സൂറത്തു ത്വലാഖ്: മോചനത്തിന്റെ മാനദണ്ഡങ്ങൾ
(قال ﷺ: "أبغض الحلال إلى الله الطلاق". أخرجه أبو داود)
"ദൈവസന്നിധിയിൽ അനുവദനീയമായതിൽ വച്ച് ഏറ്റവും വെറുക്കപ്പെട്ടത് വിവാഹമോചനമാണ്."
ഹിജ്റക്ക് ശേഷം അവതീർണമായ ( മദനീയ്യ) പന്ത്രണ്ട് സൂക്തങ്ങൾ ഉൾക്കൊള്ളുന്ന 65 - ആം അദ്ധ്യായമാണ് സൂറത്തു ത്വലാഖ്.മദനിയ്യായ സൂറത്തുകളുടെ സവിശേഷതകളിൽ പെട്ടതാണ് ഇസ്ലാമിക നിയമശാസ്ത്രം , നിയമസംവിധാനം , കുടുംബത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ, പണമിടപാട്, അന്താരാഷ്ട്ര നിയമം, ആരാധനാക്രമങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം. ഭാര്യയുമായുള്ള സമീപനത്തിലെ ചില മര്യാദകളാണ് ഈ സൂറത്തിലെ പ്രധാന പ്രതിപാദ്യം. ഭാര്യയെ വിവാഹമോചനം ചെയ്യുന്നുവെങ്കിൽ അവളുടെ ശുദ്ധിയുടെ സമയത്ത് മാത്രമേ ചെയ്യാവൂ എന്ന് ഈ സൂറത്തിലൂടെ അല്ലാഹു തആല പഠിപ്പിക്കുന്നു. ഇവിടം പ്രവാചകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് പറയുന്നതെങ്കിലും അക്കാര്യം അനുയായികൾക്കെല്ലാം ബാധകമാണെന്ന കാര്യം സുവ്യക്തമാണ്. പ്രവാചകരുടെ കുടുംബ ജീവിതത്തിലെ ചില സംഭവങ്ങളാണ് ഈ സൂറത്തിന്റെ അവതരണ പശ്ചാത്തലം എന്ന് ഹദീസുകളിൽ കാണാൻ സാധിക്കുന്നതാണ്. ഏഴു വാക്യങ്ങളിൽ വിവാഹമോചനവും മറ്റ് നിരവധി കുടുംബപ്രശ്നങ്ങളും അഭിസംബോധന ചെയ്തു കൊണ്ടാണ് അല്ലാഹു തആല സംസാരിക്കുന്നത്. പിന്നീട് വിവാഹമോചനാനന്തരം സ്ത്രീകളോട് ഇദ്ദ ഇരിക്കാനായി കൽപ്പിക്കുന്നത് കാണാം. വിവാഹമോചിതയായ അല്ലെങ്കിൽ ഭർത്താവ് മരണപ്പെട്ട സ്ത്രീ, അവൾ ഗർഭിണിയാണോ അല്ലയോ എന്ന് മനസ്സിലാക്കുന്നതിനായി ആചരിക്കുന്ന കാത്തിരിപ്പു കാലത്തെയാണ് ഇസ്‌ലാമിൽ ഇദ്ദ എന്ന് പറയുന്നത്. വിവാഹമോചിതയായ സ്ത്രീയുടെ ഇദ്ദക്കാലം മൂന്ന് ആർത്തവ കാലമാണ്. ഭർത്താവ് മരണപ്പെട്ട സ്ത്രീയുടേത് നാലുമാസവും പത്ത് ദിവസവും, അതുപോലെ ഗർഭിണിക്ക് അവൾ പ്രസവിക്കുന്നത് വരെയും ആണ്.
ഭർത്താവിന്റെ മരണം മൂലം വേർപ്പെ ട്ടവളുടെ ഇദ്ദയെപ്പറ്റി സൂറത്ത് അൽ ബഖറ ആയത്ത് 234 ല്‍ പരാമർശിക്കുന്നുണ്ട് . ഭർത്താവുമായി സംയോഗം നടക്കുന്നതിനു മുമ്പ് ത്വലാഖ് ചൊല്ലപ്പെട്ടവള്‍ ഇദ്ദ ആചരിക്കേണ്ടതില്ല (33:49). ഗർഭം ഉണ്ടെന്ന് അറിയപ്പെട്ടവളുടെയും ആർത്തവം ഉണ്ടാകാതിരിക്കുകയോ ഉണ്ടായ ശേഷം നിലച്ചുപോവുകയോ ചെയ്‌തവളുടെയും ഇദ്ദയെപ്പറ്റി വചനം നാലില്‍ പറയുന്നുണ്ട്. ഈ നാലു കൂട്ടരുടെ ഇദ്ദക്കാലങ്ങളില്‍ ഏറ്റച്ചുരുക്കം ഉണ്ടാകുന്നതല്ല. എന്നാൽ ആർത്തവശുദ്ധി ഉണ്ടാകാറുള്ള സ്‌ത്രീകളുടെ ഇദ്ദ മൂന്ന് ആർത്തവശുദ്ധി കഴിയുന്ന കാലമാണെന്ന് 2:228 ല്‍ പ്രസ്‌താവിച്ചിട്ടുണ്ടല്ലോ. ഈ വകുപ്പില്‍ പെട്ട സ്‌ത്രീകളുടെ ഇദ്ദക്കാലം ഏറിയും കുറഞ്ഞുമിരിക്കും. അതുകൊണ്ട് അത് ഏറാതിരിക്കുവാനുള്ള അല്ലാഹുവിന്റെ ഒരു നിയമമാണ് ഈ വാക്യത്തിന്റെ ആദ്യത്തില്‍ കാണുന്നത്. അതായത് ത്വലാഖ് ചൊല്ലുകയാണെങ്കില്‍, അത് ആർത്തവം കഴിഞ്ഞ് ശുദ്ധിയായി ആ ശുദ്ധികാലത്ത് അവളെ സംയോഗം ചെയ്യുന്നതിനു മുമ്പായി ത്വലാഖ് ചൊല്ലണം. അതാണ് അവരുടെ ഇദ്ദക്കാലത്ത് വിവാഹമോചനം ചെയ്യുക എന്ന് പറഞ്ഞതിന്റെ സാരം.
(وَأَحْصُوا۟ ٱلْعِدَّةَ )
ഇദ്ദയുടെ കാലം ശരിക്ക് എണ്ണിക്കണക്കാക്കണമെന്ന് ആദ്യ ആയത്തിൽ പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ് . ഇദ്ദക്കാലത്തെ അവളുടെ ഭക്ഷണം, വസ്‌ത്രം, പാർപ്പിടം എന്നിവയെല്ലാം ഭർത്താവ് കൊടുക്കേണ്ടതുണ്ടല്ലോ . അപ്പോള്‍ ഇദ്ദയുടെ തുടക്കവും ഒടുക്കവും ശരിക്ക് കണക്കാക്കാതിരുന്നാല്‍ അത് പല കുഴപ്പത്തിനും കാരണമായേക്കും.
لاتُخْرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّآ أَن يَأْتِينَ بِفَـٰحِشَةٍۢ مُّبَيِّنَةٍۢ ۚ
വിവാഹമോചനം ചെയ്യപ്പെട്ട സ്‌ത്രീയെ അവളുടെ ഭർത്താവിന്റെ വീട്ടില്‍ നിന്ന് ഇറക്കി അയക്കുവാനോ അവൾക്ക് ഇറങ്ങിപ്പോകുവാനോ പാടില്ലെന്നുള്ളതില്‍ ആർക്കും ഭിന്നിപ്പില്ല . നമ്മുടെ നാടുകളില്‍ തീരെ അവഗണിക്കപ്പെട്ടതും അല്ലാഹു വ്യക്തമായി നിർദേശിച്ചതുമായ ഒരു നിയമമാണിത്. ഭാര്യയും ഭർത്താവും ഒരുമിച്ച് തൃപ്‌തിപ്പെട്ടാലും മാറിത്താമസിച്ചുകൂടാ . വിവാഹമോചനം മുതല്‍ ഇദ്ദ കഴിയുന്നതുവരെ അവള്‍ ഭർത്താവിന്റെ വീട്ടില്‍ താമസിക്കുകയാണെങ്കില്‍ ത്വലാഖിന് കാരണമായ കുഴപ്പം ക്രമേണ തീരുവാനും രണ്ടു പേരർക്കുമിടയില്‍ പഴയ ബന്ധം തുടരുവാനുമുള്ള ആഗ്രഹം ജനിക്കുവാനും അങ്ങനെ ഇദ്ദക്കാലം കഴിയുമ്പോഴേക്ക് അവന്‍ അവളെ മടക്കി എടുക്കുവാനും കാരണമായിത്തീർന്നേക്കുമല്ലോ.
إِلَّآ أَن يَأْتِينَ بِفَـٰحِشَةٍۢ مُّبَيِّنَةٍۢ
എന്നിടത്ത്
വ്യക്തമായ ദുര്‍വൃത്തി എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത് വ്യഭിചാരമാണെന്നാണ് ഒരു അഭിപ്രായം. വീട്ടില്‍ എപ്പോഴും വഴക്കും വക്കാണവും ഉണ്ടാക്കിക്കൊണ്ടിരിക്കല്‍, മുതലായ ദുഃസ്വഭാവങ്ങളും അതില്‍ പെടുമെന്നാണ് പല ഉലമാഇന്റെയും അഭിപ്രായം. ഏതായാലും അസഹനീയമായ നീചവൃത്തികളൊന്നും ചെയ്യാത്ത കാലത്തോളം ത്വലാഖ് ചൊല്ലപ്പെട്ടവളെ ഇദ്ദക്കാലം കഴിയുന്നതുവരെ ഭർത്താവിന്റെ വീട്ടില്‍ നിന്ന് പറഞ്ഞയക്കാനോ അവൾക്ക് പോകാനോ പാടില്ലാത്തതാണ്. അവൾക്ക് ചെലവിന് കൊടുക്കേണ്ട ബാധ്യത ഭർത്താവിനുണ്ട്താനും. മനുഷ്യന്റെ മനസ്സ് അവനെക്കാള്‍ അറിയുന്നവന്‍ അല്ലാഹുവാണ്. അത് ചൂണ്ടിക്കൊണ്ടാണ് ഇവിടെ, അതിനു ശേഷം അല്ലാഹു വല്ല കാര്യവും പുതിയതായി ഉണ്ടാക്കിയേക്കാം എന്ന് പറഞ്ഞിരിക്കുന്നത്. വിവാഹത്തിന്റെ ഉദ്ദേശ്യം അത് തുടരുകയുമാണ്. ത്വലാഖ് ചൊല്ലി വേർപ്പെടുകയല്ല. അതിനാല്‍ അതിന് ഉപയുക്തമായ മാർഗമാണ് അല്ലാഹു നിർദേശിക്കുന്നത്.
പിന്നീട് 8-10 വരെയുള്ള വാക്യങ്ങളിൽ അല്ലാഹു തആല അവന്റെ നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ വിശ്വാസികളെ ശക്തമായി പ്രേരിപ്പിക്കുകയും അതേ സമയം അവന്റെ ശിക്ഷയെ ഭയപ്പെടുത്തുകയും ചെയ്യുന്നു. പതിനൊന്നാം വചനം യഥാർത്ഥ വിശ്വാസികൾക്ക് ആവശ്യമായ മനോഭാവ രീതിയെ വിവരിക്കുകയും
ഒടുവിൽ അല്ലാഹുവിൻ്റെ ശക്തിയെയും അവൻ്റെ അറിവിനെയും ഊന്നി പറഞ്ഞുകൊണ്ടുമാണ് ഈ സൂറത്ത് അവസാനിക്കുന്നത്.
ഓരോ സൂറത്തുകളിലൂടെയും അല്ലാഹു തആല വ്യക്തമാക്കിത്തരുന്നത് ഓരോ ദൃഷ്ടാന്തങ്ങളും നിയമ വ്യവസ്ഥിതികളുമാണ് . ഈ സൂറത്തിലൂടെ അല്ലാഹു നമുക്ക് പഠിപ്പിച്ചു തരുന്നത് വിവാഹമോചനാനന്തരം ഇദ്ദയിരിക്കുന്ന സന്ദർഭത്തിൽ പാലിക്കേണ്ട ചില കാര്യങ്ങളാണ്. ദീനിന്റെ ഇത്തരം നടപടി ക്രമങ്ങളിൽ നിന്നും മര്യാദകളിൽ നിന്നുമെല്ലാം മുസ്ലിം സമൂഹം വ്യതിചലിച്ച് തുടങ്ങിയതോടെയാണ് നമ്മുടെ സമൂഹത്തിൽ വിവാഹമോചനങ്ങൾ ഇത്രത്തോളം വ്യാപകമായത് എന്ന് നമുക്ക് മനസ്സിലാക്കാം. അല്ലാഹുവിന്റെ നടപടിക്രമങ്ങൾ അനുസരിച്ച് ജീവിക്കുന്ന നല്ലവരായ വിശ്വാസികളിൽ അല്ലാഹു നാമേവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
أمين يا رب العالمين
اللهم لك الحمد ولك الشكر
Irfana Thasneem
KERALA SHAREE-ATH ACADEMY, EDATHALA

0 Comments