വ്രതം; വേനലിലെ വർഷം
ഉഷ്ണം അതിശക്തം ! അങ്ങനെയിരിക്കെ മരുഭൂമിയിൽ മരുപ്പച്ച പരതുന്ന തീക്ഷ്ണദാഹിയെ അത്യുഷ്ണത്തിലെ വ്രതാനുഷ്ഠാവിനോട് ഉപമിക്കുകയാവും അഭികാമ്യം. സ്വന്തം ആമാശയത്തിൽ നിന്നും ഉടലെടുക്കുന്ന പരവേശം ആരാധനാ നിർവൃതിയിലൊന്നുമല്ലാതായലിഞ്ഞു ചേരുന്നതെത്ര പരമാർഥം ; ശീതളച്ഛായ ഏൽക്കാതെ അലയുന്ന മനുഷ്യൻ, തണിയും തുണയും തേടി പല കവാടങ്ങൾക്കു മുന്നിൽ ഹതാശനായി നിൽക്കുന്നു.. കൊടും ചൂടേറ്റൊലിക്കുന്ന വിയർപ്പിൽ മുങ്ങിക്കഴിയുന്നു.. ഇനിയെവിടേക്കോടുമെന്ന് വിലപിക്കുന്നു.. ഒടുക്കം ജഗനിയന്താവിലേക്കല്ലാതെ മറ്റൊരു പാന്ഥാവുമില്ലെന്ന് തിരിച്ചറിയുന്നു. ഇത്തരം ഭയാനതകൾക്കിടയിലും ചിലരെ നാഥൻ ബഹുസൽക്കാരത്തോടെ സ്വീകരിച്ചിരുത്തുന്നു. അവരെ തന്റെ തണലിനാൽ ആശ്ലേഷിക്കുന്നു. അതിൽ യൗവ്വനത്തിന്റെ മാധുര്യവും കൂട്ടുകെട്ടിന്റെ മാനദണ്ഡവു മെല്ലാം അവനിലേക്ക് മാറ്റിവെച്ചവരുമുണ്ട്. ഇത്തരത്തിൽ ദീനിനെ ജീവിതത്തിന്റെ നെടുംതൂണാക്കി റബ്ബിന്റെ തണലിലേക്ക് ചായ്ക്കാനുള്ള അവസരമൊരുക്കുകയാണ് റമദാൻ.
റമദ് (رمض) എന്ന വാക്കിന് കരിച്ചു കളയുന്ന കഠിനമായ ചൂട് എന്നാണർത്ഥം . കടുത്ത വേനലിൽ പെയ്യുന്ന മഴക്കും ഈ പദം ഉപയോഗിക്കും. പ്രസ്തുത മഴ ഭൂമിയെ തണുപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.റമദാനിലെ ഒരു മാസം നോമ്പ് നോറ്റും നിരന്തരം പാപമോചന പ്രാർഥന നടത്തിയും രാത്രി നിന്നു നമസ്കരിച്ചും ആവുംവിധം ദാനധർമങ്ങൾ നിർവഹിച്ചും തന്റെ പാപങ്ങളെ കരിച്ചുകളഞ്ഞുകൊണ്ട് ശവ്വാൽ ഒന്നിന് തന്റെ ഉമ്മ തന്നെ പ്രസവിച്ച ദിവസത്തെപ്പോലെ പാപരഹിതനായി പരിശുദ്ധമായ അവസ്ഥയിലേക്കെത്തിച്ചേരുന്നു.അല്ലാഹു മനുഷ്യന് നിശ്ചയിച്ച നാല് ഇബാദത്തുകളും അവനെ എല്ലാ അർത്ഥത്തിലും സംസ്കരിക്കുന്നതും പാപരഹിതനാക്കി അവനെ പരിശുദ്ധനാക്കുന്നതുമാണ്. സക്കാത്തിന്റെ കാര്യത്തിലാണെങ്കിൽ, അത് കൊടുക്കുന്നവനെ സാമ്പത്തികപാപങ്ങളിൽനിന്ന് പരിശുദ്ധനാക്കുന്നു. അതുവഴി സമ്പത്തിനോടുള്ള അടങ്ങാത്ത ആർത്തിയിൽനിന്ന് മോചിതമാകുന്ന ഹൃദയം പവിത്രത പുൽകുകയും ചെയ്യുന്നു. സാധുക്കൾക്ക് സമ്പന്നരോടുള്ള പകയിൽനിന്നും വിദ്വേഷത്തിൽനിന്നും അവരുടെ ഹൃദയത്തേയും ശുദ്ധമാക്കുന്നു. ഇവിടെ സവിശേഷം ശ്രദ്ധിക്കേണ്ട കാര്യം, ഈ ഇബാദത്തുകൾ മനുഷ്യനെ സംസ്കരിക്കുന്നതോടൊപ്പം അവ സ്വയം ലക്ഷ്യവുമാണെന്നതാണ്.
തഖ്വയാണ് നോമ്പിന്റെ ലക്ഷ്യം (അല്‍ബഖറ 183). അല്ലാഹുവിന് സമ്പൂര്‍ണമായി സമര്പ്പിച്ചവന് -മുസ്ലിം- അക്കാര്യത്തില്‍ കാണിക്കുന്ന നിഷ്ഠയും, അകന്നുപോകുന്നതിനെ സംബന്ധിച്ച ജാഗ്രതയുമാണ് തഖ്വ. സമ്പൂര്‍ണമായും ദൈവത്തിന് വിധേയപ്പെടുകയാണ് മനുഷ്യന്റെ നിയോഗം. "ഞാന്‍ മനുഷ്യ വര്‍ഗത്തെയും ജിന്ന് വംശത്തെയും സൃഷ്ടിച്ചിട്ടില്ല, എനിക്ക് ഇബാദത്ത് ചെയ്യാനല്ലാതെ" (അദ്ദാരിയാത് 56). ഇതിന് നമ്മെ പ്രാപ്തമാക്കുകയാണ് ഇസ്ലാമിലെ ആരാധനാകര്‍മ്മങ്ങള്‍. അവ ഒരിക്കലും നിത്യജീവിതത്തില്‍ നിന്ന് വേർപെട്ടു നില്ക്കുന്നതല്ല. മറിച്ച് സദാ നമ്മിൽ ആന്തരികമായും ബാഹ്യമായും സ്വാധീനം ചെലുത്തുന്നു. റമദാന് നമുക്ക് നേരെ ഉയര്‍ത്തുന്ന ചോദ്യം, വിധേയത്വത്തിന്റേതാണ്; അത്തരമൊരു തീരുമാനം നമുക്കുണ്ടോ, അതനുസരിച്ച് ജീവിതത്തെ പരിവര്ത്തിപ്പിക്കാമോ എന്നതാണ്.
قال الله عز وجل: كل عمل ابن آدم له إلا الصيام؛ فإنه لي وأنا أجزي به. (رواه البخاري ومسلم)
"അല്ലാഹു പറയുന്നു: നോമ്പൊഴികെ ആദം സന്തതിയുടെ പ്രവർത്തനങ്ങൾ അവനുള്ളതാണ്. നോമ്പ് എനിക്കുള്ളതാണ്; ഞാൻ അതിന് പ്രതിഫലം നൽകും."
ഇലാഹിന്റെ ഈ വാക്യം പ്രതിഫലിപ്പിക്കുന്നത് ഇസ്ലാമിന്റെ മഹത്തായ പ്രത്യയശാസ്ത്രമാണ്. തന്റെ സഹോദരന്റെ ദുരിതങ്ങൾ അനുഭവങ്ങളിലൂടെ മനസ്സിലാക്കും വിധം നമ്മെ മെരുക്കിയെടുക്കുന്ന നോമ്പ് സഹജീവിയുടെ തൃപ്തിയും ഇലാഹിന്റെ തൃപ്തിയും ഏകീകരിക്കുന്നു. താൻ അഭിമുഖീകരിക്കുന്ന മനുഷ്യന്റെ മനസ്സിനെ മനസ്സിലാക്കുന്നതിന് റബ്ബ് നൽകിയ പ്രാധാന്യം നരബലിയിലൂടെ മനുഷ്യനാശം വിതക്കുന്ന സമൂഹത്തിന് പാഠമായി മാറുന്നു എന്നതാണ് വാസ്തവം. റമദാനിൽ പ്രത്യേകമാക്കപ്പെട്ട സക്കാത്തും സ്വദഖയും രോഗസന്ദർശനവും പ്രസ്തുത ആദർശത്തെ ഉയർത്തിപ്പിടിക്കുന്നവ തന്നെ.
നീതിക്കധിഷ്ഠിതമായ ഉൾവിളികളെ കാരാഗൃഹത്തിന്റെ അഴികൾ കൊണ്ട് നിശബ്ദമാക്കുന്ന സമകാലിക ഭരണകൂടത്തിന്റെ മുന്നിലും സമൂഹത്തിലെ വിശ്വാസ-പ്രത്യയശാസ്ത്ര പ്രതിസന്ധികൾക്കു മുന്നിലും ശ്വേതരേഖ വരച്ചുകാട്ടുകയാണ് റമദാൻ സമ്മാനിച്ച ബദർ ചരിതം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അധ്വാനിക്കാനും ജീവിതം സമര്‍പ്പിക്കാനും തിന്മയുടെ ശക്തികള്‍ക്കെതിരെ പൊരുതാനും പ്രസ്തുത സംഭവം ആവശ്യപ്പെടുന്നുണ്ട്. ആദര്‍ശത്തിലൂന്നി സ്രഷ്ടാവിന്റെ മാത്രം തൃപ്തി മോഹിച്ച്, നിസ്വാർത്ഥമായി, സ്വേച്ഛകള്‍ക്ക് വിധേയമാവാതെ, നീതിയുടെ പക്ഷത്ത് നിലകൊണ്ടാല്‍ ഭൗതിക ശക്തികളുടെ വലുപ്പച്ചെറുപ്പങ്ങള്‍ വിജയത്തിന്റെ മാനദണ്ഡമാകുന്നേയില്ല. ധര്‍മ്മപഥത്തിലെ പോരാളികള്‍ക്ക് ഏറെ ആഹ്ലാദം നല്‍കുന്നതാണ് റമദാന് മധ്യത്തിലെ ഈ ചരിത്ര വസ്തുത. ധർമ്മവും അധർമ്മവും വേർതിരിച്ചെടുക്കുകയെന്ന മനുഷ്യന്റെ പ്രധാനകടമയിലേക്ക് ഇവ വിരൽ ചൂണ്ടുന്നു. ചുരുക്കത്തിൽ ഈ റമദാൻ വിട പറയുമ്പോഴേക്ക് , മ്ലേച്ഛതകളെ ഉരുക്കിക്കളഞ്ഞും പ്രലോഭനങ്ങൾക്ക് വശംവദരാകാത്ത വിധം
തടിയും മനസ്സും മെരുക്കിയെടുത്തും വരും മാസങ്ങളിൽ മാതൃകാപരമായ ജീവിതം നയിക്കാൻ വേണ്ട ഒരുക്കു മുതൽ സ്വരൂപിക്കണമെന്നർത്ഥം . തിരിഞ്ഞുനോക്കുമ്പോൾ ഖേദമേതുമില്ലാത്ത വണ്ണം നമുക്കതിനായി യത്നിക്കാം.
MUBASSIRA ISMAIL
Beevi Khadeeja (R) Islamic & Arts Women's College Combara ,Aluva.

1 Comments
Well done💟
ReplyDelete