സൂറത്തുൽ ഹുമുസ:വാക്ക് കത്തിക്ക് ജ്വലിക്കുന്ന അഗ്നിയല്ലോ നാഥന്റെ  താക്കീത്


അനാദി മുതൽ അനന്തത വരെ സകലവും ചൂഴ്ന്നുനിൽക്കുന്ന  ജ്ഞാനേന്ദ്രിയന്റെ  ദൃഢജ്ഞാനത്തിന്റെ ഏറ്റവും മികച്ച ദർശനമാണ് വിശുദ്ധ ഖുർആൻ.  കാൽനൂറ്റാണ്ടു കാലത്തെ ഇസ്ലാമിക സമൂഹത്തിൻ്റെ പൂർണ്ണതയിലേക്കുള്ള പ്രയാണത്തിനിടയിൽ അഭിമുഖീകരിച്ച ഘട്ടങ്ങളെയും അവസ്ഥകളെയും അനുഗുണമായി പരിഗണിച്ച്‌  ചിലപ്പോൾ ദീർഘവും മറ്റുചിലപ്പോൾ ഹ്രസ്വവുമായ സൂക്ത ഖണ്ഡങ്ങളായി  അവതീർണമായ ഖുർആൻ സാമൂഹിക സംസ്കരണത്തിന് ഊന്നൽ നൽകിയ ഒരു നവോത്ഥാന മുന്നേറ്റം തന്നെയായിരുന്നു.

        

            മക്കയിൽ അവതരിച്ച ഒൻപത് സൂക്തങ്ങളടങ്ങിയ നൂറ്റി നാലാമത്തെ അദ്ധ്യായമായ സൂറത്തുൽ ഹുമസയുടെ വാക്യാർത്ഥം കുത്തി പറയുന്നവൻ എന്നാണ്. وَيْلٌ لِكُلِّ هُمَزَةٍ لُمَزَة അന്യരെ  കുത്തി പറയുന്നവരും കുറവാക്കുകയും ചെയ്യുന്ന എല്ലാവർക്കും നാശം എന്ന താക്കീത് കൊണ്ടാണ് ഈ അദ്ധ്യായത്തിന്റെ  തുടക്കം.  ഇമാം ഖുർതുബി (റ) പറയുന്നു: همزة, لمزة എന്നിവക്ക് വിവിധ അർത്ഥങ്ങളുണ്ട്, മുഖത്ത് നോക്കി ആക്ഷേപിക്കുന്നവരെന്നും അസാന്നിധ്യത്തിൽ പരദൂഷണം പറയുന്നവരെന്നും  നാവ് കൊണ്ട് ജനങ്ങളെ ഭത്സിക്കുന്നവരെന്നും   തുടങ്ങി വൈവിധ്യങ്ങളായ അർത്ഥങ്ങളുണ്ട്.ഇബ്നു അബ്ബാസ്(റ) ഇവിടെ പറയുന്ന വ്യാഖ്യാനം ഇങ്ങനെയാണ് “ഏഷണിയുമായി നടന്ന് സ്നേഹിതര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുകയും നിരപരാധികളെ ദുരാരോപണങ്ങളിലൂടെ ഇകഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണിവര്‍ ഇതനുസരിച്ച് هُمَزَةٍ/ لُّمَزَةٍ എന്നീ രണ്ടു വാക്യവും ഒരേ ആശയം തന്നെയാണ് ദ്യോതിപ്പിക്കുന്നത്. നബി(സ.അ) പറഞ്ഞിട്ടുണ്ട്. “അള്ളാഹുവിന്റെ അടിമകളില്‍ ഏറ്റവും ദുഷിച്ചവര്‍ സ്നേഹിതര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാനായി ഏഷണിയുമായി നടക്കുന്നവരും നിരപരാധികളെ ദുരാരോപണങ്ങളിലൂടെ ഇകഴ്ത്തുന്നവരുമാണ്”. ഹൃദയത്തെ കത്തികൊണ്ട് കുത്തുമ്പോൾ പൊടിയുന്ന ചോരയ്ക്കു തുല്യമാണ് വാക്ക് കത്തിയാലുള്ള കണ്ണിൽനിന്ന് അടരുന്ന കണ്ണുനീർ. മാനവികത നെഞ്ചേറ്റി നിത്യജീവിതത്തിലെ ഓരോ പ്രശ്നങ്ങളിലും ഇടപെട്ട് മലീമസവും  അപരിഷ്കൃതവുമായ സംസ്കാരത്തെ പാടെ മാറ്റിപ്പണിത്  പുതുതായി ഒരു സ്വതന്ത്ര സംസ്കാരത്തെ ഉയർത്തിക്കൊണ്ടുവരാൻ ഉതകുന്നതല്ലോ ഈ ചെറു സൂക്തം. 


الَّذِي جَمَعَ مَالًا وَعَدَّدَهُ 

         തീർന്നില്ല സകല തിന്മകളും സർവ്വാഭരണധാരിയായ സുമുഖിയെപ്പോലെ കളിയാടുന്ന ദുനിയാവിൽ തന്റെ  ധനം തനിക്ക് ശാശ്വതമാകുമെന്ന ചിന്തയോടെ പണത്തിന്റെ പളപളപ്പിൽ  അഹങ്കാരത്തിന്റെ  പടവുകൾ കയറുന്നവരെയും സ്രഷ്ടാവ്  താക്കീത് ചെയ്യുന്നു.ആധുനികതയുടെ സ്വർഗ്ഗീയ വല്ലരിയിൽ ആത്മനിർവൃതി ഭരിതരാവാതെ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയെന്നോണം അഹദോർമകളുടെ ആനന്ദത്താൽ ജീവിതം സജീവപ്പെടുത്താൻ വിശ്വാസി സന്നദ്ധനാവണം എന്ന ഓർമ്മപ്പെടുത്തലാണ്  ഈ താക്കീത്. 


       ഇരു താക്കീതുകൾക്ക് ശേഷം ജ്വലിക്കപ്പെടുന്ന അഗ്നി വാഗ്ദാനം ചെയ്ത് അല്ലാഹു കാര്യത്തിന്റെ  ഗൗരവം വ്യക്തമാക്കുന്നു.  ഹൃദയങ്ങളുടെ മേൽ വെളിവാകുന്ന അഗ്നി എന്ന് പ്രത്യേകം എടുത്തു പറഞ്ഞതിന്റെ സാരം തഫ്‌സീറു സ്സ്വാവി  പറയുന്നത് ഇങ്ങനെ:നീച ഉദ്ദേശങ്ങളുടെയും  ചീത്ത വിശ്വാസങ്ങളുടെയും സ്ഥലം ഹൃദയമാണ്,  മോശമായ പ്രവൃത്തികളുടെ തുടക്കവും ഹൃദയത്തിൽ നിന്ന് തന്നെ.

രാകിമിനുക്കിയ വർണാഭമായ രത്നക്കല്ലുകൾ ഒരു ഹരത്തിൽ കോർത്തിണക്കിയിരിക്കു ന്ന പോലെ ആദ്യാന്തം ചെത്തിയുരച്ച് പാകപ്പെടുത്തിയ പദങ്ങൾ കൊണ്ട് ഖുർആന്റെ മാസ്മരികത വിളിച്ചോതുന്നതാണ്  സൂറത്തുൽ ഹുമസയിലെ ഓരോ വാക്യാവസാനങ്ങളും.


         സ്രഷ്ടാവിന്റെ  ഓരോ സൃഷ്ടിയും ഇഹത്തിൽ വിതച്ച കൃഷി പരത്തിൽ കൊയ്യും. ഇവിടെ മുല്ല വിതച്ചവൻ അവിടെ മുള്ള് കൊയ്യേണ്ടി വരില്ല,മുള്ള്  വിതച്ചവന്  സൃഷ്ടികർത്താവിന്റെ  ഔദാര്യം കൊണ്ടല്ലാതെ മുല്ല ലഭിക്കുകയുമില്ല എന്ന് സാരം. സമ്പൂർണ്ണമായ നീതിയിലേക്ക് പ്രപഞ്ചത്തിന്റെ അന്ത്യം വാതിൽ തുറക്കുമ്പോൾ തന്റെ ദേഹേച്ഛകൾക്ക് കൂട്ടുനിന്ന ഇരുളിന്റെ കൂട്ടാളികൾക്ക്  അഗ്നി പൊയ്കയും നാഥന്റെ തൃപ്തിയിലായി സായൂജ്യമടഞ്ഞ വെളിച്ചത്തിന്റെ  സഹയാത്രികർക്ക് പറുദീസയും ലഭിക്കുമെന്ന നാഥന്റെ  വാഗ്ദാനം എത്ര ചിന്തനീയം.


Hafsath P

Bafakhy wafiyya college