സൂറത്തു മുദ്ദസ്സിർ :സത്യനിഷേധികൾക്കൊരു താക്കീത്



അണ്ഡകടാഹങ്ങൾക്കധിപനായ നാഥൻ 1400സംവത്സരങ്ങൾക്കു മുമ്പ് റൂഹുൽ ഖുദ്സ് ജിബ്‌രീൽ(അ) മുഖേന ശറഫാക്കപ്പെട്ട റമളാൻ മാസത്തിൽ അഷ്റഫുൽ ഖൽഖ് റസൂൽ (സ്വ) തങ്ങൾക്ക് നൽകിയ പോരിശയേറും സമ്മാനം;അന്ധകാര നിബിഡമായ കാട്ടറബി സമൂഹത്തിൻറെ ഹൃത്തടങ്ങളിലേക്ക് നേരിന്റെ വഴി വെട്ടം കാട്ടിയ കെടാവിളക്ക് പരിശുദ്ധ ഖുർആൻ. ആ കെടാവിളക്കിന്റെ പ്രോജ്ജ്വലിച്ചു നിൽക്കുന്ന തിരിനാളമായി 56 സൂക്തങ്ങൾ ഉൾകൊള്ളുന്നതും പ്രവാചക പിറവിയാൽ അനുഗ്രഹീതമായ പുണ്യ മക്കയിൽ അവതീർണമായ ഖുർആനിലെ 74-ാം അധ്യായമാണ് സൂറത്തുൽ മുദ്ദസ്സിർ .


     പുതച്ച് മൂടിയവൻ എന്നാണ് മുദ്ദസ്സിർ എന്ന വാക്കിനർത്ഥം.

നബിതിരുമേനിക്ക് ഹിറാ ഗുഹയില്‍ വെച്ച് ഒന്നാമതായി ലഭിച്ച വഹ്യ്‍ സൂറത്തുല്‍ ‘അലഖി’ ലെ ആദ്യ വചനങ്ങള്‍(اقْرَأْ بِاسْمِ رَبِّكَ)  ആയിരുന്നു. അതിനു ശേഷം കുറച്ചു കാലത്തേക്ക് വഹ്യ്‍ ലഭിക്കാതിരിക്കുകയുണ്ടായി. അത് നിമിത്തം നബി (സ്വ) വളരെ പരിഭ്രമത്തിലും വ്യസനത്തിലുമായി. പിന്നീടു ആദ്യമായി അവതരിച്ച അദ്ധ്യായം (يَا أَيُّهَا الْمُدَّثِّرُ) എന്ന ഈ അദ്ധ്യായമായിരുന്നു എന്നാണ് ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും സ്ഥിരപെടുത്തിയിട്ടുള്ളത്. ഇമാം ബുഖാരിയും മുസ്‌ലിമും (റ) അബൂ സലമഃ (റ)യില്‍ നിന്നും നിവേദനം ചെയ്ത ഒരു ഹദീസില്‍, ഒന്നാമത്തെ വഹ്‍യിന് ശേഷം പിന്നീട് വഹ്യ്‍ വരാന്‍ താമസിച്ച സംഭവം തിരുമേനി പറഞ്ഞു കേട്ടതായി ജാബിര്‍ (رَضِيَ اللهُ تَعَالَى عَنْهُ) അദ്ദേഹത്തിന് വിവരിച്ചു കൊടുത്തിരിക്കുന്നു. അതില്‍ നബി (സ്വ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നത് കാണാം: ‘അങ്ങനെ ഞാന്‍ നടന്നുകൊണ്ടിരിക്കെ, ആകാശത്ത് നിന്നൊരു ശബ്ദം കേട്ടു. ഞാന്‍ ആകാശത്തിന്റെ നേര്‍ക്ക്‌ കണ്ണ് പൊക്കി. അപ്പോഴതാ, ഹിറാ മലയില്‍ വെച്ച് എന്‍റെ അടുക്കല്‍ വന്നിരുന്ന ആ മലക്ക് ആകാശത്തിനും ഭൂമിക്കുമിടയില്‍ ഒരു പീഠത്തിൻമേല്‍ ഇരിക്കുന്നു! ഞാന്‍ അത് നിമിത്തം പേടിച്ചു വിറച്ചു നിലത്തേക്ക് വീഴാറായി. അങ്ങനെ, വീട്ടുകാരുടെ അടുക്കല്‍ വന്ന് ‘വസ്ത്രമിട്ടു മൂടിത്തരുവിന്‍, പുതച്ചു തരുവിന്‍ (زَمِّلُونِي ‏ دَثَّرُونِي)’ എന്നു പറഞ്ഞു. അവര്‍ എനിക്ക് പുതച്ചു തന്നു. ആ അവസരത്തിൽ ‍يَا أَيُّهَا الْمُدَّثِّرُ മുതല്‍ فَاهْجُرْ വരെയുള്ള വചനങ്ങള്‍ അവതരിച്ചു. പിന്നീടു വഹ്യ്‍ ചൂട് പിടിക്കയും തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്തു.’ (متفق عليه)


     ആദ്യ അഞ്ച് സൂക്തങ്ങളിലായി അല്ലാഹു പ്രവാചകൻ (സ്വ) - യെ 'പുതച്ച് മൂടിയവൻ'  എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് പ്രബോധന ദൗത്യത്തിലേക്കിറങ്ങുവാനും തന്റെ ജനതക്ക് മുന്നറിയിപ്പ് നൽകുവാനും കൽപ്പിക്കുന്നു.പ്രബോധന കൃത്യത്തിന്റെ രണ്ടു പ്രധാന വശങ്ങളത്രേ സന്തോഷവാര്‍ത്ത അറിയിക്കലും താക്കീത് ചെയ്യലും (التبشيروالأنذار). അഥവാ സത്യവിശ്വാസവും സൽകർമ്മങ്ങളും സ്വീകരിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലങ്ങളെ കുറിച്ച് സന്തോഷ വാര്‍ത്തകളും, അത് രണ്ടും സ്വീകരിക്കാത്തവര്‍ക്ക് അവന്റെ ശിക്ഷാനടപടികളെ കുറിച്ചു ഭയവാര്‍ത്തകളും അറിയിക്കല്‍. തുടര്‍ന്ന് അല്ലാഹുവിന്‍റെ മഹത്വത്തെ പ്രകീര്‍ത്തനം ചെയ്യുവാനുള്ള കൽപനയാണുള്ളത്.

 

ജനങ്ങളിൽ നിന്നും കൂടുതൽ തിരിച്ചു കിട്ടണമെന്ന ഉദ്ദേശത്തോടെ വല്ല ഉപകാരമോ ദാക്ഷിണ്യമോ ചെയ്യരുതെന്നും അല്ലാഹുവിൻറെ പ്രീതി ലഭിക്കാനായി അവന്റെ മാർഗത്തിൽ ക്ഷമയും സഹനവും കൈ കൊള്ളണമെന്നും ആറും ഏഴും സൂക്തങ്ങൾ വ്യാഖ്യാനിക്കുന്നു. തുടർന്നുള്ള മൂന്ന് സൂക്തങ്ങൾ ഖിയാമത്ത് നാളിനെ കുറിച്ചാണ് പറയുന്നതെന്ന് സുവ്യക്തം. ഖിയാമത്ത് നാളിന്റെ ഭയാനകതയിൽ നിന്നുള്ള രക്ഷക്കായി (حَسْبُنَا اللَّهُ وَنِعْمَ الوَكِيلُ ، عَلَى اللهِ تَوَكَّلْنَا)  എന്ന് പറഞ്ഞു കൊള്ളാൻ നബി (സ്വ) സ്വഹാബത്തിനോട് പറഞ്ഞതായി ഇമാം അഹ്മദ് (റ) നിവേദനം ചെയ്ത ഹദീസിൽ നമുക്ക് കാണാൻ സാധിക്കും.

തുടർന്നുള്ള വചനങ്ങൾ (11-30 വരെ) ഖുറൈശ് ഗോത്രത്തിൽ ബനു മഖ്സൂം ശാഖയിലെ വമ്പിച്ച ധനാഢ്യനും നേതാവുമായിരുന്ന ' വലീദുബ്നു മുഗീറയുടെ' ഇസ്ലാമാശ്ലേഷണവുമായി ബന്ധപ്പെട്ടതായിരുന്നു. വലീദ് ഒരിക്കൽ നബി(സ) യുടെ അടുക്കൽ വരികയും തുടർന്ന് പ്രവാചകൻ അവന് ' ഹാ മീം സജദ' എന്ന അദ്ധ്യായം ഓതികേൾപ്പിക്കുകയും അവൻ അതിൽ ആകൃഷ്ടനാവുകയും ചെയ്തു. മാത്രമല്ല, ഖുർആനെ പ്രശംസിച്ചു കൊണ്ട് പ്രസ്താവന ചെയ്യുകയും ചെയ്തു. ഇത് കേട്ടപ്പോൾ അവൻ മുസ്ലിമായിട്ടുണ്ടെന്നു കരുതി ഖുറൈശികൾക്കു പരിഭ്രമമായി. തത്സമയം അബൂജഹലടക്കം പലരും പലപ്രകാരത്തിലും അവനെ  ഇളക്കി വിടുവാൻ തുടങ്ങി. ഇതിൽ പ്രലോപിതനായ വലീദ്‌ നബി (സ്വ) ഒരു മാരണക്കാരൻ (സാഹിർ) ആണെന്ന് സമർത്ഥിച്ചു.

   

 എന്നാൽ ഈ വിഷയത്തിൽ അടങ്ങിയ ആക്ഷേപങ്ങളും വിധികളും അവന് മാത്രമല്ല, മറിച്ച് പൊതുവിൽ ബാധകമാണ് എന്നത് തർക്കമറ്റ വസ്തുതയാണ്.അള്ളാഹു നൽകിയ സുഖ സൗകര്യങ്ങൾ ആസ്വദിച്ചു കൊണ്ടിരിക്കുകയും  അതിന് നന്ദി കാണിക്കുന്നതിന് പകരം അവനെയും അവന്റെ സന്ദേശങ്ങളെയും ധിക്കരിച്ചു കൊണ്ടിരിക്കുന്ന ഏത് വമ്പന്മാർക്കും ബാധകമാണ് ഈ വചനങ്ങളിലെ താക്കീദ് .

മനസ്സാക്ഷിയെ വഞ്ചിച്ച് കൊണ്ട് ഇത്രയും പരസ്യമായി സത്യത്തെ മൂടി വെച്ച ഇവനെപ്പോലുള്ള നേതാക്കൾക്കെതിരെയുള്ള വിദ്വേശ വും അമർഷവുമാണ് ' ശാപമടയട്ടെ തുലഞ്ഞു പോട്ടെ നശിക്കട്ടെ' എന്നർത്ഥം വരുന്ന قتل എന്ന വാക്കിൻറെആവർത്തന ഉപയോഗത്തിലൂടെ അള്ളാഹു തുറന്നുകാട്ടിയത്. ഇത്തരത്തിൽ സത്യത്തിൽ നിന്നും പിന്നോക്കം പോയി ദുർമാർഗത്തിൽ പതിക്കുന്ന വർക്കുള്ള താക്കീ ദാണ് പരുഷ സ്വഭാവക്കാരും കഠിനന്മാരുമായ 19 മലക്കുകളുടെ കാവൽ വലയത്തിലുള്ള سقر എന്ന നരകം.അതിൻറെ ഉഗ്രതയെയും കാഠിന്യത്തെയും കുറിച്ചാണ് 26-ാം സൂക്തം ചൂണ്ടിക്കാണിക്കുന്നത്.തുടർന്നുള്ള വചനങ്ങൾ സജ്ജനങ്ങളെ കുറിച്ചും സഖ്റിന്റെ അവകാശികളായി തീർന്ന കുറ്റവാളികളെ കുറിച്ചും പ്രതിപാദിക്കുന്നു. 47-ാം സൂക്തത്തിലെ يقين എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ സംശയങ്ങൾക്കും വിരാമമിടുന്ന മരണം എന്ന യാഥാർത്ഥ്യത്തെ യാണ്.

   ഉൽബോധനം ങ്ങളും ഉപദേശങ്ങളും കേൾക്കുമ്പോൾ സത്യനിഷേധികളിലുണ്ടാവുന്ന പ്രതികരണങ്ങളും ചേഷ്ടകളും കണ്ടാൽ തങ്ങളെ വേട്ടയാടി പിടിക്കാൻ വന്ന സിംഹങ്ങളെ കണ്ടു നാലുപാടും വിറളി എടുത്തോടുന്ന കാട്ടു കഴുതകളാണ് അവരെന്ന് തോന്നും. വേട്ടക്കാർ ,അമ്പെയ്ത്തുകാർ , എന്നൊക്കെയാണ് 51-ാം സൂക്തത്തിലെ 'ഖ‌സ്‌വറ' എന്ന വാക്കിനർത്ഥം.

ഖുർആൻ ആരെയും സത്യ മാർഗത്തിലേക്ക് നിർബന്ധിച്ചു പിടിച്ചു വലിക്കുന്നില്ല.അത് സത്യങ്ങൾ വെട്ടിത്തുറന്ന് കാട്ടിയും ഉപദേശിച്ചു കൊണ്ടും നേർവഴിയിലേക്ക് മാടിവിളിക്കുന്നുവെന്നുമാത്രം.സത്യം സ്വീകരിക്കണം നേർമാർഗം പ്രാപിക്കണം എന്നൊക്കെ താല്പര്യമുള്ളവർക്ക് അള്ളാഹുവിൻറെ ഉദ്ദേശത്തോടു കൂടെ അത് ഓർമ്മിക്കുകയും വിശ്വസിക്കുകയുംചെയ്യാം.അല്ലാത്തവർക്ക് അത് നിരസിക്കുകയും തള്ളിക്കളയുകയും ചെയ്യാം.

  മനുഷ്യൻറെ അധികാര വൃത്തവും കഴിയും വലുതാകുവാനും അല്ലാഹുവിൻറെ അധികാര വൃത്തവും കഴിവും ചെറുതാക്കുവാനും ശ്രമിക്കുന്ന യുക്തിവാദികൾക്കുള്ള തക്കതായ മറുപടിയോടു കൂടി യാണ് ഈ അധ്യായത്തിന് തിരശ്ശീല വീഴുന്നത്.

  അല്ലാഹു നമുക്കെല്ലാവര്‍ക്കും സത്യം ഗ്രഹിക്കുവാനും, നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുവാനും തൗഫീഖ് നല്‍കട്ടെ. നമ്മുടെ പാപങ്ങളും പാകപ്പിഴവുകളും അവന്‍ പൊറുത്തുതരട്ടെ. ആമീന്‍.


ولا حول ولا قوة إلا بالله وله الحمد والمنة



Labeeba.P

Bafakhy wafiyya college valavannur