സൂറത്തുൽ ബലദ്:മനുഷ്യൻ,നാഥന്റെ ഉൽകൃഷ്‌ട സൃഷ്ടി.


പ്രവാചകൻ മുഹമ്മദ്‌ (സ്വ)യുടെ അത്യുന്നത പദവിയും വിസ്മയമാർന്ന മനുഷ്യകുല സൃഷ്ടിപ്പും ഒട്ടനവധി രഹസ്യനിബിഢമാണെന്ന് ഉണർത്തി കൊണ്ടാണ് പരിശുദ്ധ ഖുർആനിലെ തൊണ്ണൂറാം അദ്ധ്യായമായ സൂറത്തുൽ ബലദ് പ്രാരംഭം കുറിക്കുന്നത്.

പ്രവാചകന്റെ മദീന പാലായനത്തിന് മുമ്പേ മക്കയിൽ അവതീർണ്ണമായ ഈ 20 സൂക്തങ്ങൾക്ക് 'البلد' എന്ന നാമം നൽകിയത് ആദ്യ സൂക്തത്തിൽ തന്നെ പരാമർശിക്കപ്പെട്ട മക്കാ നഗരം എന്നർത്ഥമുള്ള 'البلد' എന്ന പദമാണ്.


 പ്രസ്തുത സൂറത്തിൽ, പ്രവാചകസാന്നിധ്യം അതിമഹത്തരമാണെന്നും മനുഷ്യസൃഷ്ടിപ്പിലും പവിത്രതയേറെയുണ്ടെന്നും ചൂണ്ടി കാണിച്ചതിനു ശേഷം അതി സുപ്രധാനമായൊരു ആശയത്തെ ലോക ജനതയ്ക്ക് മുന്നിൽ വ്യക്തമാക്കി കൊണ്ട് നാഥൻ പറയുന്നു :

لقد خلقنا الإنسان في الكبد....(٤)

 നിശ്ചയം, പ്രതിസന്ധികൾ അഭിമുഖീകരിക്കും വിധമാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്.

അതെ, ഇഹലോകം സുഖലോലുപതാസമ്പന്നവും ആഡംബരനിബിഡവുമല്ല മറിച്ച്, ഓരോ മനുഷ്യനും തന്റെ ജീവിതത്തിൽ ഒട്ടനവധി പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുമെന്ന യാഥാർത്ഥ്യത്തെ സംബന്ധിച്ച് വാചാലമാവുകയാണ് ഈ സൂക്തം. കാരണം, ഭൗതിക ജീവിതമെന്നത് പരീക്ഷണത്തിന്റേതാണ്.ആദ്യ ശ്വസനം മുതൽ അന്ത്യം വരെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും പരീക്ഷണത്തിന്റെയും പ്രയാസത്തിന്റെയുമാണ്.

അതിനെയല്ലാം ഉദാത്തമായി അഭിമുഖീകരിക്കാനുതകുന്ന ഒരു സൃഷ്ടിപ്പാണ് നാഥൻ മനുഷ്യനിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്.


തുടർന്നുള്ള ആയത്തുകളിൽ മക്കാ മുശ്രിക്കുകളിൽപ്പെട്ട ധിക്കാരിയും തെമ്മാടിയുമായിരുന്ന അബുൽ അശ്ദ്ദിബ്നു കലദയെ കേന്ദ്രീകരിച്ചുകൊണ്ട് സർവ്വ നിഷേധികളോടും താക്കീതിന്റെ സ്വരമുയർത്തുകയാണ് സർവ്വാധിപനായ الله.

ഈ സൂറത്തിലൂടെ അള്ളാഹു അതിശക്തനും ധീരനുമായ ഇദ്ദേഹത്തെ കീഴ്പ്പെടുത്താൻ മറ്റൊരാൾക്കും കഴിയില്ല എന്ന ഇയാളുടെ നീചചിന്തയെ ചോദ്യംചെയ്യുകയും പ്രവാചകനെതിരെ ധാരാളം ധനം താൻ ചിലവഴിച്ചുവെന്ന അദ്ദേഹത്തിന്റെ മേനിപറച്ചിലിനെ  അവഹേളന വിധേയമാക്കുകയും ചെയ്യുന്നുണ്ട്.


 ശേഷം, ഭയപ്പെടുത്തലിന്റെ ധ്വനികളാൽ ചോദിക്കുന്നു:

" തന്നെയാരും കാണുന്നില്ലെന്നാണോ അവന്റെ വിചാരം, അവനു നാം രണ്ട് നേത്രങ്ങളും ഒരു നാക്കും രണ്ട് അധരങ്ങളും ഉണ്ടാക്കിക്കൊടുക്കുകയും രണ്ട് സ്പഷ്ടമാർഗ്ഗങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തിട്ടില്ലേ?"

 അവതരണ പശ്ചാത്തലം അദ്ദേഹവുമായി ബന്ധപ്പെട്ടതാണെങ്കിലും അത്തരത്തിലുള്ള മുഴുവൻ ധിക്കാരികളോടുമുള്ള നാഥനെ സമീപനവും ഇപ്രകാരം തന്നെയാണ്.


 പിന്നീട്, അല്ലാഹുവിനോടുള്ള വിധേയത്വത്തിന്റെ കടമ്പ ഭേദിക്കുന്നതിലൂടെ യഥാർത്ഥ വിജയ സാക്ഷാൽകാരമായ സ്വർഗ്ഗലബ്ധിയെ സംബന്ധിച്ച് പ്രതിപാദിക്കവേ, അടിമയെ മോചിപ്പിക്കുക, പട്ടിണിയുടെ നാളിൽ ബന്ധുവായ അനാഥക്കോ പരമദരിദ്രനായ ഒരു സാധുവിനോ ഭക്ഷണം നൽകുക തുടങ്ങിയ സൽക്കർമ്മങ്ങളെ വിജയനിദാനമായി എണ്ണപ്പെടുകയാണിവിടെ.

ശേഷം സത്യവിശ്വാസം വരിക്കുകയും സഹനവും കാരുണ്യവും കൊണ്ട് അന്യോന്യം ഉപദേശിക്കുകയും ചെയ്തവരായ വലതുപക്ഷ ക്കാരിൽ ഉൾപ്പെടലിന്റെ പ്രാധാന്യത്തെയും മഹത്വത്തെയും പരിചയപ്പെടുത്തുന്നു. അതുപോലെ, اللهവിന്റെ സൂക്തങ്ങളെ നിഷേധിച്ച വരായ ഇടതുപക്ഷക്കാരോട് കുറ്റവാളികളെ അടച്ചുപൂട്ടുന്ന നരകപ്രവേശനത്തിന്റെ ഭയാനകതയെ സംബന്ധിച്ച് താക്കീത് നൽകുകയും ചെയ്തു കൊണ്ടാണ് ഈ സൂറത്ത് പരിസമാപ്‌തി കൊള്ളുന്നത്. മനുഷ്യനെ സൽപാന്ഥാവിലേക്ക് ആനയിക്കാനുള്ള കാരുണ്യത്തിന്റെ ഉപദേശങ്ങളാണ് ഇവകളോരൊന്നും...


 ഇത്തരത്തിൽ സത്യവിശ്വാസികൾക്ക് ഗുണകാംക്ഷയായി ഇറക്കപ്പെട്ട ഓരോ വിശ്വവചസ്സുകളും ഉൾക്കൊണ്ട് വിജയശ്രീലാളിതരുടെ ജീവിതവും മരണവും വരിക്കുവാൻ നാഥൻ തൗഫീഖ് നൽകട്ടെ....

آمين يا رب العالمين


Irfana. AM

Thanveerul islam womens college