സൂറത്തുന്നാസിആത്ത്: ഉള്ള്  പിടക്കുന്ന ഊരിയെടുക്കൽ



മക്കയിൽ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആനിലെ 46 വാക്യങ്ങൾ ഉൾക്കൊള്ളുന്ന 79 ാം അധ്യായം. നാസിആത്ത് എന്നതിന്റെ വാക്കർത്ഥം ഊരിയെടുക്കുക എന്നാണ്. റൂഹിന്റെ ഊരിയെടുക്കലിനെക്കുറിച്ചും അന്ത്യനാളിന് മുന്നോടിയായി സംഭവിക്കുന്ന കാഹളമൂത്തുകളെയും ഖിയാമത് നാളിന്റെ ഭയാനകതയും ഉൾക്കൊള്ളിച്ചതാണ് സൂറത്തിന്റെ ഉള്ളടക്കം. നിർദയമായ നിലയിൽ വലിച്ചെടുക്കുന്ന സത്യനിഷേധികളുടെ റൂഹും വളരെ സൗമത്യയിൽ ഊരിയെടുക്കപ്പെടുന്ന സദ് വൃത്തരുടെ റൂഹും തമ്മിൽ എത്രത്തോളമാണന്തരം. ജലാശയത്തിൽ മുങ്ങി തപ്പുന്ന മുങ്ങൽ വിദഗ്ധരെ പോലെ സത്യനിഷേധിയുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും മലക്കുകൾ പ്രവേശിക്കുമ്പോൾ അതിനാൽ മരണമടയുന്നവർക്ക് യാതനകളും വേദനകളുമേറെ.... മറുപക്ഷം ആകാശത്ത് നിന്ന് അതിവേഗം ഇറങ്ങി വരുന്ന മലക്കുകൾ സലാം ചൊല്ലി സ്വീകരിക്കുന്ന റൂഹുടയവർ അവരെത്രെയോ കാരുണാകടാക്ഷമേറ്റവർ. അനന്തരം മലക്കുകൾ അതിനെ നിശ്ചയിക്കപ്പെട്ടയിടങ്ങളിലേക്ക് എത്തിക്കുന്നതിനെയുമാണ്  അഞ്ച് വരെയുള്ള വാക്യങ്ങൾ പറയപ്പെടുന്നത്.


 ശേഷം പതിനാല് വരെയുള്ള വാക്യങ്ങൾ അതി ഭീകരമായ ഖിയാമത്ത് നാളിന്റെ ഭയാനകതയെ ഉണർത്തുന്നു. ലോകത്തെ പ്രകമ്പനം കൊളളിക്കുന്ന ആദ്യത്തെ കാഹള മുഴക്കത്തെയാണ് വാക്യം ആറ് പ്രസ്താവിക്കുന്നതെങ്കിൽ വാക്യം ഏഴിൽ ഖബറാളികൾ ഉൾപ്പെടെ ഏവരെയും ഉയർത്തെഴുന്നേൽപ്പിക്കുന്ന രണ്ടാം കാഹളമുഴക്കമാണവിടെ. ഏട്ട്,ഒൻപത് വാക്യങ്ങൾ സത്യനിഷേധികൾക്കന്നുണ്ടാകുന്ന അനുഭവങ്ങളും പത്ത് മുതൽ പന്ത്രണ്ട് വരെ അതിനുളള കാരണവും ചൂണ്ടികാണിക്കുന്നു. "അങ്ങനെയെങ്കിൽ നഷ്ട്ടകരമായ ഒരു തിരിച്ചുവരൽ തന്നെയായിരിക്കും അത്"എന്ന അവരുടെ പരിഹാസ വാക്യമാണ് പന്ത്രണ്ട്.പക്ഷെ അതെത്രയോ 'സത്യം'.പുനർജീവിപ്പിക്കൽ അള്ളാഹുവിന്റടുക്കൽ എത്രയോ നിസാരം. 


തുടർന്ന് 26 വരെയുള്ള ആയത്തുകളിൽ മൂസാനബി (അ)യുടെ പ്രബോധന ദൗത്യത്തെ പറ്റി പ്രതിപാദിക്കുന്നു. സീനാ പർവ്വതത്തിലെ ത്വുവാ താഴ്‌വരയിൽ വെച്ച് അല്ലാഹു അവന്റെ കലീമുള്ളാഹി മൂസാ (അ)നോട് സംസാരിച്ച കാര്യം പറഞ്ഞത് കൊണ്ടാണ് ആയത്തുകളുടെ തുടക്കം. അഹങ്കാരത്തിലും ധിക്കാരത്തിലും അതിരുകടന്ന ഫിർഔനിന്റെ കാര്യത്തിലായിരുന്നു ആ സംസാരം.റബ്ബിന്റെ കൽപന പ്രകാരം സന്മാർഗത്തിലേക്ക് ക്ഷണിക്കാനെത്തിയ മൂസാ നബി (അ) ന്റെ ദൗത്യം നിഷേധിക്കുക മാത്രമല്ല, അദ്ദേഹത്തിനെതിരായി നിരവധി പ്രവർത്തനങ്ങളും പ്രചാരണങ്ങളും നടത്തുകയും ജനങ്ങളെ ശേഖരിച്ച് "ഞാനാണ് നിങ്ങളുടെ സമുന്നതനായ രക്ഷിതാവ് , ما علمت لكم من اله غيري  ( ഞാനല്ലാതെ യാതൊരു ഇലാഹും നിങ്ങൾക്കുള്ളതായി ഞാൻ അറിഞ്ഞിട്ടില്ല 28:38 )" എന്നവൻ പറയുകയും ചെയ്തു. ഫിർഔനിന്റെ അതിരുവിട്ട ധിക്കാരത്തെ തുടർന്ന് ഇഹത്തിൽ അവനെ ചെങ്കടലിൽ മുക്കിക്കൊല്ലുകയുമുണ്ടായി, തുടർന്ന് നരക ശിക്ഷയും അവനുണ്ട്. അല്ലാഹുവിനെ ഭയപ്പെടുന്നവർക്ക് ഫിർഔനിന്റെ ദാരുണ സംഭവത്തിൽ വലിയ പാഠമുണ്ടെന്ന് തീർച്ച.


 തുടർന്ന് മുപ്പത്തിമൂന്ന് വരെയുള്ള വാക്യങ്ങളിൽ അല്ലാഹുവിന്റെ പ്രക്യതിപരമായ ചില അനുഗ്രഹങ്ങൾ എടുത്തു പറയുകയാണ്. ഒരുപാട് ചിന്തിക്കേണ്ടവയാണെല്ലാം ...പൊട്ടും പിളർപ്പുമില്ലാതെ ഉയർച്ചയോ താഴ്ചയോ ഇല്ലാതെ ഭൂമിയേക്കാൾ സൃഷ്ടിക്കാൻ പ്രയാസമായ ആകാശത്തെ സൃഷ്ടിച്ച , അതിന്റെ രാവിനെ ഇരുട്ടാക്കിയ പകലിനെ പ്രകാശ പൂരിതമാക്കിയ , പർവ്വതങ്ങളെ സൃഷ്ടിച്ച മനുഷ്യനും കന്നുകാലികൾക്കും ഉപയോഗത്തിനായി വെള്ളവും തീറ്റ സാധനങ്ങളും അതിൽ നിന്ന് ഉൽപാദിപ്പിച്ച അള്ളാഹുവിന് മരണാനന്തരം മനുഷ്യനെ പുനർ ജീവിപ്പിക്കുക എന്നുള്ളത് തീർത്തും നിഷ്പ്രയാസം. 


മുപ്പത്തിനാലാം വാക്യത്തിൽ طامة الكبرى - ഏറ്റവും വലിയ വിപത്ത് - എന്നത് കൊണ്ടുള്ള ഉദ്ദേശം രണ്ടാം കാഹളം ഊത്തിനെപ്പറ്റിയാണ്. അന്ന് മനുഷ്യൻ നേരിടുന്ന വിപത്ത് മറ്റെന്തിനേയും കവച്ചുവെക്കുന്നതാണ്. നരകം അടുത്തുണ്ടായിരിക്കെ ഇഹത്തിൽ അവർ ചെയ്ത എല്ലാ തെറ്റുകളും മനുഷ്യനപ്പോൾ ഓർക്കുന്നതാണ്. അതിരുവിട്ട ധിക്കാരികളും ഐഹിക ജീവിതത്തിന് പാരത്രിക ജീവിതത്തേക്കാൾ പ്രാധാന്യം കൊടുത്തവരാരോ തീർച്ചയായും അവനുള്ളതാണത്രേ കത്തിജ്വലിക്കുന്ന നരകം. അതേസമയം അള്ളാഹുവിന്റെ സന്നിധിയിൽ നിൽക്കേണ്ടി വരുന്നതിനെ ഭയപ്പെട്ട്,തന്നിഷ്ടത്തെ തടഞ്ഞു ജീവിച്ചവനാരോ അവനുള്ളതാകുന്നു ശാശ്വതമായ സ്വർഗ്ഗം. 


നാൽപത്തിയഞ്ചാം വാക്യത്തിൽ നബിയോട് അല്ലാഹു തആല പറയുകയാണ് "തീർച്ചയായും ഖിയാമത്ത് നാളിനെ ഭയപ്പെടുന്നവനെ താക്കീത് ചെയ്യുന്ന ആൾ മാത്രമാണ് താങ്കൾ".ഭയങ്കരമായ അതിനെ കാണുന്ന ദിവസം لم يلبثوا إلا عشية أو ضحها 

(ഒരു സായാഹ്ന സമയമോ അതിന്റെ പൂർവാഹ്ന സമയമോ അല്ലാതെ അവർ ഇഹത്തിൽ താമസിച്ചിട്ടില്ലെന്ന് അവർക്ക് തോന്നും). അത്രയും ഭയാനകമത്രേ يوم القيامة .


അന്ന് വിജയക്കുന്നവരുടെ കൂട്ടത്തിൽ അള്ളാഹു നമ്മളെയും ഉൾപ്പെടുത്തട്ടെ ...ആമീൻ


Aifoona Sherin

Bkr wafiyya college