സൂറത്തുൽ അഅ്ലാ; നാഥന്റെ ഔന്നിത്യങ്ങളോതുന്നയിടം
അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിലേക്ക് വഴി തെളിക്കുന്ന കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന, ഖുര്‍ആനിലെ മുപ്പതാമത്തെ ജുസിന്റെ അധ്യായങ്ങളില്‍ പെട്ട, മഹത്വങ്ങൾ ഏറെയുള്ള ഒരു അധ്യായമാണ് സൂറത്തുൽ അഅ്ലാ.കൂടാതെ, അല്ലാഹുവിന്റെ മഹത്വം, പ്രവാചകൻ (സ) യുടെ കടമകൾ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് സൂറത്തുൽ അഅ്ല സംസാരിക്കുന്നുണ്ട്. മാത്രമല്ല ഈ സൂറത്ത് പരലോകത്ത് തിന്മ ചെയ്യുന്നവരുടെ ഗതിയെ കുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഭൗതിക ലോകത്തേക്കാളും ജീവിതത്തേക്കാളും പരലോകം എങ്ങനെ മികച്ചതാണെന്നും ഈ സൂറത്ത് സൂചിപ്പിക്കുന്നു. ഓരോ വസ്തുവിനേയും, സൃഷ്ടിക്കുകയും, വ്യവസ്ഥാപിതമാക്കുകയും ചെയതുവെന്നതാണ് അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിലെ പ്രധാനമായ ഘടകം. ഓരോ സൃഷ്ടിക്കും-മനുഷ്യനോ മൃഗമോ സസ്യലതാദികളോ ആകട്ടെ- ഓരോ ധര്‍മം നിശ്ചയിച്ചിട്ടുണ്ട്. അവ നിര്‍വിഘ്നം അതു നിര്‍വഹിച്ചു കൊണ്ടേയിരിക്കുന്നു. അതുപോലെ, ഓരോന്നിനും കണക്കും നിര്‍ണയവും ഉണ്ട്. പ്രായം, വലിപ്പം, അന്നപാനാദികൾ... ഇങ്ങനെ നിരവധി.കാലികൾക്കും പക്ഷി-പറവകൾക്കും മേയാനും തിന്നാനും ആവിശ്യമായ മേച്ചില്‍ പുറങ്ങളും പുൽച്ചെടികളും സസ്യങ്ങളും ധാന്യങ്ങളും അവന്‍ ഉല്‍പാദിപ്പിക്കുന്നു. പച്ച പിടിച്ച് നിശ്ചിത സമയം നിലകൊണ്ടാൽ പിന്നെയവ ഉണങ്ങി ചണ്ടിയോ വൈക്കോലോ മറ്റോ ആകുന്നു. മനുഷ്യനും ഇങ്ങനെ തന്നെ, നിര്‍ണിത ആയുഷ്കാലം ജീവിച്ച്, നിശ്ചിത പ്രവർത്തനങ്ങൾ നിര്‍വഹിച്ചു കഴിഞ്ഞാല്‍ മരിക്കും എന്ന് സൂറത്തുൽ അഅലയിലൂടെ അല്ലാഹു തആല മാനവരാശിയെ ഓർമപ്പെടുത്തുന്നു.
سبح اسم ربك الأعلي.
(അത്യുന്നതനായ നിന്റെ നാഥന്റെ നാമത്തെ മഹത്വപ്പെടുത്തുക.)അല്ലാഹുവിന്റെ മഹത്വത്തെ വ്യക്തമാക്കുന്ന സൂറത്തുൽ അഅലായുടെ ആദ്യ ആയത്താണിത്. ഈ വാക്യത്തില്‍ പ്രവാചകനെ(സ) അഭിസംബോധന ചെയ്യുകയും തന്റെ നാഥന്റെ നാമത്തെ മഹത്ത്വപ്പെടുത്താനും വിശുദ്ധീകരിക്കാനും ആവശ്യപ്പെടുകയും ചെയ്യുകയാണ്. തസ്ബീഹ്, അഥവാ ദൈവത്തിന്റെ സത്തയെ മഹത്ത്വപ്പെടുത്തുന്നത് അവനെ എല്ലാ തിന്മകൾ, ബലഹീനതകൾ, പങ്കാളികൾ, ആവശ്യങ്ങൾ മുതലായവയിൽ നിന്നും ഉന്നതനും പരിശുദ്ധനുമായി കണക്കാക്കുന്നതാണ്.
എന്നിരുന്നാലും, ഈ വാക്യം അല്ലാഹുവിന്റെ പേരല്ല, അല്ലാഹുവിന്റെ നാമം പ്രത്യേകമായി പറയുന്നു എന്നത് ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ഒരു പേര് അതിന്റെ പേരിലുള്ള വാക്കായതിനാൽ, വാക്കുകൾ ഭാഷയുടെ ഭാഗമാണ്; അതിനാൽ, ഈ മഹത്വപ്പെടുത്തലിന് ഒരു പ്രത്യേക അർത്ഥമുണ്ട്.ഉദാഹരണത്തിന്:
"അഅ്ല" അതായത് അത്യുന്നതൻ എന്നത് അല്ലാഹുവിന്റെ മറ്റൊരു വിശേഷണമാണ്.സങ്കല്‍പ്പിക്കാൻ കഴിയുന്ന ഏത് ഉയരത്തിലേക്കും ഉയർച്ചയിലേക്കും ഉയർന്നുവന്ന ഒരാളെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്, നിലവിലുള്ളതും ആധിപത്യമുള്ളതുമായ എന്തിനും ഇത് ബാധകമാണ്. ഈ വാക്യത്തില്‍ ഇത് അല്ലാഹുവിന്റെ ഒരു ഗുണമാണ്, ഈ സ്വഭാവമാണ് വാക്യത്തിന്റെ കൽപ്പനയ്ക്ക് ഒരു കാരണം നൽകുകയും അവന്റെ നാമത്തെ മഹത്ത്വപ്പെടുത്തേണ്ടത് എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നത്, കാരണം അവൻ സങ്കൽപ്പിക്കാവുന്ന ഏത് ഉയരത്തിനേക്കാളും ഉയർന്നതാണ്.
سَنُقْرِئُكَ فَلَا تَنسَىٰ ﴿6﴾
നാം നിങ്ങളോട് [ഖുർആൻ] പാരായണം ചെയ്യും, അപ്പോൾ നിങ്ങൾ [അതൊന്നും] മറക്കില്ല.
മേൽപ്പറഞ്ഞ ആയത്ത് പ്രവാചകൻ മുഹമ്മദ് നബി (സ)ക്ക് അല്ലാഹു നൽകിയ വാഗ്ദാനമാണ്, തനിക്ക് ഖുർആൻ അറിവും മനപാഠവും നൽകുമെന്നും, അങ്ങനെ അത് അവതരിച്ച രീതിയിൽ എപ്പോഴും മനഃപാഠമായിരിക്കുകയും ഒരിക്കലും മറക്കാതിരിക്കുകയും ചെയ്യുമെന്നുള്ള വാഗ്ദാനമാണത്.
وَنُيَسِّرُكَ لِلْيُسْرَىٰ ﴿8﴾
പ്രവാചകനോടുള്ള ദൈവത്തിന്റെ മറ്റൊരു അനുഗ്രഹമാണ് ഈ ആയത്തിലൂടെ വെളിവാകുന്നത്. അതായത്, മനുഷ്യന്റെ സഹജമായ സ്വഭാവത്തിന് അനുസൃതമായ ഒരു എളുപ്പവഴിയിലൂടെ ആളുകളെ നയിക്കുന്നതിൽ അല്ലാഹു തആല നബി(സ) യെ വിജയിപ്പിക്കും. ഈ വാക്യത്തിൽ അർത്ഥമാക്കുന്നത് അവന്‍ പ്രവാചകനെ (സ) ഒരുക്കും, അതായത് സഹിഷ്ണുതയും ബുദ്ധിമുട്ടുകൾ സഹിക്കുന്നതിനുള്ള ക്ഷമയും നൽകും എന്നതാണ്.
നബി(സ) മനസ്സിൽ സൂക്ഷിക്കേണ്ടതില്ലാത്ത വല്ല കാര്യങ്ങളുമുണ്ടെങ്കിൽ (പാരായണവും നിയമവും മൻസൂഖ് ആയ ആയത്തുകൾ ഉദാഹരണം) അത് മറപ്പിച്ചു കളയാം എന്നാണിതിന് വ്യാഖ്യാതാക്കൾ വിശദീകരണം നൽകിയിട്ടുള്ളത്.
ജുമുഅ, വിത്റ് പ്രാര്‍ത്ഥനകളിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്നതാണ് ഈ സൂറത്ത്. നബി (സ), ഇബ്രാഹിം നബി (അ), മൂസ നബി (അ) എന്നിവര്‍ക്ക് അവതരിച്ച ദൈവിക ഗ്രന്ഥങ്ങളിലെ അക്ഷരങ്ങളുടെ പത്തിരട്ടി തുല്യമായ പ്രതിഫലം സൂറത്തുൽ അഅ്ല പാരായണം ചെയുന്ന ആള്‍ക്ക് ലഭിക്കും. ഇമാം അലിയ്യു ബ്നു അബീത്വാലിബ് (റ) തന്റെ ഇശാ നിസ്കാരത്തിൽ ഈ സൂറത്ത് പാരായണം ചെയ്യാറുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: "സൂറത്തുൽ അഅ്ല യുടെ അനുഗ്രഹങ്ങളെ കുറിച്ച് നിങ്ങള്‍ക്കറിയാമായിരുന്നെങ്കിൽ നിങ്ങൾ അത് എല്ലാ ദിവസവും ഇരുപത് തവണ ഓതും". സൂറത്തുൽ അഅ്ല പാരായണം ചെയ്യുന്നവർ അത് ഇബ്രാഹിം നബി (അ) ന്റേയും മൂസ നബി (അ) ന്റേയും മേല്‍ ഇറക്കപ്പെട്ട സ്വര്‍ഗ്ഗീയ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നത് പോലെയാണ്. ചെവി വേദനയും മറ്റു അസുഖങ്ങളും മാറ്റാനും സൂറത്തുൽ അഅ്ല നല്ലതാണ്. ചെവിയിലോ കഴുത്തിലോ ഉള്ള വേദന നീക്കം ചെയ്യാനോ അസുഖം ഭേദമാക്കാനോ വേണ്ടി ഈ സൂറത്ത് പാരായണം ചെയ്താൽ അത് വളരെ വേഗം തന്നെ ഗുണം ചെയ്യും. പൈൽസ്, ഒടിഞ്ഞ കൈ കാലുകൾ എന്നിവയും ഇത് സുഖപ്പെടുത്തും.യാത്രയില്‍ സൂറത്തുൽ അഅ്ല ഓതുന്നത് സുരക്ഷിതത്വം ആണ്.
ചുരുക്കത്തിൽ ഈ ഹ്രസ്വ സൂറത്തിൽ മൂന്ന് ആശയങ്ങള്‍ അടങ്ങിയിരിക്കുന്നു. തൗഹീദ്, തിരു നബി (സ) യുടെ നിര്‍ദേശങ്ങളും, പരലോകവും. ഇവയെല്ലാം മനസ്സിലാക്കി പാരായണം ചെയ്യുമ്പോഴാണ് യഥാർത്ഥമായ അള്ളാഹുവിന്റെ ആശയങ്ങളിലേക്ക് നമുക്ക് ഇറങ്ങിച്ചെല്ലാനാവുക...നാഥൻ തൗഫീഖ് നൽകട്ടെ.. ആമീൻ.
Sumayya M.D
Thoiba Womens College

0 Comments