സൂറത്ത് റഹ്മാൻ :നവോന്മേഷം പകരുന്ന നവവധു
വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ അൻപത്തിയഞ്ചാം അദ്ധ്യായമാണ് 'സൂറത്ത് റഹ്‌മാൻ'(الرحمن).
മദീനയിൽ അവതരിച്ച ഈ അധ്യായത്തിൽ
78 സൂക്തങ്ങളാണുള്ളത്.
ഖുർആനിൽ 113 അധ്യായങ്ങളുടെ ആരംഭം ബിസ്മി കൊണ്ടാണ്. അതിൽ പ്രതിപാദിക്കപ്പെട്ട ദൈവ വിശേഷണമാണ് 'റഹ്‌മാൻ'.
വിശുദ്ധ ഖുര്‍ആനിലെ സൂറത്തുകള്‍ പരിശോധിച്ചാല്‍ മിക്ക സൂറത്തുകള്‍ക്കും അതിന്റേതായ ചില പ്രത്യേകതകള്‍ ദർശിക്കാനാകും. വിഷയത്തിന്റെ ഗൗരവത്തോടൊപ്പം തന്നെ ആസ്വാദനരസം, പാരായണഭംഗി, ശ്രവണസുഖം, അത്യാകര്‍ഷകമായ പ്രതിപാദനരീതി എന്നീ വശങ്ങളില്‍ സൂറത്ത് റഹ്മാന്റെ(الرحمن) സവിശേഷത പ്രസിദ്ധമാണ്. മുപ്പത്തിഒന്നു പ്രാവശ്യം മനുഷ്യരെയും ജിന്നുകളെയും അഭിമുഖീകരിച്ചുകൊണ്ട് ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ള فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ(പിന്നെ നിങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങളിൽ ഏതൊന്നിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്)എന്ന സൂക്തത്തിലടങ്ങിയ ഗൗരവമേറിയ ചോദ്യവും, അതിന്റെ അര്‍ത്ഥവ്യാപ്തിയും ഹൃദയമുള്ള ഓരോരുത്തരെയും ചിന്തിപ്പിക്കുന്നതു തന്നെയാണ്.ഓരോ തവണ ഈ ആയത്ത് തീരുമ്പോഴും
سبحانك ربنا وبحمدك لا نكذب بشيء من نعمك فلك الحمد
എന്ന് ചൊല്ലൽ സുന്നത്താക്കപ്പെടും.അല്ലാഹുവിന്റെ മുമ്പിൽ സാഷ്ടാംഗം അര്‍പ്പിച്ചു മുപ്പത്തിഒന്നുവട്ടം നന്ദി രേഖപ്പെടുത്തുവാൻ ഈ ആയത്തവനെ നിര്‍ബന്ധിക്കുന്നതു കാണാം.
'ഖുർആനിന്റെ നവവധു'(عروس القرأن) എന്നൊരു ബഹുമതിപ്പേര് കൂടെ ഈ സൂറത്തിനുണ്ട്.
അതെ സംബന്ധിച്ചു സയ്യിദുനാ അലി(റ) റിപ്പോർട്ട് ചെയ്യുന്നു: “എല്ലാ വസ്തുവിനും ഒരു മണവാട്ടിയുണ്ട്, ഖുർആനിന്റെ മണവാട്ടി [സൂറ] അർറഹ്മാൻ ആണ്” എന്ന് റസൂലുല്ലാഹ് (സ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്.
(ശുഅബുൽ ഈമാൻ, ഹദീസ്: 2265.)
എല്ലാത്തിനും സൗന്ദര്യവും അലങ്കാരവും ആകർഷണീയതയും ഉണ്ടെന്നും,ഖുർആനിന്റെ ഭംഗി സൂറത്ത് അർറഹ്മാൻ (الرحمن)ആണെന്നും ഈ വിവരണം വിശദീകരിക്കുന്നു. ഇഹലോകത്ത് അല്ലാഹു നമുക്ക് ചൊരിഞ്ഞു തന്ന അനുഗ്രഹങ്ങളെ സംബന്ധിച്ചും പരലോകത്ത് നമുക്കായി ഒരുക്കിയ അനുഗ്രഹങ്ങളെ കുറിച്ചുമെല്ലാം സൂറത്തുറഹ്‌മാൻ(الرحمن) ചർച്ച ചെയ്യുന്നതിനാലും,സ്വർഗ്ഗീയ ഹൂറിമാരാകുന്ന കന്യകമാരെ വിവരിക്കുന്നതിനാലും ഈ സൂറത്തിനെ മണവാട്ടി എന്ന് വിളിക്കപ്പെടുന്നു.
അല്ലാഹുവിന്റെ ഉല്‍കൃഷ്ടനാമങ്ങളിൽ ‘അല്ലാഹു’ എന്ന തിരുനാമത്തെക്കഴിച്ചാല്‍ ഏറ്റവും മഹത്തായ ഒരു നാമവിശേഷണമാണ് ‘അര്‍-റഹ്മാന്‍ (الرحمن)’. '"കാരുണ്യത്തിന്റെ പാരമ്യമുള്ളവന്‍,"' എന്നര്‍ത്ഥം.ഈ രണ്ടു നാമങ്ങളും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നാമങ്ങളായോ വിശേഷണങ്ങളായോ ഉപയോഗിക്കപ്പെടാറില്ല.
ഈ അദ്ധ്യായത്തിന്റെ പ്രാരംഭത്തിൽ കാരുണ്യവാൻ(الرحمن) എന്ന സൂക്തത്തിന് ശേഷം അവന്റെ കാരുണ്യത്തെ വിശദീകരിക്കുന്നുണ്ട്..
മനുഷ്യനെ സൃഷ്ടിച്ചു,അവനു ഖുർആൻ പഠിപ്പിച്ചു, അതിന്റെ വിവരണവും പഠിപ്പിച്ചു.അഥവാ മനസ്സിലുള്ള ആശയങ്ങളും വിചാരവികാരങ്ങളും സംസാരം മുഖേന അന്യരെ വ്യക്തമായി അറിയിക്കുവാനുള്ള കഴിവു നല്‍കി. ഇവക്കുപുറമെ തുടര്‍ന്നുള്ള സൂക്തങ്ങളിൽ മറ്റു പല അനുഗ്രഹങ്ങളെക്കുറിച്ചും പ്രസ്താവിക്കുന്നുണ്ട്.
മറ്റ് വിഷയങ്ങളിൽ, അല്ലാഹു ഇപ്രകാരം സംസാരിക്കുന്നു:
അവൻ പ്രകൃതിയെ സൃഷ്ടിച്ച രീതി,
ന്യായവിധി നാളിലെ കാഴ്ച,
സ്വർഗ്ഗത്തിലെ ജനങ്ങളെ കാത്തിരിക്കുന്ന അനുഭവങ്ങൾ,
നരകത്തിലെ ആളുകളുടെ അനുഭവങ്ങൾ തുടങ്ങിയവ.
ഈ അടയാളങ്ങൾക്കെല്ലാം ഇടയിൽ, ഖുർആനിൽ താരതമ്യേന അപൂർവമായ ജിന്നിനെയും മനുഷ്യനെയും നാഥൻ വെല്ലുവിളിക്കുന്നുണ്ട്.ഈ അനുഗ്രഹങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കാൻ ആളുകൾ വിസമ്മതിച്ചാലും ഈ യാഥാർത്ഥ്യം മാറ്റാൻ അവർക്ക് കഴിയില്ല എന്നതാണ് വസ്തുത. അത്തരം നേരിട്ടുള്ള ചോദ്യം വായനക്കാരനു ഏറെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെയാണ്.ചിന്തിച്ചും ഗ്രഹിച്ചും ഓതുന്നവർക്ക് ഏറെ പാഠങ്ങളുള്ള ഒന്ന് തന്നെയാണ് ഈ അധ്യായം.
കാരുണ്യവാന്റെ കാരുണ്യത്തെ അങ്ങേയറ്റം വിശകലനം ചെയ്യുന്ന ഈ സൂക്തം അത്രമേൽ പ്രധാനപ്പെട്ടതാണ്.
Fathimathu swaliha
Shakkira
Algaith islamic & arts college for girls

1 Comments
😊....ماشاء الله
ReplyDelete