സൂറത്തുത്ത്വൂർ : സത്യനിഷേധികൾക്കൊരു താക്കീത്


    വിശുദ്ധ ഖുർആനിലെ അൻപത്തിരണ്ടാം അധ്യായമായ സൂറത്തുത്ത്വൂർ,ഹിജ്റക്കു മുമ്പ് പുണ്യ മക്കയിൽ വെച്ചാണ് അവതരിച്ചത്.49 സൂക്തങ്ങളടങ്ങിയ പ്രസ്തുത അദ്ധ്യായത്തിന്റെ തുടക്കം 'ത്ത്വൂർ' (പർവ്വതം) എന്നതിനാലാണ് ഈ അധ്യായത്തിന്റെ തൂർ എന്ന നാമധേയത്തിന് നിദാനം.  പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ പ്രവാചകത്വ പ്രഖ്യാപനത്തിന് ശേഷം സൂറ ഖാഫിന്റെയും ദാരിയത്തിന്റെയുമെല്ലാം സമാന കാലഘട്ടത്തിലാണ് ഈ സൂറത്തിന്റെയും അവതരണം.


സത്യനിഷേധികള്‍ക്കു വമ്പിച്ച ശിക്ഷ അനുഭവപ്പെടുമെന്നും, അതു തടുക്കുവാന്‍ യാതൊരു മാര്‍ഗ്ഗേണയും സാധ്യമല്ലെന്നും അല്ലാഹു അഞ്ചു വസ്തുക്കളാല്‍ ഈ അധ്യായത്തിൽ ആണയിട്ടു പറയുന്നു. ആ അഞ്ചു സത്യവാചകങ്ങളില്‍ ചിലത് ചരിത്ര പ്രധാനമായ ചില സംഭവങ്ങളെയും, മറ്റു ചിലത് മഹത്തായ ചില പ്രകൃതി ദൃഷ്ടാന്തങ്ങളെയും കുറിക്കുന്നവയാണ്.


ഇവയിൽ ഒന്നാമത്തേത്  "ത്വൂർ" എന്ന പർവ്വതം കൊണ്ടുള്ള പ്രതിജ്ഞയാണ്.തൂർ എന്നത് ചരിത്രത്തിൽ സവിശേഷമായ പർവ്വതം കൂടിയാണ്. അഥവാ, പ്രവാചകൻ മൂസാ ( *عليه السلام* )ന്റെ പ്രവാചകത്വ സിദ്ധിക്കും, തൗറാത്ത് അവതരണത്തിനും സാക്ഷിയായ പ്രസിദ്ധ സീനാപര്‍വതം ( *طور* *سيناء* )മറ്റു ചരിത്രപ്രധാനമായ നിരവധി സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഒരേടാണ്. ഇതേ വാക്കുതന്നെ പൊതുവില്‍ മറ്റു പര്‍വതങ്ങള്‍ക്കും പറയാവുന്നതാണ്. ഇതിൽ രണ്ടാമത്തേത് ( *الْبَيْتِ الْمَعْمُورِ* ) എന്ന പേരില്‍, മലക്കുകളാല്‍ നിത്യവും ആരാധന നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന ആകാശത്തിലെ മന്ദിരമാണ്.ഈ ഗേഹത്തിനെ പറ്റിയുള്ള പ്രതിപാദ്യങ്ങൾ പല നബി വചനങ്ങളിലും വന്നിട്ടുണ്ട്.


മിഅ്റാജിന്റെ പ്രസിദ്ധമായ ഹദീസില്‍, ഏഴാം ആകാശത്തുവെച്ചുണ്ടായ സംഭവങ്ങളെപ്പറ്റി വിവരിക്കുന്നതിന് മധ്യേ നബി ( *صَلَّى اللَّهُ عَلَيْهِ* *وَسَلَّمَ* ) ഇപ്രകാരം പ്രസ്താവിക്കുന്നുണ്ട് :


 *ثم رفع بي إلى البيت* *المعمور، وإذا هو يدخله كل* *يوم سبعون ألفاً لا* *يعودون إليه-متفق عليه* 


(പിന്നീട് എന്നെ 'ബൈത്തുല്‍ – മഅ്മൂറി' ലേക്കു ഉയര്‍ത്തപ്പെട്ടു. നോക്കുമ്പോള്‍, അതില്‍ ദിനംപ്രതി എഴുപതിനായിരം മലക്കുകള്‍ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. പിന്നീട് അവര്‍ അതിലേക്ക് മടങ്ങി വരുന്നതല്ല).


ഗൗരവമേറിയ പ്രസ്തുത സത്യവാചകങ്ങളില്‍ ഉറപ്പിച്ചു പറഞ്ഞു കൊണ്ട് അല്ലാഹു വരാനിരിക്കുന്ന ശിക്ഷയെ പറ്റിയും അതിന്റെ സമയത്തെ പറ്റിയും പറയുന്നു.

ലോകാവസാന വേളയിൽ ഉണ്ടാകുന്ന അതിഭയങ്കര സംഭവവികാസങ്ങളും, മനുഷ്യന്റെ ഊഹങ്ങൾക്കും അനുമാനസങ്കല്പങ്ങൾക്കുമതീതമായ പലതും അന്ന് സംഭവിക്കുമെന്നും അന്നേരം സത്യവിശ്വാസികളായ ഭാഗ്യവാൻമാർക്കുള്ള പ്രതിഫലങ്ങളെ കുറിച്ചും അല്ലാഹു പരാമർശിക്കുന്നു.

മുഅമിനീങ്ങൾക്കും തഖ്‌വ കൈകൊള്ളുന്നവരുമായ ആളുകൾക്കും സന്തോഷവാർത്തയറിയിക്കുന്ന സൂക്തവുമാണിത്. അവർ സ്വർഗീയരാമങ്ങളിലും സുഖാനുഗ്രങ്ങളിലുമായിരിക്കും. സത്യവിശ്വാസികളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുമ്പോൾ അവരുടെ വിശ്വാസികളായ സന്തതികളെയും അവരോടൊപ്പം ചേര്‍ക്കും എന്ന്  *الله* 

തആല വ്യക്തമാക്കുന്നുണ്ട്.


  മക്കൾ താഴ്ന്നവരാണെന്നിരിക്കിലും മാതാപിതാക്കളുടെ കൺകുളിർമ ക്ക് വേണ്ടി അവരുടെ പദവി ഉയർത്തുന്നതാണെന്ന് ഖുർആൻ പറയുന്നു. എന്നാൽ മാതാപിതാക്കൾ എത്ര  ഉന്നതപദവിസിദ്ധിച്ചവരാണെങ്കിലും അത് കാരണത്താൽ  അവിശ്വാസികളും ദുർനടപ്പുകാരുമായ അവരുടെ മക്കൾക്ക് യാതൊരു രക്ഷയും കിട്ടുന്നതല്ല.

 *<كل امرئ بما كسبت رهين>* 

(എല്ലാ മനുഷ്യനും അവൻ സമ്പാദിച്ചതിന്റെ പണയമാണ്‌)


അവൻ ചെയ്ത കുറ്റത്തിന് അവൻ മാത്രമാണ് ഉത്തരവാദി. മാതാപിതാക്കളോ മക്കളോ എത്ര ഉന്നതസ്ഥാനക്കാരായിരുന്നാലും മറ്റുള്ളവർക്ക് വല്ല രക്ഷയും കൈവരുമായിരുന്നുവെങ്കിൽ നൂഹ് നബി( *عليه* *السلام* )യുടെ മകന്നും ഇബ്രാഹിം നബി( *عليه* *السلام* )യുടെ പിതാവിന്നും ലൂത്ത് നബി( *عليه* *السلام* )യുടെ ഭാര്യയ്ക്കും നബി( *صلى* *الله عليه* *وسلم* )തിരുമേനിയുടെ പിതൃവ്യന്‍മാർക്കും സംരക്ഷണം ലഭിക്കേണ്ടതായിരുന്നുവല്ലോ...നീച പദവിയിലുള്ളവരെ ഉന്നതപദവിയിലേക്കുയര്‍ത്തുന്നത് അല്ലാഹുവിന്റെ ഔദാര്യവും ദയയും ( *فضل الله* ) ആണെങ്കില്‍, അവരവരുടെ കുറ്റത്തിനു അവരവരെത്തന്നെ ഉത്തരവാദിയാക്കുന്ന വ്യവസ്ഥ അവന്റെ നീതിന്യായകർതൃത്വവുമാകുന്നു ( *عدل الله* ). 


പ്രസ്തുത സൂറത്തിൽ സത്യനിഷേധികളുടെ ആരോപണങ്ങളുടെയും പരസ്പര വൈരുദ്ധ്യമായ പ്രസ്താവനകളുടെയും നേരെ കണ്ണടച്ചുകൊണ്ട് സത്യപ്രബോധനം തുടര്‍ന്നുകൊള്ളുവാനും, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടു അവയില്‍ നിന്നെല്ലാം നബി ( *صَلَّى اللَّهُ عَلَيْهِ وَسَلَّمَ* ) പരിശുദ്ധനാണെന്നും സമാധാനിച്ചുകൊള്ളുവാനും അല്ലാഹു നബി തിരുമേനിയെ ഉപദേശിക്കുന്നുണ്ട്. ശേഷം അല്ലാഹു അവര്‍ക്ക് കനത്ത താക്കീതുകള്‍ നല്‍കുകയും, അവരെ വെല്ലുവിളിക്കുകയും ചെയ്യുന്നു. മര്‍ക്കടമുഷ്ടിയും, ധിക്കാരമനസ്ഥിതിയും കൈമുതലായി സ്വീകരിച്ചിട്ടില്ലാത്ത ഏവരുടെയും ഹൃദയങ്ങളിലേക്ക് തുളഞ്ഞുകയറുന്ന ചോദ്യങ്ങള്‍! വീണ്ടുവിചാരമുള്ളവരെ രോമാഞ്ചം കൊള്ളിക്കുന്ന വാച്യങ്ങൾ! ചിന്താശക്തിയുള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കുന്നതായ പ്രസ്താവനകള്‍...!

ഇത് ദൈവികമല്ലെങ്കിൽ, അവനിൽ നിന്നല്ലെങ്കിൽ മറ്റെവിടെ നിന്നാണ് ...?


 اللهم اجعلنا من  المتقين المحسنين....


Fathima .p

Fathima.Razvi

Beevi khadeeja women's academy,Balla Kadappuram