സൂറത്തുൽ ഖിയാമ: പുനരുദ്ധാന ത്തിന്റെ  നേർകാഴ്ചകൾ



ചിന്താശേഷികൾ കൊണ്ട് മനുഷ്യനെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന, മാസ്മരികതയും മാനവികതയും അമാനുഷികതയും ഉൾച്ചേർന്ന  ആധികാരിക കാലിക ഗ്രന്ഥം വിശുദ്ധ ഖുർആനിലെ, ഭൗതികതയുടെ ചലനങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മരണാനന്തരം വിചാരണക്കായി നാഥനിലേക്ക് എത്തിച്ചേരുന്ന പുനരുദ്ധാരണ ദിനത്തിന്റെ നേർക്കാഴ്ചകൾ വെളിപ്പെടുത്തുന്ന ,40  വാക്യങ്ങളുള്ള  എഴുപത്തിയഞ്ചാം അധ്യായമാണ് ,മക്കയിൽ അവതരിച്ച "സൂറത്തുൽ ഖിയാമ". 'ഖിയാമ' എന്ന വാക്കിന് "പുനരുദ്ധാരണം" എന്നാണർത്ഥം മനുഷ്യരുടെ മരണത്തെക്കുറിച്ചും മരണാനന്തരമുള്ള പുനരുദ്ധാരണത്തെ കുറിച്ചുമാണ് ഈ സൂറത്തിലുടനീളം പ്രതിപാദിക്കുന്നത്.

                  ശൂന്യതയിൽനിന്ന് അതിമനോഹരമായി മനുഷ്യനെ സംവിധാനിച്ച അള്ളാഹു,മണ്ണിൽ ലയിച്ചശേഷം  മനുഷ്യരുടെ പുനർജ്ജീവിപ്പിക്കലിന്റെയും, പുനരുദ്ധാരണത്തെ നിഷേധിക്കുന്നവരുടെ വാദഗതികളെ  ശക്തമായ താക്കീതോട് കൂടെയുള്ള ഖണ്ഡനവും, ഖിയാമത്-ന്റെ അഥവാ പുനരുദ്ധാരണ ദിനാനന്തരം ഉള്ള ചോദ്യംചെയ്യലും, ഖിയാമത് നാളിലെ അതിഗോരമായ ചലനങ്ങളെയും ദൃഷ്ടാന്തങ്ങളെയും ഈ അധ്യായത്തിൽ  പ്രതിപാദിക്കുന്നു.



മരണാനന്തരം വിചാരണക്കായി നാഥനിലേക്ക് ഖബറിൽ നിന്ന് എഴുന്നേറ്റ് വന്ന ദിനം അഥവാ ഖിയാമത് നാളിനെയും, ആക്ഷേപിക്കുന്ന ആത്മാവ് (അഥവാ നന്മ കുറഞ്ഞതിന്റെ പേരിലും തിന്മ ചെയ്തതിന്റെ പേരിലും അവനെ തന്നെ ആക്ഷേപിക്കുന്ന സത്യവിശ്വാസിയുടെ ആത്മാവ് അല്ലെങ്കിൽ സത്യനിഷേധിയുടെ ആത്മാവ് )എന്നിവയേയും സത്യം ചെയ്തു കൊണ്ട് ആരംഭിക്കുന്ന ഈ അധ്യായത്തിൽ തുടർ വചനങ്ങളിൽ  "ദ്രവിച്ച എല്ലുകൾക്ക് പുനർജന്മം സാധ്യമല്ലെന്ന" സത്യനിഷേധികളുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു..


 *"أَيَحْسَبُ الْإِنسَانُ أَلَّن نَجْمَعَ عِظَامَهُ"..*, *"بَلَى قَادِرِينَ عَلَى أَن نُّسَوِّيَ بَنَانَهُ"*


 മനുഷ്യനെ അള്ളാഹു പുനർജ്ജനിപ്പിക്കൽ മാത്രമല്ല വിരൽ തലപ്പു പോലും നേരത്തേ ഉണ്ടായിരുന്നത് പോലെ തന്നെ അവൻ പുനർജ്ജനിപ്പിക്കും അതായത് ചെറിയത് വലിയത് എന്ന വ്യത്യാസമില്ലാതെ എല്ലാം അള്ളാഹുവിനു കഴിയും, എന്ന് ഉണർത്തുന്നു ഇതിലൂടെ നിഷേധികളുടെ വാദഗതികളെ ഖണ്ഡിക്കുകയാണ് ഈ അധ്യായത്തിൽ. നിഷേധങ്ങൾക്ക് അറുതി വരുത്താതെ മുറുകെപിടിച്ച് ഭാവിയിൽ നിഷേധം തുടരുന്ന വർക്കും, ദൈവത്തെ പരിഹാസ്യനാക്കി, പുനർജന്മം ഇല്ലായ്മയുടെ ധാരണയോടെ മുറവിളി കൂട്ടുന്നവർക്കും,കണ്ണഞ്ചിപ്പിക്കുന്ന ദൃഷ്ടാന്തങ്ങൾ നൽകുകയാണ് തുടർ വചനങ്ങൾ.


രാത്രി പ്രകാശം പരത്തുന്ന ചന്ദ്രന്റെ പ്രകാശം കെട്ടുപോവുകയും, സൂര്യനും ചന്ദ്രനും ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്താൽ, സൂര്യനും ചന്ദ്രനും ഒരുമിച്ച് കൂട്ടപ്പെടുന്ന എന്നാൽ ചന്ദ്രനെ പോലെ സൂര്യപ്രകാശം ഇല്ലാതാവുക, 

 എന്നിങ്ങനെ സംഭവിച്ചാൽ അഭയകേന്ദ്രം എവിടെയാണെന്ന് അന്വേഷിച്ച് മുറവിളികൂട്ടുന്ന മനുഷ്യരുടെ അവസ്ഥയെ ശക്തമായി  ഉണർത്തുകയാണ് ഇവിടെ.


*"إِلَى رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ"*


എന്ന വചനത്തിലൂടെ അന്നേദിവസം തങ്ങളുടെ രക്ഷിതാവിലേക്കാണ് ചെന്നടങ്ങൽ  എന്നും, തുടർന്ന് മനുഷ്യന്റെ മുഴുവൻ ചെയ്തികളെയും   അവർക്ക് ഉണർത്തുകയും ചെയ്യുന്നു. മാത്രമല്ല മനുഷ്യൻ അവന് തന്നെ എതിരായിട്ട് സാക്ഷി നിൽക്കുകയും ചെയ്യുന്നു അതായത് മനുഷ്യന്റെ അവയവങ്ങൾ അവനെതിരെ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നതാണ് എന്ന് പറയുന്നതിലൂടെ പുനരുദ്ധാരണത്തിന്റെ കാഠിന്യത്തെ കുറിച്ച് മാനവിക സമൂഹത്തെ ഉത്കണ്ഠാകുലരാക്കുകയാണ്.


 അനുബന്ധ സൂക്തങ്ങൾ റസൂലിനോടുള്ള ഉപദേശങ്ങളുമായി ബന്ധപ്പെട്ടതാണ്. തങ്ങളുടെ ഹൃദയത്തിൽ ഒരുമിച്ചുകൂടിയ ഖുർആനിനെ സംക്ഷിപ്തമായോ സൂചനയായോ സമൂഹത്തിന് വിശദീകരിക്കുവാനും വ്യക്തമാക്കുവാനും ഉണർത്തുകയാണ്, റസൂലിനോടുള്ള ഉപദേശത്തിന് ശേഷം വീണ്ടും ഖിയാമത് നാളിന്റെ ശക്തമായ ചലനങ്ങളിലേക്ക് കടന്നുപോവുകയാണ്,

 പുനരുദ്ധാരണ ദിനത്തിന്റെ  നേർക്കാഴ്ച നിമിഷങ്ങളിൽ സത്യവിശ്വാസികളുടെ മുഖപ്രസന്നതയെയും, വിഷാദിച്ചു നിൽക്കുന്ന സത്യനിഷേധികളുടെ മുഖങ്ങളെയും ഇവിടെ  പ്രതിപാദിക്കുന്നു. തുടർന്ന് പുനരുദ്ധാരണത്തിന് ചില ഗൗരവ ചലനങ്ങൾ വെളിപ്പെടുത്തുന്നു,റൂഹ് തൊണ്ടക്കുഴിയിൽ എത്തുന്ന ഭീകര രംഗവും, മരണത്തിൽനിന്ന് രക്ഷപ്പെടാനാവാതെ തന്റെ 'ഫിറാഖ്' അഥവാ  വേർപാട് ഉറപ്പാക്കുന്ന നിമിഷവും, ഇരു കണങ്കാലുകൾ കെട്ടിപ്പിടിക്കുന്ന അന്തരീക്ഷവും..അവന്റെ മരണത്തെ വരവേൽക്കുന്നു.തുടർന്ന് പുനർജ്ജനിക്കുകയും അവന്റെ പരസ്യ -രഹസ്യ ചെയ്തികളെ അല്ലാഹുവിന്റെ അടുക്കൽ നിർത്തപ്പെടുകയും, അവന്റെ വിധി നടപ്പാക്കുകയും ചെയ്യുന്നു.....


*"أَلَيْسَ ذَلِكَ بِقَادِرٍ عَلَى أَن يُحْيِيَ الْمَوْتَى"*


 എന്ന ദിവ്യ സൂക്തത്തിലൂടെ പരിപൂർണ്ണമായ മനുഷ്യനെയും പ്രാപഞ്ചിക വിഭവങ്ങളെയും വൈവിധ്യങ്ങളെയും തയ്യാർ ചെയ്ത് നിലനിർത്തുന്ന  സർവ്വശക്തന്റെ പുനരുദ്ധാരണത്തിന്റെയും അനന്തര കർമ്മങ്ങളുടെയും നേർക്കാഴ്ചകളെ പ്രതിഫലിപ്പിച്ചു കൊണ്ട് ഈ അദ്ധ്യായം  അവസാനിക്കുന്നു...


_______________________________

Arshida. M

(Darul anwar wafiyya college, pallippuram)