അക്രമികളുടെ ബുൾഡോസർ;പ്രതിഷേധത്തിന്റെ ഫുൾ സ്റ്റോപ്പാവരുത്.
ഇന്ത്യയെന്ന ബഹുസ്വര ജനാധിപത്യ മതേതര രാഷ്ട്രത്തിന്റെ മതേതരത്വവും ജനാധിപത്യവും മരണാസന്നതയിലാണെന്ന് വിളിച്ചോതുന്ന സംഭവവികാസങ്ങളാണ് ഇന്ത്യൻ വേദികളിലിന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നീതിയും നിയമവും നടപ്പിലാക്കേണ്ട രാജ്യത്തിന്റെ അണിയറ പ്രവർത്തകരാണ് ഇതിന് ചുക്കാൻ പിടിക്കുന്നതെന്നത് ഏറെ ആശങ്കയുളവാക്കുന്നു. കാളക്ക് ചുവപ്പ് കാണുമ്പോഴുള്ള പരിഭ്രാന്തി പോലെയാണ് ഇന്ന് ഭരണകൂടത്തിന് ന്യൂനപക്ഷങ്ങളുടെ അടിവേരിളക്കുന്ന രീതിയിലുള്ള അക്രമാസക്ത മനോഭാവം ഉണ്ടാവുന്നത്.അവർക്കെതിരെയുള്ള അക്രമങ്ങളുടെ പട്ടിക നീളുമ്പോൾ ഏറ്റവുമൊടുവിലായി സ്ഥാനം പിടിച്ചത് ഉത്തർപ്രദേശിൽ, കുറ്റവാളികളെന്നു മുദ്രകുത്തി, നിയമനടപടികളില്ലാതെ കൂട്ടശിക്ഷ നൽകുന്ന പുതിയ പാറ്റേണാണ്.ആ പാറ്റേണിന്റെ ഭാഗമായി, പ്രവാചകൻ മുഹമ്മദ് നബി(സ്വ)യെ കുറിച്ചുള്ള പരാമർശത്തിൽ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുകയും, നിരപരാധികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമത്തിനുമുന്നിലിരുന്ന് നിയമത്തെ കൊഞ്ഞനം കുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ ഇടയിലേക്ക് ഭരണകൂടം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.
ബിജെപി ഔദ്യോഗിക വക്താവായ നൂപുർ ശർമ മെയ് 27ന് പ്രവാചകൻ മുഹമ്മദ് നബി(സ്വ)യെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതാണ് ഏറ്റവും പുതിയ വർഗീയ രക്തച്ചൊരിച്ചിലിന് കാരണമായത്. അതേ കയറിൽ തൂങ്ങി പിടിച്ചുകൊണ്ട് മറ്റൊരു വക്താവായ നവീൻ ജിൻഡാലും സമാനമായ അഭിപ്രായങ്ങളാണ് പോസ്റ്റ് ചെയ്തത്. ഉത്തരവാദിത്തപ്പെട്ടവരുടെ നിരുത്തരവാദപരമായി പരാമർശങ്ങളിലൂടെ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ മുഖം വികൃതമാക്കിയപ്പോൾ കേവല നിസ്സാര നടപടിയുമായി മുന്നോട്ടു പോയതിനെതിരെയും നിന്ദക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് തെരുവിലിറങ്ങിയതിന്റെ പേരിലാണ് യു.പിയിലെ പ്രയാഗ്രാജിൽ ഇരുപത് വർഷമായി നികുതിയടച്ചുകൊണ്ടിരുന്ന വിദ്യാർഥി നേതാവായ അഫ്രീൻ ഫാത്തിമയുടെ പിതാവായ
വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ നേതാവ് ജാവേദ് അഹ്മദിന്റെ വീട് അനധികൃതമെന്നരോപിച്ച് അലഹബാദ് ഡെവലപ്പ്മെന്റ് അതോറിറ്റി ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയതും അക്രമസംഭവങ്ങളുടെ മെയിൻബ്രെയിനെന്ന് ആരോപിച്ച് അദ്ദേഹത്തെയും കുടുംബത്തെയും പോലീസ് അറസ്റ്റ് ചെയ്തതും.
അനധികൃത നിർമ്മാണമാണ് ഭരണകൂടത്തിന് നടപടിയുടെ പ്രഖ്യാപിത കാരണമെങ്കിൽ 20 വർഷമായി നികുതി അടച്ചു കൊണ്ടിരിക്കുന്ന വീടല്ല ബുൾഡോസർ കൊണ്ട് നിരപാക്കേണ്ടിയിരുന്നത്, വിഷം നിറഞ്ഞ വർഗീയ,വംശീയ അധിക്ഷേപങ്ങളെയാണ് നിരപ്പാക്കേണ്ടിയിരുന്നത്.ബ്രിട്ടീഷ് ഇന്ത്യയിൽ പോലും സമരം ചെയ്യുന്നവരെ ജയിലിലടച്ചിട്ടുണ്ടെങ്കിലും അവരുടെ വീടുകൾ തകർത്തിട്ടില്ല...കുടു ബാംഗങ്ങളെ തെരുവിലിറക്കിയിട്ടില്ല...നികൃഷ്ടമായും നീചമായും പെരുമാറുന്ന ഇന്ത്യൻ സമകാലികതയിൽ നിരപരാധികളെയും ന്യൂനപക്ഷങ്ങളെയും കാരണമില്ലാതെ ജയിലിലടക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യാമെങ്കിൽ 146, 185 ഇന്ത്യൻ ശിക്ഷാനിയമപ്രകാരം സംഘർഷങ്ങളിൽ പങ്കെടുക്കുന്നവരെ ശിക്ഷിക്കാനും പിടികൂടാനും വകുപ്പുണ്ട്.
ഇതോ, ഇന്ത്യയുടെ മതേതര സംസ്കാരമെന്ന് ചോദിക്കാൻ മുമ്പ് ഇന്ത്യക്ക് പുറത്താൾക്കാറുണ്ടായിരുന്നു, എന്നാലിന്ന് അകത്തളങ്ങൾ അലങ്കോലമാകുമ്പോൾ ഇന്ത്യയുടെ അകത്തുനിന്ന് ചോദ്യങ്ങൾ ഉയർന്ന് വരുമ്പോൾ ബുൾഡോസർ ഒരു ഉത്തരമായി മാറുന്ന കാഴ്ച നാളെ നമ്മുടെ കണ്മുന്നിലും എത്തിയേക്കാംമെന്നതിന് യാതൊരു സംശയവുമില്ല.നിയമവും ആൾബലവും അവരുടെ കയ്യിലിരിക്കുമ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കുമെന്നതിലും വ്യാകുലത വേണ്ട...
ഇന്ന് അഫ്രീനാണേൽ നാളെ ആരാകും എന്നത് ചോദ്യചിഹ്നമാണ്.
പ്രശസ്ത നേപ്പാളി പ്രസാധകനും ഹിമാൽ മാസികയുടെ സ്ഥാപക എഡിറ്ററുമായ കനകമണി ദീക്ഷിത് ഒരു ബ്ലോഗിലെഴുതി "ഉത്തർപ്രദേശിൽ നടക്കുന്ന മനുഷ്യാവകാശങ്ങളുടെബുൾഡോസിംഗിനപ്പുറം ഇത് അന്താരാഷ്ട്ര നിയമങ്ങൾക്കും ജനീവ കൺവെൻഷനുകളും എതിരായ കൂട്ടായ ശിക്ഷയുടെ പ്രയോഗമാണ്".
അതിസമർഥമായും ആസൂത്രിതമായും ഓരോ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കി ജനങ്ങൾക്കിടയിലും സമൂഹങ്ങൾക്കിടയിലും ഭിന്നതയും അശാന്തിയും സൃഷ്ടിച്ച അവയുടെ അവസ്ഥ
"അരിയും തിന്ന് ആശാരിയും കടിച്ചു പിന്നെയും മുറുമുറു" എന്നതുപോലെ ആയിരിക്കുന്നു.
ബുൾഡോസർ രാജ് പ്രതിഷേധത്തിന് ഒരു ഫുൾ സ്റ്റോപല്ല.പ്രതിഷേധങ്ങളിനിയും ആളികത്തും.വിഷലിപ്തമായ പ്രസ്താവനയുടെ അലയൊലി അന്താരാഷ്ട്ര തലങ്ങളിൽ വരെ വീശിയടിച്ച് കൊണ്ടിരിക്കുമ്പോൾ അതിനുത്തരവാദികൾക്ക് മുന്നിൽ നിശബ്ദത വെടിയുന്നവരുടെ മൗനത്തിന് വലിയ വില നൽകേണ്ടിവരുമെന്ന് ഫാഷിസ്റ്റ് ക്രൂരതകർ അറഞ്ഞിരിക്കുന്നത് നല്ലതാണ്.
അഫ്രീൻമാർ ഇനിയും ഉയർന്നവരും... അനീതിക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യും.
ശബ്ദങ്ങൾ ഉയരണം...
നീതിയുടെ കാലൊച്ചകളിനിയും കേൾക്കണം...
ഇരുൾ നീങ്ങും,
പുതിയ പ്രഭാതം കിഴക്കൻ ചക്രവാളങ്ങളിൽ പൊട്ടിവരും...
അനീതി പുലയും,
നീതിയുടെ പൊൻവസന്തം വിരിയും...
ഇല്ലെങ്കിൽ, അഫ്രീൻ ഫാത്തിമയുടെ തളരാത്ത ഉറച്ച ശബ്ദവും തകർക്കപ്പെട്ട വീടും അന്തരീക്ഷത്തിൽ നിന്നകലും.സ്ക്രീൻകാഴ്ചകണ്ട് വേദനിക്കുന്ന മനസ്സോടെ അഫ്രീൻ ഫാത്തിമക്കും അവളെ പോലെ സമാനവസ്ഥയിൽ നീങ്ങുന്നവർക്കും വേണ്ടി പ്രാർത്ഥിക്കാം... ഒപ്പംനിൽക്കാം...
وَلَا تَحْسَبَنَّ ٱللَّهَ غَـٰفِلًا عَمَّا يَعْمَلُ ٱلظَّـٰلِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍۢ تَشْخَصُ فِيهِ ٱلْأَبْصَـٰرُ (സൂ:ഇബ്രാഹീം)
"അക്രമികൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു
അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകൾ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവർക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്."
നിറയുന്ന മിഴികൾ തുടക്കുന്ന മനുഷ്യർക്ക് ഹൃദയത്തിന് കരുത്ത് പകരുന്ന വചനം എന്നും മനസ്സിൽ വെച്ച് ബുൾഡോസർ മാമൻ എന്ന് പേരുവീണ ശിവരാജ് സിംഗ് ചൗഹാനെ പോലെ ബുൾഡോസറുകളുടെ നാട് എന്ന് ഇന്ത്യക്ക് പേരുവീഴാൻ ഒരു ഇന്ത്യൻ പൗരനും തുനിയാതിരിക്കട്ടെ എന്ന് ആത്മഗതം ചെയ്യാം...
✒️SHAHARBANU AP
WADEEMA MOHAMED BUTTI WOMEN'S COLLEGE, ONAPARAMBA

5 Comments
ما شاء الله
ReplyDeleteUsharayittund
Brilliant write shaharban...
ReplyDeleteGreat 👍
ReplyDeleteMa sha allah
ReplyDeleteGreat 👍
ReplyDelete