വിദ്യാഭ്യാസ നയങ്ങളിലെ ലിബറൽവൽക്കരണം; ഒളിയജണ്ടകളിലെ ലക്ഷ്യങ്ങൾ



അറിവിനെ അധികാര ദുർവിനിയോഗത്തിനായുള്ള അസംസ്കൃത വസ്തുവായി കണ്ടു പോന്നിരുന്ന ഒരു കാലത്തു നിന്നും അതിനാക്കം സൃഷ്ടിച്ചുകൊണ്ടാണ് അധികാരത്തെ തന്നെ അറിവാക്കി മാറ്റുന്ന പ്രക്ഷുബ്തമായ പ്രവണതയിലേക്ക് ഇന്ന് അഖണ്ഡ ഭാരതം ചലിച്ചുകൊണ്ടിരിക്കുന്നത് .വിദ്യാഭ്യാസത്തെ രാഷ്ട്രീയ ധ്വംസനങ്ങൾക്കുള്ള കാവലാളായും അസത്യങ്ങൾക്കും അർധ സത്യങ്ങൾക്കുമുള്ള ചുറ്റു മതിൽ പണിത് പ്രചുര പ്രചാരകരായി മറ തീർക്കാനുള്ള കള്ള സാക്ഷ്യങ്ങളായും ഉപയോഗപ്പെടുത്തുകയാണ് പുതിയ വിദ്യാഭ്യാസ നയങ്ങളിലൂടെ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. കാലങ്ങൾക്കതീതമായി മാറ്റങ്ങൾക്ക് വിധേയമാക്കേണ്ട വൈജ്ഞാനിക മേഖലയിൽ അനുചിതമായ പുനരുദ്ധാനങ്ങളാണ് ആവശ്യമെന്നിരിക്കെ അറിവിന്റെ അധികാരപ്രയോഗത്തിലൂ ടെ ആർഷഭാരതത്തിന്റെ തന്നെ ധർമ്മ ച്യുതിയിലേക്കാണ് 2020 ൽ പ്രഖ്യാപിതമായ ദേശീയ വിദ്യാഭ്യാസ നയം വിരൽചൂണ്ടുന്നത്." ഭരണകൂടങ്ങളെ എല്ലാം പിടിച്ചടക്കി , ഇനി സർവ്വകലാശാലകൾ മാത്രം ബാക്കി " എന്ന് പുളകം കൊണ്ട നാസി ജർമ്മനിയുടെ അതേ ഒളിയജണ്ടകളാണ് പുത്തൻ മേഖലകളിലൂടെ ബി.ജെ.പി ഭരണകൂടവും ലക്ഷ്യം വെക്കുന്നതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.


*വിദ്യാഭ്യാസ നയം : യഥാർത്ഥ ലക്ഷ്യമെന്ത് ?*


2020 ജൂലൈ മാസത്തിലാണ് വിദ്യാഭ്യാസ കുതുകികളെയും പ്രവർത്തകരെയും ഒന്നടങ്കം പ്രക്ഷുബ്ധതയിലേക്കും പ്രകോപനങ്ങളിലേക്കുമാനയിച്ചു കൊണ്ട് കേന്ദ്രസർക്കാർ 2020 ലെ ദേശീയ വിദ്യാഭ്യാസ നയം പുറപ്പെടുവിക്കുന്നത് . 1986 ന് ശേഷം 34 വർഷങ്ങൾ പിന്നിട്ടാണ് നയം പ്രഖ്യാപിച്ചതെന്ന് വീമ്പു പറയുന്നതിനിടയിലും പാർലമെന്റിലെ പ്രതിപക്ഷവുമായുള്ള ചർച്ചകൾക്കോ തീരുമാനങ്ങൾക്കോ മുതിരാതെ ഒരു വാർത്ത സമ്മേളനത്തിലൂടെയാണ് നയം പ്രഖ്യാപിച്ചത്.ഒറ്റ വായനയിൽ വികസന ഇന്ത്യയുടെ പുരോഗതി നിർണയിക്കുന്നുവെന്ന് വിശ്വസിപ്പിക്കുന്നുണ്ടെങ്കിലും പുരോഗമന തൃഷ്ണയുടെ വ്യാപ്തിയറിയുന്നത് പുതിയ നയങ്ങളെ ഇഴകീറി പരിശോധിക്കുമ്പോൾ മാത്രമാണ്. സെക്യുലറിസവും സോഷ്യലിസവും മുഖമുദ്രയാക്കി ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ഫെഡറൽ രാഷ്ട്രമെന്ന ഭാരതീയ ഖ്യാതിയെ എടുത്തു പറയുമ്പോഴും, കൺകറണ്ട് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന വിദ്യാഭ്യാസമെന്ന ഓരോ പൗരന്റെയും അവകാശത്തെ കേന്ദ്രീകൃതമാക്കിയതിനു പിന്നിലെ ഗൂഢതന്ത്രങ്ങൾ ഭരണകൂടത്തിന്റെ സർവ്വാശയങ്ങളും വിദ്യാർത്ഥികളിൽ കുത്തിവെച്ച് പരിശീലിപ്പിക്കുക എന്നത് മാത്രമാണ്. ഗവൺമെന്റിന്റേതെന്ന് മാത്രം അവകാശപ്പെടാനുണ്ടായിരുന്ന ആസ്തികളെയെല്ലാം കോർപ്പറേറ്റ് ദല്ലാളുകൾക്ക് തീറെഴുതി കൊടുക്കുന്ന സ്വകാര്യവൽക്കരണമെന്ന പ്രതിഭാസത്തിന്റെ പ്രതിധ്വനി വൈജ്ഞാനിക മേഖലയിൽ കൂടി ചാപ്പ കുത്തി പ്രതിഫലിപ്പിക്കുക കൂടി ചെയ്യുന്നത് കസ്തൂരി രംഗൻ റിപ്പോർട്ട് അധിഷ്ഠിതമായ നിഗമനങ്ങളിലെ തീർത്തും അരോചകമായ അജണ്ടകളായി കാണേണ്ടിയിരിക്കുന്നു. മാത്രമല്ല , വൈദേശിക സർവ്വകലാശാലകൾക്ക് ഇന്ത്യയിലേക്കുള്ള കടന്നുവരവ് സാധ്യമാക്കുന്നതിലൂടെ പാശ്ചാത്യ നവലിബറൽ ആശയങ്ങൾ വിദ്യാർത്ഥികളിലേക്ക് സന്നിവേശിപ്പിക്കുകയും പരമ്പരാഗത ഇന്ത്യൻ പാഠ്യ രീതികളിൽ നിന്നുള്ള വ്യതിചലനങ്ങൾക്ക് കൂടി കാരണമായി തീരുന്നുവെന്നതാണ് വാസ്തവം . മൂന്നു വയസ്സു മുതൽ നിർബന്ധിത വിദ്യാഭ്യാസത്തിനു വിധേയരാവേണ്ടി വരുന്ന വിദ്യാർത്ഥികളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ടെന്നത് മികച്ചൊരാശയമായി കാണാമെങ്കിലും ഉന്നത വിദ്യാഭ്യാസ തലത്തിൽ പഠനമുപേക്ഷിച്ച് തൊഴിൽ നേടാനവസരമൊരുക്കുന്നതിലൂടെ കോർപ്പറേറ്റുകൾക്കു കീഴിൽ തുച്ഛമായ ശമ്പളത്തിൽ പണിയെടുക്കുന്ന തൊഴിലാളികളെ സജ്ജീകരിച്ചു കൊടുക്കുക കൂടിയാണ് ലക്ഷ്യമെന്നത് ചിന്തിക്കേണ്ട വിഷയമാണ്. കോർപ്പറേറ്റ് താൽപര്യങ്ങൾക്കനുസരിച്ച് ആടുന്നതിൽ രസം കണ്ടെത്തിയ ഭരണകൂടം വിദ്യാഭ്യാസ നയങ്ങളിലൂടെ ലക്ഷ്യം പൂർത്തീകരിക്കുകയാണ് ചെയ്യുന്നത്.


*ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയോ?*


ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ സർവ്വ മതങ്ങളുമുൾക്കൊള്ളുന്ന ഇന്ത്യയിൽ ന്യൂനപക്ഷാവകാശങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ഹനിക്കുന്ന തരത്തിലുള്ള നയങ്ങളാണ് ഭാഷ കേന്ദ്രീകൃത പഠനങ്ങളിലൂടെയും അധ:സ്ഥിത വിഭാഗങ്ങളെ പഠിപ്പിക്കുന്നതിനായി ഓൺലൈൻ ബി.എഡ് മതിയെന്ന 'ഇളവു' നൽകിയതിലൂടെയും കേന്ദ്രം ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം കേന്ദ്രീകൃതമാക്കുന്നതിലൂടെ സംസ്ഥാനങ്ങൾക്ക് പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള പൂർണാവകാശം നഷ്ടപ്പെടുന്നുവെന്ന് മാത്രമല്ല, ഭരണകൂട താൽപര്യങ്ങൾക്കനുസൃതമായി മാറ്റ തിരുത്തലുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും നിഷ്പ്രയാസം സാധിക്കുന്നതേയുള്ളൂ. മഹാമാരി കാരണമായി സിലബസ് ചുരുക്കുന്നതിന്റെയടിസ്ഥാനത്തിൽ 10,11,12 ക്ലാസുകളിലെ പുസ്തകങ്ങളിൽ നിന്ന് വെട്ടിയൊഴിവാക്കിയത് മതേതരത്വവും ജനാധിപത്യവും ദേശീയതയും എന്തിനധികം ഉർദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതകളുമായിരുന്നുവെന്നറിയുമ്പോൾ ഹിന്ദുത്വവൽക്കരണത്തെ 'ഭാരതീയവൽക്കരണ' മെന്ന പേരിൽ മാറ്റിക്കുറിക്കുന്നതിന്റെ ഭാവി ഉൽപ്പന്നങ്ങളെ മനസ്സിലാക്കാവുന്നതേയുള്ളൂ.ഇന്ത്യൻ നവോത്ഥാനത്തിനും പുനരുദ്ധാരണത്തിനും വിലയേറിയ സംഭാവനകൾ നൽകിയ ഉർദു ഭാഷയെയും ഗൾഫ് രാജ്യങ്ങളിൽ നിന്നുമൊഴുകുന്ന സമ്പാദ്യത്തിന് നിധാനമായ അറബി ഭാഷയെയും തഴയുന്നതിലൂടെ മുസ്ലിം ന്യൂനപക്ഷ വളർച്ചയ്ക്കു കൂടി വറുതി വരുത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ദേശീയ വിദ്യാഭ്യാസ നയപ്രഖ്യാപനത്തിനു മുൻപ്   തന്നെ കർണാടകയിലും  ഉത്തർപ്രദേശിലും സംഘപരിവാർ ആശയങ്ങൾ കുത്തി നിറക്കാൻ ആരംഭിച്ചത് ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടത് തന്നെ .സെക്യുലറിസം , സോഷ്യലിസം എന്ന വാക്കുകൾക്ക് തന്നെ  പ്രാധാന്യം നഷ്ടപ്പെടുമെന്ന് വ്യക്തമാക്കും വിധമാണ് പുരാണങ്ങളിലെ പണ്ഡിതപ്രഭുക്കൾക്ക് മാത്രം ഇടം നൽകി സ്വാതന്ത്ര്യ സമര സേനാനികളെയോ നവോത്ഥാന നായകന്മാരെയോ പരാമർശിക്കാതെ പോയ 63 പേജുകളുള്ള ഈ നയം.

      യഥാർത്ഥത്തിൽ ഇന്ത്യയുടെ ജനാധിപത്യ മൂല്യചൂതിക്ക് ആക്കം കൂട്ടി നിയമ നിർമ്മാണങ്ങൾ നിരന്തരം നടന്നുകൊണ്ടിരിക്കെ വിദ്യാഭ്യാസത്തിലൂന്നിയ കാവിവൽക്കരണവും കോർപ്പറേറ്റ് ഉത്തേജനവുമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതൽ.


*നവ ലിബറൽ ആശയങ്ങൾ ഊർജ്ജിതമാവുമ്പോൾ*

         വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിലൂടെ ഉന്നം വെക്കുന്ന കോർപ്പറേറ്റ് ഉന്നമനം സാമ്പത്തികപരമായ ലിബറൽവൽക്കരണം മാത്രമല്ല, പാശ്ചാത്യ രാഷ്ട്രങ്ങളിൽ പയറ്റി പൊളിഞ്ഞ വശീകരിക്കപ്പെട്ട ആശയങ്ങളുടെ ഇന്ത്യയിലെ പുനക്രമീകരണം കൂടിയാണ്. വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക് പ്രവഹിക്കുന്നതോടെ പാശ്ചാത്യവൽക്കരിക്കപ്പെട്ട വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയ ധ്വംസനങ്ങൾ കൂടി കാണാവുന്നതേയുള്ളൂ. സ്വകാര്യവൽക്കരണവും ഉദാരവൽക്കരണവും ആരംഭിച്ചത് മുതലേ ലക്ഷ്യം കാണാത്തത് കൊണ്ടാവണം വിദ്യയിലൂടെ സാമ്പത്തിക മുന്നേറ്റം കുറിക്കുന്നത്. എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിന് പിറകെ കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് കൂടി തുടക്കം കുറിച്ചത് പുരോഗമന മേലാളരുടെ നിഗൂഢം താൽപര്യങ്ങൾ വകവെച്ചു കൊടുക്കലായി മാറുകയാണ്.

    കേരളത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി ലിംഗ നിഷ്പക്ഷതയെ ഊന്നിപ്പറയുന്ന സ്വത്വബോധത്തിനറുതി വരുത്തും വിധമാണ് നീക്കുപോക്കുകൾ സംഭവിക്കുന്നത്. അവളെന്നോ അവനെന്നോ വ്യത്യാസപ്പെടുത്താതെ മനുഷ്യനെന്ന നിലയിൽ പുരോഗമനം കൊള്ളുകയാണ് ജെൻഡർ ക്ലബ്ബുകളും ഇടകലർത്തിയിരുത്തലും നടത്തുന്നതിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്. ഹെട്രോ നോർമാലിറ്റിയിൽ നിന്നും ക്വിയർ നോർമാലിറ്റിയിലേക്ക് വിദ്യാർത്ഥികളെ 'ലിംഗം' മാറ്റുക എന്ന നവലിബറൽ വക്താക്കളുടെ താല്പര്യങ്ങൾക്ക് വഴിവെച്ചു കൊടുക്കുന്ന സർക്കാർ LGBTQ വിദ്യാർത്ഥികളെ പരിഗണിക്കുക,വിദ്യാർത്ഥികളെ ഇടകലർത്തിയിരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ കൂടി പാഠൃ പദ്ധതിയിൽ ഉൾപ്പെടുത്തിയതിലൂടെ  ലിബറൽവാദികളുടെ അട്ടഹാസങ്ങൾക്കൊരു പരിഹാരം മാത്രമാണ് കാണാനാവുന്നത്.2021 ഡിസംബർ 15 ന് കോഴിക്കോട് ബാലുശ്ശേരി ഗവ ഹയർസെക്കൻഡറി സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം കൊണ്ടു വന്നതിലൂടെ 'സദാചാരവാദികൾ ' രംഗത്തിറങ്ങുമ്പോൾ പെൺകുട്ടികൾ പാൻസ് ധരിച്ചാൽ എന്താ കുഴപ്പം? എന്ന ഇടതു ലിബറൽ വാദികളുടെ ചോദ്യത്തിന് ആൺകുട്ടികളെ ചുരിദാർ ധരിപ്പിക്കാത്തതിനുള്ള അമർഷവും കൂടി വ്യക്തമാക്കേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അടക്കം ഉന്നതാധികാരത്തിലുള്ളവർ ഇത്തരം ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാക്ഷര കേരളത്തിന്റെ നിരക്ഷരതയാണ് വ്യക്തമാകുന്നത്.2007 ലെ പാഠ്യ പദ്ധതി പരിഷ്കരണത്തിൽ ഒളിച്ചു കടത്തിയ   " മതമില്ലാത്ത ജീവൻ" അടക്കം വില പോകാത്ത ആശയങ്ങളാണ് ഈ നയങ്ങളിലൂടെയും ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നത് . കംഫർട്ട് യൂണിഫോം എന്നതിന് പകരം ജൻഡർ ന്യൂട്രൽ യൂണിഫോം എന്ന പ്രയോഗത്തിലൂടെ തന്നെ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ വൈജ്ഞാനിക മേഖലയിലെ പ്രായോഗികത തിരിച്ചറിയാവുന്നതേയുള്ളൂ.

    


 ചുരുക്കത്തിൽ , ദേശീയ വിദ്യാഭ്യാസ നയവും കേരള വിദ്യാഭ്യാസ നയവും ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ ചെലുത്താൻ ഇരിക്കുന്ന സ്വാധീനവും പ്രത്യാഘാതങ്ങളും ചെറുതല്ല .2030 ഓടെ പൂർണ്ണമായും നടപ്പാക്കാൻ ഇരിക്കുന്ന നയങ്ങൾ വിദ്യാർത്ഥികളിലേക്ക് സന്നിവേശിപ്പിക്കുന്നതിലൂടെ കേന്ദ്രസർക്കാറിന്റെ ഭരണകൂട താല്പര്യങ്ങളും കോർപ്പറേറ്റ് താൽപര്യങ്ങളും പാശ്ചാത്യ ലിബറൽ ആശയങ്ങളുടെ പ്രായോഗിക വൽക്കരണങ്ങളും വിദ്യാർത്ഥികളിലൂടെ പരീക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത് . ഇത്തരം ആശയങ്ങൾ നടപ്പിൽ വരുത്തുന്നതിലൂടെ രാഷ്ട്രത്തിന്റെ ഉന്നമനമാണ് ലക്ഷീകരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചവർ ശേഷം ഇതിന്റെ പ്രത്യാഘാതങ്ങൾ കണ്ടറിയേണ്ടത് തന്നെയാണ് . ഇന്ത്യ വെറുമൊരു ആശയമല്ല , ഭരണകൂട താല്പര്യങ്ങൾ കെട്ടിവെച്ച് പരീക്ഷിക്കാനുള്ള ലബോറട്ടറിയും അല്ല , രക്തവും മാംസവും  മജ്ജയുമുള്ള ജനങ്ങൾ അധിവസിക്കുന്ന,എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയുള്ള ജനാധിപത്യ രാഷ്ട്രമാണ്.പ്രബുദ്ധരെ ' പൊളി ' അജണ്ടകളുമായി വഴി തിരിച്ചുവിടേണ്ടതില്ല. പ്രബുദ്ധരേ ഇവിടം യഥാർത്ഥ  വഴി തുറന്നിട്ടുള്ളൂ!