സൂറത്തുൽ ഇഖ്ലാസ് :അള്ളാഹുവിന്റെ അസ്ഥിത്വം തേടുന്നവർക്കുള്ള മറുപടി


യുക്തിപരമായ ചിന്തകളിൽ മുഴുകിയ ഭൗധികവാദികൾക്കും സ്വയംപ്രഖ്യാപിത ആൾദൈവങ്ങൾക്കും ബഹുദൈവ ഭക്തജനങ്ങൾക്കും എക്കാലത്തും ഒരു വെല്ലുവിളിയായി നിലകൊള്ളുന്ന, ഒരുകാലത്തും തകർക്കാൻ കഴിയാത്ത യാഥാർഥ്യമാണ് അള്ളാഹു എന്ന അഖിലലോകസൃഷ്ടാവ്.ഏകദൈവ വിശ്വാസം അസംബന്ധമാണെന്ന് ആക്രോഷിക്കുന്നവർക്കിടയിലും, ദൈവാസ്ഥിത്വം അന്വേഷിക്കുന്നവർക്കിടയിലും, ഇലാഹി വിശ്വാസത്തിന്റെ ആമുഖം നൽകുകയാണ് ഖുർആനിലെ നൂറ്റിപ്പന്ത്രണ്ടാം അദ്ധ്യായമായ ഇഖ്ലാസ്(നിഷ്കളങ്കത).ഇസ്ലാമിന്റെ അടിസ്ഥാനമായ ഏകദൈവ വിശ്വാസത്തെപ്പറ്റിയാണ് ഈ അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നത്.


ഇങ്ങനെയാണത്,പരമദയാലുവും കരുണാമയനുമായ അല്ലാഹുവിന്റെ നാമധേയത്തിൽ. നബീ, പ്രഖ്യാപിക്കുക: അവന്‍ ഏകനായ അല്ലാഹുവാകുന്നു; സര്‍വ സൃഷ്ടികളുടെയും ആശ്രയം.അവന്‍ ആര്‍ക്കെങ്കിലും ജന്മം നല്‍കുകയോ ആരുടെയെങ്കിലും സന്തതിയായി ജനിക്കുകയോ ചെയ്തിട്ടില്ല. അവന്ന് തുല്യനായി ഒരാളും ഇല്ല തന്നെ!


പ്രിയപ്പെട്ട ചോദ്യകർത്താക്കളെ,

വിശാലമായികിടക്കുന്ന അർത്ഥതലങ്ങളിലേക്ക്  അന്വേഷണം വ്യാപിപ്പിക്കുമ്പോൾ വ്യക്തമാകും ഇത് തന്നെയാണതിന്റെ വിശദീകരണവുമെന്ന്.


അതുകൊണ്ട് തന്നെ നാല് സൂക്തങ്ങൾ മാത്രമുള്ള ഈ അദ്ധ്യായം ഖുർആനിന്റെ മൂന്നിലൊന്ന് എന്നറിയപ്പെടുന്നു.


പതിനാൽ നൂറ്റാണ്ടുകൾക്ക് മുമ്പ്,വാചാലനിപുണനായ ത്വുഫൈൽ ഇബ്നു ഉമർ എന്ന മുശ് രിക്കുകളുടെ പ്രതിനിധി അള്ളാഹുവിന്റെ നസ്ബ് തേടി തിരുദൂതരെ സമീപിച്ചപ്പോൾ അള്ളാഹു പ്രിയപ്രവാചകനോട് പറയാൻ കല്പിച്ച അതേ വാക്യങ്ങൾ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അത്ഭുതവിപ്ലവങ്ങളും ആഗോളഅംഗീകൃത തിയറികളും കെട്ടിപ്പടുത്ത മനുഷ്യസമൂഹത്തിന് മുന്നിൽ സംശയലേശമന്യേ പറയാൻ ഒരു മുസ്ലിമിന് സാധിക്കുന്നത് എന്തുകൊണ്ടാണെന്നറിയുമോ?ഇത് ഏതെങ്കിലുമൊരു ബുദ്ധിജീവിയുടെ തലയിലുദിച്ച സിദ്ധാന്തമോ, ആർക്കോ തോന്നിയ വെളിപാടോ അല്ലാത്തതിനാലാണത്!ഏത് രക്ഷിതാവിനെക്കുറിച്ചാണോ അവർ സംസാരിക്കുന്നത്, ആ രക്ഷിതാവ് തന്നെ നിയോഗിച്ച പ്രവാചകനോട്‌ പറഞ്ഞുകൊടുക്കാൻ കല്പിച്ച അദ്ധ്യാപനമാണിത്.അതിൽ തെറ്റുണ്ടാവില്ലെന്ന കാര്യം വ്യക്തമാണ്. കാരണം, ലോകം മുഴുവൻ അംഗീകരിച്ച ഒരു ഉത്തമ നേതാവാണ് അത് പഠിപ്പിച്ചത്!


ഒരു സൃഷ്ടാവിനുണ്ടായിരിക്കേണ്ട നാല് വിശേഷണങ്ങളാണ് ഈ അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നത്:

1)احد -ഏകൻ

2)صمد-ആരെയും ആശ്രയിക്കാത്തവൻ, എല്ലാവരും ആശ്രയിക്കുന്നവൻ

3)لم يلد ولم يولد -ആരുടെയും സന്തതിയായിപിറക്കാത്തവൻ, ആർക്കും ജന്മം നല്കാത്തവൻ

4)لم يكن له كفوا احد-അവനു തുല്യമായി ഒന്നും തന്നെ ഇല്ലാത്തവൻ

.ഇവിടെ അള്ളാഹു അവന്റെ രണ്ട് വിശുദ്ധമായ വിശേഷണങ്ങൾ സ്ഥാപിക്കുകയും രണ്ട് നിഷിദ്ധമായ വിശേഷണങ്ങൾ നിഷേധിക്കുകയുമാണ് ചെയ്യുന്നത്.


ഇല്ലായ്മയിൽ നിന്ന് ഉണ്മയിലേക്ക് വന്നവരാണ് മനുഷ്യരും മറ്റു ജീവജാലങ്ങളുമെല്ലാം. എന്നാൽ അവയെ എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്നവന് ആദ്യവുമില്ല,അന്ത്യവുമില്ല. അടിസ്ഥാനപരവും യുക്തിഭദ്രവുമായ വിശകലനം!


തൗഹീദിന്റെ അലയൊലികളിൽ മുഴുകിയ സൂക്തങ്ങളായതിനാൽ سورة التوحيد എന്നും, പ്രവാചകന്മാരെ ദൈവപുത്രനാക്കിയും മറ്റുമുള്ള ഇതര പരാമർശങ്ങൾക്കുള്ള തിരുത്തലുകളായതിനാൽ سورة التجريد എന്നും,سورة الصمد, سورة الاصاص എന്നുമൊക്കെ ഈ സൂറത്തിന് പേരുകളുണ്ട്.


200 തവണ ഒരാൾ സൂറത്തുൽ ഇഖ്ലാസ് പാരായണം ചെയ്താൽ അവന്റെ 50 വർഷത്തെ കടം ഒഴികെയുള്ള സകലപാപങ്ങളും അള്ളാഹു പൊറുത്തുകൊടുക്കുമെന്ന് ഇമാം തുർമുദി (റ )റിപ്പോർട്ട് ചെയ്യുന്നു. ഒരാൾ ഉറങ്ങാൻ ഉദ്ദേശിച്ചാൽ വലതുഭാഗത്തേക്ക് ചെരിഞ്ഞുകിടന്ന് 100 തവണ ഈ അദ്ധ്യായം പാരായണം ചെയ്താൽ അന്ത്യനാളിൽ വലതുഭാഗത്തിലൂടെ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളാൻ അള്ളാഹു അവനോട് പറയുമെന്നും, നിസ്കാരശേഷം 10 തവണ പാരായണം ചെയ്താൽ സ്വർഗത്തിൽ അവനൊരു കൊട്ടാരം അള്ളാഹു പണിതുകൊടുക്കുമെന്നും, വീട്ടിലേക്കു പ്രവേശിക്കുമ്പോൾ ഓതിയാൽ അവനെയും അയൽവാസികളെയും തൊട്ട് ദാരിദ്ര്യത്തെ അള്ളാഹു നീക്കികൊടുക്കുമെന്നും ഹദീസുകളിൽ കാണാം. നിത്യേന പാരായണം ചെയ്യുന്നവർക്ക് ആരും കൊതിച്ചു പോകുന്ന കാരുണ്യത്തിന്റെ മരണമാണുണ്ടാകുക ,ഖബറിലെ ഞെരുക്കൽ മൃദുവായിരിക്കും, ആരും സഹായത്തിനില്ലാത്ത മഹ്ശറയിൽ അള്ളാഹുവിന്റെ വലിയ സഹായങ്ങൾ ലഭിക്കും,ഇഷ്ടമുള്ള  സ്വർഗകവാടത്തിലൂടെ കടക്കാം, സ്വർഗത്തിൽ പ്രത്യേക പരിഗണന ലഭിക്കും തുടങ്ങിയവയെല്ലാം ഈ സൂറത്തിന്റെ ശ്രേഷ്ഠതകളാണ്...

സൂറത്തുൽ ഇഖ്ലാസിനോടുള്ള വല്ലാത്ത ഇഷ്ടം കാരണത്താൽ തിരുദൂതർ സ്വർഗത്തിലാണെന്ന് പ്രഖ്യാപിച്ച സ്വാഹാബികളെ ചരിത്രത്താളുകളിൽ നമുക്ക് വായിക്കാം...


ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ഏറ്റവും വലിയ സന്തോഷം സൃഷ്ടാവിനെ കണ്ടുമുട്ടുന്നതാണ്.ഈ അദ്ധ്യായത്തോടുള്ള ആദരവും അതിലെ പ്രസ്താവനകളിലുള്ള ആത്മാർത്ഥവിശ്വാസവും ആ സന്തോഷത്തിലേക്ക് വഴിതെളിക്കുമെന്ന് തീർച്ചയാണ്.

കേവലം നാല് വചനങ്ങളും പതിനഞ്ച് വാക്കുകളും മാത്രമുള്ള ഒരു അദ്ധ്യായത്തിന് ഇത്രയേറെ മഹത്വം കല്പിക്കുന്നതിൽ അത്ഭുതപ്പെടുന്നത് അനാവശ്യമാണെന്നറിയുക. എന്തെന്നാൽ -മറ്റു ചർച്ചകളൊന്നുമില്ലാതെ അല്ലാഹുവിനെ പറ്റി മാത്രം പറയുന്ന സൂറത്താണിത്. ആൾദൈവങ്ങൾക്ക് ഇസ്ലാമിൽ സ്ഥാനമില്ലെന്നും അനശ്വരനായ ഒരേ ഒരു രക്ഷിതാവിന്റെ നിരീക്ഷണത്തിലാണ് സർവ്വവും എന്നും സമർത്തിക്കുകയാണ് ഈ അദ്ധ്യായം.

സത്യം ഇത്രയും വ്യക്തമാക്കി തന്നിട്ടും വിഡ്ഢിത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർക്കും ,വിടുവായിത്തം വിളമ്പുന്നവർക്കും വങ്കത്തരങ്ങൾക്ക് പിറകെ പോകുന്നവർക്കും പരിതാപകരമായ അവസ്ഥയല്ലാതെ പിന്നെന്താണ് പടച്ചവൻ  പകരംകൊടുക്കുക ?!


അഖീദയുടെ ഒരു ഗ്രന്ഥമായ ബദഉൽ അമാലിൽ പറയുന്നത് പോലെ

يَرَاهُ المُؤْمِنُونَ بِغَيْرِ كَيْفٍ = وَإِدْرَاكٍ وَضَرْبٍ مِنْ مِثَالِ

- فَيَنْسَوْنَ النَّعِيمَ إِذَا رَأَوْهُ = فَيَا خُسْرَانَ أَهْلِ الْإِعْتِزَالِ

[بدء الامالى- مكتبة العقيدة]

ഉദാഹരണങ്ങളിൽ കൂടി അല്ലാതെ, ആസ്വാദനത്തിൽ കൂടി അല്ലാതെ, ലോക രക്ഷിതാവുമായുള്ള  മറ നീക്കിയുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയിൽ മുഅ്മിനീങ്ങൾ മതി മറന്ന് ഉല്ലസിച്ചു നിൽക്കുന്ന സന്ദർഭത്തിൽ വഴിപിഴച്ചു പോയവരുടെ അവസ്ഥ എത്ര ക്ലേശകരം!!



Ashitha Azeez

Grace Valley Wafiyya College