സൂറത്തുൽ അസ്ർ: ജീവിത വിജയത്തിന്റെ കുഞ്ഞു രഹസ്യങ്ങൾ
വലിപ്പത്തിലും ആയത്തുകളുടെ എണ്ണത്തിലും ചെറിയ അദ്ധ്യായമാണെങ്കിലും അർത്ഥഗർഭമായ ആശയമുൾകൊള്ളുന്ന ഖുർആനിലെ നൂറ്റിമൂന്നാമത്തെ അധ്യായമാണ് സൂറത്തുൽ അസ്ർ.മൂന്ന് സൂക്തങ്ങൾ മാത്രമുള്ള പ്രസ്തുത അധ്യായം മക്കയിലാണ് അവതരിച്ചത്.
അല്ലാഹുവിന്റെയടുക്കൽ നഷ്ടക്കാർ ആരെല്ലാമാണെന്നും ഒരു യഥാർത്ഥ വിജയിയാവാൻ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും ഓരോ വ്യക്തികൾക്കും സമൂഹത്തിന്നും വേണ്ടതായ വിജയരഹസ്യങ്ങൾ ഏതൊക്കെയെന്നുമെല്ലാം ഈ സൂറത്തിൽ ലഘുവായി വിവരിക്കുന്നു.ഇമാം ശാഫിഈ (റ) ഈ അദ്ധ്യായത്തെ പറ്റി പ്രസ്താവിച്ചതായി കാണാം: "ഈ സൂറത്തല്ലാതെ മറ്റൊന്നും അവതരിച്ചിട്ടില്ലായിരുന്നുവെങ്കിലും ജനങ്ങൾക്ക് ഇത് മതിയാകുമായിരുന്നു.കാരണം,ഖുർആനിലെ എല്ലാ വിജ്ഞാനങ്ങളും ഇതിൽ ഉൾകൊണ്ടിരിക്കുന്നു."
وَٱلْعَصْرِ
കാലം തന്നെയാണ് (സത്യം)!
നമ്മൾ ചെയ്യുന്ന എന്ത് പ്രവൃത്തിയുടെയും സാക്ഷി.ലോകത്ത് ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും യാതൊരു തരത്തിലും മായ്ച്ചു കളയാനാവാതെ കാലത്തിന്റെ വിവിധ കണ്ണികളിൽ ഉറച്ചു നിൽക്കുന്നു.കാലം സ്പർശിക്കാത്തതായി ഒന്നുമില്ല,ഒന്നുമുണ്ടാവുകയുമില്ല.അങ്ങനെയുള്ള കാലത്തെ തൊട്ടാണ് അല്ലാഹു തആല സത്യം ചെയ്യുന്നത്.
إِنَّ ٱلْإِنسَـٰنَ لَفِى خُسْرٍ
നിശ്ചയമായും, മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാണ്.
ഈ ലോകത്ത് ജീവിച്ച,ഇപ്പോൾ ജീവിക്കുന്ന,ഇനി ജീവിക്കാൻ പോകുന്ന എല്ലാവരും വിജയികളായവുകയില്ല.ചിലർ പരാജിതരാകും .ശേഷം അല്ലാഹു,ആരാണ് ഇത്തരം നഷ്ടക്കാരിൽ പെടുന്നവരെന്ന് പ്രഖ്യാപിക്കുന്നു.
إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَتَوَاصَوْا۟ بِٱلْحَقِّ وَتَوَاصَوْا۟ بِٱلصَّبْرِ
വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും യാഥാർത്ഥ്യത്തെ കുറിച്ചും ക്ഷമയെക്കുറിച്ചും അന്യോന്യം 'വസ്വിയ്യത്ത്' ( ബലമായ ഉപദേശം)ചെയ്യുകയും ചെയ്തവരൊഴികെ.
ദുന്യവിയ്യായ നേട്ടങ്ങൾ നഷ്ടപ്പെടുന്നവരെ കുറിച്ചല്ല ഇവിടെ ഉദ്ദേശിക്കുന്നത്.മറിച്ച്,അല്ലാഹുവിൽ അവിശ്വസിച്ചവരും സമ്പത്തും മക്കളും നിമിത്തം അല്ലാഹുവിനെ സ്മരിക്കുന്നതിൽ അശ്രദ്ധരായവരുമാണ് യഥാർത്ഥ നഷ്ടക്കാർ.ഇതല്ലാത്ത ഐഹിക നഷ്ടങ്ങളെല്ലാം കേവലം നാമമാത്ര നഷ്ടങ്ങൾ മാത്രമാണ്.അങ്ങനെയുള്ള നഷ്ടക്കാരിൽ പെടതിരിക്കാനും ,ജീവിതത്തിൽ പൂർണ്ണത കൈവരിച്ചു വിജയികളാകാനും നാല് കാര്യങ്ങളാണ് ഈ സൂറത്ത് ഉണർത്തുന്നത്.
1.ഈമാൻ(വിശ്വാസം)
അല്ലാഹുവിലും അവന്റെ പ്രവാചകന്മാരിലും കിത്താബുകളിലും അന്ത്യനാളിലും മറ്റുമുള്ള ദൃഢമായ വിശ്വാസം.
2.സൽകർമ്മം പ്രവർത്തിക്കൽ.
ഇസ്ലാം നിർദ്ദേശിച്ചതായുള്ള അനുഷ്‌ഠന കർമ്മങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു.അല്ലാഹുവിന് ചില ആരാധനകൾ ചെയ്തു എന്നത് കൊണ്ട് മാത്രം ഒരാൾ സൽകർമ്മിയാവില്ല.മറിച്ച് മറ്റു സൃഷ്ടികളോടും ജനങ്ങളോടും ചെയ്യേണ്ടതായ കടമകളും മര്യാദകളും കൃത്യമായി പാലിക്കുമ്പോഴാണ് ഒരു വ്യക്തി യഥാർത്ഥ സൽകർമ്മിയാവുന്നത്.
3.പരസ്പരം ഹഖ്ഖായ കാര്യങ്ങൾ കൊണ്ട് വസ്വിയ്യത് ചെയ്യൽ.
അഥവാ നന്മ കൊണ്ട് കല്പിക്കലും തിന്മ കൊണ്ട് വിരോധിക്കലും.ഈ കാര്യത്തിൽ തന്റെ കഴിവനുസരിച്ച് എങ്ങനെയാണോ ചെയ്യാൻ സാധിക്കുന്നത് ആ വിധത്തിൽ ഇത് നിർവഹിക്കൽ എല്ലാ മുസ്‌ലിമിന്റെയും പൊതു കടമയാണ്.
4.ക്ഷമയെപറ്റി പരസ്പരം വസ്വിയ്യത് ചെയ്യൽ.
ക്ഷമ മൂന്നു വിധമാണ്:
1)ആരാധനകൾ നിർവഹിക്കാനുള്ള ക്ഷമ.
2)തിന്മകളിൽ മാറിനിൽക്കാനുള്ള ക്ഷമ.
3)പരീക്ഷണങ്ങളിലുള്ള ക്ഷമ.അല്ലാഹുവിന്റെ ഓരോ ചെറിയ പരീക്ഷണങ്ങളിലും ക്ഷമയെ കൈ കോർത്ത് പിടിക്കുക,അങ്ങനെയാവാൻ മറ്റുള്ളവരോട് വസ്വിയ്യത്തും ചെയ്യുക.
ഉബൈദുല്ലാഹിബ്നു ഹഫ്‌സഃ (رضي الله عنه) പറഞ്ഞതായി ഇമാം ത്വബ്റാനീ (رحمه الله) ഉദ്ധരിച്ചിരിക്കുന്നു: ‘നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സ്വഹാബികളില്‍,രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍, ഒരാള്‍ മറ്റൊരാളെ സൂറത്തുല്‍ അസ്ർ ആദ്യന്തം ഓതി കേള്‍പ്പിക്കാതെ അവര്‍ പിരിഞ്ഞു പോകാറില്ല. അനന്തരം ഒരാള്‍ മറ്റെയാള്‍ക്ക് സലാം ചൊല്ലി (പിരിഞ്ഞ്) പോകും’.
അല്ലാഹു തആല ഇരുലോകങ്ങളിലും വിജയികളാകുന്നവരിൽ നമ്മളെയും ഉൾപ്പെടുത്തട്ടെ...ആമീൻ.
FARHA.C
MTM WAFIYYA COLLEGE,OLAVILAM

0 Comments