സമസ്ത:ആദർശം ആത്മാവാക്കിയ അതുല്യ സരണി
ആദർശ വിശുദ്ധിയുടെയും സച്ചരിതമായ കർമ്മവീഥിയുടെയും നൂറിലെത്തിനിൽക്കുന്ന നൂറ്റാണ്ടിന്റെ സുകൃത സാക്ഷ്യമാണ് കേരള മുസ്ലിംകളുടെ ആധികാരിക മതപണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. പാരമ്പര്യ തനിമയുടെ പ്രൗഢത്വത്തിൽ നിന്ന് അണുമണി വ്യതിചലിക്കാതെ പ്രതിസന്ധികളുടെ കൊടുംവളവുകളിൽ പാറപോലെ ഉറച്ചുനിന്ന് കാലാനുസൃതമായ ക്രിയാത്മക ഇടപെടലുകൾ നടത്തിയാണീ മഹിതസംഗമം ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ പ്രചരണത്തിനും ഉമ്മത്തിന്റെ ശാക്തീകരണത്തിനും തണലായത്. സമുന്നതരായ പണ്ഡിത മഹത്തുക്കളുടെ സമുദായ മദ്ധ്യേ കൊഞ്ഞനം കുത്തുകയും വിശ്വാസാദർശങ്ങളെ പച്ചയായി ചോദ്യം ചെയ്യുകയും ചെയ്തിരുന്ന ഇസ്ലാമിക വിരുദ്ധ പ്രചാരകർക്കും വഹാബികൾക്കും നവീനവാദികൾക്കും മറുപടിയുമായി ഉരുവം കൊണ്ട വിശുദ്ധ പ്രസ്ഥാനം കേരളീയ മുസ്‌ലിം പരിസരങ്ങളിൽ പ്രചരണം ചെയ്യുന്നതോടൊപ്പം ആദർശ വ്യതിയാനങ്ങളിൽ പതിഞ്ഞു നിൽക്കുന്ന അപകടം ഉമ്മത്തിനെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
സമുദായത്തിന്റെ മതപരവും ധാർമികവുമായ പരിപോഷണം ലക്ഷ്യമിട്ട് 1925-26 കാലത്ത് ഉത്ഭവിച്ച സമസ്ത സ്ഥാപിത ലക്ഷ്യം നിറവേറ്റുന്നതിൽ വിജയത്തിന്റെ വെള്ളിവരകൾ കണ്ടിട്ടുണ്ടെന്ന് നിസ്സംശയം പറയാം. സമുദായത്തിന്റെ രാഷ്ട്രീയ-സാമൂഹിക ഉന്നതികൾ സാധ്യമാക്കാൻ കെൽപ്പുള്ള ഒരു ജനതയെ പാകപ്പെടുത്തിയെടുക്കാൻ വരക്കൽ മുല്ലക്കോയ തങ്ങൾ മുതൽ തുടങ്ങുന്ന പണ്ഡിത ശ്രേഷ്ഠരുടെ മഹിത സംഗമത്തിനായി എന്നതാണ് ഇതിന്റെ സ്വീകാര്യത.
അപകടകരമായ വിശ്വാസ വ്യതിചലനങ്ങൾക്കെതിരെ സാധാരണക്കാരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന വ്യാജ ആത്മീയതെക്കെതിരെയും കള്ള ത്വരീഖത്തുകൾക്കെതിരെയും ആർജ്ജവമുള്ള ശബ്ദമായി കാലത്തോളം മുഴക്കത്തിൽ വർധിതവീര്യത്തോടെ മുസ്‌ലിം ബഹുജനങ്ങളെ ബോധവൽക്കരിക്കുകയും സന്ധിയില്ലാസമരം നടത്തുകയും ചെയ്യുന്നതിലൂടെ കേരളമുസ്ലിങ്ങളുടെ അഭിമാനകരമായ നിലനില്പിന്റെ ആധാരമായി സമസ്ത വളർന്നുകഴിഞ്ഞു.
മുസ്ലിം ഉമ്മത്തിന്റെ ചരിത്രവും വാർത്തമാനവും നാൾക്കുനാൾ ഉദ്ഘോഷിക്കുന്നത് ഒന്നിച്ചു നിൽക്കലിന്റെയും സാമുദായിക ഐക്യപ്പെടലിന്റെയും പ്രസക്തിയാണ്. ജനലക്ഷങ്ങൾ സംഗമിക്കുന്ന പരിപാവനമായ ഹജ്ജ് കർമ്മം മുതൽ സംഘടിത ക്രിയകളുടെ പാരമ്യത സമുദായത്തെ പരിപോഷിപ്പിച്ചെ ടുക്കുന്നതായി കാണാം.ഇതിനർത്ഥം മുസ്ലിമുകൾ ഏക വിഭാഗമായി ഇതര മതസ്ഥരെ ചുരമാന്തുക എന്നല്ല, പ്രബോധനത്തിന്റെ പ്രാരംഭകാലത്ത് അനുനയ ചർച്ചക്കായി ഖുറൈശി പ്രമുഖർക്ക് നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം എന്ന നിസ്വാർത്ഥമായ മറുപടി നൽകിയ പ്രവാചകൻ(സ്വ)യുടെ പൈതൃകമാണ് സമസ്ത അവലംബിക്കുന്നത്. കറകളഞ്ഞ ജീവിതവിശുദ്ധി കൈമുതലാക്കിയ സ്വാതിക നേതൃത്വത്തിന്റെ ശാന്തവും പക്വവുമായ നിലപാടുകൾ സ്വന്തം അസ്തിത്വത്തിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ ഇതര സമുദായങ്ങളോട് നന്മയോടെ സഹവർത്തിക്കണമെന്നും സഹാനുഭൂതിയോടെ നിലകൊള്ളണമെന്നുമുള്ള ഇസ്ലാമിക പാഠങ്ങൾ വിളംബരം ചെയ്യുന്നു. കേവലം ആളെ കൂട്ടലല്ല ഓരോ സമ്മേളനങ്ങളും കർമ്മ പദ്ധതികളും ആൾക്കൂട്ടത്തെ ആവേശമുഖരിതരാക്കുന്നതിലുമപ്പുറം ആത്മീയതലധിഷ്ഠിതവും സാമൂഹികമായും മതപരമായും അനിവാര്യമായ സാഹചര്യബന്ധിതവുമാണെന്നത് തീർച്ചയാണ്. യഥാർത്ഥത്തിൽ മുസ്ലിം ജനകീയ അടിത്തറയിൽ അടി മുതൽ മുടി വരെയുള്ള ആദർശപ്രചരണ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് 100 വയസ്സ് തികയാൻ അടുക്കുന്ന പ്രൗഢ സഭയുടെ ശോഭ.
മുസ്ലിം സമുദായത്തിൽ നവോത്ഥാനം സൃഷ്ടിച്ചത് നവീനവാദികൾ ആണെന്ന പൊള്ളത്തരത്തെ പൊളിച്ചടുക്കി സമസ്ത തൗഹീദിന്റെ യഥാർത്ഥ സന്ദേശം പ്രവാചകനിൽ നിന്ന് നേരിട്ട് മനസ്സിലാക്കി അനുചരർ കൈമാറിയ വിജ്ഞാനങ്ങളും കർമ്മങ്ങളും അതേ രീതിയിൽ ക്രോഡീകരിച്ച് മഹത്തുക്കളുടെ മദ്ഹബുകളാണ് യഥാർത്ഥ നവോത്ഥാന മാർഗ്ഗമെന്ന സന്ദേശം തലമുറകളിലേക്ക് ഈ സത്യസരണി കൈമാറി. പുതിയ കാലത്തിനും സമയത്തിനും അനുസരിച്ച് മതത്തെ കളങ്കപ്പെടുത്തലോ സുന്ദരമായ ആശയത്തെ വളച്ചൊടിക്കലോ പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്യലോ അല്ല നവോത്ഥാനം. മഹാന്മാരുടെ മാർഗ്ഗം പിന്തുടരുകയും അവരുടെ മാർഗ്ഗത്തിൽ മുന്നേറുകയും ചെയ്യുക എന്ന നയമാണ് എക്കാലത്തും സമുദായ സമുന്നതിക്ക് നിദാനമായത്. ആദർശം വിമർശിക്കപ്പെടുന്ന കാലത്ത് അഹ്ലുസ്സുന്നയുടെ ആന്തരികതയിൽ ഉമ്മത്തിനെ വാർത്തെടുക്കുന്ന കാവൽ പടയണിയായി സമസ്ത നിലകൊള്ളുന്നു.ഇസ്ലാം മത സംരക്ഷണമാണ് സമസ്തയുടെ പ്രധാന ലക്ഷ്യം.അത് കേവലം അനുഷ്ഠാനങ്ങളിൽ ചുരുങ്ങി നിൽക്കാതെ സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിലെല്ലാം മുസ്ലിം എന്ന സ്വത്വബോധം ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ മുന്നോട്ടു കുതിക്കാനുള്ള ഊർജ്ജം പകരുന്നു. ഉത്തരവാദിത്ത്വമുള്ള ഉലമാ-ഉമറാ ഐശ്വര്യമാണ് കേരള മുസ്ലിം സമൂഹത്തെ സുകൃതവും വ്യവസ്ഥാപിതവുമായ നിർമ്മിതി ആക്കിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും സാംസ്കാരികമായും വൈജ്ഞാനികമായും കേരള മുസ്ലീങ്ങളെ വ്യതിരിക്തമാക്കുന്ന പ്രധാന ഘടകം ഈ നിപുണമായ നേതൃപാടവം ആണ്. ക്ലാസ്മുറിക്കകത്ത് ഭാവി പൗരനെ നിർമ്മിക്കുന്നതോടൊപ്പം പൊതുപരിസരങ്ങളിൽ സദാചാര ധാർമിക പ്രചാരകരായി നിയോഗനിർവഹണം നടത്താനും വഴിതെളിക്കുന്നു. മാറിവരുന്ന ലോകസാഹചര്യങ്ങളിൽ അന്യം നിന്ന് പോവുന്ന സദാചാരവും ധർമ്മവും സത്യവും നിലനിർത്തുക എന്നതാണ് സമസ്തയുടെ മുദ്രാവാക്യം.
മതവും ഭൗതികവും സമന്വയിച്ച വിദ്യാഭ്യാസത്തിലൂടെ, സമുദായത്തെ വാർത്തെടുക്കുന്നതിലൂടെ സുസ്ഥിരമായ ഇസ്‌ലാമിന്റെ സാമൂഹികതയുടെ വെളിച്ചം വീശുകയാണീ ആദർശപ്പടയണി. ഇസ്ലാമിക മുഖ്യധാരയിൽ നിന്ന് വിട്ട് നിന്ന് ഇഷ്ടപ്രകാരം വിശ്വാസങ്ങൾക്കും പ്രമാണങ്ങൾക്കും പുതിയ വ്യാഖ്യാനം നൽകിയ വഹാബിസം പോലെയുള്ള പ്രസ്ഥാനങ്ങൾ മതതീവ്രവാദത്തിനും ഭീകരവാദത്തിനും ചുക്കാൻ പിടിക്കുമ്പോൾ മതനവീകരണത്തിന്റെ ആട്ടിൻകുപ്പായം അണിഞ്ഞവരെ സമുദായത്തിന് ബോധ്യപ്പെടുത്തുകയാണ് സമസ്ത. ആദർശവീര്യമല്ല, പണവും ആയുധബലവുമാണ് സലഫീഭീകരതക്ക് വളമിടുന്നത്.മത വിജ്ഞാനം കുറഞ്ഞ സാധാരണക്കാർക്കിടയിൽ ഇത്തരം ആദർശശൂന്യതയുടെ പൊള്ളത്തരങ്ങൾ സമസ്ത തുറന്നടിക്കുകയും യഥാർത്ഥ മതത്തിന്റെ സൗന്ദര്യപരിമളം പരത്തുകയും ചെയ്യുന്നു. വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതോടൊപ്പം ധാർമിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന സമുദായമാണ് സമസ്തയുടെ സ്വപ്നം. മതനിരാസവും മൂല്യനിഷേധവും ട്രെന്റായി മാറിയ വർത്തമാന കാലത്ത് ഇത്തരം ചതിവലകൾക്ക് പിറകിലെ അപകടക്കുഴികളിലകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത നൽകിവരുന്നു. റിലീഫ് പ്രവർത്തനങ്ങളും സേവന സന്നദ്ധതയുടെ സുകൃതങ്ങൾ പടർത്തിയും ജനമനസ്സുകളിൽ ഇടം പിടിച്ച ഈ സത്യസരണി സമൂഹത്തെയും ആദർശത്തെയും വേട്ടയാടുന്ന പല വിഷയങ്ങളുടെയും ഗൗരവം ജനശ്രദ്ധയിലേക്ക് കൊണ്ടുവരികയും അതുവഴി ഭരണകൂടത്തിന്റെ കൈകളിൽ നിന്ന് ലഭിക്കേണ്ട സാമൂഹ്യ നീതിയും അവകാശങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുന്നു. മതനിരാസതയും പ്രവാചകനിന്ദയും കുത്തിനിറച്ച് നിരന്തരം മതത്തെ പരിക്കേൽപ്പിക്കാൻ പ്രയത്നിക്കുന്നവരുടെ വെല്ലുവിളികളെ കാലോത്സുകമായി അതിജയിക്കുകയും ആശയത്തിലൂന്നിയ പ്രതിരോധം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് വർത്തമാനകാലത്ത് സമസ്തയിൽ നിന്ന് സമുദായത്തിനുള്ള ഏറ്റവും വലിയ കാവൽ. അരികുവൽകപ്പെട്ടവരല്ല,അർപ്പണബോധവും അഭേദ്യമായ പൈതൃകവുള്ളവരുമാണ് ഈ ജനതയെന്ന് ശാന്തതയിൽ കൊരുത്ത നയനിലപാടുകളിലൂടെ സമൂഹത്തിന് തുറന്നുകാട്ടി സമസ്ത എന്ന നൂറ്റാണ്ടിന്റെ സുകൃതം നൂറുവയസ്സിനോടടുത്തുനിൽക്കുന്നു. സമസ്തയുടെ ലക്ഷ്യം പോലെ മാർഗ്ഗവും പവിത്രമാണ്. പുതുമയല്ല, പഴമയുടെ തനിമക്ക് തണലാവുകയാണ് സമസ്ത എന്ന ഉണ്മ.
FATHIMA SUADA A
DARUL ATHFAL WAFIYYA COLLEGE KOPPAM

0 Comments