സൂറത്തുസ്വാദ്: സ്വത്തത്തിലേക്കുള്ള കവാടം
മാനവരാശിയുടെ ജീവിതത്തിനുള്ള മാർഗരേഖയും ഭരണഘടനയുമാണ് പരിശുദ്ധ ഖുർആൻ.
മനുഷ്യന്റെ ഇരുലോക വിജയത്തിനു വേണ്ടി ആദിമ കാലം മുതൽ അവസാന നാൾ വരെ ലോകത്ത് വസിക്കുന്ന ജിന്ന്,ഇൻസ് വർഗത്തിനാവശ്യമായ മുഴുവൻ മാർഗരേഖകളും പ്രപഞ്ചനാഥൻ അവൻ്റെ ദൂതന്മാർ മുഖേന വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ദൈവിക ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും അത്ഭുതങ്ങളുടെ അത്ഭുതവുമായ പരിശുദ്ധ ഖുർആനിലെ 38 ാം അധ്യായമാണ് സൂറത്തു സ്വാദ്. ആരാധനാ കർമ്മങ്ങളിൽ അള്ളാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദാസന്മാരിലൊരാളായ ദാവൂദ് നബി (അ) തൻ്റെ സ്രഷ്ടാവിന് ശുക്റിനാലുള്ള സുജൂദ് ചെയ്തത് സൂറത്തിൽ പ്രതിപാദിച്ച കാരണത്താൽ " സൂറത്തു ദാവൂദ് " എന്ന നാമത്തിലും ഈ അധ്യായം അറിയപ്പെടുന്നു. സത്യനിഷേധികൾക്കുള്ള ശക്തമായ താക്കീത് കൊണ്ട് തുടങ്ങി പ്രവാചക കഥകളിലൂടെ സഞ്ചരിക്കുന്ന ഈ സൂറത്ത് ഖിയാമത്ത് നാളോട് കൂടി അവർ തന്നെ സത്യം തിരിച്ചറിയുമെന്ന പ്രസ്താവനയോട് കൂടിയാണ് വിരാമം കുറിക്കുന്നത്.സച്ചരിതരായ സത്യവിശ്വാസികൾക്ക് സാരോപദേശ സന്ദേശങ്ങൾ സൂറത്തിലുടനീളം അള്ളാഹു നൽകുന്നുണ്ട്.
അല്ലാഹുവിന്റെ ദൂതൻ്റെ മാനവികത ഉൾപ്പെടെ ബഹുദൈവാരാധകർ ഉന്നയിക്കുന്ന സംശയങ്ങളെ കുറിച്ചും അല്ലാഹു അദ്ദേഹത്തെ പ്രവാചകത്വത്തിന് അവർക്കിടയിൽ നിന്ന് തന്നെ എങ്ങനെ വ്യത്യസ്തനാക്കി എന്നും സൂറത്തിലൂടെ വ്യക്തമാക്കുന്നു.
(كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَفِرْعَوْنُ ذُو الْأَوْتَاد)
മുൻഗാമികളായ സത്യനിഷേധികളെ പാഠം പഠിപ്പിക്കുകയും നാമാവശേഷമാക്കുകയും അവസാനം ഒന്നുമില്ലാതെ മണ്ണിലലിയുകയും ചെയ്ത അവിശ്വാസികളായ സമൂഹങ്ങളിലൂടെ അള്ളാഹു പ്രവാചകരുടെ ഉമ്മത്തിന് മഹത്തായ സന്ദേശം കൈമാറുന്നു.
നൂഹ് നബി (അ)യുടെ ജനത, ശക്തരും അഹങ്കാരികളുമായ ആദ് സമൂഹം, ഫിർഔനും തൻ്റെ ജനതയുമെല്ലാം അതിന് മികച്ച ഉദാഹരണങ്ങളാണ്.
തുടർന്ന് ദാവൂദ് നബിയെയും സുലൈമാൻ നബിയെയുമാണ് സൂറത്തിലൂടെ പ്രസ്താവിക്കുന്നത്. ദാവൂദ് നബിയുടെ സന്താനങ്ങളിൽ നിന്ന് പ്രവാചകത്വവും അധികാരവും ലഭിച്ചത് സുലൈമാൻ നബിക്കാണ്.ഒരു ഭരണകൂടത്തിന്റെ നട്ടെല്ല് അതിന്റെ പ്രതിരോധശക്തി ആയതുകൊണ്ടുതന്നെ സുലൈമാൻ നബി (അ) തൻ്റെ സൈനിക ഘടകങ്ങളിൽ കുതിര പ്പട്ടാളത്തിന് സുപ്രധാന സ്ഥാനം നൽകി. അതുകൊണ്ടുതന്നെ ഒരു ദിവസം മഹാനവർകൾ അസർ നിസ്കാരം മറക്കുകയും സൂര്യാസ്തമയ ശേഷം ഓർമിക്കുകയും ചെയ്തു. അങ്ങനെ ആ കുതിരകളുടെ കഴുത്തും കാലും വെട്ടി അറുക്കുകയും മാംസം ദാനം ചെയ്യുകയും ചെയ്തു.
(فَقَالَ إِنِّى أَحْبَبْتُ حُبَّ الْخَيْرِ عَن ذِكْرِ رَبِّى حَتَّى تَوَارَتْ بِالْحِجَابِ)
" എന്റെ രക്ഷിതാവിൻ്റെ സ്മരണ വിട്ട് ഈ നന്മയോടുള്ള സ്നേഹം ഞാനിഷ്ടപ്പെട്ടു പോയിരിക്കുന്നു". അഥവാ ഇവയോടുള്ള സ്നേഹം മൂലം രക്ഷിതാവിനെ കുറിച്ചുള്ള സ്മരണ എനിക്ക് വിട്ട് പോയല്ലോ എന്ന വ്യസനം പ്രകടമാക്കിയതായിരിക്കാം. അനുവദനീയമെങ്കിലും ഐഹിക വിഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ സ്രഷ്ടാവായ നാഥനോടുള്ള കടമ നിർവ്വഹിക്കുവാൻ മറന്ന് പോയതിൽ ഖേദിച്ച് അതിനെ അറുത്ത് ദാനം ചെയ്ത സംഭവം എത്ര അവർണ്ണനീയം.
അനുഗ്രഹങ്ങളുടെ പേമാരി വർഷിച്ച് സുകൃതങ്ങൾ സവിനയം സംഗമിച്ച വ്യക്തിത്വത്തിനുടമയായിരുന്നു അയ്യൂബ് നബി (അ).എന്നാൽ സ്രഷ്ടാവിൻ്റെ വിധി പ്രകാരം നീണ്ട പതിനെട്ട് വർഷക്കാലം മഹാനവർകൾ രോഗബാധിതനാവുകയും തൻ്റെ സമ്പത്തെല്ലാം ക്ഷയിക്കുകയും തൻ്റെ സഹധർമ്മിണിയായ റഹ്മത്ത് ബീവി ഒഴികെയുള്ള കുടുംബാംഗങ്ങൾ ഉപേക്ഷിച്ചു പോവുകയും ചെയ്തു. വളരെ കഷ്ട നഷ്ടങ്ങൾ സഹിച്ചുവെങ്കിലും അവസാനം അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യുകയും നഷ്ടപ്പെട്ട ബന്ധുക്കളെ തിരിച്ചു കൊടുക്കുകയും ചെയ്തു.
ശരീരത്തിലോ സമ്പത്തിലോ നിസ്സാരമായ അസ്വസ്ഥതകൾ സംഭവിക്കുമ്പോഴേക്കും
സൃഷ്ടാവിനോട് നന്ദികേടു കാണിക്കുന്ന ആധുനിക സമൂഹത്തിന് പ്രസ്തുത ചരിത്രം
ഉത്തമ സന്ദേശം തന്നെയാണ്.
( لَأَمْلَأَنَّ جَهَنَّم مِنكَ وَمِمَّنْ تَبِعَكَ مِنْهُمْ أَجْمَعِين)
അഹങ്കാരിയായ പിശാച് തനിക്ക് അനുവദിച്ചുകിട്ടിയ ദീർഘകാലം എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് സ്വയം മനസ്സിലാക്കുകയും
കളങ്കം ,സ്വാർത്ഥത, ദേഹേഛ, ഭൗതിക ലക്ഷ്യം , കാപട്യം മുതലായവ നിമിത്തം ഹൃദയം മലിനമായവരെ മാത്രമേ അവന് വഴിപിഴപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന വാസ്തവവും അവൻ തന്നെ തുറന്ന് സമ്മതിക്കുകയും അവനെ പിൻപറ്റിയവരെ കൊണ്ട് നരകം നിറക്കുകയും ചെയ്യുമെന്ന് അള്ളാഹു ശക്തമായ താക്കീത് തന്നെ നൽകിയിട്ടുണ്ട്.
ഖുർആൻ പ്രബോധനത്തിൻ്റെ ആദ്യാവസരങ്ങളിൽ അതിനെ നിഷേധിച്ചവർ തന്നെ അധികം താമസിയാതെ അതിൻ്റെ അനുയായികളും പ്രചാരകരുമായി മാറിയതിന് കാലം സാക്ഷിയാണ്. വിശുദ്ധഖുർആൻ പ്രഖ്യാപിച്ച പല കാര്യങ്ങളും ലോകം ഇന്നും ഓരോന്നോരോന്നായി അംഗീകരിച്ച് കൊണ്ടിരിക്കുന്നു.
റൂഹ് അടരും വരെ
സത്യസരണിയെ
നെഞ്ചോട് ചേർത്ത് ആദർശത്തെ പടച്ചട്ടയാക്കാൻ നാഥൻ തുണക്കട്ടെ..
ആമീൻ
اللّهمّ أرِنا الحقَّ حقّاً وارْزُقْنَا اتّبَاعَهُ ...
وَأرِنَا البَاطِلَ بَاطِلاً ..
وَارْزُقْنَا اجْتِنَابُهُ ..تَوَفّنَا مُسْلِمِينَ والْحِقَنا بالصّالِحينَ ..
Jasna A , Muhsina P S
Nmc Wafiyya College, Alappuzha

0 Comments