സൂറത്തുൽ അലഖ്: ഹിറയിലിറങ്ങിയ നൂർ 



വിശുദ്ധ ഖുർആനാകുന്ന വേദഗ്രന്ഥം ഓതി തുടങ്ങാനുള്ള കൽപ്പനയും,

 മുഹമ്മദ് നബി(ﷺ)ക്ക് ആദ്യമായി ലഭിച്ച അല്ലാഹുവിന്റെ സന്ദേശവും അടങ്ങുന്ന ഖുർആനിലെ 96- മത്തെ അധ്യായമാണ് സൂറത്തുൽ അലഖ്‌.

ഈ അധ്യായത്തിലെ ആദ്യത്തെ അഞ്ച് വചനങ്ങളാണ് ഖുർആനിൽ നിന്ന് ആദ്യമായി അവതരിച്ചത്. മക്കയിലെ ഹിറാഗുഹയില്‍ വെച്ചാണ് ജിബ്‌രീല്‍ (അ)  ഈ വചനങ്ങള്‍ നബി ﷺ ക്ക് കേള്‍പ്പിച്ചത്.


 

ഈ സൂറത്തിലെ ആദ്യത്തെ അഞ്ചു വചനങ്ങൾ നബി (സ) ക്ക് ഒന്നാമതായി അവതരിക്കുകയും പിന്നീട് പ്രബോധനം ആരംഭിക്കുകയും ചെയ്തു. തുടർന്ന്  ഖുറൈശികളുടെ നിഷേധം മുഴുത്തുവരികയുണ്ടായപ്പോഴാണ്  ബാക്കിഭാഗം അവതരിച്ചതെന്നാണ് മനസ്സിലാകുന്നത്. ആദ്യവചനങ്ങളുടെയും പിന്നീടുള്ള വചനങ്ങളുടേയും ഉള്ളടക്കംകൊണ്ട് ഇത് മനസ്സിലാക്കാവുന്നതാണ്.

എല്ലാ നല്ല കാര്യവും ബിസ്മികൊണ്ട് തുടങ്ങുമെന്ന മര്യാദയാണ് അല്ലാഹു ആദ്യം പഠിപ്പിച്ചത്.

എല്ലാ സൃഷിടികളെയും പൊതുവെ പറഞ്ഞതിന് ശേഷം

മനുഷ്യനെ രക്തകട്ടയിൽ നിന്നും സൃഷ്ടിച്ചു എന്ന് എടുത്ത് പറഞ്ഞത് അവന്റെ ഉത്ഭവത്തെ പറ്റി 

ചിന്തിപ്പിച്ചുകൊണ്ട്

തന്റെ രക്ഷിതാവ്‌ ഏറ്റവും ഉദാരനായ അതിമാന്യനാണെന്ന് ഓർമിപ്പിക്കുന്നു.

" الذي علم بالقلم ، علم الانسان ما لم يعلم "

ആശയാവിഷ്‌കാരത്തിനുള്ള മാധ്യമമാണ് പേനയെന്നും ഉണർത്തി.

മനുഷ്യന് അറിവ് സമ്പാദിക്കുവാന്‍ മാര്‍ഗങ്ങള്‍ പലതും അല്ലാഹു നിശ്ചയിച്ചുകൊടുത്തിട്ടുണ്ടെങ്കിലും അവയില്‍ മുഖ്യമായ ഒന്നത്രേ എഴുത്തും വായനയും ശീലിക്കുവാനുള്ള ഉപകരണമാകുന്ന പേന. അക്ഷരവിദ്യയാണ് വിജ്ഞാനക്രോഡീകരണത്തിലൂടെ മനുഷ്യതലമുറകളിലെ സാംസ്കാരികവും നാഗരികവുമായ ഉയർച്ചയിലേക്കുള്ള പടവുകളായത്.ഖത്താദഃ (റ)യില്‍ നിന്ന് നിവേദനം ചെയ്യപെട്ട ഒരു ചെറുവാക്യത്തില്‍ പേനയുടെ പ്രാധാന്യം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്: ‘പേന അല്ലാഹുവില്‍ നിന്നുള്ള ഒരു അനുഗ്രഹമാണ്. അതില്ലായിരുന്നു എങ്കില്‍ ഒരു മതവും നിലനില്‍ക്കയില്ല; ഒരു ജീവിതവും നന്നായിത്തീരുകയുമില്ല.’ 

മതദൃഷ്ട്യാ നോക്കുമ്പോള്‍, എഴുത്തും വായനയും അഭ്യസിക്കുന്നതിന് ഇസ്ലാമിനോളം സ്ഥാനം കല്‍പിക്കുന്ന മറ്റൊരു മതം ഇല്ലെന്ന് തീര്‍ച്ചയാണ്.

വേദഗ്രന്ഥത്തില്‍ ഒന്നാമതായി അവതരിച്ച ദിവ്യസന്ദേശത്തില്‍ വേദഗ്രന്ഥം വായിക്കുവാന്‍ കല്‍പിക്കുന്നതോടൊപ്പം തന്നെ പേനയുടെ കാര്യം എടുത്തുപറഞ്ഞിരിക്കുന്നതോര്‍ക്കുമ്പോള്‍, എഴുത്തിനും വായനക്കും സത്യവിശ്വാസികള്‍ എത്രമാത്രം വില കല്‍പിക്കേണ്ടതുണ്ടെന്നു അനുമാനിക്കാമല്ലോ.തുടർന്ന് അറിയാത്ത കാര്യങ്ങളെ പഠിപ്പിച്ച് തരുന്ന

അല്ലാഹുവാണ് യഥാർത്ഥ അധ്യാപകനെന്നും ഉണർത്തി ( എഴുത്തും വായനയും ഇല്ലാതെ നിരക്ഷരനായ നബി ﷺ യെ അവൻ പഠിപ്പിച്ചത് പോലെ) .


തുടർന്നുള്ള വചനം മനുഷ്യന്റെ അതിർലംഘനത്തെ വിമർശിക്കുന്നതാണ്.

 അവൻ സ്വയം പര്യാപ്തനാണെന്നും

 മറ്റാരുടെയും ആശ്രയം തനിക്ക് വേണ്ടതില്ല, ആരോടും തനിക്ക് ഉത്തരവാദവുമില്ല എന്നിങ്ങനെയുമുള്ള നാട്യത്തിലാണവന്‍ . ഈ തെറ്റായ ധാരണ  അവനെ തെറ്റുകളിൽ മുഴുകിയവനാക്കും, ബോധമില്ലാതെ, ധിക്കാരം കാട്ടികൊണ്ടിരിക്കുകയും ചെയ്യും.


" إن الى ربك الرجعى "

 അല്ലാഹുവിലേക്കാണ് മടക്കം എന്ന് ഇതിനെ ഉണർതിക്കൊണ്ട് പറയുന്നു.  ആകയാല്‍, ഓരോരുത്തരും അതിര് കവിയാതെ താൻ എങ്ങനെ മുറപ്രകാരം നടക്കണമെന്ന് ആലോചിച്ചുകൊള്ളട്ടെ  എന്ന് സാരം.


അബൂ ഹുറൈറ: (റ)യില്‍ നിന്ന് ഒരു സംഭവം മുസ്‌ലിം (റ) മുതലായവര്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ‘അബൂജഹല്‍ ചോദിച്ചു: ‘നിങ്ങളുടെ ഇടയില്‍ വെച്ച് മുഹമ്മദ്‌ അവന്റെ മുഖം മണ്ണില്‍ വെക്കാറുണ്ടോ?’   ‘ഉണ്ട്’ എന്ന് പറയപെട്ടപ്പോള്‍ അവന്‍ പറഞ്ഞു: ‘ലാത്തയും ഉസ്സയും തന്നെയാണ സത്യം! അവനത് ചെയ്യുന്നത് ഞാന്‍ കണ്ടാല്‍ നിശ്ചയമായും അവന്റെ പിരടിക്ക് ഞാന്‍ ചവിട്ടും; അവന്റെ മുഖം ഞാന്‍ മണ്ണില്‍ പുരളിക്കുകയും ചെയ്യും’. അങ്ങിനെ, റസൂല്‍ (സ) നമസ്കരിക്കുമ്പോള്‍ അവന്‍ പിരടിക്ക് ചവിട്ടുവാനായി ചെന്നു. അപ്പോഴേക്കും അവന്‍  ചെന്നകാലില്‍തന്നെ പെട്ടന്ന് മടങ്ങുകയും, കൈകൊണ്ട് തടുക്കുകയും ചെയ്തു. തനിക്കെന്തുപറ്റിയെന്ന് ചോദിക്കപെട്ടു. അവന്‍ പറഞ്ഞു: ‘എനിക്കും അവന്നുമിടയില്‍ ഒരു അഗ്നിയുടെ കിടങ്ങും, കുറെ ഭയാനക വസ്തുക്കളും, ചിറകുകളും!’ നബി (സ) പറഞ്ഞു: ‘അവന്‍ എന്നോട് അടുത്തുവന്നിരുന്നെങ്കില്‍ മലക്കുകള്‍ അവനെ ഓരോരോ അവയവമായി റാഞ്ചിയെടുക്കുമായിരുന്നു’.  ഈ അടിസ്ഥാനത്തില്‍, അടുത്ത വചനങ്ങളില്‍ സൂചിപ്പിക്കുന്നത് അബൂജഹലിനെയും പ്രസ്തുത സംഭവത്തെയുമാണെന്ന് പല മുഫസ്സിറുകളും പറയുന്നു.


" أرءيت الذي ينهى ، عبدا إذا صلى "

സാരം: ഒരു അടിയാന്‍ നമസ്കരിക്കുമ്പോള്‍ അദേഹത്തെ ഒരുവന്‍ വിലക്കുന്നു. എന്താണ് അവൻ വിചാരിക്കുന്നത് ? ആലോചിച്ച് നോക്കുക! ആ നമസ്കരിക്കുന്ന, അടിയാന്‍ സന്മാര്‍ഗത്തില്‍ നിലകൊള്ളുന്നവനോ, അല്ലാഹുവിനെ സൂക്ഷിച്ച് ഭയഭക്തിയോടെ ജീവിക്കുവാന്‍ ജനങ്ങളോട് കല്‍പിക്കുന്ന ആളോ ആയിരിക്കും. അങ്ങിനെയാണെങ്കില്‍ അങ്ങിനെതന്നെയാണ് വാസ്തവത്തിലുള്ളതും ആ വിലക്ക് എത്ര കടുത്തതും ശോചനീയവുമായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ! അതേസമയത്ത് ആ വിലക്ക് ചെയ്യുന്ന ആള്‍ സത്യത്തെ കളവാക്കുകയും, അതില്‍ നിന്ന് തിരിഞ്ഞ് മാറിപ്പോകുകയും ചെയ്യുന്നവനും ആണെങ്കിലോ? അത് കൂടുതല്‍ കടുത്തതും ആപല്‍ക്കരവുമായിരിക്കുകയും ചെയ്യും. അല്ലാഹു എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട് ആരാണ് സത്യസന്ധൻ ആരാണ് വ്യാജൻ എന്ന്, 

മുകളില്‍ ഉദ്ധരിച്ചതിൽ നിന്ന്  ‘നമസ്കരിക്കുന്ന അടിയാന്‍’ എന്ന് പറഞ്ഞത് നബി(സ) യെ ഉദ്ദേശിച്ചാണെന്നും, നമസ്ക്കാരത്തിന് തടസ്സം ചെയ്തവന്‍ അബൂജഹലാണെന്നും തഫ്സീറുകളിൽ വ്യക്തമാണ്. 


ഈ വചനങ്ങള്‍ ആ പ്രത്യേക സംഭവത്തെത്തുടര്‍ന്ന് അവതരിച്ചതാണെങ്കിലും , നേര്‍മാര്‍ഗത്തിലും സത്യത്തിലും നിലകൊള്ളുന്ന ഒരാള്‍ നമസ്കാരം തുടങ്ങിയ കര്‍മങ്ങളും കടമകളും നിര്‍വഹിക്കുമ്പോള്‍ അതിന് ഭംഗമുണ്ടാക്കുന്നത്‌ മുഴുത്ത ധിക്കാരവും തനി അക്രമവുമാണെന്ന് പൊതുവില്‍ എല്ലാവരെയും ഈ വചനങ്ങള്‍ താക്കീത് ചെയ്യുന്നു.

അത്തരത്തിലുള്ള ദുഷ്ടന്മാരായ മനുഷ്യനെക്കുറിച്ച് അല്ലാഹുവിനുള്ള അതികഠിനമായ വെറുപ്പും കോപവുമാണ് തുടർന്നുള്ള വചനങ്ങള്‍ കാണിക്കുന്നത്. 


ناصية

 (‘നാസ്വിയത്ത്’) എന്ന വാക്ക് തലയുടെ മുന്‍വശത്തുമുള്ള മുടി അഥവാ കുടുമ എന്ന അര്‍ത്ഥത്തിലും, പ്രസ്തുത മുടിനില്‍കുന്ന ഭാഗം  അഥവാ നെറുകുംതല എന്ന് അര്‍ത്ഥത്തിലും ഉപയോഗിക്കപ്പെടും. ഇവിടെ ആദ്യത്തെ അര്‍ത്ഥത്തിനാണ് കൂടുതൽ യോജിപ്പുള്ളത്. വ്യാജവാദി എന്നും  പിഴച്ച അബദ്ധക്കാരി എന്നും അതിനെ വിശേഷിപ്പിച്ചിരിക്കുന്നത് അവനോടുള്ള കഠിനമായ വെറുപ്പ്‌ പ്രകടിപ്പിച്ചതാകുന്നു. സാക്ഷാല്‍ കള്ളവാദിയും പിഴച്ചവനും അവന്‍ തന്നെ. زبانية (സബാനിയ്യത്ത്) എന്ന വാക്കിന് ‘മല്ലന്മാര്‍, ഊക്കന്മാര്‍, കാവല്‍ക്കാര്‍, പോലീസ്’ എന്നൊക്കെയാണ് അര്‍ത്ഥം. കഠിനന്മാരും ഊക്കന്മാരും ആയ നരകത്തിലെ ഉദ്യോഗസ്ഥന്മാരാകുന്ന മലക്കുകളാണ് വിവക്ഷ.


" كلا لا تطعه واسجد واقترب "

അവസാനമായി അല്ലാഹു നബി ( സ) യെ ഉപദേശിക്കുന്നു:  

ആ ദുഷ്ടന്മാര്‍ എന്തോ ചെയ്തുകൊള്ളട്ടെ, അത് വകവെക്കേണ്ടതില്ല; അതിന് ഒരിക്കലും വഴങ്ങിപ്പോകരുത്. നമസ്കാരം നിര്‍ഭയം നടത്തിക്കൊള്ളുക . സല്‍കര്‍മ്മങ്ങളും ആരാധനാകര്‍മ്മങ്ങളും നടത്തി അല്ലാഹുവിന്റെ സാമീപ്യം നേടിക്കൊള്ളുകയും ചെയ്യുക. അതില്‍ ആരെയും പേടിക്കുകയോ ഭയപെടുകയോ വേണ്ട. ഈ  ഉപദേശം കൊണ്ടാണ് സൂറത്ത് അവസാനിക്കുന്നത്.


ഈ  സൂറത്തിന്റെ അവസാനത്തിൽ ഓത്തിന്റെ സുജൂദ് ചെയ്യേണ്ടതാണ്.നബി (സ) അങ്ങനെ ചെയ്തതായി ഹദീസിൽ വന്നിരിക്കുന്നു.


 നബി (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ഒരു അടിയാന്‍ തന്റെ റബ്ബിനോട് ഏറ്റവും അടുത്തായിരിക്കുന്നത് അവന്‍ സുജൂദ് ചെയ്യുന്ന അവസരത്തിലാകുന്നു. അത് കൊണ്ട് (സുജൂദില്‍) നിങ്ങള്‍ ദുആ വര്‍ദ്ധിപ്പിച്ചുകൊള്ളുവിന്‍.’ (മു.)


 സുജൂദിലായിക്കൊണ്ട്‌ ചെയ്യുന്ന ദുആക്ക് പ്രത്യേകം ഉത്തരം കിട്ടുമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.

[اللهم لك الحمد ولك المنة والفضل]


Nafla Shaji

Kerala shareeath Academy Edathala