സൂറത്തുൽ മുസ്സമ്മിൽ: നിശാസമയത്തെ ദൈവാരാധന


"ഓ, വസ്ത്രത്താൽ മൂടിയവനെ..."  എന്ന റസൂലിനോടുള്ള അഭിസംബോധനയോടു കൂടിയാണ് ഇരുപത് സൂക്തങ്ങളടങ്ങിയ എഴുപത്തി മൂന്നാം അധ്യായമായ സൂറത്തുൽ മുസമ്മിൽ അവതീർണമാകുന്നത്.


പ്രസ്തുത അധ്യായത്തിന്റെ ആദ്യ ഭാഗങ്ങൾ പ്രവാചക ലബ്ദിയുടെ ആദ്യദിശയിൽ മക്കയിൽ അവതീർണയമായതാണ്. അവസാന ഭാഗത്തെ അവതരണ പശ്ചാതലത്തെ കുറിച്ച് സന്ദർഭോചിതമായി തുടർന്ന് വിവരിക്കും.

ആയത്തിന്റെ തുടക്കത്തിൽ പ്രതിപാദിക്കുന്ന (المزّمّل) എന്ന പദമാണ് നാമകരണത്തിന് വഴി തെളിയിച്ചത്. 

‪المزّمّل

 (വസ്ത്രമിട്ടു മൂടിയവന്‍) എന്ന്

 നബി(ﷺ) തിരുമേനിയെ സംബോധനം ചെയ്തതിന്  ഒന്നിലധികം വ്യാഖ്യാനം നല്‍കപ്പെട്ടിരിക്കുന്നു.


ആത്മീയ ജീവിതത്തിൽ പ്രാർത്ഥനയുടെയും വിനയത്തിന്റെയും പ്രാധാന്യത്തെ കുറിച്ചും വിശ്വാസത്തെയും വെളിപാടിനെയും ത്യജിക്കുന്നവർക്കുള്ള കഠിനമായ വിധിയെക്കുറിച്ചും പരാമർശിക്കുന്നതിലൂടെയാണ് അധ്യായം കടന്നുപോകുന്നത്. 


സൂറയുടെ രണ്ട് റുകൂഉകൾ വ്യത്യസ്തമായ രണ്ടു കാലത്ത് അവതരിച്ചതാണ്. ഒന്നാമത്തെ റുകൂഅ് മക്കയിലാണവതരിച്ചതെന്ന കാര്യത്തിൽ തർക്കമില്ല. അതിന്റെ ഉള്ളടക്കവും ഹദീസ് നിവേദനങ്ങളും അക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.

രണ്ടാം റുകൂഇനെ സംബന്ധിച്ചിടത്തോളം നിരവധി ഖുർആൻ വ്യാഖ്യാതാക്കൾ പ്രകടിപ്പിച്ചിട്ടുള്ള വീക്ഷണം അതും മക്കയിൽ അവതരിച്ചതാണെന്നാണ്. എന്നാൽ, ചിലർ അത് മദീനയിൽ അവതരിണീയമായതാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.


നാലാം സൂക്തത്തിൽ (تَرْتِيل) അഥവാ സാവകാശ ക്രമം എന്നത് കൊണ്ടുള്ള വിവക്ഷ അക്ഷരങ്ങള്‍ വ്യക്തമാക്കിയും വാക്കുകള്‍ മുറിച്ചു മുറിച്ചും, വാചകങ്ങള്‍ നിർത്തി നിർത്തിയും സാവകാശ രൂപത്തില്‍ നന്നാക്കി വായിക്കുക എന്നതാണ്.

ഖുർആനിന്റെ വായനാരൂപങ്ങളും മര്യാദകളും വിഷയമാക്കി കൊണ്ടുള്ള ഒരു പ്രത്യേക ശാസ്ത്രം തന്നെ ഇസ്‌ലാമില്‍ ഉണ്ട്. അതിന്റെ പ്രാധാന്യത്തെ ഈ വചനം ചൂണ്ടിക്കാണിക്കുന്നു. علم التجويد (ഇല്മുത്തജ് വീദ്) അഥവാ, വായന നന്നാക്കുന്ന ശാസ്ത്രം എന്ന പേരില്‍ അതറിയപ്പെടുന്നു.


പല സൂറത്തുകളിലും ആവർത്തിക്കാറുള്ളതുപോലെ ഈ സൂറത്തിലും തൗഹീദിന്റെ  കൽപ്പനകളോടനുബന്ധിച്ചു കൊണ്ട് പ്രതികാരേച്ഛയോ വിദ്വേഷമോ കൂടാതെ, മനസ്സുകൊണ്ടും ആശയം കൊണ്ടും ശത്രുക്കളുമായി അകന്നു നില്‍ക്കാനും , അവരുടെ അക്രമങ്ങളുടെ നേരെ കണ്ണടക്കാനും, വിനയപൂര്‍വം പെരുമാറുവാനും 10ആം വചനത്തില്‍ ഉപദേശിക്കുന്നുണ്ട്.

എന്നാൽ അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർക്ക്  അനുഭവപ്പെടാനിരിക്കുന്ന ശിക്ഷകളെക്കുറിച്ചും അനന്തര വചനങ്ങളിൽ കാണാം.


وَطَعَامًا ذَا غُصَّةٍ وَعَذَابًا أَلِيمًا﴿١٣﴾


(തൊണ്ടയിൽ അടഞ്ഞു നിൽക്കുന്ന ഭക്ഷണവും വേദനാജനകമായ ശിക്ഷയുമുണ്ട്.) ‘സഖൂം, ദ്വരീഅ്' (زقوم, ضريع) മുതലായ നരകീയ ഭക്ഷ്യവസ്തുക്കളെ ഉദ്ദേശിച്ചാണ് തൊണ്ടയില്‍ അടഞ്ഞു നില്‍ക്കുന്ന ഭക്ഷണമെന്ന് പറഞ്ഞിരിക്കുന്നത്. ഒന്നാമത്തേതിനെ പറ്റി സൂറത്ത് ദുഖാന്‍ 43ആമത്തെ സൂക്തത്തിലും രണ്ടാമത്തെതിനെ പറ്റി സൂറത്ത് ഗാഷിയ 6ആമത്തെ സൂക്തത്തിലും വിശദമായി പ്രസ്താവിച്ചിരിക്കുന്നത് കാണാം.


അതിനെ തുടർന്ന് മൂസാ നബിയെ അനുസരിക്കാത്ത പക്ഷം ഫിർഔനിനും അവന്റെ കൂട്ടാളികൾക്കും അനുഭവിക്കേണ്ടിവന്ന ഭയങ്കര ശിക്ഷയെക്കുറിച്ച് അല്ലാഹു അടിവരയിട്ടു താക്കീതു നൽകുന്നു. 


സൂറയുടെ അവസാന സൂക്താംശം ഏറെ പൊറുക്കുന്നവനായ അല്ലാഹുവിന്റെ കാരുണ്യത്തെ ഊന്നി ചിന്തിപ്പിക്കുന്ന ഒന്നാണ്. 


റസൂല്‍ (ﷺ) തിരുമേനിയുടെ രാത്രി നമസ്കാരത്തെ കുറിച്ച് തനിക്ക് പറഞ്ഞു തരണമെന്ന് സഅ്ദുബ്നു ഹിശാം (رضي الله عنه) ആയിശ (رضي الله عنها) യോട് ആവശ്യപ്പെട്ടപ്പോള്‍ ആയിശ (رضي الله عنها) അദ്ദേഹത്തോട് ചോദിച്ചു: താങ്കൾ  സൂറത്ത് മുസ്സമ്മില്‍ – ഓതാറില്ലേ? 

അദ്ദേഹം മറുപടി പറഞ്ഞു : അതെ...

അപ്പോള്‍ ആയിശ (رضي الله عنها) പറഞ്ഞു: എന്നാല്‍, ഈ സൂറത്തിന്റെ ആദ്യത്തില്‍ അല്ലാഹു രാത്രി നമസ്കാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്. 


അങ്ങനെ, റസൂല്‍(ﷺ) തിരുമേനിയും സ്വഹാബികളും ഒരു കൊല്ലത്തോളം അവരുടെ പാദങ്ങളില്‍ നീരുകെട്ടുമാറ് വിധം നമസ്കാരം നിര്‍വഹിച്ചു വന്നു. പന്ത്രണ്ടു മാസക്കാലം ഈ സൂറത്തിന്റെ അവസാനഭാഗം അല്ലാഹു ആകാശത്ത് സൂക്ഷിച്ചു വെച്ചു, അവതരിപ്പിച്ചില്ല. പിന്നീട് സൂറത്തിന്റെ അവസാനത്തില്‍ ലഘുകരണം അവതരിപ്പിച്ചു. അങ്ങനെ, രാത്രി നമസ്കാരം നിര്‍ബന്ധം ആയിരുന്നതിനു ശേഷം അതൊരു ഐച്ഛിക കര്‍മം (نافلة) ആയിത്തീര്‍ന്നു. (അ. മു. ദാ. ന).


ഒരു കൊല്ലകാലമായിരുന്നു നബി(ﷺ)യും സ്വഹാബികളും രാത്രി നമസ്കാരം നിര്‍ബന്ധകര്‍മമായി ആചരിച്ചു വന്നതെന്നാണല്ലോ ഈ ഹദീസില്‍ ആയിശ (رضي الله عنها) പ്രസ്താവിച്ചിരിക്കുന്നത്. വേറെ ചില സ്വഹാബികളില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുകളില്‍ കൂടുതല്‍ വർഷങ്ങളോളമത് നിര്‍ബന്ധമായിരുന്നുവെന്നും നമുക്ക് കാണാം. അതിനാല്‍, രാത്രി നമസ്കാരത്തിന്റെ നിര്‍ബന്ധനിയമം എത്ര കാലം നിലനില്‍ക്കുക ഉണ്ടായെന്നു തീര്‍ത്തു പറയുവാന്‍ നമുക്ക് പ്രയാസമുണ്ട്.


പാപമോചനം തേടുന്നത് നിമിത്തം പാപങ്ങള്‍ പൊറുത്തു കിട്ടുന്നതിനു പുറമെ, അല്ലാഹുവിന്റെ കാരുണ്യത്തിനും അനുഗ്രഹത്തിനും അത് കാരണമാകുമെന്ന് കൂടി ഉണര്‍ത്തി കൊണ്ടാണ് അല്ലാഹു അദ്ധ്യായം സമാപിക്കുന്നത്. 

അതെ, إِنَّ اللَّـهَ غَفُورٌ رَّحِيمٌ (നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു)...


ربنا اغفرلنا وارحمنا ولوالدينا ولذرياتنا وللمؤمنين والمؤمنات


اللهم لك الحمد ولك المنة والفضل...


Hafizath Fathima Beevi

CM Ayisha Hajjumma Wafiyya College Madavoor