സൂറത്തുൽ ഫലഖ് : മനുഷ്യനൊരു രക്ഷാകവചം
സർവ്വ സമ്പൂർണ മൂല്യങ്ങളെക്കുറിച്ചും മനുഷ്യകുലത്തിനു ഉദ്ബോധനം നൽകിയ പരിശുദ്ധ ഖുർആനിന്റെ തർതീബ് അടിസ്ഥാനത്തിലുള്ള അവസാന സൂറത്തുകൾ പ്രാർത്ഥനകളായിട്ടാണ് അള്ളാഹു ഇറക്കിയിട്ടുള്ളത്. അള്ളാഹുവിന്റെ ഗുണവിശേഷങ്ങളെ വിവരിച്ചു തന്നുകൊണ്ട് യഥാർത്ഥവും നിഷ്കളങ്കവുമായ തൗഹീദ് എന്താണെന്നു സൂറത്തുൽ ഇഖ്‌ലാസിലൂടെ അള്ളാഹു നമ്മെ പഠിപ്പിച്ചു. തൗഹീദിലൊരു തരി പോലും ശിർക്ക് പാടില്ലെന്ന് പഠിപ്പിച്ച സൂറത്തുൽ ഇഖ്‌ലാസിനു ശേഷം സൂറത്തുൽ ഫലഖിൽ എങ്ങനെയാണ്, ആരോടാണ്, ഏത് പ്രകാരത്തിലാണ്, എന്തെല്ലാം കാര്യങ്ങളിൽ നിന്നാണ് മനുഷ്യൻ അല്ലാഹുവിനോട് രക്ഷ തേടേണ്ടത് എന്ന് പഠിപ്പിക്കുകയാണ്.
മക്കയിലവതരിച്ച വെറും അഞ്ചു സൂക്തങ്ങൾ മാത്രമടങ്ങിയ ഈ സൂറത്തിന്റെ പ്രത്യേകതകൾ വിശാലമാണ്. രാത്രിയുടെ ഇരുളിനെ പിളർത്തി പ്രഭാതത്തെ പൊട്ടി മുളപ്പിക്കുന്ന, പുലരിയുടെ റബ്ബിനോട് ഞാൻ ശരണം തേടുന്നു എന്നുള്ള ആദ്യ സൂക്തത്തിൽ നിന്നു തന്നെ, വെളിച്ചവും സൂര്യനും പകലുമെല്ലാം അല്ലാഹുവിന് കീഴിലാണെന്നു മനസ്സിലാക്കപ്പെടുന്നുണ്ട്. അതിലൂടെ തന്നെ പ്രകൃതിയല്ല ദൈവം, അതിനൊരു സ്രഷ്ടാവും പരിപാലകനും ഉണ്ടെന്ന് തെളിയിക്കുക കൂടി ചെയ്യുന്നു.
രണ്ടാമതായി ശരണം തേടാൻ നബി (സ) യോട് കൽപ്പിക്കപ്പെടുന്നത് അള്ളാഹുവിന്റെ സൃഷ്ടികളിൽ ശർറായ എല്ലാ കാര്യങ്ങളിൽ നിന്നുമാണ്. പരിശുദ്ധ റബ്ബ് ഭൂമിലോകത്തുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യ നന്മക്ക് വേണ്ടിയാണ്. പക്ഷെ എന്തെങ്കിലും കാരണവശാൽ ചിലപ്പോൾ അവ മൂലം നാശ നഷ്ടങ്ങളും ആപത്തുകളും ഉണ്ടാകാറുണ്ട്. മനുഷ്യന് അത്യന്താപേക്ഷിതമായ ഘടകമാണ് വെള്ളം. പക്ഷെ വെള്ളത്തിന്റെ സാന്നിദ്ധ്യം കൂടിയാൽ അത് വെള്ളപ്പൊക്കമായി മാറുകയും മനുഷ്യന് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു. അത്കൊണ്ടാണ് അള്ളാഹു സൃഷ്ടിച്ചവയുടെ ശർറിൽ നിന്നും കാവൽ തേടണം എന്ന് പറഞ്ഞത്. ഇവ മാത്രമല്ല പിശാച്, ഇഴജന്തുക്കൾ, രോഗങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
വീണ്ടും അള്ളാഹു പറയുന്നുണ്ട് ഇരുണ്ട രാത്രി മൂടി വരുമ്പോഴുള്ള കെടുതിയിൽ നിന്നും നിങ്ങൾ കാവൽ തേടൂ.. പകൽ സമയത്തേക്കാളേറെ ആപത്തുകൾ സംഭവിക്കാൻ സാധ്യതയുള്ളത് രാത്രി സമയത്താണ്. രാത്രി സമയത്ത് പുറത്തിറങ്ങി നടക്കാൻ എനിക്ക് ഭയമില്ല എന്നു പറയുന്നത് ധീരതയല്ല മറിച്ചു തന്റെടമില്ലായ്മയാണ്. അതിനാൽ രാത്രിയിലെ ആപത്തുകളിൽ നിന്ന് കാവൽ തേടാൻ അള്ളാഹു കല്പിക്കുന്നു.
സൂറത്തിന്റെ നാല്, അഞ്ച് ആയതുകളിൽ വിവരിക്കുന്നത് മാരണക്കാരെ കുറിച്ചും അസൂയാലുക്കളെ കുറിച്ചുമാണ്.
نفاثات എന്ന പദം സ്ത്രീലിംഗം ആയതിനാൽ അവിടെ അർത്ഥമാക്കുന്നത് പുരുഷന്മാരുടെ മനോദൃ ഢതയെ ഏതെങ്കിലും തരത്തിലുള്ള മയക്കു പ്രയോഗങ്ങൾ വഴി മാറ്റി മറിക്കുന്ന സ്ത്രീകളാണെന്നും അഭിപ്രായം ഉണ്ട്
(نفاثات فی العقد)
കെട്ടുകളിൽ ഊതുക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം എന്ത് തന്നെയായാലും ശരി ആ പ്രവർത്തനം നടത്തുന്ന പുരുഷനും സ്ത്രീയും അതിൽ ഉൾപ്പെടും എന്നതാണ് ന്യായം. അസൂയാലുക്കളുടെ വിവക്ഷയായി പറയപ്പെട്ടിട്ടുള്ളത് അന്യന്റെ നന്മയിൽ അസംതൃപ്തി തോന്നുന്നവൻ എന്നാണ്. സ്ഥാനവും യോഗ്യതയും കൂടുന്നതിനനുസരിച്ച് അസൂയയുടെ വ്യാപ്തിയും കൂടി വരാറുണ്ട്. യൂസുഫ് നബിയെ സഹോദരർ കിണറ്റിലിട്ടതും, വേദക്കാർ തിരുനബി (സ) യെ സത്യപ്രവാചകൻ ആണെന്നറിഞ്ഞിട്ടും വിശ്വസിക്കാതിരുന്നതും അസൂയയുടെ ഉദാഹരണങ്ങളാണ്.
ചുരുക്കത്തിൽ മനുഷ്യപ്രകൃത്യ ദോഷമായി കണക്കാക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും കാവൽ തേടുകയാണ് ഈ ചെറിയ സൂറത്ത്. റസൂല്‍ തിരുമേനിﷺ ക്ക് വഫാത്ത് പ്രാപിച്ച രോഗത്തില്‍ അവിടുന്ന് ഇഖ്‌ലാസ്വ്, ഫലഖ്, നാസ് എന്നീ മൂന്ന് സൂറത്തുകള്‍ (المعوذات) ഓതി ദേഹത്തില്‍ ഊതിയിരുന്നുവെന്നും, രോഗം ശക്തിയായപ്പോള്‍ താന്‍ അവ ഓതി തിരുമേനിയുടെ കയ്യില്‍ ഊതി ആ കൈകൊണ്ട് തടവിക്കൊടുക്കാറുണ്ടായിരുന്നുവെന്നും ആഇശഃ (റ) പ്രസ്‍താവിച്ചതായി ബുഖാരിയും മുസ്‌ലിമും (റ) രേഖപ്പെടുത്തിയിരിക്കുന്നു. ഉഖ്ബത്തുബ്‍നു ആമിര്‍ (റ)ല്‍ നിന്ന് നസാഈ (റ)യുടെ ഒരു നിവേദനത്തില്‍ നബി ﷺ ഇപ്രകാരം പറഞ്ഞതായി വന്നിരിക്കുന്നു.” ഏതൊരാള്‍ക്കും ചോദിക്കുവാനും രക്ഷതേടുവാനും ഇവയെപ്പോലെ മറ്റൊന്നില്ല.”രോഗ വേളകളിൽ ഈ സൂറത്ത് ഓതി ഊതുന്നത് ഫലപ്രദമാണെന്നാണ് മുകളിലെ തിരുചര്യയിൽ നിന്നും നമുക്ക് വ്യക്തമാകുന്നത്. ആയത്തുകളാൽ ചുരുങ്ങിയതും ഓതാൻ നാവിന് എളുപ്പമുള്ളതും പ്രതിഫലങ്ങൾ ഏറെയുള്ളതുമായ ഈ സൂറത്തിലൂടെ നമുക്ക് അല്ലാഹുവിനോട് കാവൽ തേടാം.... ആശാന്തിയുടെയും അക്രമങ്ങളുടെയും കെട്ടഴിയുന്ന ഈ കാലത്ത്.... നന്മകളെ പുൽകാനായി....
اللهم أعذنا من شر ما خلقت۔۔
ربنا ولک الحمد والمنة
اٰمین یا رب العالمین
Adhila safla vp
Kerala sharee-ath academy wafiyya college, edathala Aluva

0 Comments