സൂറത്തു തഗാബുൻ :സ്രഷ്ടാവിന്റെ പരമാധികാരവും സൃഷ്ടിയുടെ പ്രത്യാശയും
ജഗൻ നാഥനാകട്ടെ സർവ്വസ്തുതിയും.... അബൂജഹലിന്റെയും അബൂആമിറിന്റെയും അട്ടഹാസത്തിന്റെ ധ്വനികളിൽ നുരഞ്ഞു പൊന്തിയ അറേബ്യൻ ജാഹിലിയത്തിന്റെ മൂർദ്ധാവിലേക്ക് തുളച്ചു കയറിയ സുബ്ഹാന റബ്ബിയുടെ നൂറാനിയ്യത്തായ പരിശുദ്ധ ഖുർആനിലെ അറുപത്തിനാലാം സൂക്തം, സൂറത്തുത്തഗാബുൻ.
ആകാശ ഭൂമിയിലുള്ളവർ അവനെ പരിശുദ്ധനാക്കുന്നുവെന്ന് പറഞ്ഞു തുടങ്ങുന്ന ഇരുവചനങ്ങൾ ശിർക്കിന്റെയും കുഫ് റിന്റെയും സർവ്വോപരി വികലവാതങ്ങളുടെയും ശരങ്ങളുടെ മുനയൊടിക്കൊന്ന കൂലങ്കഷമായ ചർച്ചകൾക്ക് വഴി മാറുന്നു.
നിങ്ങളിലെ വിശ്വാസികളെയും അവിശ്വാസികളെയും സൃഷ്‌ടിച്ചതവനത്രെ എന്ന ഭാഗത്ത് നാല് തരം മനുഷ്യരെ മുഫസ്സിറുകൾ പരിചയപ്പെടുത്തുന്നതായി കാണാം ഒന്ന് - മുഅ്മിൻ ആയി ജീവിക്കുകയും മുഅ്മിനായി മരണപ്പെടുകയും ചെയ്യുന്നൊരു വിഭാഗം രണ്ട് -കാഫിറായി ജീവിക്കുകയും മരണപ്പെടുകയും ചെയ്യുന്നൊരു വിഭാഗം മൂന്ന് -കാഫിറായി ജീവിച്ച് മുഅ്മിനായി മരണപ്പെടുന്നവർ നാല് - മുഅ്മിൻ ആയി ജീവിച്ചു കാഫിറായി മരണപ്പെടുന്ന മറ്റൊരു വിഭാഗം.മേൽപറയപ്പെട്ട ഏത് വിഭാഗമാണെങ്കിലും എല്ലാം സർവജ്ഞനായ അല്ലാഹുവിന്റെ അസ്‌ലിയ്യായ വിധി പ്രകാരമാണ് നടക്കുന്നത് അതിൽ മാറ്റം വരുത്താൻ ആർക്കും സാധ്യമല്ലതാനും. ഇവിടെയാണ് വ്യക്തിക്ക് അവന്റെ സ്രഷ്ടാവ് നൽകിയിട്ടുള്ള ഇഖ്തിയാരിയായ അധികാരം പ്രസക്തമാകുന്നത്. ഒരിക്കെ സ്വഹാബത്തുൽ കിറാം അല്ലാഹുവിന്റെ ഹബീബിനോട് ചോദിക്കുകയുണ്ടായി,"വിധിയെല്ലാം നേരത്തെ എഴുതപ്പെട്ട സ്ഥിതിക്ക് ഞങ്ങൾ പ്രവർത്തനങ്ങൾ ഉപക്ഷിച്ചു വിധിയിൽ തവക്കുൽ ആക്കി ഇരിക്കട്ടെയോ "എന്ന ചോദ്യത്തിന് മറുപടിയായി അല്ലാഹുവിന്റെ റസൂൽ പറഞ്ഞത് ഇപ്രകാരമായിരുന്നു" നിങ്ങൾ പ്രവർത്തിക്കുക... സ്വർഗ്ഗത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവർക്ക് സ്വർഗ്ഗക്കാരുടെ പ്രവർത്തനങ്ങൾ എളുപ്പമാകും നരകത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവർക്കും തഥൈവ". ഒരു മനുഷ്യന്റെ സ്വർഗ്ഗ നരകത്തെ തീരുമാനിക്കുന്നതും വ്യക്തിക്ക് വിവേചന ബുദ്ധിയോടെ കൈകാര്യം ചെയ്യാൻ അധികാരം നൽകിയിട്ടുള്ളതുമായ ഇഖ്തിയാരിയായ പ്രവർത്തനങ്ങളെല്ലാം ചെന്നെത്തുന്നത് അല്ലാഹുവിന്റെ അസ്‌ലി യായ ഖളാഇലേക്ക് തന്നെയെന്ന് മനസ്സിലാക്കാം.
പരിശുദ്ധ സൂക്തത്തിൽ ഖുർആനിനെ നൂർ അഥവാ പ്രകാശം എന്ന് വിശേഷിപ്പിച്ചതായി കാണാം. ജാഹിലിയ്യത്തിന്റെ അന്ധകാരത്തിലേക്ക് കുതിച്ചു വന്ന പ്രകാശ മാണ് ഖുർആൻ എന്നൊക്കെ ആലങ്കാരികമായി സാഹിത്യകാരന്മാർ പ്രയോഗിക്കുമ്പോൾ നൂറ്റാണ്ടുകൾക്കപ്പുറം പരിശുദ്ധ ഖുർആനിനെ ലോകർക്ക് മുമ്പിൽ നൂർ എന്ന് അഭിസംബോധന ചെയ്ത ഖുർആനിക സാഹിത്യം ചിന്തനീയം തന്നെ.
ഏതൊരു മനുഷ്യനും മരണം ഉറപ്പായത് പോലെ തന്നെ പുനർ ജീവിതവും മഹ്ശറയിൽ ഒരുമിച്ച് കൂടലും അനിവാര്യമാണ്. അതിനാൽ നാം എന്ത് ചെയ്തു അതിനുള്ള ഫലം നമുക്ക് ലഭിക്കുക തന്നെ ചെയ്യും. കർമം നന്മയുള്ളതാണോ എങ്കിൽ ശാശ്വതമായ സ്വർഗ്ഗവും തിന്മയാണെങ്കിൽ ശാശ്വതമായ നരകത്തിലേക്കുമായിരിക്കും അവന്റെ മടക്കം. അല്ലാഹുവിന്റെ അനുമതിയോട് കൂടെ ഏതൊരു വിപത്തും സംഭവിക്കുകയുള്ളു. അതിനാൽ എല്ലാം അല്ലാഹുവിലേക്ക് ഭരമേൽപ്പിക്കട്ടെ. സന്താനം, ഇണകൾ എന്നിവ എല്ലാം നമുക്ക് നൽകിയ പരീക്ഷണങ്ങളാകുന്നു. അത്കൊണ്ട് അതിൽ ജാഗ്രത പുലർത്താനും വിട്ടുവീഴ്ച ചെയ്യാനും അല്ലാഹു നമ്മോട് കല്പ്പിക്കുന്നു. തദവസരം അല്ലാഹു ഏറെ പൊറുത്ത് തരുന്നവനും കരുണചെയ്യുന്നവനുമാകുന്നു. അതുകൊണ്ട് ആവും വിധം നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കാനും അവന്റെ പരീക്ഷണ ശാസനകൾ അനുസരിക്കുകയും ചെയ്തവരാണ് ജേതാക്കൾ, അതിനാൽ ആ സംഗമ നാളിനായി നിങ്ങളെയവൻ ഒരുമിച്ച് കൂടുന്ന ദിവസം സ്മരണീയമത്രെ!
അല്ലാഹുവിനെ വഴിപ്പെടാനും സൽകർമങ്ങൾ ചെയ്യാനും ഈ അധ്യായം ആഹ്വാനം ചെയ്യുന്നു. അവൻ സൃഷ്ടികൾക്ക് പൊറുത്തു കൊടുക്കുന്നവനാണെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുകയും അവന്റെ ഔന്നിത്യങ്ങളെ വിളിച്ചറിയിക്കുകയും ചെയ്ത്കൊണ്ട് സൂറത്തുത്താഗാബുൻ സമാപനം കുറിക്കുന്നു.
Shahala Rahman and sahla Amanath.
MIC Islamic and Arts College, Kaipamangalam

0 Comments