹൃദയം നിറഞ്ഞവർക്ക് ശിക്ഷ സ്ഥിരപ്പെട്ടിരിക്കുന്നുവെന്ന് യാസീൻ ഉണർത്തുന്നുണ്ട്.കൈകളെ കഴുത്തിലേക്ക് കൂട്ടി ബന്ധിക്കുന്ന വിലങ്ങുകൾക്കാണ് ‘أغلال’ എന്ന് പറയുന്നത്.കൈകളെ താടിയെല്ലിന് താഴെ ചേർത്തു വെച്ച്കൊണ്ടായിരിക്കും ഈ ആമങ്ങൾ കഴുത്തിൽ കുടുക്കുക. തന്നിമിത്തം തല താഴ്ത്തുവാനോ യഥേഷ്ടം നോക്കി കാണുവാനോ കഴിയാത്തവിധം തല ഉയർത്തിപ്പിടിക്കുവാൻ അവൻ നിർബന്ധിതനായിരിക്കും.
അറബി മുശ്രിക്കുകളെ പോലെ തന്നെ തൗഹീദിൽ വിശ്വസിക്കാത്തവരും തൗഹീദിലേക്ക് ക്ഷണിക്കാൻ വന്നവരെ നിഷേധിക്കുക നിമിത്തം നശിക്കപ്പെട്ടവരുമായ ഒരു നാട്ടുകാരുടെ കഥ അറബി മുശ്രിക്കുകൾക്ക് ഉദാഹരണമായി യാസീനിൽചൂണ്ടി കാണിച്ചു കൊടുക്കുന്നുണ്ട്. ഈ രാജ്യത്തേയും അവിടെ പ്രബോധനത്തിന് എത്തിയ ദൂതന്മാരെയും സംബന്ധിച്ച് വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നിപ്പുണ്ട്. സിറിയയുടെ വടക്കുഭാഗത്ത് അലക്സാണ്ട്രേറ്റ ഉൾക്കടലിന്റെ അൽപ്പം തെക്കും മധ്യധരണ്യാഴിയിൽ നിന്ന് അൽപ്പം കിഴക്കുമായി സ്ഥിതിചെയ്യുന്ന ഒരു പൗരാണിക പട്ടണമായ ‘അന്താക്കിയ’ എന്ന രാജ്യമാണ് അതെന്നാകുന്നു ഒരഭിപ്രായം. ക്രൈസ്തവർക്കിടയിൽ ചരിത്ര പ്രാധാന്യമുള്ള ഒരു പട്ടണമായിരുന്നു ഇത്. ഒരു കാലത്ത് അവിടത്തെ ജനസംഖ്യ 5 ലക്ഷമായിരുന്നുവെത്രെ. ഇപ്പോൾ ഈ രാജ്യത്തിന്റെ കീർത്തി നഷ്ടപ്പെട്ടിരിക്കുകയാണ്.ദൂതന്മാരെനിഷേധിക്കുകയും ഉപദേഷ്ടാവിനെ ഉപദ്രവിക്കുകയും ചെയ്ത ആ ജനതയെ അള്ളാഹു നശിപ്പിച്ചു. അതിനായി ആകാശത്ത് നിന്ന് സൈന്യത്തെ അവൻ അയച്ചില്ല. അതിന്റെ ആവശ്യവുമില്ല. ഒരൊറ്റ ഭയങ്കര ശബ്ദം മാത്രം ഉണ്ടായി. അതോടെ ആ ജനതയുടെ കഥയും കഴിഞ്ഞു.
പരലോകജീവിതത്തിനുള്ള ഒരു തെളിവായിട്ടാണ് ഉണങ്ങി നിർജീവമായി കിടന്നിരുന്ന ഭൂമിയെ ജീവിപ്പിക്കുന്ന കാര്യം എടുത്ത് പറഞ്ഞത്. അറബികൾക്ക് കൂടുതൽ സുപരിചിതമായത് ഈത്തപ്പനയും മുന്തിരിയുമായത് കൊണ്ട് അവ പ്രത്യേകം പരാമർശിക്കുകയാണ്. മനുഷ്യരിലും മറ്റു ജീവികളിലും സസ്യങ്ങൾ, വൃക്ഷങ്ങൾ, കായ്കനികൾ തുടങ്ങി എല്ലാ വർഗങ്ങളിലും വിവിധ തരങ്ങളും ഇണകളും ഉൾക്കൊള്ളുന്നുണ്ട്. മനുഷ്യന്റെ അറിവിലും ശ്രദ്ധയിലും പെടാത്ത വസ്തുക്കൾ എത്രയോ വേറെയുമുണ്ട്. ഇവയെല്ലാം സൃഷ്ടിച്ച് നിലനിർത്തിപോരുന്ന അള്ളാഹു മഹോന്നതൻ തന്നെയാണ് എന്നാണ് യാസീൻ ഉണർത്തുന്നത്. അള്ളാഹുവിന്റെ മികച്ച ശക്തി മനസ്സിലാക്കുവാൻ ഭൂമിയിലുള്ള ചില ദൃഷ്ടാന്തങ്ങളെ കുറിച്ച് ഉണർത്തിയ ശേഷം ആകാശത്തുള്ള ചിലത് ചൂണ്ടിക്കാണിക്കുകയാണ്. രാപ്പകലുകളുടെ മാറ്റത്തെ പറ്റിയാണ് ആദ്യം പറയുന്നത്. ഭൂമിയുടെ അർദ്ധഭാഗങ്ങളിലായി രാപ്പകലുകൾ ഒന്നൊന്നിനെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ്. ലണ്ടനിൽ രാത്രി 12 മണിയാകുമ്പോൾ ഓക്-ലാൻറിലും സുവയിലും ഉച്ചക്ക് 12 മണിയായിരിക്കും. സൂര്യനും തികച്ചും ചിന്തോദ്ദീപകമാണ്. നിർണ്ണയിക്കപ്പെട്ട ചില മാർഗങ്ങളിൽ കൂടി നിശ്ചിത അതിർത്തി വരെ അത് സദാ സഞ്ചരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഉത്തരായനത്തിലാകട്ടെ ദക്ഷിണായനത്തിലാകട്ടെ അതിന്റെ അതിർത്തി വരെ അത് സഞ്ചരിക്കുകയും അതിർത്തി എത്തിയാൽ അത് മടങ്ങുകയും ചെയ്യുന്നു. സൂര്യനെ പോലെ തന്നെ ചന്ദ്രനുമുണ്ട് അതിന്റേതായ സഞ്ചാരമാർഗം. ചന്ദ്രമാസത്തിലെ ഒന്നാം ദിവസം അത് വളരെ നേരിയ ഒരു അർദ്ധവളയം പോലെയായിരിക്കും. ക്രമേണ അത് വികസിച്ച് ഒരു പൂർണ്ണ വൃത്തമായിത്തീരും. അള്ളാഹുവിന്റെ ശക്തിമാഹാത്മ്യത്തിനുള്ള വ്യക്തമായ തെളിവുകളാണ് ഇവയെല്ലാം.
നബി(സ്വ) ഒരു കവിയാണ് എന്ന് ശത്രുക്കൾ പറഞ്ഞിരുന്നതിന്റെ ഖണ്ഡനം യാസീനിൽ കാണാം. കവിതാരചന നബി ശീലിച്ചിട്ടില്ല. മാത്രമല്ല അത് നബിയുടെ പ്രകൃതിയോടും സ്ഥിതിയോടും യോജിച്ചതുമല്ല. നബി(സ്വ) ഒരിക്കൽ ഒരു പദ്യം ചൊല്ലുകയും അപ്പോൾ അത് ശരിയാവാതെ വരികയും ചെയ്തതിന് ചരിത്രരേഖകളുണ്ട്. വിശുദ്ധ ഖുർആനിന്റെ ആകർഷണീയതയും പാരായണത്തിലെ ഈണവും പലേടത്തുമുള്ള പ്രാസങ്ങളിലെ ഐക്യവും കൊണ്ട് നബി കവിയാണെന്ന് ശത്രുക്കൾ തട്ടിവിടുകയുണ്ടായി. അതിനെതിരെയുള്ള ഖണ്ഡനമാണ് 28-മത്തെ ആയത്തിലൂടെ അള്ളാഹു വെല്ലുവിളിക്കുന്നത്.
തൗഹീദ്, രിസാലത്ത്, മഹ്ശറ എന്നിവയെ കുറിച്ച് പ്രതിപാദിച്ച ശേഷം തുടർന്നുള്ള ആയത്തുകളിൽ തൗഹീദിനുള്ള മറ്റു ചില തെളിവുകൾ ചൂണ്ടിക്കാണിക്കുകയാണ്. ആട്, മാട്, ഒട്ടകങ്ങൾ എന്നിവയെ സൃഷ്ടിക്കുന്നതിൽ മനുഷ്യന് യാതൊരു പങ്കുമില്ല. എന്നിട്ടും അവൻ അവയുടെ ഉടമകളായിരിക്കുന്നു. അവയെ അധീനമാക്കി ചിലതിനെ വാഹനമാക്കി ഉപയോഗിക്കുകയും ചിലതിനെ അറുത്തു ഭക്ഷിക്കുകയും ചെയ്യുന്നു. അവയുടെ പാൽ, തോൽ, രോമം മുതലായവ ഉപയോഗപ്പെടുത്തുന്നു. ഇതിനെല്ലാം മനുഷ്യൻ അള്ളാഹുവിനോട് നന്ദി കാണിക്കേണ്ടതാണ്. എന്നാൽ മിക്കപേരും നന്ദിക്കു പകരം നന്ദികേടാണ് കാണിക്കുന്നത് എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ശാസ്ത്രത്തിന്റെ ഇപ്പോഴത്തെ നിഗമനമനുസരിച്ച് അഖിലാണ്ഡത്തിന്റെ ഏകദേശ വിസ്തീർണ്ണം ഇങ്ങനെയാണ്. 1 സെക്കന്റ് കൊണ്ട് 186000 നാഴിക വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശം പ്രപഞ്ചത്തിന്റെ ഒരു വശത്തു നിന്ന് മറു വശത്തേക്ക് മധ്യ ബിന്ധുവിലൂടെ നേർക്കുനേരെ എത്തിച്ചേരുവാൻ 10 കോടികൊല്ലം വേണ്ടിവരും.ഈ കണക്ക് കൃത്യമാണെന്ന് പറഞ്ഞുകൂടാ. മനുഷ്യന്റെ നിരീക്ഷണക്കഴിവുകൾ എത്ര സമർത്ഥമായിരുന്നാലും അഖിലാണ്ഡകടാഹത്തിന്റെ കൃത്യമായ കണക്ക് അവനു കണ്ടുപിക്കുവാൻ സാധിക്കില്ല. എത്ര മഹനീയമാണ് അള്ളാഹുവിന്റെ സൃഷ്ടി വൈവിധ്യം...എത്ര മനോഹരം...!!
SHANIYA .P.P & SHANIFA THASNEEM.M.P
AL FAROOQ ISLAMIC WOMEN’S COLLEGE , TRIPPANACHI
0 Comments