സൂറത്തു ശ്ശൂറാ; ദിവ്യസന്ദേശത്തിൻ്റെ ഉൾപൊരുൾ


وَكَذَلِكَ أَوْحَيْنَا إِلَيْكَ رُوحًا مِّنْ أَمْرِنَا مَا كُنتَ تَدْرِي مَا الْكِتَابُ وَلا الإِيمَانُ وَلَكِن جَعَلْنَاهُ نُورًا نَّهْدِي بِهِ مَنْ نَّشَاء مِنْ عِبَادِنَا وَإِنَّكَ لَتَهْدِي إِلَى صِرَاطٍ مُّسْتَقِيمٍ.

     - സൂറത്തുശ്ശൂറാ -52-


'അപ്രകാരം നമ്മുടെ കല്പനയനുസരിച്ച് താങ്കൾക്ക് നാം മഹത്തായ ആത്മാവിനെ (ഖുർആനെ)  നൽകിയിരിക്കുന്നു. വേദഗ്രന്ഥമാകട്ടെ സത്യവിശ്വാസമാകട്ടെ എന്താണെന്ന് താങ്കൾക്കറിയുമായിരുന്നില്ല.പക്ഷെ അതിനെ നാം ഒരു പ്രകാശമായി വെച്ചിരിക്കുന്നു. അതുകൊണ്ട് നമ്മുടെ അടിമകളിൽ നിന്ന് ഉദ്ദേശിക്കുന്നവരെ നാം നേർമാർഗത്തിലാക്കുന്നതാണ്.നിശ്ചയമായും താങ്കൾ നേർമാർഗത്തിലേക്ക് വഴി കാണിക്കുക തന്നെ ചെയ്യും "


     ശ്ലീലമില്ലായ്മയുടെ ചൂടുകൂടിയ കലികാലത്തിൻ്റെ മലവെള്ളപ്പാച്ചിലിൽ സമാധാനത്തിൻ്റെ തീരം തേടിയലയുന്നവർക്ക് ശാശ്വത വിജയനിദാന വാതായനങ്ങൾ തുറന്നിടുന്ന ദിവ്യ സന്ദേശമാണ് വിശുദ്ധ ഖുർആൻ. ദൈവകണം (ആത്മാവ്) ശരീരം ജീവിക്കുവാൻ ആവശ്യമായതുപോലെ ആത്മാവിൻ്റെ ജീവനാണ് വിശുദ്ധഖുർആൻ. അതുകൊണ്ടാണ് ഉപരിസൂചിത സൂക്തത്തിൽ ഖുർആനിനെ ആത്മാവ് ( റൂഹ് ) എന്ന് പറഞ്ഞത്. തഥൈവ ഖുർആൻ വിജയത്തിലേക്ക് വെളിച്ചം നൽകുന്നതു കൊണ്ടാണ് അതിനെ(നൂർ) പ്രകാശം എന്നും പറയുന്നത്.


മക്കയിൽ അവതീർണ്ണമായ 53 വാക്യങ്ങൾ ഉള്ള  നാല്പത്തിരണ്ടാം അദ്ധ്യായമായ സൂറത്ത് ശൂറ അർത്ഥവ്യാപ്തിയിലും ആശയ സമ്പന്നതയിലും ഇതര സൂക്തങ്ങളെ പോലെ തന്നെ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ശൂറ എന്ന വാക്കിന്  "കൂടിയാലോചന " എന്നാണർത്ഥം. ഭരണകാര്യങ്ങളും പൊതു താല്പര്യമുള്ള വിഷയങ്ങളുമെല്ലാം കൂടിയാലോചിച്ച് തീരുമാനിക്കണം എന്ന് ഈ സൂറത്തിൻ്റെ മുപ്പത്തിയെട്ടാം വാക്യത്തിൽ നിർദ്ദേശം നൽകുന്നുണ്ട്. അതിൽ നിന്നാണ് സൂറത്തിന് ശൂറ എന്ന പേര് സിദ്ധിച്ചത്. കാര്യങ്ങൾ പരസ്പരം കൂടിയാലോചന നടത്തുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന സ്വഭാവഗുണമാണ്.

പൊതുകാര്യങ്ങളിൽ അത്യാവശ്യമായ തോതിലെങ്കിലും കൂടിയാലോചന നടത്തപ്പെടാതെ  ഏകപക്ഷീയമായി കാര്യങ്ങൾ കൈയാളുന്നതു നിമിത്തം ഉണ്ടാകാറുള്ള  ഭവിഷ്യത്തുകൾ പലപ്പോഴും വമ്പിച്ചതായിരിക്കും. അല്ലാഹുവിങ്കൽ നിന്ന് വഹിയ് ലഭിക്കുന്ന ആളായിട്ട് പോലും പ്രധാന വിഷയങ്ങളിൽ സ്വഹാബികളുമായി കൂടിയാലോചന നടത്തുക എന്നത് പ്രവാചകൻ സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ തിരുചര്യയാണ്.



ഖുർആൻ എല്ലാവർക്കും വേണ്ടിയുള്ളതാണ്, എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്ത മൂല്യങ്ങൾ ഒന്നു തന്നെയാകുന്നു, അതിൽ ഭിന്നിച്ചു പോകരുത് ,

ഐഹിക ജീവിതം ലക്ഷ്യം വെക്കുന്നവർക്ക് പരലോക സുഖങ്ങൾ ലഭിക്കുന്നതല്ല, ഐഹിക സുഖം താത്കാലികം മാത്രമാകുന്നു തുടങ്ങി പല വിഷയങ്ങളും സജ്ജനങ്ങളുടെ ചില ഗുണങ്ങൾ, വഹ്‌യിൻ്റെ ഇനങ്ങൾ എന്നിവയും ഈ സൂറത്തിൽ പ്രതിപാദിക്കുന്നുണ്ട്.


ഓരോ കർത്താവും അവൻ്റെ കർമ്മങ്ങൾക്ക് ഉത്തരവാദിയാണ്. ഉദ്ദേശ്യശുദ്ധി പ്രകാരം ജഗന്നിയന്താവായ തമ്പുരാൻ നീതിയോടെ മനുഷ്യർക്കിടയിൽ തീർപ്പ് കൽപ്പിക്കും.നാഥൻ പ്രപഞ്ചത്തിൻ്റെ താളലയങ്ങൾ ക്രമീകരിക്കാനും അതിക്രമം തടുക്കുവാൻ വേണ്ടിയുമാണ് ഭൂമിയിൽ എല്ലാവർക്കും എല്ലാ സുഖസൗകര്യങ്ങളും നൽകാതിരുന്നതെന്നും മറ്റൊരു വാക്യത്തിൽ വ്യക്തമാക്കുന്നു. മനുഷ്യർ ഭിന്നതയുടെയും അക്രമത്തിൻ്റെയും നെടുംതൂണായി വർത്തിക്കുന്നതിന് പകരം ഉദ്ദേശ്യശുദ്ധിയോടെ അടുക്കും ചിട്ടയും വിട്ടുവീഴ്ചയുമുള്ള , ഐക്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ഉദാത്ത മാതൃകകളായി ദൈവകൽപനകൾക്ക് വഴങ്ങി സത്പാന്ഥാവിൽ അടിയുറച്ചു,പ്രവാചക മാർഗദർശനത്തിലൂടെ ജീവിതശുദ്ധി കൈവരിക്കണമെന്ന സന്ദേശത്തിന് ശക്തി പകരുകയാണ് സൂറത്ത് ശ്ശൂറ .


ജഗന്നിയന്താവായ തമ്പുരാൻ മനുഷ്യർക്കു കനിഞ്ഞേകിയ ഒട്ടനവധി അനുഗ്രഹങ്ങളെക്കുറിച്ചും ദൃഷ്ടാന്തങ്ങളെക്കുറിച്ചും പറയുന്ന വാക്യങ്ങൾ

"മനുഷ്യാ നീ ഒരു നന്ദിയുള്ളവനാവണം അഥവാ,തൻ്റെ കഴിവുകൾ സ്വത്വത്തിനും മനുഷ്യകുലത്തിനുമുപകരിക്കുംവിധം നന്മയുടെ വസന്തങ്ങൾ കൊയ്യാനുള്ളതാവണം" എന്നതിലേക്കുള്ള സൂചകങ്ങളാണ്.


വഴിവിട്ട മനുഷ്യ ചെയ്തികളിൽ സ്രഷ്ടാവായ തമ്പുരാൻ്റെ സഹനത്തെ കുറിച്ചും മഹത്തായ പൊറുക്കലിനെക്കുറിച്ചും ഉറവ വറ്റാത്ത കരുണയുടെ തെളിനീരിനെക്കുറിച്ചും പറയുന്ന വാക്യങ്ങൾ ദിവ്യസന്ദേശത്തിൻ്റെ ഒളിമങ്ങാത്ത പൊൻ പ്രഭാപ്രസരണങ്ങളാണ്.

പ്രപഞ്ചത്തിൻ്റെ കൈകാര്യകർത്താവ് അല്ലാഹുവാണ്.അവൻ്റെ ചില നടപടിക്രമങ്ങൾ പ്രസ്തുത അധ്യായത്തിൽ വിവരിക്കുന്നുണ്ട്.  ചിലർക്ക് അവൻ ആൺമക്കളെയും ചിലർക്ക് പെൺമക്കളെയും ചിലർക്ക് രണ്ടുപേരെയും നൽകുകയും ചിലർക്ക് മക്കളെ നൽകാതിരിക്കുകയും ചെയ്യുന്നു. പ്രകൃതിവാദികൾ സന്താനങ്ങൾ ആണാകുന്നതിനും പെണ്ണാകുന്നതിനും ചില ശാരീരിക പ്രകൃതിയേയും ഗ്രഹനിലയെയും മറ്റും എടുത്തുകാട്ടുന്നു. ആ പിഴച്ച വിശ്വാസം തകർക്കുകയാണ്  അള്ളാഹു ഈ സൂക്തത്തിലൂടെ.


കാലത്തിന് അജയ്യമായി, മാനവർക്കഖിലം മാർഗദർശനത്തിൻ്റെ ദീപശിഖയായി വർത്തിക്കുന്ന വിശുദ്ധ ഖുർആനിൻ്റെ അർത്ഥ ഗർഭവും ആശയ സൗഷ്ഠവവും മനുഷ്യബുദ്ധിക്കതീതമാണ്. ദിവ്യസന്ദേശത്തിൻ്റെ  വചനപ്പൊരുൾ ഗ്രഹിച്ച് ജീവിതം  ദീപ്തമയമാക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ


Lubaba. K

Bafakhy wafiyya college