സൂറത്തു ഫുസ്സിലത്ത്:വിശദമായ വചനങ്ങൾ
ഖുർആൻ വിശ്വാസികൾക്ക് മാർഗദർശനമാണ് എന്നതുപോലെതന്നെ അതിനെ എതിർക്കുന്നവർക്കുള്ള ശക്തമായ പ്രതികരണവുമാണ്. ഖുർആനിന്റെ നേരിട്ടുള്ള വെല്ലുവിളികൾ ആവിശ്വാസികൾക്ക് ഭയവും വിശ്വാസികൾക്ക് ധൈര്യവും പകർന്ന് നൽകുന്നവയാണ്.114 അധ്യായങ്ങൾ കൊണ്ട് പൂർണമാക്കപ്പെട്ട ഖുർആനിന്റെ 41ആം അധ്യായമാണ് സൂറത്തു ഫുസ്സിലത്ത്.ഈ സൂറത്തിന്റെ 3-ാ൦ ആയത്തായ فُصِّلَتْ آيَاتُهُ (അതിന്റെ ആയത്തുകൾ വിവരിക്കപ്പെട്ടിരിക്കുന്നു)എന്ന് പറഞ്ഞതിൽ നിന്നാണ് الفصّلت എന്ന പേര് ഈ സൂറത്തിന് ലഭിച്ചത്. ഇതിലെ 38-മത്തെ ആയത്ത് ഓതിയാൽ തിലാവത്തിന്റെ സുജൂദ് ചെയ്യൽ സുന്നത്തുണ്ട്. അത്കൊണ്ട് ഈ സൂറത്തിന് حم السَجَدَة (സുജൂദുള്ള ഹാമീം)എന്ന മറ്റൊരു നാമവുമുണ്ട്.
ഖുർആനിന്റെ മഹത്വവും അതിന്റെ ലക്ഷ്യവും അതിനു നേരെയുള്ള സത്യ നിഷേധികളുടെ പ്രതികരണവും ആകാശഭൂമികളെ സൃഷ്ടിച്ചതും, ആദ് സമൂദ് തുടങ്ങിയ സമുദായങ്ങളുടെ കഥയും പരലോകത്തു വെച്ച് പാപികൾക്ക് നേരിടേണ്ടി വരുന്ന ദുരവസ്ഥയും, സജ്ജനങ്ങൾക്ക് ലഭിക്കുന്ന മലക്കുകളുടെ അനുമോദനവും, പ്രപഞ്ചത്തിലെ ദൃഷ്ടാന്തങ്ങൾ, അന്ത്യ നാളിലെ ഭയാനകത, മനുഷ്യന്റെ ദുസ്വഭാവം ഇങ്ങനെ പല വിഷയങ്ങളും ഈ സൂറത്തിൽ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
രാവ്,പകൽ,സൂര്യൻ, ചന്ദ്രൻ ഭൂമിയുടെ വിനയാന്വിതമായ ഭക്തിപ്രകടനം, അതിലെ ജീവസ്പന്ദനം മുതലായ വിഷയങ്ങളും ഈ സൂറയിൽ കടന്നുവരുന്നുണ്ട്.
നക്ഷത്രങ്ങൾ നമ്മുടെ ഭൂമിയേക്കാൾ എത്രയോ വലുതാണെങ്കിലും അവ നമ്മുടെ ദൃഷ്ടിയിൽ ഒരു മേൽപ്പുരയിൽ മിന്നിത്തിളങ്ങുന്ന വൈദ്യുത ദീപങ്ങളെ പോലെയാണല്ലോ..അതുകൊണ്ടാണ് "ഭൂമിയോട് ഏറ്റവും അടുത്ത ആകാശത്തെ ചില വിളക്കുകൾ കൊണ്ട് നാം അലങ്കരിച്ചു" എന്ന് പറഞ്ഞത്.നക്ഷത്രങ്ങളെ അലങ്കാരമാക്കിയതുപോലെതന്നെ ആകാശത്തിലേക്ക് പിശാചുക്കൾ കയറി വാർത്തകൾ കട്ട് കേൾക്കുന്നതിന് ഒരു കാവലും ആക്കി എന്നാണ് "وحفظا" എന്ന് പറഞ്ഞതിന്റെ സാരം.
ഈ സൂറത്തിന്റെ വശ്യതയെ വിളിച്ചോതുന്ന ഒരു സംഭവം ഇപ്രകാരമാണ്: ഖുറൈശീ പ്രമുഖരിൽപ്പെട്ട ഒരാൾ(ഉത്ബത്തുബ്നു റബീഅ) തിരുസന്നിധിയിൽ വന്ന് നബിصلى الله عليه وسلمയെ ആക്ഷേപിച്ച് കൊണ്ട് പലതും പറഞ്ഞു. ഇതിനു മറുപടിയെന്നോണം നബി صلى الله عليه وسلمഈ സൂറത്തിന്റെ ആരംഭം മുതൽ 13-ാമത്തെ ആയത്ത് വരെ ഓതിയപ്പോൾ അദ്ദേഹം ചാടിയെണീറ്റു നബിصلى الله عليه وسلمയുടെ വായപൊത്തി മതി മതി എന്ന് പറഞ്ഞു. കരിങ്കല്ല്പോലെത്തെ ആ ഹൃദയത്തിന് ചാഞ്ചല്യം കുടുങ്ങിയത് ഈ താക്കീതിന്റെ ശക്തിയായിരുന്നു.സത്യനിഷേധികളെ ഭയപ്പെടുത്തുന്ന താക്കീതും സത്യവിശ്വാസികൾക്ക് ആശ്വാസം പകരുന്നതുമാണ് ഇത്.
അല്ലാഹു സർവ്വശക്തനാണല്ലോ... നാവുകൊണ്ട് സംസാരിപ്പിക്കുവാൻ കഴിവുള്ള അവന് മറ്റു അവയവങ്ങൾ കൊണ്ട് സംസാരിപ്പിക്കുവാനും സാധിക്കുന്നതാണ്.അങ്ങനെ വിശ്വസിക്കേണ്ടവരും വിശ്വസിക്കുന്നവരുമാണ് സത്യവിശ്വാസികൾ. സത്യനിഷേധികൾ എത്ര ക്ഷമിച്ചാലും ഇല്ലെങ്കിലും അവരുടെ പാർപ്പിടം നരകം തന്നെയായിരിക്കുമെന്ന് ഈ സൂറത്തിലൂടെ അല്ലാഹു സൂചന നൽകുന്നുണ്ട്.ഈ കാര്യങ്ങൾക്ക് ഒടുവിൽ അവർക്ക് ലഭിക്കാൻ പോകുന്ന ശിക്ഷയുടെ കാഠിന്യം പ്രഖ്യാപിക്കപ്പെടുന്നു. അവയവങ്ങൾ തന്നെ പരലോകത്ത് സാക്ഷികളായി വരുമെന്നിരിക്കെ മനുഷ്യൻ അവന്റെ പരസ്യാവസ്ഥയും രഹസ്യാവസ്ഥയും അടക്കം എല്ലാ സമയത്തും അല്ലാഹുവിനെ സൂക്ഷിക്കേണ്ട ആവശ്യകതയാണ് വെളിവാക്കുന്നത്. റബ്ബ് അതിനു തൗഫീഖ് നൽകട്ടെ....آمين
ഈ സൂറത്തിലെ മറ്റൊരു പ്രധാന ഭാഗം കൂട്ടുകെട്ടിനെ സംബന്ധിച്ചാണ്. അവിടെ എടുത്തുപറയുന്നു, ജിന്നുകളിലോ മനുഷ്യരിലോപ്പെട്ട പിശാചുക്കളെ ആർക്ക് കൂട്ടാളികളായി ലഭിക്കുന്നുവോ അവരുടെ ഇഹലോക ജീവിതത്തിലെ എല്ലാ ദുർനടപടികളെയും ആ കൂട്ടാളികൾ അവർക്ക് ഭംഗിയാക്കി കാണിച്ചു കൊടുക്കുന്നതാണ്.അതുകൊണ്ട് കൂട്ടാളിയായി സ്വീകരിക്കപ്പെടുന്നവർ ഏത് തരക്കാരായിരിക്കണം എന്ന് നല്ലവണ്ണം ചിന്തിക്കണം. നബി صلى الله عليه وسلمപറയുന്നു:
" المرء على دين خليله فلينظر احدكم من يخالل "
തന്റെ സ്നേഹിതന്റെ മതത്തിലായിരിക്കും മനുഷ്യൻ സ്ഥിതി ചെയ്യുക.അതിനാൽ നിങ്ങളിൽ ഓരോരുത്തരും താൻ ആരോടാണ് ചങ്ങാത്തം സ്വീകരിക്കേണ്ടതെന്ന് ചിന്തിച്ചു നോക്കട്ടെ.
മക്കാ മുശ്രിക്കുകൾക്ക് തെളിവ്,ന്യായം കൊണ്ടൊന്നും ഖുർആനിന്റെ ശക്തിയെ മറികടക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഘട്ടത്തിൽ അവർ സ്വീകരിച്ച മറ്റൊരു വഴിയാണ് ഖുർആൻ ഓതുമ്പോൾ ചൂളംവിളി, കൈമുട്ട് പോലെയുള്ള എന്തെങ്കിലും ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കി മറ്റുള്ളവർക്ക് അത് കേൾക്കാൻ കഴിയാത്ത ഒരവസ്ഥ ഉണ്ടാക്കി തീർക്കുക എന്നുള്ളത്. അപ്രകാരം മുസ്ലിം സമുദായത്തെ പരാജയപ്പെടുത്തിക്കൊണ്ട് തങ്ങൾക്ക് വിജയം നേടാം എന്നായിരുന്നു അവരുടെ വ്യാമോഹം. പക്ഷെ, സൂര്യപ്രകാശത്തെ മറച്ചുപിടിച്ച് മൂടാൻ കഴിയുമോ..?!
ഇസ്‌ലാമിക പ്രചാരണ ഭാഗങ്ങളിലേക്ക് നാം നോക്കിയാൽ ഒരു പ്രചാരണ വക്താവിന് അനിവാര്യമായ മൂന്ന് ഘടകങ്ങളുണ്ട്.
(1) അല്ലാഹുവിലേക്കും അവന്റെ ദീനിന്റെ നടപടികളിലേക്കും ക്ഷണിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക.
(2)സൽക്കർമങ്ങൾ അനുഷ്ഠിക്കുക.
(3) പ്രപഞ്ചത്തിന്റെ സൃഷ്ടാവും സംരക്ഷകനുമായ സർവശക്തന്റെ വിധി വിലക്കുകൾ അനുസരിച്ച് ജീവിക്കുന്ന ഒരു മുസ്ലീമാണെന്ന് പരസ്യമായും ധൈര്യസമേതവും തുറന്നു പ്രഖ്യാപിക്കുക. ഇവ മൂന്നും അവന്റെ വിശ്വാസദൃഢതയെ കുറിക്കുന്നതാണ്.ഇതിന് ഉത്തമ ഉദാഹരണമാണ് ഹബീബ്صلى الله عليه وسلم.
അള്ളാഹു ഉപരിലോക ദൃഷ്ടാന്തങ്ങൾ ചൂണ്ടിക്കൊണ്ട് തൗഹീദിനെ സ്ഥാപിച്ചത് പോലെ ഭൗമിക ദൃഷ്ടാന്തങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പുനരുത്ഥാനത്തെ സ്ഥാപിച്ചു.
പരിശുദ്ധ ഖുർആൻ ഒരു അജയ്യ ശക്തിയാണെന്നും ലോകോത്തരമായി ശാശ്വതമൂല്യങ്ങൾ നിറഞ്ഞതാണെന്നും, മറ്റേതെങ്കിലും ഒരു ഗ്രന്ഥത്തിനോ എതിരാളികൾക്കോ അതിനെ വെല്ലുവിളിക്കാൻ കഴിയാത്തതാണെന്നും ഉണർത്തി പറയുകയാണ് الله അടിമകളോട്.
ഖുർആൻ മനസ്സുകൊണ്ട് ചിന്തിക്കുന്നവർക്ക് അത് മാർഗദർശനവും രോഗശമനവും ആണ്. അതിന് നേരെ അശ്രദ്ധ കാട്ടുന്നവർക്ക് അത് ഒട്ടും പ്രയോജനപ്പെടാതെ പോകും. അത് ഖുർആനിന്റെ പോരായ്മ കൊണ്ടല്ല,അതിന് നേരെ അവർ അന്ധന്മാരും ബധിരന്മാരുമായി ചമഞ്ഞതുകൊണ്ട് മാത്രമാണ്.
اُولائك يُنادَون مِن مكان بعيد
എന്ന് ഖുർആൻ വിശേഷിപ്പിച്ചത് വളരെ ദൂരത്തു നിന്ന് ഒരാളെ വിളിച്ചു വല്ലതും പറഞ്ഞാൽ അയാൾ അത് കേൾക്കുകയും ഗ്രഹിക്കുകയും ചെയ്യുകയില്ലല്ലോ..അതുപോലെയായിരിക്കും ഇവരുടെ നിലയും.
മനുഷ്യന്റെ മ്ലേച്ഛമായ സ്വഭാവങ്ങളെ പറ്റിയാണ് ശേഷമുള്ള സൂക്തങ്ങളിൽ കാണാൻ സാധിക്കുന്നത്.ധനം,സുഖം, ആരോഗ്യം മുതലായവയ്ക്ക് മാത്രം അവർ അല്ലാഹുവിലേക്ക് പ്രാർത്ഥിച്ചു കൊണ്ടിരിക്കും,അതിൽ ഒരു മടുപ്പും ഉണ്ടാവില്ല. നേരെ മറിച്ച് എന്തെങ്കിലും വിപത്ത് ബാധിച്ചാൽ അവന്റെ അവസ്ഥ മാറും,അക്ഷമയും നിരാശയും അവനെ പിടികൂടും. എന്നാൽ, കഷ്ടതയിൽ നിന്ന് സന്തോഷം ലഭിച്ചാൽ അതിനു അവൻ നന്ദിയുള്ളവനാവുകയുമില്ല.
മാത്രവുമല്ല,അവന്റെ അഹങ്കാരത്തിനും വികാരത്തിനും അവകാശവാദത്തിനും ഒരു കുറവുമുണ്ടാവുകയില്ല. മനുഷ്യൻ സ്വാർത്ഥനാണെന്നും തീരെ നന്ദിയില്ലാത്തവനാണെന്നും നമുക്ക് ഇതിലൂടെ മനസ്സിലാക്കാം.
അവർ ഖുർആനിനെ നിഷേധിക്കുവാനുള്ള പ്രധാന കാരണം മരണാനന്തരജീവിതത്തിൽ വിശ്വാസം ഇല്ലാത്തതാണ്.ഭൗതികജീവിതം അവസാനിക്കുന്നതോടെ എല്ലാം അവസാനിച്ചു എന്നാണ് അവരുടെ ധാരണ.എന്നാൽ അല്ലാഹുവിന്റെ കഴിവിലും അറിവിലും നിയന്ത്രണത്തിലും പെടാത്ത ഒന്നുമില്ല.അല്ലാഹു തഅല ഓരോ കാര്യത്തിലും വേണ്ടുന്ന നടപടി സ്വീകരിക്കാതെ വിട്ടു കളയുകയില്ല എന്ന ശക്തമായ മുന്നറിയിപ്പ് ഈ സൂറത്ത് വിശ്വാസികൾക്കു നൽകുന്നുണ്ട്.സൃഷ്ടാവിന്റെ സൃഷ്‌ടിവൈഭവങ്ങൾ മനസിലാക്കി അവന് ശുക്ർ ചെയ്യാനും അവന്റെ വാഗ്ദാനങ്ങളിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കാനും നാഥൻ തൗഫീഖ് നൽകട്ടെ..
ആമീൻ.
Alhafiza Aysha Nasrin&Aysha Ashraf
Ummul qura islamic & arts college

0 Comments