സൂറത്തു നജ്മ്:
ശോഭ വിതറിടും നക്ഷത്ര സൂക്തം
ശാസ്ത്രത്തിന്റെ പരിമിത ജ്ഞാനം വെച്ചു തന്നെ ആകാശ ലോകങ്ങൾ മഹാത്ഭുതമാണ്. കോടാനുകോടി നക്ഷത്രങ്ങളും അവകൾക്കൊക്കെ ഭ്രമണ പഥങ്ങളും നിശ്ചിത ഉദയാസ്തമാനങ്ങളുമുണ്ട്. ഭുവന വാനങ്ങളും അവർക്കിടയിലുള്ളതും നാം വെറുതെ സൃഷ്ടിച്ചതല്ലെന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'അന്നജ്മ് ' എന്നാൽ നക്ഷത്രം എന്നാണർത്ഥം. ആയത്തിന്റെ തുടക്കത്തിൽ പ്രതിപാദിക്കുന്ന ഈ പദമാണ് നാമകരണത്തിന് നിദാനം. "നക്ഷത്രം തന്നെയാണ് സത്യം ". അള്ളാഹു ഒരു വസ്തുവേ കൊണ്ട് സത്യം ചെയ്യുമ്പോൾ അതിന്റെ ആഴത്തിൽ പല രഹസ്യങ്ങളും ഖുർആൻ പ്രബോധനത്തിന്റെ തത്വ ചിന്താത്മഗതമായ പല ദൃഷ്ടാന്തങ്ങളും അടങ്ങിയിരിക്കുന്നതാണ്. ഉപരി ലോകത്ത് എണ്ണി ഗണിക്കാൻ പറ്റാത്തത്രയും നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. പരസഹസ്രം ഗാലക്‌സികളും അവയിലുള്ള ഓരോ നക്ഷത്രത്തിനും നിശ്ചിത ഭ്രമണ പഥങ്ങളും വിശിഷ്യാ സൂര്യനെയും ചന്ദ്രനെയുമൊക്കെ പടച്ച അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിലേക്ക് വിരൽ ചൂണ്ടുകയാണ് സൂറത്തു നജ്മ് . ഇവയിൽ ആഴത്തിൽ ചിന്തിക്കുന്തോറും മനുഷ്യൻ അത്ഭുത പരതനാകും, ആധുനിക ശാസ്ത്രം അത് വെട്ടിത്തുറന്ന് പറയുന്നുണ്ട്. അല്ലാഹുവിന്റെ അറിവും കഴിവും എത്ര അപാരം!
നക്ഷത്രം ആകാശത്തിന്റെ മധ്യത്തിലായിരിക്കുമ്പോൾ ലോകത്തിന്റെ നാലു ദിക്കുകൾ മനസ്സിലാക്കുവാൻ പ്രയാസമാണ്. അത് അസ്തമിക്കാനായി പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് താഴ്ന്നു കൊണ്ടിരിക്കുമ്പോൾ നാലു ദിക്കുകളും നിഷ്പ്രയാസം ഗ്രഹിക്കാം. അത് മേല്പോട്ട് ഉയരുമ്പോഴും വേഗത്തിൽ ദിക്കുകൾ കണ്ടുപിടിക്കാൻ കഴിയും. إِذَا هَوَى എന്നതിന് അത് മേല്പോട്ട് ഉയരുമ്പോൾ എന്നും അർത്ഥമുണ്ട്. പല അന്തസാരങ്ങളും ഉൾകൊള്ളുന്ന നക്ഷത്രത്തെ സത്യം ചെയ്തു കൊണ്ട് അള്ളാഹു മുത്തു നബിയുടെ സ്വഭാവമഹിമകളെ പറ്റി പ്രതിപാദിക്കുന്നതോടൊപ്പം ജിബ്‌രീൽ (അ )നെ നേരിൽ കണ്ടുമുട്ടിയ സന്ദർഭവും വിവരിക്കുന്നു. നബി (സ )ക്ക് ഖുർആനിൽ നിന്ന് ഒന്നാമതായി അവതരിച്ച് കിട്ടിയത് സൂറത്തുൽ അലഖിന്റെ ആദ്യ ഭാഗമായിരുന്നുവെന്നത് പ്രസിദ്ധമാണെല്ലോ.. പിന്നീട് കുറേ നാളത്തേക്ക് വഹ്‌യ് തീരെ വന്നില്ല. ഇതിനെ തുടർന്ന് നബി (സ ) വളരെ അധികം അസ്വസ്ഥനായിരിക്കെയാണ് ജിബ്‌രീൽ (അ) തന്റെ സാക്ഷാൽ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്. ആ വമ്പിച്ച സൃഷ്ടി രൂപം ചക്രവാളത്തിന്റെ ഉപരി ഭാഗം മുഴുവനും മൂടാറുണ്ടായിരുന്നു. ഇതിനെ പറ്റിയാണ്
فَاسْتَوَى وَهُوَ بِالأُفُقِ الأَعْلَى
എന്ന് പറഞ്ഞതും , തുടർന്ന് 8-12 കൂടിയ വാക്യങ്ങളിൽ വിവരിക്കുന്നതും. നബി (സ്വ) ജിബ്‌രീൽ (അ)നെ അദ്ദേഹത്തിന്റെ സാക്ഷാൽ രൂപത്തിൽ രണ്ട് പ്രാവശ്യമാണ് കണ്ടിട്ടുള്ളത്. ഒന്ന് പ്രവാചകത്വത്തിന്റെ ആരംഭ ഘട്ടത്തിൽ ഹിറാ ഗുഹയിൽ വെച്ചും മറ്റൊന്ന് മിഅറാജ് യാത്രയിലും. സിദ്റത്തുൽ മുൻതഹയെ കുറിച് عِندَهَا جَنَّةُ الْمَأْوَى എന്ന് പറഞ്ഞതായി കാണാം. ഇത് അദൃശ്യ ലോകത്തെ ഒരു വൃക്ഷമാണ് .ഏഴാം ആകാശത്തിൽ നബി(സ) ക്കുണ്ടായ അനുഭവങ്ങൾ വിവരിക്കുന്ന കൂട്ടത്തിൽ ഇങ്ങനെ പറയുന്നു :ഞാൻ സിദ്റത്തുൽ മുൻതഹായിലേക്കുയർത്തപെട്ടു. അപ്പോൾ അതിന്റെ പഴങ്ങൾ ഹാജറിലെ വലിയ തോൽക്കുടങ്ങളെ പോലെയും ആന ചെവികൾപോലെയുമായിരുന്നു. എന്റെ രക്ഷിതാവിന്റെ കാര്യങ്ങളിൽ അതിനെ ആവരണം ചെയ്തതെല്ലാം ആവരണവും ചെയ്തപ്പോൾ അതിന് സ്ഥിതി മാറ്റം വന്നു. അല്ലാഹുവിന്റെ സൃഷ്ടികളിൽ ആർക്കും തന്നെ സൗന്ദര്യത്താൽ അതിനെ വർണിക്കാൻ സാധ്യമല്ല. ആ രാത്രി എത്രെയോ മഹാത്ഭുത കാഴ്ചകൾ നബി(സ) കണ്ടിട്ടുണ്ട്. ഒട്ടും അമളി പിണയാതെ കാണിച്ചു കൊടുത്തതെല്ലാം അവിടുന്ന് ശരിക്കും നോക്കിമനസ്സിലാക്കി. അനുവദിക്കാത്ത ഒന്നും അതിക്രമിച്ച നോക്കിയതുമില്ല.
ഒരു ദിവസം നബി(സ) സൂറതുന്നജ്മ് പാരായണ വേളയിൽ സത്യ നിഷേധികളുടെ ആരാധന വസ്തുക്കളെ സംബന്ധിച്ച പല നല്ല വാക്യങ്ങളും ഉരിയാടി. ലാത്തയേയും ഉസ്സയേയും മൂന്നാമനായ മനാത്തയെയും നീ കണ്ടിട്ടില്ല,തുടർന്ന് അതിന്റെ മഹത്വത്തെ പറ്റി പുകഴ്ത്തുകയും അവരുടെ ശുപാർശ പ്രതീക്ഷിക്കാവുന്നതാണ് എന്ന ഉദ്ദേശമുള്ള ചില വാക്യങ്ങളും നബി(സ) പാരായണം ചെയ്യുകയുണ്ടായത്രെ. ഇത് കേട്ട മുശ്‌രിക്കുകൾ ആഹ്ലാദപൂർവ്വം ആദരവോടെ സാഷ്ടാംഗപ്രണാമം നടത്തുകയുണ്ടായി. മേൽ പറഞ്ഞ കഥ ചേർക്കപ്പെട്ടിട്ടുള്ളതായ ഹദീസിന്റെ നിവേദക ശ്യംഖലയേയും ആ കഥയുടെ ഉള്ളടക്കത്തെയും സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ശരിയായ ഹദീസ് പണ്ഡിതരൊന്നും തന്നെ ഈ സംഭവം ഉദ്ധരിച്ചിട്ടില്ല. അപ്രതീക്ഷിതമായി വന്ന ഒരു പുകഴ്ത്തലിന്റെ അടിസ്ഥാനത്തിൽ അതിലെ നന്മ തിന്മകളെ കാണാവുന്നതേയുള്ളു. أَفَرَأَيْتُمُ اللاَّتَ وَالْعُزَّى എന്നാൽ ലാത്തയേയും ഉസ്സയേയും കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈ സൂക്തത്തെ മുശ്‌രിക്കുകൾ അവർക്കനുകൂലമായ രീതിയിൽ വ്യാഖ്യാനിക്കുകയാണുണ്ടായത്. അവ ആരാധിക്കപ്പെടുവാൻ അർഹതയുള്ളതാണോ എന്ന ഒരു ചോദ്യം കൂടി ആയത്തിൽ അവശേഷിക്കുന്നുണ്ട്. അപ്പോൾ തീർച്ചയായും മുശ്‌രിക്കുകൾക്കനുകൂലമായി അവരുടെ ദേവന്മാരെ പുകഴ്ത്തുന്നതല്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അല്ലാഹുവിനെയും റസൂലിനെയും (സ്വ)കുറിച്ചുള്ള പ്രബോധനങ്ങളൊന്നും ഐഹിക ജീവിതം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന ബഹുദൈവ വിശ്വാസികൾ മുഖവിലക്കെടുത്തിരുന്നില്ല. അത് കൊണ്ട് തന്നെ നമ്മുടെ സ്മരണ വിട്ട് തിരിഞ്ഞു കളയുകയും ഐഹിക ജീവിതം മാത്രം ഉദ്ദേശിക്കുകയും ചെയ്യുന്നവരിൽ നിന്ന് താങ്കൾ ഒഴിഞ്ഞു മാറിക്കൊള്ളുക എന്ന് അള്ളാഹു നിർദ്ദേശിക്കുകയായുണ്ടായി. നബി(സ )ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു اللهم لا تجعل الدنيا أڪبر همنا، ولا مبلغ علمنا (അല്ലാഹുവെ ഇഹലോകത്തെ നീ ഞങ്ങളുടെ പ്രധാന വിചാരമാക്കരുതേ, ഞങ്ങളുടെ അറിവിന്റെ ആകെത്തുകയുമാക്കരുതേ ) ഇത് നമ്മളും പ്രാർഥിക്കേണ്ടതാണ്.
وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ (39)
മനുഷ്യന് അവൻ പ്രവർത്തിച്ചതല്ലാതെ മറ്റൊന്നുമില്ല. എന്നാൽ അവന് അവകാശം അതിന് മാത്രമേ ഉള്ളുവെന്നാണ്. മരിച്ചവർക്കുവേണ്ടി ആരെങ്കിലും വല്ല സൽപ്രവർത്തിയും ചെയ്താൽ അതവന് ലഭിക്കുകയില്ലെന്ന് ആ വാക്കിൽ നിന്ന് ഗ്രഹിക്കാവതല്ല. മരണപ്പെട്ട ആളെ ഉദ്ദേശിച്ചു കൊണ്ട് ഖുർആൻ ഓതുകയും ശേഷം ഓതിയ പ്രതിഫലം മരണപ്പെട്ട ആ വ്യക്തിക്ക് എത്തിച്ചുകൊടുക്കുവാനായി പ്രാർത്ഥിക്കുകയും ചെയ്താൽ അതിന്റെ കൂലി അയാൾക്ക് ലഭിക്കും. മയ്യിത്തിന് വേണ്ടി ഓതിയാൽ അതൊന്നും തന്നെ എത്തുകയില്ലെന്ന പുത്തൻവാദികളുടെ അഭിപ്രായം നിരുപാധികമല്ല. പണ്ഡിതന്മാരുടെ പ്രബലമായ അഭിപ്രായത്തിൽ അത് ആ വ്യക്തിക്ക് എത്തുമെന്നാണ് കാണാൻ സാധിക്കുന്നത് اللهم أوصل ثواب ما قرأناه ( അല്ലാഹുവേ ഞാൻ ഈ ഊതിയതിന്റെ പ്രതിഫലം ഇന്ന ആൾക്ക് നീ എത്തിച്ചു കൊടുക്കേണമേ ) എന്നിങ്ങനെ പ്രാർത്ഥിക്കുക. അല്ലാഹുവിന്റെ അദൃശ്യ നിയന്ത്രണത്തെ പറ്റിയും മനുഷ്യരെ ചിന്തിപ്പിക്കും വിധം അവന്റെ ദൃഷ്ടാന്തങ്ങളിലൂടെയൊരു സഞ്ചാരം നടത്താൻ മനുഷ്യർക്കു പ്രേരണ നൽകുന്ന ഒരുപാട് വിഷയങ്ങൾ പിന്നീടുള്ള സൂക്തങ്ങളിൽ ഉൾക്കൊള്ളുന്നു. "شعرى" എന്ന നക്ഷത്രത്തെ കുറിച്ചും പറയുന്നുണ്ട്. ഏറെ തിളക്കമുള്ള ഈ നക്ഷത്രം പണ്ട് കാലത്ത് അറബികൾ ആരാധിച്ചുവരുന്നതിനാലാണ് ഇതിനെ പ്രത്യേകം എടുത്തുപറഞ്ഞത്.
മനുഷ്യന് അള്ളാഹു നൽകിയ അനുഗ്രഹങ്ങൾ അസംഖ്യവും തിട്ടപ്പെടുത്താനാവാത്തതുമാണ്. സർവരും അത് അനുഭവിച്ചാസ്വദിക്കുന്നു. ഖുർആൻ ശ്രവിക്കുമ്പോൾ വിസ്മയ ഗോഷ്ടികൾ കാണിക്കുകയും കോപ്രായങ്ങളും പരിഹാസ പ്രകടനങ്ങളും നടത്തുകയും ചെയ്യുന്ന നിഷേധികളോടാണ് അവസാനമായി സംബോധനം ചെയ്യുന്നത്. കേട്ടമാത്രയിൽ വിശ്വസിക്കുകയല്ലാതെ അതിനെ പറ്റി അത്ഭുതപ്പെട്ട് നിഷേധിക്കുകയും പരിഹസിച്ച് ചിരിക്കുകയുമല്ല, മറിച് അല്ലാഹുവിനെ ഭയന്ന് കരയുകയാണ് വേണ്ടത്. فَاسْجُدُوا لِلَّهِ وَاعْبُدُوا നിങ്ങൾ അവൻ സാഷ്ടാംഗം ചെയ്യുകയും അവനെ ആരാധിക്കുകയും ചെയ്യുക. ഈ അവസാന സൂക്തം ഓതിയാൽ തിലാവത്തിന്റെ സുജൂദ് സുന്നത്തുണ്ട്. ഇബ്നു അബ്ബാസ് (റ ) പറയുന്നു : നബി (സ്വ) സൂറത്തു നജ്മ് ഓതി സുജൂദ് ചെയ്തു. നബിയോടൊപ്പം അവിടെയുണ്ടായിരുന്ന മുസ്ലിംകളും മുശ്‌രിക്കുകളും ജിന്നും സുജൂദ് ചെയ്തു. (ബുഖാരി )
അല്ലാഹുവേ, നിന്റെ സജ്ജനങ്ങളായ അടിമകളിൽ നീ ഞങ്ങളെ ഉൾപെടുത്തേണമേ.. آمين يا رب العالمين
اللهم لك الحمد والشكر
Hafila Fathima. P
MTM Wafiyya college,olavilam

0 Comments