സൂറത്തു തീൻ: മനുഷ്യനെ മനുഷ്യനാക്കുന്ന പാഠങ്ങൾ.


വിശുദ്ധ ഖുർആനിലെ തൊണ്ണൂറ്റി അഞ്ചാം അധ്യായമായ സൂറത്തു തീൻ,നബി (സ) മദീനയിലേക്ക് ഹിജ്‌റ പോകും മുമ്പ് മക്കയിൽ അവതരിച്ചതാണ്. 8 വചനങ്ങൾ അടങ്ങുന്നതാണ് പ്രസ്തുത സൂറത്ത്.ആദ്യ സൂക്തത്തിൽ അതിപ്പഴത്തിന്റെ മേൽ സത്യം ചെയ്തിട്ടുള്ളത് കൊണ്ടാണ് ഈ സൂറത്തിന് "തീൻ" എന്ന പേര് ലഭിച്ചത്.സത്യം ചെയ്യലുകൾക്ക് ശേഷം അള്ളാഹു തആല മനുഷ്യന്റെ ഉന്നതമായ സൃഷ്ടിപ്പിനെയും ശേഷം കാഫിറുകളെയും പരാമർശിക്കുന്നുണ്ട്.പിന്നീട് ഈമാൻ ഉണ്ടാവുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലവും അള്ളാഹു പറയുന്നുണ്ട്.



അത്തിവൃക്ഷം നമ്മുടെ നാട്ടിൽ കാണപ്പെടുമെങ്കിലും, അറേബ്യയിൻ വിശേഷിച്ചും ഫലസ്തീൻ നാടുകളിലെ അത്തിക്ക് പല സവിശേഷതകളുമുണ്ട്. ബൈത്തുൽ മുഖദ്ദസിലും ശാമിലും  കൂടുതലായി ഇവ കാണുന്നു.പഴത്തിന്റെ വലുപ്പം, ആകൃതി, സ്വാദ്, പ്രയോജനം എന്നിവയിലെല്ലാം അത് വളരെ മെച്ചപ്പെട്ടതാകുന്നു. ആരോഗ്യകരമായ ഒരു ഭക്ഷ്യവസ്തുവും, ഔഷധവീര്യം നിറഞ്ഞതും, മുഴുവൻ അംശങ്ങളും തിന്നാൻ സാധിക്കുന്നതുമാണ്."അത്തിപ്പഴം സ്വർഗത്തിൽ നിന്നുള്ള പഴം ആണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു" എന്ന് നബി(ﷺ)പറഞ്ഞിട്ടുണ്ട്.

ഒലീവുമരമാകട്ടെ, അതിന്റെ കേന്ദ്രം തന്നെ ഫലസ്തീനും പരിസരങ്ങളുമാകുന്നു. ഒലീവിന്റെ കായ വളരെ പ്രധാനപ്പെട്ട ഒരു എണ്ണവിത്താണ്.  അതിൽ നിന്നെടുക്കുന്ന എണ്ണയാണ് ‘സൈത്തെണ്ണ’ എന്ന പേരില്‍ അറിയപ്പെടുന്ന ഒലീവെണ്ണ. എണ്ണകളുടെ കൂട്ടത്തില്‍ ഇതിന്നും പ്രാധാന്യം കൂടും. കറിയായും മരുന്നായും എണ്ണയായും അത് ഉപയോഗിക്കപ്പെടുന്നു.ഇത്തരത്തിൽ ഒരുപാട് ശ്രേഷ്ഠതകളുള്ള അത്തിപ്പഴത്തെയും ഒലീവിനെയും തൊട്ട് സത്യം ചെയ്തുകൊണ്ടാണ് ഈ സൂറത്തിന്റെ ആരംഭം.



പിന്നെയുള്ള സൂക്തത്തിൽ അള്ളാഹു സത്യം ചെയ്തു പറയുന്നു-മൂസാനബിക്ക് പ്രവാചകത്വം ലഭിച്ചതും, അല്ലാഹുവുമായുള്ള സംസാരത്തിൽ ഏർപ്പെട്ടതും, വേദഗ്രന്ഥമായ തൗറാത്ത്  വെച്ചുള്ളതെന്ന്.മൂസ നബി (علیه السلام)യുടെയും  ഇസ്രാഈല്യരുടെയും ചരിത്രം ആ പർവതവുമായി പല നിലക്കും ബന്ധപ്പെട്ടിട്ടുള്ളതാണ്.



‘ഈ നിർഭയമായ രാജ്യം’ എന്നത് കൊണ്ടുള്ള വിവക്ഷ മക്കാരാജ്യമാണ്.ഈ സൂറത്ത് അവതരിക്കുന്ന കാലത്ത് നബി (ﷺ)അവിടെയായിരുന്നു. അവിടെ വെച്ച് കൊല, ഹിംസ, അക്രമം തുടങ്ങിയതൊന്നും പാടില്ലായെന്നുള്ള നിയമമുണ്ടായിരുന്നതുകൊണ്ടാണ് അതിനെ 'നിര്‍ഭയമായ രാജ്യം' എന്ന് വിശേഷിപ്പിക്കുന്നത്. നാമേവർക്കും അറിയുന്ന കാര്യമാണ് മക്കയേയും അതിന്റെ പ്രാധാന്യത്തെയും.


ഈ നാല് വസ്തുക്കളെക്കൊണ്ടും സത്യം ചെയ്തു അല്ലാഹു പറയുന്നത്: മനുഷ്യനെ അവൻ ഏറ്റവും നല്ല ഒരു രൂപത്തിൽ ആണ് സൃഷ്ടിച്ചിരിക്കുന്നത്. ശാരീരികമായും, ബുദ്ധിപരമായും, ആത്മീയമായും എല്ലാം തന്നെ. അവൻ ഇതരജീവികളെക്കാൾ അറിവുള്ളവനാകുന്നു.  എന്നാല്‍, അതേ മനുഷ്യനെ തന്നെ അവന്‍ സത്യവിശ്വാസവും സല്‍കര്‍മ്മവും സ്വീകരിക്കാത്ത പക്ഷം ഏറ്റവും വലിയ അധമനാക്കി (താഴ്ന്നവൻ)അല്ലാഹു തരം താഴ്ത്തുകയും ചെയ്തിരിക്കുകയാണ്. പരലോകത്ത് അവന് ലഭിക്കുന്ന പ്രതിഫലം പ്രതിഫലങ്ങളില്‍ വെച്ച് ഏറ്റവും മോശവും നിന്ദയുള്ളതുമായിരിക്കും. സത്യവിശ്വാസവും സല്‍കര്‍മ്മവും സ്വീകരിച്ചവരാകട്ടെ  സൃഷ്ടിപ്പിലുള്ള അവരുടെ ഉല്‍കൃഷ്ടതക്ക് പുറമെ അല്ലാഹുവിന്റെ അടുക്കലും അവര്‍ ഉല്‍കൃഷ്ടന്മാര്‍ തന്നെയാണ്. അവര്‍ക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലമാകട്ടെ, കാലാകാലം മുറിഞ്ഞു പോകാത്ത ശാശ്വതമായത് ആയിരിക്കും.  


മനുഷ്യന്റെ നിലയും, നിലവാരവും മുകളില്‍ അല്ലാഹു ചൂണ്ടിക്കാട്ടിയ പ്രകാരമാണ്. ഒരു വിചാരണയെയും പ്രതിഫലത്തെയും നേരിടേണ്ടി വരുമെന്ന് ഈ ജനങ്ങളോട് അള്ളാഹു പറയുമ്പോൾ, അതിനെ വ്യാജമാക്കി നിഷേധിക്കുവാൻ പിന്നെ എന്തുണ്ട് നമ്മുടെ കയ്യിൽ ന്യായം? ഒന്നുമില്ല, കേവലം അഹങ്കാരവും ധിക്കാരവും തന്നെ. എന്നാൽ, അല്ലാഹു സാധാരണ വിധികർത്താക്കളെ പോലെയുള്ള ഒരു വിധികർത്താവല്ല. അവൻ എല്ലാ വിധികർത്താക്കളെക്കാളും ഏറ്റവും വലിയ യുക്തിമാനും, ശക്തിമാനും, അധികാരസ്ഥനുമായ വിധികർത്താവാണ് എന്ന് അവസാന സൂക്തത്തിൽ നമ്മോട് ഓർമപ്പെടുത്തുന്നുണ്ട്.


Rumaisa VY and Asma Shirin.


MIC islamic and arts college,kaipamangalam