പാഠം ഒന്ന് : ഡേവിഡിന്റെ പരിണാമം
ഞാൻ ഇന്നലെയാണ് ആത്മഹത്യ ചെയ്തത് ,ഭാരമേറുന്ന വർണ്ണച്ചിറകുകൾ ഊരിവെച്ച് ഒരു പൂമ്പാറ്റ ഇരുട്ടിലേക്ക് ഇഴയുന്ന പോലെ നിശബ്ദമായിരുന്നു എന്റെ ഒളിച്ചോട്ടം. കഴിഞ്ഞ കാലങ്ങളിലേക്കൊക്കെ ഓർമ്മകളുടെ മുറിപ്പാട് തൊടാതെ ഒന്ന് പോയി വന്നശേഷം ഏറ്റവും ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഏറെ പ്രിയമുള്ള റാസ് മലായി കഴിച്ച് റേഡിയോയിൽ രശ്പാൽ ബാബയുടെ ഗസലുകളിൽ മുഴുകി കൊണ്ടാണ് ഞാൻ കയറിന് കുരുക്കിട്ടത്. ചിരിച്ചുകൊണ്ട് മരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ കയർ കൊരവള്ളിയിൽ മുറുകിയപ്പോൾ എനിക്ക് വല്ലാതെ നൊന്തു. പല്ലിളിഞ്ഞെങ്കിലും അതേറെ വികൃതമായ ചിരിയെന്ന് എന്ന് എന്നെ ആദ്യം കണ്ട വീട്ടുവേലക്കാരി ജാനുവമ്മ അയൽക്കാരോട് പറഞ്ഞത് കേട്ടു. ഞാനിപ്പോൾ ശവമഞ്ചയിലാണ്. എല്ലാവരുടെയും നടുവിൽ ശുഭ്ര വസ്ത്രധാരിയായി ഇങ്ങനെ നെളിഞ്ഞുകിടക്കാൻ കഴിയുമെന്ന് ഞാൻ സ്വപ്നേപി നിനച്ചിട്ടില്ല. ഈ കിടത്തത്തിന് നല്ല സുഖമുണ്ട്. നാരങ്ങ മിട്ടായി തിന്ന് മുറിഞ്ഞ നാവിൽ വീണ്ടും അതേ മധുരം കൊണ്ടുരച്ച് നോവെടുക്കുന്ന ഒരു പ്രത്യേക സുഖം. 'ബ്ലഡി ബസ്റ്റാർഡ്' എന്ന് വിളിച്ചു മാത്രം ഫോൺ വെക്കാറുള്ള പപ്പ ആ വലിയ മുഖത്തിന് ചേരാത്ത ഭാവമിട്ട് ശിരസ്സ്കുനിച്ചത് കണ്ടു എനിക്ക് ചിരി പൊട്ടി. ബോബ് ചെയ്ത മുടിയിഴകളെ ഉലച്ചുകൊണ്ട് മമ്മി അവരുടെ ഗർഭപാത്രം എന്റെ വയറിനോട് ചേർത്തുവച്ച് അലറുന്നുണ്ട്. ഇനി പത്ത് മാസം കിടന്നതിന്റെ വാടക ചോദിക്കുമോ എന്നാണ് എന്റെ ഭയം. " ഒരു വക പഠിക്കാൻ കൊള്ളില്ല, പറയാൻ ഒരു സ്കിൽ പോലുമില്ല ഐ ഫീൽ ഐഷേം ഓൺ യു ഡേവിഡ് " എന്നുപറഞ്ഞ് എന്റെ മുറിവിട്ട് ഇറങ്ങിയ ചേച്ചി ഒരു ആർത്തനാദത്തിനു ശേഷം തളർന്നു തൂങ്ങിയ മിഴിയടച്ചത് കണ്ടപ്പോൾ അവൾക്ക് ഫീൽഡിൽ മികച്ച നടിക്കുള്ള അവാർഡ് കിട്ടിയത് വെറുതെയല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. മറു ചിരി നൽകാതെ മുഖം തിരിച്ചവരൊക്കെ മിഴി നിറച്ച് കൂനിക്കൂടിയത് കണ്ടാണ് എനിക്ക് ഏറ്റവും സംതൃപ്തി വന്നത്. കിടന്ന് മടുത്തപ്പോൾ എന്നെ കൊണ്ടുപോകുന്നില്ലേ എന്ന് ചോദിക്കാൻ നാവ് തരിക്കുന്നുണ്ട്. പണ്ടേക്ക് പണ്ടേ കുഴഞ്ഞു മരിച്ച നാവിലെ ഞരമ്പ് കൂടുതൽ തണുത്ത് എന്നോട് കോക്രി കാട്ടുന്നുമുണ്ട്. പ്രതികാരം വീട്ടിയ സുഖം മടുത്തു തുടങ്ങുന്നതിനു മുമ്പ് എനിക്ക് മണ്ണിനോട് ചേർന്നേ പറ്റൂ. വഴിക്കണ്ണ് മൂടാതെ നോക്കിയിരിക്കുന്ന പുഴുക്കൾക്ക് അന്നമായാലേ ഈ ജന്മം സഫലമാകൂ. കാലങ്ങൾ കഴിഞ്ഞ് കുരങ്ങ് മനുഷ്യനായ ഡാർവിൻ പരിണാമചരിത്രം പഠിച്ചുവരുന്ന പിള്ളേർക്ക് അവഗണനയാൽ കഴുത്ത് നെരിച്ചു കൊല്ലപ്പെട്ട സ്വപ്നങ്ങൾ മുരടിച്ച് തലയിൽ കട്ട പിടിക്കപ്പെട്ട ഒരുത്തൻ മണ്ണായ കഥ പറഞ്ഞു കൊടുക്കാൻ അരയും തലയും മുറുക്കി ഇവിടെയെനിക്കിരുന്നേ പറ്റൂ.

0 Comments