സൂറത്തു ന്നബഅ്:പുനരുദ്ധാനത്തിന്റെയു൦ പരലോകത്തിന്റെയു൦ സ്ഥതിഗതികൾ
പരിശുദ്ധ ഖുർആനിൽ 40 സൂക്തങ്ങളടങ്ങിയ 28 ആം അധ്യായം സൂറത്ത് ന്നബഅ് മക്കയിൽ ആണ് അവതരിക്കപ്പെട്ടിട്ടുള്ളത്.
ന്നബഅ് എന്നാൽ 'ആ മഹത്തായ വാർത്ത' എന്നാണ് അതുകൊണ്ടുള്ള ഉദ്ദേശം.അവിശ്വാസികളെ സംബന്ധിച്ചാണ് മക്കിയ്യ് സൂറത്ത് അധികമായി അവതരിക്കുന്നത് .
രണ്ടാം സൂക്തത്തിൽ ഉള്ള النبإ العظيم എന്ന വാക്യത്തിലെ ന്നബഅ് എന്ന പദമാണ് ഈ സൂറത്തിന്റെ നാമമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.ഇത് ഒരു നാമം മാത്രമല്ല ഉള്ളടക്കത്തിന്റെ ശീർഷകം കൂടിയാണ്.
സൂറത് മുർസലയിൽ പ്രതിപാദിച്ച വിഷയങ്ങൾ തന്നെയാണ് ഇതിലേയും ഉള്ളടക്കം.അതായത് പുനരുദ്ധാനത്തിന്റെയും പരലോകത്തിന്റെയും സ്ഥിതീകരണവും അത് അംഗീകരിക്കുന്നതിന്റെയും അംഗീകരിക്കാതിരിക്കുന്നതിന്റെയും അനന്തര ഫലങ്ങളെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകലുമാണ്.
ഖുറൈശികളിലെ സത്യനിഷേധികൾ അവർക്കിടയിൽ തന്നെ പരിഹാസ രൂപേണ എന്തിനെപ്പറ്റിയാണ് പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത് ,ആ മഹത്തായ വാർത്ത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്ന ഖിയാമത്ത് നാളിനെ സംബന്ധിച്ചും, ആ വാർത്ത ഉൾക്കൊള്ളുന്ന ഖുർആനിനെ സംബന്ധിച്ചും ആണ്.ഇതിൽ ആദ്യം പരാമർശിക്കുന്നത് പുനരുദ്ധാന വൃത്താന്തം കേട്ട അവിശ്വാസികൾ മക്കയുടെ മുക്കും മൂലയിലും അങ്ങാടികളിലും സഭകളിലും എല്ലാം നിരന്തരം നടത്തിക്കൊണ്ടിരുന്ന ചർച്ചകളും പിറുപിറുപ്പുകളുമാണ്. سورة التغابن നിൽ ഏഴാമത്തെ അധ്യായത്തിൽ അള്ളാഹു പറയുന്നു:
فأمنو بالله ورسوله والنور الذى أنزلنا والله بما تعملون خبير.
"സത്യനിഷേധികൾ അവർ വിചാരിക്കുന്നത് അവർ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുകയില്ലെന്നാണ്.അപ്പോൾ ഖിയാമത്ത് നാളിന്റെ വിഷയത്തിലും അവർ അഭിപ്രായ ഭിന്നത യിലാണ്.
كلاّ سيعلمون. ثمّ كلاّ سيعلمون.
ഈ രണ്ട് ആയത്തിലൂടെ അള്ളാഹു ജനങ്ങളോട് പറയുകയാണ് (അതെ, ഒരിക്കലും അല്ല. അടുത്തുതന്നെ അവർ അറിയുന്നുണ്ട്.)അവർ ഫലിതവും വിടുവായത്തവും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനെ കുറിച്ചാണോ അത് യാഥാർഥ്യമായി മുന്നിൽ സമാഗതമാകുന്ന കാലം അത്ര വിദൂരമല്ല എന്നർത്ഥം . ഏറെ അനുമാനങ്ങളിലൂടയും നിഗമനങ്ങളിലൂടെയും തങ്ങൾ കരുപ്പിടിപ്പിച്ചിരുന്ന ധാരണകളെല്ലാം കേവലം മിഥ്യയായിരുന്നു എന്നും ദൈവ ദൂതൻ നൽകിയ മുന്നറിയിപ്പുകൾ ശരിതന്നെയായിരുന്നു എന്നും അന്നവർക്ക് ബോധ്യമാകും.തുടർന്ന് അല്ലാഹുവിന്റെ പരമോന്നതമായ സൃഷ്ടികഴിവുകളെ പറയലോടുകൂടി മനുഷ്യർ എത്ര നിസ്സാരം എന്നതു കൂടി ഓർമിപ്പിക്കുന്നു. ഇവിടെ അല്ലാഹുവിന്റെ കഴിവിനെയും മനുഷ്യന്റെ നിസ്സാരതയും പരാമർശിക്കുന്നു.ഈ സൃഷ്ടികൾ ഒക്കെ നമ്മൾ പിന്നെയും പുനർ ജീവിക്കാൻ കാരണമാകുന്ന തെളിവുകളാണ് എന്നത് കൂടിയാണ് ഈ സൂക്തങ്ങളിൽ പറയുന്നത്.
21 മുതൽ 30 സൂക്തങ്ങളിൽ പറയുന്നു ,കർമ്മ പുസ്തകം പ്രതീക്ഷിക്കാത്തവരും നമ്മുടെ സൂക്തങ്ങൾ തള്ളി പറഞ്ഞവരും ഉണ്ടല്ലോ.. അവരുടെ ഓരോ ഓരോ ചെയ്തികളും നമ്മുടെ സന്നിധിയിൽ ഓരോന്നായി രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അവർ താക്കീത് ചെയ്യപ്പെട്ട നരകം അവരെ ഗ്രഹിക്കാൻ തയ്യാറായി നിൽക്കുന്നു.അവിടെ അവരുടെ പ്രവർത്തികൾക്ക് തികഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്.
31-36വരെ സൂക്തങ്ങളിൽ ഉത്തരവാദിത്വം ചുമത്തപ്പെട്ടവരും വിചാരണ ചെയ്യപ്പെടുന്ന വരും ആണെന്ന് ബോധത്തോടെ നേരത്തെ തന്നെ പാരത്രിക ജീവിതം വിജയകരം ആക്കുന്നതിന്ന് വേണ്ടി പരിശ്രമിച്ചവർക്കുള്ള വിശിഷ്ട സമ്മാനങ്ങൾ വിവരിക്കുന്നു.അവരുടെ കർമ്മങ്ങൾക്കുള്ള പ്രതിഫലം മാത്രമല്ല അവർക്ക് ലഭിക്കുക എന്നും അതോടൊപ്പം ധാരാളം സമ്മാനം ലഭിക്കുമെന്നും ഉറപ്പു നൽകുകയും ചെയ്യുന്നു.
ഒടുവിൽ ദൈവിക കോടതിയെ ഇപ്രകാരം ചിത്രീകരിച്ചിരിക്കുന്നു:അവിടെ ആരെങ്കിലും സമ്മർദ്ദം ചെലുത്തിയോ തങ്ങളുടെ ആശ്രിതർക്ക് അനുകൂല്യം നേടിക്കൊടുത്തോ ആരെയും വിട്ടയക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. അനുമതിയില്ലാതെ ആർക്കും അവിടെ നാവനക്കാനേ കഴിയില്ല.ആർക്കുവേണ്ടിയാണോ ശുപാർശ ചെയ്യുവാൻ അനുമതി നൽകിയിട്ടുള്ളത് അയാൾക്ക് വേണ്ടി മാത്രമേ ശുപാർശകൻ ശുപാർശ ചെയ്യാവൂ.ശുപാർശയിൽ അന്യായമോ അസത്യമോ പറയാൻ പാടില്ല.അതുപോലെ ഈ ലോകത്ത് സത്യവചനം അംഗീകരിച്ച് ജീവിക്കുകയും കേവലം കുറ്റവാളിയായി പോവുകയും ചെയ്തവരുടെ കാര്യത്തിൽ മാത്രമേ ശുപാർശക്ക് അനുമതി നൽകപ്പെടുകയുള്ളൂ.
തുടർന്ന് ഇപ്രകാരം താക്കീത് ചെയ്തു കൊണ്ടാണ് അദ്ധ്യായം അവസാനിപ്പിക്കുന്നത് ,വരാനിരിക്കുന്നു എന്ന് മുന്നറിയിപ്പ് നൽകുന്ന ആ ദിവസം വരും എന്നുള്ളത് യാഥാർത്ഥ്യം തന്നെയാണ്. അത് വിദൂരത്താണെന്ന് വിചാരിക്കേണ്ട സമീപത്തു തന്നെയാണത്. ഇനി ഇഷ്ടമുള്ളവർക്ക് അത് അംഗീകരിച്ച് തന്റെ നാഥന്റെ മാർഗ്ഗം കൈ കൊള്ളാം.എന്നാൽ ഈ മുന്നറിയിപ്പ് കിട്ടിയിട്ടും ഇതിനെ നിഷേധിക്കുന്നവന്റെ കർമ്മം എല്ലാം സ്വന്തം കൺമുന്നിൽ വരുമ്പോൾ ഖേദത്തോടെ അവൻ പറയും,കഷ്ടം ഞാൻ ഈ ലോകത്ത് ജനിക്കുകയേ ചെയ്തില്ലായിരുന്നുവെങ്കിൽ എത്ര നന്നായേനെ.
ഇന്ന് അവനെ അനുരാഗ മുക്തനാക്കിട്ടുള്ള ഇതേ ഭൗതികലോകത്തെ കുറിച്ച് അന്ന് അവന്ന് ഉണ്ടാകുന്ന മനോഭാവം ഇതായിരിക്കും.
അള്ളാഹു സുബ്ഹാനഹു വതആല നാം എല്ലാവരെയും നരകത്തിൽ നിന്നും മോചിക്കപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന മുത്തഖീങ്ങളിൽ ഉൾപ്പെടുത്തുമാറാകട്ടെ.ആമീൻ
Fathimath jasmine. B
Fathima zahra women's college udma

0 Comments