സൂറത്തുൽ മുർസലാത്ത്:നിഷേധിച്ചവർക്കുള്ള നാശം
മക്കയിൽ അവതരിച്ച എഴുപത്തി ഏഴാം (77) അധ്യായമായ ഈ സൂറത്തിലെ 50 സൂക്തങ്ങളിൽ 'വിധിദിന'ത്തെപ്പറ്റിയും ധിക്കാരികളുടെ വാസസ്ഥലമായ നരകത്തിൻ്റെ ഭീകരതയെ കുറിച്ചും ,അടിപതറാതെ വിശ്വാസത്തിൽ ഉറച്ചുനിന്ന സത്യവിശ്വാസികൾക്ക് ലഭിക്കുന്ന സ്വർഗീയാനുഭൂതികളെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്.
സൂറത്തിൻ്റെ പ്രാരംഭത്തിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള വചനങ്ങൾ കാറ്റിനെ പറ്റിയും, നാല്, അഞ്ച്, വചനങ്ങളിൽ മലക്കുകളെ പറ്റിയുമാണ് പരാമർശിച്ചിട്ടുള്ളതെന്നാണ് ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം.
നക്ഷത്രങ്ങളുടെ പ്രകാശം മായ്ക്കപ്പെടുകയും, ആകാശം പിളർത്തപ്പെടുകയും, പർവ്വതങ്ങൾ പൊടിക്കപ്പെടുകയും ചെയ്യുമെന്ന് മുമ്പേ താക്കീത് നൽകിയ ഉയർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഓരോ റസൂലിനെയും അല്ലാഹു പ്രത്യേകം വിളിക്കുകയും അദ്ദേഹത്തിൻ്റെ ജനത എങ്ങനെ പ്രബോധനത്തോട് പ്രതികരിച്ചുവെന്നു ചോദിക്കുകയും ചെയ്യും. അങ്ങനെ സമുദായങ്ങളുടെ കാര്യത്തിൽ സാക്ഷ്യം വഹിക്കുവാൻ ദൂതന്മാർക്ക് സമയം നിശ്ചയിച്ച് കൊടുക്കുന്നതിനെ പറ്റിയും ഈ സൂറത്തിൽ പരാമർശിക്കുന്നുണ്ട്
മനുഷ്യൻ ചെയ്തു കൂട്ടിയ സകല കാര്യങ്ങളും മീസാനിൽ തൂക്കുമ്പോൾ അന്തിമ തീരുമാനം എന്താകുമെന്നറിയാൻ ആരോടും ഒന്നും മിണ്ടാൻ കഴിയാതെ വിയർപ്പിൽ മുങ്ങി നിൽക്കുന്ന ദിവസത്തിൽ നിഷേധിച്ചു തള്ളിയവർക്ക് നാശമാണെന്ന് പതിനഞ്ചാം (15) സൂക്തത്തിലൂടെ പ്രപഞ്ച നാഥൻ താക്കീത് നൽകുന്നുണ്ട്.
"വളരെ നിസ്സാരമായി തോന്നുന്ന ദ്രാവകത്തിൽ നിന്നും നിങ്ങളെ നാം സൃഷ്ടിച്ചില്ലേ " എന്ന നാഥൻ്റെ ചോദ്യവും ഇതിൽ പരാമർശിക്കുന്നുണ്ട്.
"ഹേ ... സത്യനിഷേധികളേ നിങ്ങൾ നിഷേധിച്ചു തള്ളിയതിലേക്ക് തന്നെ നിങ്ങൾ പോവുക " എന്നുപറഞ്ഞ് നരകത്തിൻ്റെ ഭീകരതയെ വ്യക്തമാക്കുകയും ചെയ്യുന്ന സൂക്തങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. അന്നേദിവസം നിഷേധിച്ചു തള്ളിയവർക്കാണ് നാശമെന്ന് ഈ അധ്യായത്തിലൂടെ പലവട്ടം സത്യനിഷേധികൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
"അവർ മിണ്ടാത്ത ദിവസമാകുന്നു അത് അവർക്ക് ഒഴികഴിവു ബോധിപ്പിക്കാൻ അനുവാദം നൽകപ്പെടുകയുമില്ല" എന്ന് 35,36 സൂക്തങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്.
41 മുതൽ 44 വരെയുള്ള സൂക്തങ്ങളിൽ സത്യവിശ്വാസികൾക്ക് ലഭിക്കുന്ന സ്വർഗീയാനുഭൂതികളും അവരുടെ പ്രവർത്തനഫലമായി ലഭിക്കുന്ന ആഹ്ലാദത്തെയും കുറിച്ചാണ് പറയുന്നത്. സൂറത്തിൻ്റെ അവസാന ഭാഗം കുറ്റവാളികൾക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും പറഞ്ഞ് അധ്യായം അവസാനിക്കുന്നത് സത്യനിഷേധികളോട് ഇതിനു ശേഷം (ഖുർആന്ന്) ഏതൊരു വർത്തമാനത്തിലാണ് അവർ വിശ്വസിക്കുന്നത് എന്ന ഒരു ചോദ്യം ബാക്കിവെച്ചു കൊണ്ടാണ്..
അല്ലാഹു സ്വർഗസന്തോഷം നൽകി നമ്മെ അനുഗ്രഹിക്കട്ടെ ...ആമീൻ
Khairunnisa
CORDOVA WAFIYYA COLLEGE

0 Comments