സൂറത്തുത്തകവീർ :പരകോടിയിലേക്ക് ഒരു എത്തിനോട്ടം



ന്യായവിധി ദിവസത്തിന്റെ ഭയാനതകൾ വിശദീകരിച്ചുകൊണ്ട് തുടങ്ങി, ഖുർആൻ അല്ലാഹുവിന്റെ വചനമാണെന്നും മുഹമ്മദ്‌ (സ്വ ) ഭ്രാന്തനോ പിശാചാൽ വഞ്ചിക്കപ്പെട്ടവനോ അല്ലെന്നും ആണയിട്ട്, ഖുർആൻ എല്ലാ മനുഷ്യർക്കും ഒരു ഉപദേശമാണെന്നു പറഞ്ഞു അവസാനിക്കുന്ന സൂറത്ത് തക്‌വീർ മക്കയിൽ അവതീർണമായതും പരിശുദ്ധ ഖുർആനിലെ എൺപത്തി ഒന്നാം (81) അദ്ധ്യായവുമാണ്.


ഈ സൂറത്തിന്റെ പ്രഥമഭാഗം ലോകത്തെ അടിമുടി പിടിച്ചുകുലുക്കുന്ന അതിഭീകരമായ അന്ത്യനാളിനെ കുറിച്ചുള്ള ചർച്ചയാണ്.സകല ചരാചരങ്ങളും തവിടുപൊടിയാകുന്ന ഭീതിതമായ രംഗങ്ങളെയും ഓരോ ജന്തു ജീവ ജാലങ്ങൾക്കും വസ്തുക്കൾക്കും ഖിയാമത് നാളിലുണ്ടാകുന്ന മാറ്റങ്ങളെയും കുറിച്ച് ഈ അദ്ധ്യായത്തിന്റെ ആദ്യ പതിനഞ്ച് സൂക്തങ്ങളിൽ വളരെ വിശദമായി പരാമർശിക്കുന്നു.ഇതിലെ നാലാം സൂക്തത്തിൽ പൂർണ ഗർഭിണികളായ ഒട്ടകങ്ങളെ പരാമർശിച്ചത് അറബികൾക്ക് അവ വിലപ്പെട്ട സമ്പത്തായിരുന്നത് കൊണ്ടാണ്. അവയെ പോലും തിരിഞ്ഞുനോക്കാൻ ആളില്ലാതാവുമെന്നുള്ള പരാമർശം അന്ത്യനാളിന്റെ ഭീകരതയെ പ്രതിഫലിപ്പിക്കുന്നു.അവസാന നാളിൽ മൃഗങ്ങൾ പോലും  ഉപദ്രവിക്കപ്പെട്ടതിന്റെ പ്രതിക്രിയക്ക് വേണ്ടി ഒരുമിച്ചു കൂട്ടപ്പെടുമെന്നും സജ്ജനങ്ങൾ സജ്ജനങ്ങളിലേക്കും ദുർജ്ജനങ്ങൾ ദുർജ്ജനങ്ങളിലേക്കും ചേർക്കപ്പടുമെന്നും ഈ സൂറത്തിലൂടെ അള്ളാഹു സൂചിപ്പിക്കുന്നു.


നക്ഷത്രങ്ങളെയും രാത്രിയെയും പ്രഭാതത്തെയും മുൻനിർത്തി മുഹമ്മദ്‌ (സ്വ ) യുടെ പ്രവാചകത്വത്തെയും അദ്ദേഹം ഒരു ഭ്രാന്തനോ പിശാചാൽ വഞ്ചിക്കപ്പെട്ടവനോ അല്ലെന്നും  തറപ്പിച്ച് പറയുന്നവയാണ്  അടുത്ത പത്ത് സൂക്തങ്ങൾ. പുണ്യ പ്രവാചകൻ ജിബ്‌രീലിൽ നിന്ന് വഹ് യ് സ്വീകരിക്കുന്നതും നബി അത് അനുചരന്മാർക്ക് പകർന്നുകൊടുക്കുന്നതും സത്യമാണെന്ന് അല്ലാഹു അറിയിക്കുന്നു.സൂറത്തിന്റെ അവസാന ഭാഗത്ത്‌ ചൊവ്വായി നിൽക്കുന്നവർക്കുള്ള ഉപദേശമാണ് ഖുർആൻ എന്നും അല്ലാഹുവിന്റെ ഹിതത്തിനെതിരായി യാതൊരു തീരുമാനവുമെടുക്കാൻ മനുഷ്യന് സാധ്യമല്ല എന്നും പരാമർശിക്കുന്നു.


മാനവ സമൂഹത്തെ ഒന്നടങ്കം വിചാരണ ചെയ്യുന്ന വേളയിൽ അല്ലാഹു ഈ സൂറത്ത് ഓതുന്നവരെ പരിഗണിക്കും. ഈ സൂറത്ത് പാരായണം ചെയ്യുന്നവരെ അവരുടെ റിക്കാർഡുകൾ തുറക്കുന്ന നാൾ അല്ലാഹു വഷളത്തരത്തിലാക്കില്ല ( ബൈളാവി ). കണ്ണിന് പ്രകാശം വർധിക്കാനും കണ്ണ് രോഗങ്ങൾക്കും ഈ സൂറത്ത് ഓതി പനിനീർ വെള്ളത്തിൽ ഊതി കണ്ണിലൊഴിക്കുന്നത് നല്ലതാണ്.



عن عبد الله بن عمر رضي الله عنه أن رسول الله صلى الله عليه وسلم قال : "مَن سرَّهُ أن ينظرَ إلى يومِ القيامةِ كأنَّهُ رأيُ عَينٍ فليقرأ: إِذَا الشَّمْسُ كُوِّرَتْ، وَإِذَا السَّمَاءُ انفَطَرَتْ، وإِذَا السَّمَاءُ انشَقَّتْ"



ഇബ്നു ഉമറിൽ നിന്ന് നിവേദനം  :റസൂലുല്ലാഹി (സ്വ ) പറഞ്ഞു : "ആരെങ്കിലും ഉയിർത്തെഴുന്നേൽപിന്റെ  ദിവസം ഈ കണ്ണുകൊണ്ട് കാണുന്നതുപോലെ നോക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ ഇദശ്ശംസുകുവ്വിറത്  (അത്തക്‌വീർ ) കൂടാതെ ഇദസ്സമാഉൻ ഫത്വറത്  (അൽ-ഇൻഫിതാർ), ഇദസ്സമാഉൻ ഷക്കക് (അൽ -ഇൻഷികാക് ) എന്നിവ ഓതിക്കൊള്ളട്ടെ."



ശേഷം വരുന്ന സൂറത്തുൻഫിത്വാറുമായി ഈ സൂറത്തിന് ബന്ധമുണ്ടെന്ന് മേൽ പറഞ്ഞ ഹദീസ് സൂചിപ്പിക്കുന്നു. അതെപ്രകാരം മുമ്പുള്ള അബസ സൂറത്തിലും അന്ത്യനാളിനെ കുറിച്ചുള്ള പരാമർശങ്ങൾ കാണാവുന്നതാണ്.


അവസാന നാളിന്റെ ഭയാനകതകളിൽ നിന്ന് അള്ളാഹു നമ്മെ രക്ഷിക്കട്ടെ. 

ആമീൻ




Fathima Shifna NM

Farhana Shirin


Al Gaith Islamic and Arts College for Girls, Valanchery