സൂറത്തുൽ മുജാദല ;മാനവലോകത്തിന് വഴികാട്ടി
അന്ധവിശ്വാസങ്ങളിൽ കൂപ്പുക്കുത്തിയിരുന്ന അജ്ഞതയുടെ നൂറ്റാണ്ടിലേക്ക് വെളിച്ചമായി കടന്നുവന്ന പരിശുദ്ധഖുർആനിലെ 58-ആമത്തെ അധ്യായമാണ് സൂറത്തുൽ മുജാദല.22 സൂക്തങ്ങളുള്ള ഈ അധ്യായത്തിൽ 'അല്ലാഹു'എന്ന പദം ഒന്നോ അതിലധികമോ തവണ ഓരോ ആയത്തിലും ആവർത്തിച്ചിട്ടുണ്ട് എന്നത് ഇതിന്റെ പ്രത്യേകതയാണ് . 'മുജാദല' അഥവാ 'തർക്കിക്കുന്നവൾ' എന്ന ഈ അധ്യായത്തിന്റെ പേരിന് പിന്നിൽ ഒരു സ്ത്രീയുടെ ചരിത്രമുണ്ട് എന്ന വസ്തുത ഇസ്ലാം വിമർശകർക്കുള്ള ഒരു മറുപടി കൂടിയാണ്.
ഇസ്ലാമിന് മുമ്പ് ജാഹിലിയ്യ അറബികൾക്കിടയിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു 'ളിഹാർ'.മാതാവുമായി ഭാര്യഭർതൃ ബന്ധം പാടില്ലാത്തത് പോലെ നാം തമ്മിലും പാടില്ല എന്ന ഭർത്താവിന്റെ സംസാരത്തോടെ അവൾ അവന്ന് നിഷിദ്ധമാണെന്നാണ് അവരുടെ വിശ്വാസം.മദീനയിൽ വെച്ച് നടന്ന ഇത്തരമൊരു സംഭവത്തെ തുടർന്നാണ് അതിന്റെ വിധിയെ പരാമർശിച്ചുകൊണ്ട് ഈ അധ്യായത്തിന്റെ ആദ്യത്തെ ചില ആയത്തുകൾ അവതീർണ്ണമായത്.ഔസ് ബ്നു സ്വാമിത്(റ) എന്ന വൃദ്ധനായ സ്വഹാബി ഒരിക്കൽ ഭാര്യയെ ളിഹാർ ചെയ്യുകയും താമസിയാതെ ഈ അവിവേകത്തിൽ ഖേദം പ്രകടിപ്പിക്കുകയുമുണ്ടായി.സ്വഹാബി തന്റെ വാക്ക് മടക്കിയെടുത്തെങ്കിലും ളിഹാർ നടന്നുകഴിഞ്ഞ സ്ഥിതിക്ക് അതിൽ അല്ലാഹുവിന്റെയും റസൂലി(സ്വ)ന്റെയും വിധി എന്താണെന്നറിയണം എന്നായി അദ്ദേഹത്തിന്റെ ഭാര്യയായ ഖൌല(റ)ക്ക്.അവർ നബി(സ്വ)യുടെ അടുക്കൽചെന്നു ഇങ്ങിനെ പറഞ്ഞു: “റസൂലേ, ഔസ് എന്നെ വിവാഹം ചെയ്യുമ്പോൾ ഞാനൊരു യുവതിയായിരുന്നു. ഇപ്പോൾ എനിക്കു വയസ്സായി. മക്കളും അധികമുണ്ട്. എന്നിട്ട് ഇപ്പോഴിതാ അദ്ദേഹം എന്നെ ളിഹാർ ചെയ്തിരിക്കുന്നു! അതുകൊണ്ടു എന്നെ സംബന്ധിച്ചു വല്ല ഒഴിവ്കഴിവും ഉണ്ടെങ്കിൽ, അതു എനിക്കും അദ്ദേഹത്തിനും ആശ്വാസകരമായിരുന്നു…”തിരുമേനി(സ്വ)മറുപടി പറഞ്ഞു: “നിങ്ങളുടെ കാര്യത്തിൽ ഇതുവരെ ഒരു കല്പനയും വന്നു കിട്ടിയിട്ടില്ല. നിങ്ങൾ അദ്ദേഹത്തിനു ഹറാമാണെന്നല്ലാതെ ഞാൻ കാണുന്നില്ല.” ‘അദ്ദേഹം എന്നെ വിവാഹമോചനം ചെയ്തിട്ടില്ലല്ലോ എന്നും മറ്റും പറഞ്ഞ് അവർ നബി(സ്വ)യോടു തർക്കിച്ചു. പിന്നീട് അല്ലാഹുവിനോട് ആ തിരുസന്നിധിയിൽ വെച്ച് തന്നെ ദുആ ചെയ്തു. അധികം താമസിച്ചില്ല, പ്രവാചകൻ(സ്വ)ക്ക് ഖുർആൻ വാക്യങ്ങൾ അവതരിച്ചു. "ഖൌലാ.. സന്തോഷിച്ചുകൊള്ളുക"എന്ന് പറഞ്ഞുകൊണ്ട് ഈ സൂറത്തിന്റെ ആദ്യവരികൾ നബിതങ്ങൾ ഓതിക്കേൾപ്പിച്ചു.ഈ വനിതാസ്വഹാബിയാണ് ആദ്യത്തെ വചനത്തിൽ കാണുന്ന തർക്കിക്കുന്ന സ്ത്രീ.
ളിഹാർ ചെയ്ത് ഖേദിക്കുന്നതിനുള്ള പ്രായശ്ചിത്തവും ഈ സൂക്തത്തിൽ വ്യക്തമാക്കുന്നുണ്ട്. യഥാക്രമം ഒരു അടിമയെ സ്വാതന്ത്രമാക്കുക, തുടർച്ചയായി അറുപതുദിവസം നോമ്പനുഷ്ഠിക്കുക, അറുപതു സാധുക്കൾക്ക് ഭക്ഷണം നൽകുക എന്നിവയാണത് . ളിഹാർ ചെയ്യൽ തെറ്റായ കാര്യമാണെന്നും പിന്നീട് ഭാര്യയിലേക്ക് മടങ്ങുമ്പോൾ മേല്പറഞ്ഞ പ്രായശ്ചിത്തം നടക്കൽ നിർബന്ധമാണെന്നുമാണ് ഇസ്ലാമിന്റെ വിധി.
സൂറത്തുൽ മുജാദലയിൽ കാണാവുന്ന മറ്റൊരു പ്രതിപാദ്യ വിഷയമാണ് അല്ലാഹുവിന്റെ നിരീക്ഷണം.
أَلَمْ تَرَ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَـٰثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَآ أَدْنَىٰ مِن ذَٰلِكَ وَلَآ أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا۟ ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا۟ يَوْمَ ٱلْقِيَـٰمَةِ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ
"ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായികൊണ്ടുമല്ലാതെ. അതിനേക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍, അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു."
അല്ലാഹു സൃഷ്ടികളുടെ പ്രവർത്തനങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്ന ഉൾവിളി ഈ സൂറത്തിലുടനീളം വ്യക്തമാക്കുന്നുണ്ട്.അനുസരണാശീലമുള്ളവർക്കുള്ള പ്രതിഫലവും ധിക്കാരികൾക്കുള്ള ശിക്ഷയും സത്യമാണ്.അവരുടെ സ്വത്തോ സന്താനങ്ങളോ അല്ലാഹുവിന്റെ ശിക്ഷയെ തടയുവാൻ പ്രയോജനപ്പെടുന്നതല്ല. അവർ ശാശ്വതരായ നരകവാസികളാകുന്നു എന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്.
യഥാർത്ഥസത്യവിശ്വാസികളുടെ വിശ്വാസം അസ്ഥിരമാവുന്നതല്ല എന്നും ഈ സൂക്തം വെളിവാക്കുന്നുണ്ട്.അല്ലാഹുവിനോടും അവന്റെ ദൂതരോടും ശത്രുത കാണിക്കുന്നവർ എത്ര അടുത്തവരായാലും അവരെ പരിഗണിക്കുന്നതല്ല. നബി(സ്വ)യെ സാധാരണക്കാരനെന്ന് പറയുന്ന പുത്തൻവാദികളെ ഒരു യഥാർത്ഥവിശ്വാസി സ്നേഹിക്കില്ലെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാൻ അവർ അല്ലാഹുവിന്റെ വിധിവിലക്കുകളിൽ പൂർണ്ണസംതൃപ്തരായിരുന്നു.
ഒരു സദസ്സിലിരിക്കുമ്പോൾ പാലിക്കേണ്ട മര്യാദയെ കുറിച്ചും ഈ അധ്യായത്തിൽ പരാമർശമുണ്ട്.
يَا أَيُّهَا الَّذِينَ آمَنُوا إِذَا قِيلَ لَكُمْ تَفَسَّحُوا فِي الْمَجَالِسِ فَافْسَحُوا يَفْسَحِ اللَّهُ لَكُمْ وَإِذَا قِيلَ انشُزُوا فَانشُزُوا يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ
"സത്യവിശ്വാസികളേ, നിങ്ങള്‍ സദസ്സുകളില്‍ സൗകര്യപ്പെടുത്തി കൊടുക്കുക എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൗകര്യപ്പെടുത്തികൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യപ്പെടുത്തിത്തരുന്നതാണ്. നിങ്ങള്‍ എഴുന്നേറ്റ് പോകണമെന്ന് പറയപ്പെട്ടാല്‍ നിങ്ങള്‍ എഴുന്നേറ്റ് പോകണം. നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു."
അല്ലാഹുവും അവന്റെ റസൂൽ(സ്വ)യും നിശ്ചയിച്ച വിധിവിലക്കുകളെ ലംഘിക്കുന്നവർക്കുള്ള ഒരു താക്കീത് കൂടിയാണ് സൂറത്തുൽ മുജാദല.അല്ലാഹുവിന്റെ നിയമങ്ങളെ ലംഘിച്ച് പകരം മറ്റു നിയമങ്ങള്‍ ഉണ്ടാക്കുകയും, സ്വീകരിക്കുകയും ചെയ്യുന്ന നേതാക്കളും, പരിഷ്കരണവാദികളും ഈ താക്കീതു പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.അല്ലാഹുവും അവന്റെ റസൂലും തന്നെയാണ് വിജയിക്കുക എന്ന പരാമർശത്തോട് കൂടി ഈ അധ്യായം അവസാനിക്കുന്നു.
അല്ലാഹു അവന്റെ പൊരുത്തം നേടാൻ നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
Mufeeda K & Hafsa Keelath
VMHM Wafiyya College, Mukkam

2 Comments
Mashah allah
ReplyDeleteما شاء الله💖
ReplyDelete