സൂറത്തു സ്സുമർ :തന്റെ ദാസന് അല്ലാഹു മതിയായവനല്ലേ?
ഐഹിക ജീവിതവിഭവങ്ങൾ നിസാരവും നശ്വരവുമാണ്. പാരത്രിക ജീവിതമാകട്ടെ, മഹത്വവും അനശ്വരവുമാകുന്നു.ഒരു വിശ്വസിയുടെ ജീവിതത്തിലുടനീളം ഈ ചിന്ത അല്ലാഹു തഅല ഇട്ടുകൊടുക്കുന്നത് അവന്റെ പരിശുദ്ധ കലാമായ ഖുർആനിലൂടെയാണ്.മുന്നറിയിപ്പുകളിൽ നിന്നുള്ള ഭയവും വാഗ്ദാനങ്ങളിൽ നിന്നുള്ള പ്രതീക്ഷയും അതിലെ ഓരോ അധ്യായത്തിൽ നിന്നും ലഭ്യമാണ്.അല്ലാഹുവിന്റെ കരുണയും ദൃഷ്ടാന്തങ്ങളും പറഞ്ഞ് ഖാരിഇന്റെ കണ്ണു നനയ്ക്കുന്ന ഒരു അധ്യായമാണ് സൂറത്തു സ്സുമർ. പ്രവാചക തിരുമേനിക്ക് മദീനയിലേക്ക് പാലായനം ചെയ്യുന്നതിന് മുമ്പ് മക്കയിൽ വെച്ച് അവതരിപ്പിക്കപ്പെട്ട 75 സൂക്തങ്ങളടങ്ങിയ 39- മത്തെ അധ്യായമാണ് ഇത്.സുമർ എന്നതിന് ജനക്കൂട്ടം എന്നാണ് അർത്ഥം. ഈ അധ്യായത്തിന്റെ 71,73 വാക്യങ്ങളിൽ ദോഷം പ്രവർത്തിക്കുന്നതിനെ തൊട്ട് സൂക്ഷിക്കുന്നവരെ കൂട്ടം കൂട്ടമായി സ്വർഗത്തിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടുണ്ട്. അതിൽ നിന്നാണ് സൂറത്തിന് 'സുമർ 'എന്ന പേര് ലഭിച്ചത്.
ചില പ്രകൃതി ദൃഷ്ടാന്തങ്ങൾ, വാക്കുകൾ ശ്രദ്ധിച്ചു കേട്ട് അവയിൽ നല്ലത് സ്വീകരിക്കുവാനുള്ള പ്രേരണ, ഉറക്കത്തിൽ അടങ്ങിയ ദൃഷ്ടാന്തങ്ങൾ, അല്ലാഹുവിന്റെ കാരുണ്യവ്യാപ്തി, ശിർക്കിന്റെ വിന, സത്യനിഷേധികളെ നരകത്തിലേക്കും ഭക്തന്മാരെ സ്വർഗത്തിലേക്കും നയിക്കപ്പെടുന്ന വിധം തുടങ്ങിയ നിരവധി വിഷയങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്ന ഈ സൂറത്തിലൂടെ അള്ളാഹു പ്രധാനമായും ഏകദൈവ വിശ്വാസത്തിലേക്കും ആരാധനയിലുള്ള ആത്മാർത്ഥതയിലേക്കും ആളുകളെ ക്ഷണിക്കുന്നു. പ്രവാചകനോട് തന്റെ മതം ശുദ്ധീകരിക്കണമെന്നും ബഹുദൈവാരാധകരുടെ ദൈവങ്ങളെ ശ്രദ്ധിക്കരുതെന്നും സൂറത്തു സ്സുമർ ഉപദേശിക്കുന്നു. മാത്രമല്ല, ഏകദൈവ വിശ്വാസവും മതത്തെ ശുദ്ധീകരിക്കലും ചുമത്തപ്പെട്ടതായി ബഹുദൈവാരാധകരോട് അറിയിക്കാൻ കൂടി ഈ അദ്ധ്യായം പ്രവാചകനെ ഓർമപ്പെടുത്തുന്നു.
إِنَّكَ مَيِّتٌ وَإِنَّهُمْ مَيِّتُونَ﴿30﴾
ഈ സൂക്തം പ്രവാചകർ തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ അഭിസംബോധന ചെയ്യുന്നത് താങ്കളും മറ്റെല്ലാ മനുഷ്യരും മരണത്തെ പുൽകുമെന്ന് പ്രഖ്യാപ്പിച്ചുകൊണ്ടാണ്.മരണം എല്ലാ മനുഷ്യർക്കും ബാധകമാണ്. ആ വ്യക്തി ആരാണെന്നതിൽ ഒരു പ്രശ്നവുമില്ല. അവൻ ഒരു പ്രവാചകനോ, ഒരു രാജാവോ അല്ലെങ്കിൽ ഒരു സാധാരണക്കാരനോ ആകട്ടെ, എല്ലാവരും താമസിയാതെ അല്ലെങ്കിൽ പിന്നീട് മരിക്കുമെന്നത് വാസ്തവം. പരലോക ജീവിതത്തിനായി സൽകർമങ്ങൾ ചെയ്ത് പാപങ്ങളിൽ നിന്ന് വിട്ട് നിൽക്കണമെന്ന ഓർമ പെടുത്തലുമാണ് ഈ വാക്യം. കാരണം ഇഹാലോകത്ത് നാം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് മാത്രമേ പരലോകത്തും കണക്ക് നല്കപ്പെടുന്നുള്ളൂ എന്നതിനാൽ ഈ ലോകത്ത് നാം എങ്ങനെ ജീവിക്കുന്നു,എങ്ങനെ പ്രവർത്തിക്കുന്നു എന്നത് അതിപ്രധാധാനമാണ്.
ഒരാൾ ഇമാം ഹുസൈനെ സന്ദർശിക്കുകയും പ്രാർത്ഥനയിൽ നിൽക്കാൻ കഴിയാത്ത വിധം കാലിലെ വേദനയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു. ഇമാം ഹുസൈൻ അദ്ദേഹത്തോട് പറഞ്ഞു, "എന്തുകൊണ്ടാണ് വേദനയ്ക്ക് ഉത്തമമായ വാക്യങ്ങൾ നിങ്ങൾ വായിക്കാത്തത്?" ആ മനുഷ്യൻ മറുപടി പറഞ്ഞു: "എങ്ങനെയെന്ന് എനിക്കറിയില്ല." അപ്പോൾ ഇമാം പറഞ്ഞു: "നിങ്ങൾക്ക് വേദന അനുഭവപ്പെടുമ്പോഴെല്ലാം വേദനയുള്ള സ്ഥലത്ത് കൈവെച്ച് പറയുക:
بسم الله و بالله والسلام علی رسول الله
ശേഷം സൂറത്ത് സുമറിലെ 67 ആം ആയത്ത്
وما قدرو الله حق قدره والأرض جميعا قبضته يوم القيامة والسماوات مطويات بيمينه سبحانه وتعالى عما يشركون.{67}
ഓതി ഷിഫാഇനെ തേടാൻ അവിടുന്ന് അരുളി.
ആഇശ (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം,
”كانَ النَّبيُّ صلَّى اللَّهُ عليهِ وسلَّمَ لا ينامُ علَى فِراشِه حتَّى يقرأ بَني إسرائيلَ، والزُّمَرِ“
"നബി (സ) ബനൂ ഇസ്രായേലും അൽ സുമറും പാരായണം ചെയ്യുന്നത്വരെ തന്റെ കട്ടിലിൽ ഉറങ്ങിയിരുന്നില്ല".
മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ സൃഷ്ടിപ്പിന്റെ ഘട്ടങ്ങളെക്കുറിച്ചും അവയ്ക്ക് ദോഷം വരുമ്പോൾ ദൈവത്തെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ സൂറത്ത് പരാമർശിക്കുന്നു.
ആളുകൾ അവരുടെ ശവകുടീരങ്ങളിൽ നിന്ന് ജീവനോടെ ഉയിർത്തെഴുന്നേൽക്കപ്പെട്ടു, അവരുടെ പ്രതിഫലം ഈ ജീവിതത്തിൽ അവർ സമ്പാദിച്ചതിന് മാത്രമുള്ളതാണെന്ന വസ്തുത അംഗീകരിച്ചുകൊണ്ട്, ഉറക്കവും അതിന് ശേഷമുള്ള ഉണർവും, ഭൂമിയെ അതിന്റെ മരണശേഷം പുനരുജ്ജീവിപ്പിക്കലും തുടങ്ങിയ ഉദാഹരണങ്ങൾ സഹിതം എന്ന വരാനിരിക്കുന്ന നിത്യാസത്യവും ഈ സൂറ കൃത്യമായി പറയുന്നു. ഖിയാമത്ത് നാളിന്റെ ഭീകരതയെക്കുറിച്ചും അതിന് ശേഷം വരുന്ന വലിയ ഭീകരതയെക്കുറിച്ചും പശ്ചാത്താപത്തിന്റെയും ആദരവിന്റെയും രംഗങ്ങളുടെ ആഖ്യാനം, ദാസന്മാർ തമ്മിലുള്ള വേർപിരിയൽ എന്നിവയെക്കുറിച്ച് ഇത് സംസാരിക്കുന്നു.
തന്റെ ദാസാന് അള്ളാഹു മതിയായവനല്ലേ എന്ന വിളിയാളത്തിലൂടെ മനുഷ്യരുടെ ആത്മാക്കൾ അല്ലാഹുവിന്റെ കൈകളിലാണെന്ന് വിളിച്ചോതുന്നു. മറ്റൊരു സൂക്തത്തിലൂടെ വിശ്വാസികളുടെ സ്വഭാവ വിശേഷങ്ങൾ പരാമർശിക്കുകയും അവർക്ക് പരലോകത്തുള്ള പ്രതിഫലത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു. മാത്രമല്ല, ബഹുദൈവാരാധകരെ താക്കീത് ചെയ്യുകയും ഇഹത്തിലും പരത്തിലും അവരുടെ ഭയാനകമായ ഗതിയെ കുറിച്ച് അവരെ ഓർമിപ്പിക്കുകയും ചെയ്യുന്നു. സ്വർഗത്തിലേക്കും നരകത്തിലേക്കുമുള്ള ഈ വിഭജനം തികച്ചും നീതിനിഷ്ഠമായിരിക്കും. മുടിനാരിഴ പോലും അനീതിയില്ലാത്ത സത്യനിഷ്ഠമായ വിധി. അള്ളാഹു നാമെല്ലാവരെയും അവന്റെ സ്വർഗീയ വിഭാഗത്തിൽ ഉൾപ്പെടുത്തിത്തരട്ടെ. ആമീൻ..
Jumana.KP & Shahla.P
(Darul Athfal Wafiyya Islamic And Arts College Koppam)

0 Comments