വസന്തം വഴി മാറുമ്പോൾ...!*
ﺇِﻧَّﻪُۥ ﻟَﻴْﺲَ ﻟَﻪُۥ ﺳُﻠْﻄَٰﻦٌ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻠَﻰٰ ﺭَﺑِّﻬِﻢْ ﻳَﺘَﻮَﻛَّﻠُﻮﻥَ ﺇِﻧَّﻤَﺎ ﺳُﻠْﻄَٰﻨُﻪُۥ ﻋَﻠَﻰ ٱﻟَّﺬِﻳﻦَ ﻳَﺘَﻮَﻟَّﻮْﻧَﻪُۥ ﻭَٱﻟَّﺬِﻳﻦَ ﻫُﻢ ﺑِﻪِۦ ﻣُﺸْﺮِﻛُﻮﻥَ
വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുന്നവരാരോ അവരുടെ മേല്‍ അവന് (പിശാചിന് ) തീര്‍ച്ചയായും യാതൊരു അധികാരവുമില്ല. അവന്റെ അധികാരം അവനെ രക്ഷാധികാരിയാക്കുന്നവരുടെയും അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവരുടെയും മേല്‍ മാത്രമാകുന്നു. (ഖു൪ആന്‍ : 16/99-100)
ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇലാഹീ പ്രകീർത്തനങ്ങളാലും, തിരു ചിന്തകളാലും പശ്ചാത്താപത്തിന്റെ കരങ്ങളുയർത്തി ഔന്നത്യത്താൽ സമൃദ്ധമാക്കപ്പെട്ട ദിന-രാത്രങ്ങളെ വരവേൽക്കുവാനുള്ള ഏക മാസമാണ് വിശുദ്ധ റമദാൻ. കഴിഞ്ഞ പതിനൊന്ന് മാസക്കാലയളവ് ചെയ്തു പോയ സകല തെറ്റുകൾക്കും മാപ്പിരന്ന്, വരാനിരിക്കുന്ന മാസത്തിൽ പിറന്നുവീണ കുഞ്ഞിനെപ്പോലെ കറ കളഞ്ഞ ഹൃദയവുമായി എഴുന്നേറ്റുനിൽക്കുന്ന ഒരു വ്യക്തിത്വത്തിനാവണം റമദാൻ സാക്ഷിയാവേണ്ടത്.
സൂക്ഷ്മതയോടുകൂടെ കൈകൊള്ളേണ്ടതാണ് ഓരോ വ്രതാനുഷ്ഠാനവും. അനാവശ്യ വാക്ക്, പ്രവൃത്തി,നോട്ടം എന്നിങ്ങനെയുള്ള ശാരീരികമായും മാനസികമായും ഉണ്ടാകാവുന്ന ഓരോ ചലനങ്ങളെയും നിയന്ത്രണ വിധേയമാക്കലാണ് അതിന്റെ അടിസ്ഥാനം.
സമൂഹ മാധ്യമങ്ങളേറെ മനുഷ്യനിൽ സ്വാധീനം ചെലുത്തുന്ന വർത്തമാന സാഹചര്യത്തിൽ നാമോരോരുത്തരിലും വളരെ പ്രയാസം ചെലുത്തുന്ന ഒന്നാവാം സൂക്ഷ്മത എന്നത്. പലപ്പോഴും, നമ്മിൽ ഭൂരിഭാഗം ആളുകളുടെയും ഓരോ ദിനവും ആരംഭിക്കുന്നതു തന്നെ മെസ്സേജുകളിലൂടെ കണ്ണോടിച്ചു കൊണ്ടായിരിക്കും.
അതുകൊണ്ടുതന്നെ, മറ്റുള്ളവർ പങ്കുവയ്ക്കുന്ന സുഖാനുഭൂതികളിലേക്ക് യഥേഷ്ടം നമ്മുടെ ഹൃദയവും ചലിച്ചു കൊണ്ടിരിക്കും. തന്മൂലം, അന്നേ ദിവസത്തെ സൽ-ചെയ്തികളും നിഷ്പ്രയാസം ഒഴുക്കു ചാലിലേക്ക് തള്ളി മാറ്റുന്ന ചികഞ്ഞെടുത്ത പാഴ് വസ്തുവായി മാറുന്ന കാഴ്ചയായിരിക്കും ഫലം...!
ഒരുപക്ഷേ, സമൂഹ മാധ്യമങ്ങൾ നമ്മുടെ അകവും, പുറവും ഒരുപോലെ കവർന്നെടുക്കുന്നില്ലായെങ്കിൽ നമുക്ക് നമ്മുടേതായ പുതിയ വശങ്ങൾ കണ്ടെത്താൻ സാധിച്ചേക്കാം.
ഇലാഹിൻ്റെ കൽപനകൾക്ക് എതിരായിട്ടായിരിക്കും പലപ്പോഴും ശരീരം പ്രവണത കാണിക്കുന്നത്. എന്നാൽ, അതിന്റെ ഇഛകൾക്കെതിരെ പോരാടി വിജയിക്കുക എന്നതാണ് ഒരു സത്യവിശ്വാസിയുടെ ധർമ്മം.
അതെ, വിഭവ സമൃദ്ധമാർന്ന ഭക്ഷണങ്ങൾ കൺമുന്നിലുണ്ടായിട്ടും ഒട്ടിയ വയറുമായി വികാരതൃഷ്ണകളോടെല്ലാം പോരാടി വിജയം വരിക്കുന്നവനു തന്നെയാണ് റയ്യാൻ...!
നാമെല്ലാം എത്രയെത്ര തെറ്റുകൾ ചെയ്ത് കൂട്ടിയവരാണ്..!?
സമയം അതിക്രമിച്ചിട്ടില്ല, ഇനിയും ദിവസങ്ങളേറെ ബാക്കി...
വാനലോകത്തെ വാതായനങ്ങൾ മലർക്കെ തുറന്ന് കരുണാനിധിയായ പടച്ച തമ്പുരാൻ കാത്തിരിപ്പാണ്, പാപിയായ തന്റെ അടിമ മാപ്പിരക്കുന്നതും കാത്ത്...
"إنّ اللّٰه غفور رحيم"
അവനേക്കാൾ വലിയവൻ മറ്റാരുണ്ട്...!?
തീർച്ചയായും, അവൻ നമ്മെ സ്വീകരിക്കുക തന്നെ ചെയ്യും...
MUHSINA THASNI CK
GRACE VALLEY ISLAMIC AND ARTS COLLEGE FOR GIRLS

0 Comments