സൂറത്തുൽ മുത്വഫിഫീൻ: നാശം വിതയ്ക്കുന്നവരോട്
പരിശുദ്ധ ഖുർആനിലെ എൺപത്തിമൂന്നാം അധ്യായമായ സൂറത്തുൽ മുത്വഫിഫീൻ അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ള ഗൗരവപരമായ ഓർമപ്പെടുത്തലുകളെയാണ് അടയാളപ്പെടുത്തുന്നത്.
അളവു-തൂക്കങ്ങളിൽ കൃത്രിമവും വഞ്ചനയും ചതിയും പ്രയോഗിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പറ്റം ജനതയെ അന്ത്യനാളിനെയും വിചാരണയെയും കുറിച്ച് ഗൗരവപരമായി ചോദ്യം ചെയ്യപ്പെടുകയാണിവിടെ.
അൻകബൂത് സൂറത്തിന് ശേഷം അവതരിച്ച ഈ സൂറത്ത് മക്കയുടെയും മദീനയുടെയും ഇടയിൽ വെച്ചാണ് അവതരിച്ചതെന്നും, അതല്ല മദീനയിലാണ് അവതരിച്ചതെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എങ്കിലും പ്രബലമായ അഭിപ്രായ പ്രകാരം 36 സൂക്തങ്ങളായി മക്കയിൽ അവതീർണ്ണമായ അധ്യായമാണിത്.സൂറത്തു ൽ ഫീഫ് എന്നും ഈ അധ്യായത്തെ വിളിക്കപ്പെടുന്നു.
നബി(സ) തങ്ങളെയും അവിടുത്തെ അനുയായികളെയും പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്തു കൊണ്ടിരുന്ന വേളയിലാണ് ഈ സൂക്തങ്ങൾ വ്യക്തമായ താക്കീതുമായി അവതീർണ്ണമായത്.
ശൈഖ് അബ്ദുൽ ഗനിയ്യുന്നാബൽസി(റ) പറയുന്നു: "സൂറത്തുൽ മുത്വഫിഫീൻ സ്വപ്നം കാണുന്നവൻ സത്യവിശ്വാസികളുടെ സമ്പത്ത് അനധികൃതമായ വഴിയിലൂടെ കൈവശപ്പെടുത്തുന്നവരാണെന്നാണ് വ്യാഖ്യാനം(157: تأطير الانام)."
'അളവിലും തൂക്കത്തിലും കുറവ് വരുത്തുന്നവർക്ക് നാശം' എന്നീ സൂക്തത്തിൽ ആരംഭിക്കുന്ന ഈ അധ്യായം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള താക്കീത് കൂടിയാണ്.
അധർമ്മകാരികളുടെ പ്രവർത്തനങ്ങൾ ഉല്ലേഖനം ചെയ്യപ്പെട്ട 'സിജ്ജീൻ' എന്ന കേന്ദ്രത്തെ കുറിച്ചും, സജ്ജനങ്ങളുടെ ഉല്ലേഖിത സ്ഥലമായ 'ഇല്ലിയ്യീൻ' എന്ന രേഖയെ കുറിച്ചുമാണ് തുടർന്നുള്ള സൂക്തങ്ങൾ വ്യക്തമാക്കുന്നത്.
ദുഷ്ചെയ്തികൾ കാരണം ഹൃദയങ്ങളുടെ മേൽ ക്ലാവ് പിടിച്ച അക്കൂട്ടർ ഖുർആനിനെ പൂർവ്വികന്മാരുടെ കെട്ടുകഥകളായി തള്ളി പരിഹസിക്കുകയും പ്രതിഫല നാളിനെ നിഷേധിക്കുകയും ചെയ്തു. ആയതിനാൽ അവരെ നരകത്തിൽ പ്രവേശിപ്പിക്കുകയും 'നിങ്ങൾ വ്യാജമാക്കിയിരുന്നതാണ് ഇത്' എന്ന് പറയപ്പെടുന്നതുമാണ്.
തുടര്ന്ന് സത്യവിശ്വാസികളുടെ സുഖസൗഖ്യങ്ങളെ കുറിച്ചും, അവർക്ക് പാനം ചെയ്യപ്പെടുന്ന കസ്തൂരി മുദ്രിദമായ ശുദ്ധമദ്യത്തെ കുറിച്ചും പരാമർശിക്കപ്പെടുന്നു. തസ്നീം എന്ന അതിന്റെ മിശ്രിതമാകട്ടെ ദൈവസാമീപ്യം നേടിയവർക്ക് നൽകപ്പെടുന്നതുമാണ്.
തുടർന്ന്,ദുനിയാവിൽ വെച്ച് അധർമ്മകാരികൾ സത്യവിശ്വാസികളെ പരിഹസിച്ചിരുന്നത് പോലെ ഖിയാമത് നാളിൽ സത്യവിശ്വാസികൾ തിരിച്ചും കളിയാക്കുമെന്നോർമ്മപ്പെടുത്തിക്കൊണ്ട് ഈ അധ്യായം അവസാനിക്കുകയും ചെയ്യുന്നു.
Fathima kp
Izzathul Islam women's college
Athazhakkunn

3 Comments
🌹🥴
ReplyDelete✨️
ReplyDeleteما شاء الله😍✨
ReplyDelete