ഇരയാക്കപ്പെടുന്ന ഇന്ത്യൻ മുസ്ലിം

_______________________________


1976-ലെ നാല്പത്തിരണ്ടാം ഭേദഗതിയിലൂടെ ഇന്ത്യയുടെ അഞ്ചാം പ്രധാന മന്ത്രി ഇന്ദിരാ പ്രിയ ദർശിനി ഭരണഘടനയിൽ തുന്നിചേർത്ത  'മതേതരത്വം' എന്ന ആശയത്തിന് പുതിയ നിർവ്വചനങ്ങൾ തേടുകയാണ് ആധുനിക ഭരണകൂടം. വൈവിധ്യമാർന്ന മത-ജാതി ആശയാദർശങ്ങളോടെ ഇന്ത്യയിൽ ജീവിക്കുന്ന ഓരോ പൗരനും ഭരണഘടനക്ക് കീഴിൽ തന്റെതായ സ്വാതന്ത്ര്യം അനുവദിക്കുക എന്നതായിരുന്നു 'മതേതരത്വം' ഭരണ ഘടന ആമുഖത്തിൽ കൂട്ടിച്ചേർത്തപ്പോൾ സ്വാതന്ത്ര്യ സമര സേനാനികളുടെ പരമമായ ലക്ഷ്യം. എന്നാൽ 1947 ഓഗസ്റ്റ് 15 സ്വതന്ത്ര്യ ദിന പുലരിയിൽ വിഭജനത്തിനിരയായ ഭാരതത്തിന്റെ അകം മേനിയിൽ ഒളിഞ്ഞും തെളിഞ്ഞും വിള്ളൽ വീഴ്ത്തിയ 'വർഗ്ഗ വെറി' മറനീക്കി പുറത്തു വന്നിരിക്കുകയാണ്. മതേതരത്വത്തിന്ന് 'ഇസ്ലാം ഇതര ഹിന്ദുത്വ രാജ്യം ' എന്ന നാമകരണം  നൽകി പുതുമ പണിയുകയാണ് ഭരണകൂടം. വൈവിധ്യങ്ങൾക്കിടയിൽ ഉത്തമ സ്വത്വത്തോടെ ജീവിതം നയിച്ച മുൻഗാമികൾക്ക്  ഭാരതീയ സമൂഹത്തെ ഓർത്തു ലജ്ജ തോന്നേണ്ടിയിരിക്കുന്നു

.

       


 രണ്ടാം ബി ജെ പി സർക്കാറിന്റെ ഇരുണ്ട നയതന്ത്രങ്ങളിൽ ഒന്നായ ഏകീകൃത സിവിൽ നിയമം പ്രത്യക്ഷത്തിൽ ഇന്ത്യയുടെ ഐക്യവും പരമോന്നത ഏകീകരണവുമാണ് ലക്ഷ്യം , എന്നാതാണ് വാദമെങ്കിലും അജണ്ടയുടെ അടിസ്ഥാനം ഒന്നുമാത്രം; ഇസ്‌ലാമിനെ മുച്ചൂടും തകർക്കുക. വിഭജനാനന്തര ഇന്ത്യ ഹിന്ദുവിനും പാകിസ്ഥാൻ മുസ്ലിമിനുമാണെന്ന ആർ.എസ്.എസ് പ്രചാരണം ഈ അജണ്ടയെ ഭാവിചിന്തകരുടെ മാസ്‌തിഷ്കത്തിലേക്ക് കുത്തിയിറക്കുന്നു . കോവിഡ് മഹാമാരിക്ക് പിറകെ വീണ്ടും ഉയിർത്തെഴുന്നേറ്റ സി.എ.എ _എൻ.ആർ.സി നിയമ ഭേദഗതി ബില്ലും കർണാടക ഹിജാബ് നിരോധനവും ഗോമാംസ ഭോജന നിരോധനവും മുസ്ലിം ജനതക്കെതിരെ ഭരണ കൂടം തൊടുത്തു വിടുന്ന ഒളിയമ്പുകളിൽ ചിലതു മാത്രം.


        മുസ്ലിം രാഷ്ട്രമായി മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിൽ പാകിസ്ഥാൻ രൂപീകൃത മായതിന്ന് ശേഷം ഈ ഭൂപ്രദേശ പരിതിയിൽ ഉൾപ്പെടാത്ത  മുസ്ലിംകളെയും ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെയും അവശേഷിക്കുന്ന മത വിഭാഗങ്ങളെയും ഒരുമിച്ച് ചേർത്താണ് ഇന്ത്യ രൂപം കൊള്ളുന്നത്. “നാനാത്വത്തിൽ ഏകത്വം ”എന്ന് ഇന്ത്യയെ വിശേഷിപ്പിച്ചതും ഈ ബഹുസ്വരതയെ ഉൾകൊള്ളുന്ന നിലയിൽ ഒരു ഭരണഘടന രാജ്യത്ത് സ്ഥാപിതമായത് കൊണ്ടാണ്. സ്വതന്ത്ര ഭാരതത്തിന് ഭരണഘടനാ ശില്പികൾ ഔദ്യോഗികമായ ഒരു മതം അടിസ്ഥാനപ്പെടുത്തിയിട്ടില്ല. 25 ഭാഗങ്ങളിലായി 470 അനുഛേദങ്ങളടങ്ങിയ ഇന്ത്യൻ ഭരണഘടനയിൽ ക്രിമിനൽ,സിവിൽ ഏകീകൃത നിയമങ്ങൾക്കൊപ്പം വ്യക്തിത്വ സംരക്ഷണങ്ങൾക്കായി വ്യക്തി നിയമങ്ങളും ഉൾപെടുത്തിയിട്ടുണ്ട്. ഓരോ പൗരനും തന്റെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കു വെക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മൗലികാവകാശങ്ങളിൽ തന്നെ പൗരന് അനുവദിച്ചു നൽകുന്നു മുണ്ട്. തനത് മതം അനുസരിച്ചുള്ള ആചാരാനുഷ്ടാനങ്ങൾക്കും ഇന്ത്യയിൽ പ്രത്യേക മതാതിഷ്ഠിത നിയമങ്ങൾ കൊണ്ടുവരപ്പെട്ടിട്ടുണ്ട് . ഇന്ത്യയിൽ സമാധാനപരമായ ജീവിതലബ്ദിക്കും പരമ ഏകീകരണത്തിനുമായി ഇങ്ങനെയുള്ള വ്യക്തി നിയമങ്ങൾ ഏകീകൃത മാക്കണം എന്ന വാദത്തെ എങ്ങനെ പരിഗണിക്കാനാകും? വ്യക്തിത്വ ഏകീകൃത നിയമങ്ങൾ ഇന്ത്യയിൽ ജീവിക്കുന്ന ഇതര മത വിശ്വാസികളുടെ വിശിഷ്യ മുസ്ലിം ജനതയുടെ നിലനിൽപ്പിന് ഭീഷണിയാകുമെന്നിരിക്കെ വൈരുദ്ധ്യാത്മകമായ രണ്ടു കാര്യങ്ങൾ ഒരേ സമയം എങ്ങനെ കൊണ്ടുവരപ്പെടും?



        ഇസ്‌ലാമിനെ തകർക്കുക, മുസ്ലിം ജനതയെ ഇന്ത്യയിൽ നിന്നും തുടച്ചുനീക്കുക ,ആർ. എസ്.എസ് -സംഘപരിവാർ തകൃതിയായി മുന്നോട്ടു ഗമിക്കുന്നതിന്റെ അന്തിമ ലക്ഷ്യം ഇതുമാത്രമാണ്.2014 ൽ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതിന് പിറകെ ഇന്ത്യയിൽ കൊണ്ടുവന്ന ഏതൊരു നിയമത്തിന്റെയും സ്വഭാവ സവിശേഷതകളും പ്രവർത്തന പദങ്ങളും പഠന വിധേയമാക്കുമ്പോൾ ഇക്കാര്യം സുവ്വ്യക്തമാണ്.



പൗരത്വ ഭേദഗതി നിയമം

___________________________


        ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മത ന്യൂനപക്ഷങ്ങളായ ഹൈന്ദവർ, സിഖുകാർ, ബുദ്ധമതസ്ഥർ, ജൈനക്കാർ, പാഴ്സികൾ, ക്രൈസ്തവർ എന്നിവരടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ  പൗരത്വം നേടുന്നത് എളുപ്പമാക്കുന്നതിനായി 1955 ലെ ഇന്ത്യൻ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത് വഴി കുടിയേറ്റ വിഭാഗത്തിനു പൗരത്വം ലഭിക്കാൻ ഇന്ത്യയിൽ ജീവിക്കേണ്ടുന്ന കാല പരിധി പതിനൊന്നു വർഷത്തിൽ നിന്നും അഞ്ചു വർഷമായി ചുരുക്കി. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മത പരിഗണനയിലൂടെ ഭേദഗതി ചെയ്യുന്ന പ്രഥമ നിയമമാണിത്. ഇത്തരം യോഗ്യതയിൽ നിന്നാവട്ടെ അതതു രാജ്യങ്ങളിലെ ഭൂരിപക്ഷമായ മുസ്ലിംകളെ ഒഴിവാക്കപ്പെടുകയും ചെയ്തു. അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കലാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ നേപ്പാളും ശ്രീലങ്കയുമെല്ലാം എന്തുകൊണ്ട് പട്ടികയിൽ നിന്ന് ഒഴിവായി ? ഇവിടങ്ങളിലെ പ്രധാന ന്യൂനപക്ഷമായ മുസ്ലിം ജനതയെ എന്തുകൊണ്ട് പൗരത്വ നിയമത്തിൽ നിന്ന് തഴയപ്പെട്ടു? നിയമത്തിന്റെ ഭാവിയിലേക്കുള്ള പോക്കും പ്രത്യുത സ്വഭാവവും  വിശകലനം ചെയ്യുമ്പോൾ ഒരു കാര്യം വ്യക്തമാണ്. സംഘപരിവാറിന്റെ അജണ്ട മുസ്ലിം ജനതയെ മാത്രം ഉന്നമിട്ടുകൊണ്ടുള്ളതാണ്. 2019 ഡിസംബർ 4 ഓടെ കേന്ദ്ര മന്ത്രിസഭ ബില്ലിനെ അംഗീകരിക്കുകയും നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു.


ഗോവധ നിരോധന നിയമം

___________________________

          പശുവിനെ ആരാധിക്കുന്ന ഹിന്ദുവും പശുവിനെ ഭോജിക്കുന്ന മുസ്ലിമും വിശ്വാസപരമായി ഇരുധ്രുവങ്ങളിലാണെങ്കിലും ഒരമ്മ പെറ്റ മക്കളെന്നപോൽ പരസ്പര സഹകരണത്തോടെ, സഹവർത്തിത്വത്തോടെ ജീവിച്ച ചരിത്രമുണ്ട് ഇന്ത്യയുടെ ഭൂതലികിതങ്ങളിൽ.എന്നാൽ സഹോദര്യത്തിന്റെ പവിത്രതയൊന്നും തൊട്ടു തീണ്ടാത്ത സവർണ ഫാസിസത്തിന്റെ “ഒരു സാധു മൃഗത്തെ നിഷ്ഠൂരം വെട്ടിക്കൊല്ലുന്നത് കണ്ണിൽ ചോരയില്ലാത്ത നീചത്വമല്ലേ” എന്ന ചോദ്യത്തിന് അനുദിനം മണിപ്പൂരും ബീഹാറും അവിടങ്ങളിലെ ജീർണിച്ചു തുടങ്ങിയ മനുഷ്യരും നിശബ്ദരായ മന്ത്രി പ്രമാണിമാരും ഉത്തരം നൽകിക്കൊണ്ടിരിക്കുകയാണ്. ഉത്തർ പ്രദേശിലെ ദാദ്രിയിൽ വെറുമൊരു കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെ മുഹമ്മദ്‌ അഖ്‌ലാഖിനെ വെട്ടിനുറുക്കി എറിയുമ്പോൾ RSS  ഭീകര വാദികൾക്ക് ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ. അവൻ മുസ്ലിമാണ്, കഴിച്ചത് ഗോമാംസമാണ്. 2017 മെയ് 26 നാണ് കശാപ്പിനായി കാലികളെ വിൽക്കുന്നത് നിരോധിക്കുന്നതിന്നായി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ഹിന്ദുത്വ അജണ്ട നടപ്പാക്കലാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെങ്കിൽ ഹൈന്ദവ പുരാണങ്ങളിൽ എവിടെയാണ് ഗോമാംസം നിഷിദ്ധമാക്കുന്നത്? സവർണ ഹിന്ദുത്വം മാംസവിരുദ്ധ രാഷ്ട്രീയ പ്രചാരണം നടത്തിക്കൊണ്ടിരിക്കുമ്പോൾ അടിസ്ഥാന പരമായി നിയമത്തിന്റെ ആവശ്യകതയും അനന്തരഫലങ്ങളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. “ ബ്രഹ്മാവ് മൃഗങ്ങളെ സൃഷ്ടിച്ചത് മനുഷ്യർക്ക് വേണ്ടിയാണ്. യോഗ്യമായ ഏതു മൃഗത്തിന്റെയും മാംസം മനുഷ്യന് ഭക്ഷിക്കാവുന്നതാണ്" സത്യ സ്പഷ്ടമായ ഈ പ്രസ്താവന മൃഗബലിയെ പ്രോത്സാഹിപ്പിക്കപ്പെടാൻ  വിശുദ്ധ ഖുർആനിൽ നിന്നുള്ളതല്ല. മനുസ്മൃതിയിലെ അഞ്ചാം അധ്യായമാണ് ഹൈന്ദവരെ ഗോമാംസ ഭോജനം പഠിപ്പിക്കുന്നത്.പുല്ലു തിന്നുന്ന പശു അന്നം തിന്നുന്ന മനുഷ്യനെ വിഭജിക്കുന്നു. ഏതൊരു മൃഗത്തെയും പോലെ സസ്യാഹാരിയായി ജീവിക്കുന്ന പശുവിനെ വിശാലമായ രാഷ്ട്രീയ മാനം നൽകി കളത്തിലിറക്കിയതിനു പിന്നിലും വ്യവസ്ഥ ഒന്നുമാത്രം , ഗോമാംസ  ഭോജനത്തിന്റെ പേരിൽ മുസ്ലിമിനെ ക്രൂശിക്കുക.

മാംസാഹാരം ഉപേക്ഷിക്കേണ്ടതാണ് എന്നതിന് സംഘപരിവാർ യുക്തികൾ ഉന്നയിക്കുന്ന വാദങ്ങൾ ഇപ്രകാരമാണ്. 


1.മനുഷ്യ സ്വഭാവത്തെ അവർ കഴിക്കുന്ന ഭക്ഷണം സ്വാധീനിക്കും എന്നതിനാൽ മാംസാഹാരികൾ കഠിന ഹൃദയരും ക്രൂരന്മാരുമായിരിക്കും, മുസ്ലിങ്ങളിൽ ഭീകരർ വർദ്ധിക്കുന്നതിന് കാരണം ഇതാണ്.


2. ആരോഗ്യ ശാസ്ത്രപരമായി മാംസഭോജനം പി എം എസ് സിൻഡ്രോം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.


3.ആത്മീയപരമായി മാംസം മാനവിക മഹത്വം ക്ഷയിപ്പിക്കും. 


4.മനുഷ്യന്റെ ആന്തരിക ഗുണങ്ങളായ രജസിക് താമസിക്, ശാർത്രിക് എന്നിവയിൽ മാംസം മൃഗീയ തൃഷ്ണയുയർത്തു കൊലപാതകങ്ങളും ലൈംഗികാ അതിക്രമങ്ങളും അതുമൂലം വർദ്ധിക്കും.


           വാസ്തവത്തിൽ ശാസ്ത്രീയ പരമായി മനുഷ്യസൃഷ്ടിപ്പ് തന്നെ മിശ്രഭോജനവുമായാണ് സന്നിവേശിപ്പിച്ചിരിക്കുന്നത്. സസ്യാഹാരികളുടെ പരന്ന പല്ലും മാംസാഹാരികളുടെ കൂർത്ത പല്ലും മനുഷ്യരിൽ കാണാൻ സാധിക്കും. പൗരാണിക കാലത്തും പശുവിറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കണക്കാക്കുകയില്ല എന്നു പറഞ്ഞുവെച്ചത് സ്വാമി വിവേകാനന്ദൻ ആയിരുന്നു. എന്നിട്ടും ഗോമാംസ ഭോജനം നിരോധിത വസ്തുവായി ഭരണകൂടം അനുവർത്തിക്കുന്നുവെങ്കിൽ ലക്ഷ്യം ഇസ്ലാമും മുസ്ലിമും മാത്രമാണ്. 


ഹിജാബ് നിരോധന നിയമം

__________________________________


        കർണാടകയിൽ ഹിജാബ് ധരിച്ചതിന്റെ പേരിൽ വിദ്യാർഥിനികളെ ക്ലാസ്സിൽ പങ്കെടുപ്പിക്കാതെ ഗെയ്റ്റിനു പുറത്തു തടഞ്ഞു നിർത്തിയ വാർത്ത ഇന്ത്യൻ ജനത അറിയുമ്പോൾ ചിന്തിച്ചു പോകേണ്ടിയിരുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ‘സെക്കുലർ' എന്ന ആശയത്തെ കുറിച്ചായിരുന്നു. ഇത്തരമൊരു പ്രവർത്തിക്ക് നിധാനമെന്തെന്ന് ആ ഗവൺമെൻറ് കോളേജ് പ്രിൻസിപ്പളിനോട് ആരാഞ്ഞപ്പോൾ കിട്ടിയ മറുപടി ,  കോളേജിൽ മതപരമായ ഐഡന്റിറ്റി വെളിവാക്കേണ്ടതില്ലെന്നും യൂണിഫോമിൽ ഹിജാബ് ഉൾപ്പെടുത്തിയിട്ടില്ലെന്ന് മായിരുന്നു. മറുപടി ന്യായയുക്തമാണെന്നും വാദിക്കുന്നതിന് മുൻപേ കഥയുടെ ബാക്കിപത്രം കൂടെ വായിക്കപ്പെടേണ്ടതാണ്. ഒരു സംഘം സംഘപരിവാർ അനുകൂല വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് ക്യാമ്പസിൽ എത്തുകയും പെൺകുട്ടികളോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. യൂണിഫോമിന് പുറമേ മറ്റൊന്നും അനുവദനീയമല്ല എന്നിരിക്കെ കാവി ഷാൾ അനുവദിക്കപ്പെട്ടത് എന്തുകൊണ്ട് ? ഏകീകരണമാണ് ഭരണസർക്കാറിന്റെ ലക്ഷ്യമെങ്കിൽ പൊട്ടു തൊടലും ദസ്താർ കെട്ടലും നിഷേധിക്കപ്പെടേണ്ടതല്ലേ ?  രാജ്യത്തിന്റെ ഔദ്യോഗിക സൈനിക വ്യൂഹത്തിൽ പോലും ദസ്താറിന് അനുമതി നൽകിയത് വ്യക്തി നിയമങ്ങളെ ആദരിക്കാനും മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടാനുമാണ് . ശിരോവസ്ത്രം മുസ്ലിം സമൂഹത്തിന്റെ അടിസ്ഥാന വസ്ത്രമായതുകൊണ്ട് തന്നെ ഭരണഘടന പ്രകാരം അത് അനുവദിക്കപ്പെടേണ്ടതുമാണ് .  മൗലികാവകാശങ്ങളുടെ സംരക്ഷണ ബാധ്യത ഭരണഘടന ഏൽപ്പിച്ചു കൊടുത്തത് കോടതികളെയാണെങ്കിലും അനുകൂല പ്രതികരണങ്ങൾ ഒന്നും തന്നെ കോടതികൾ പുറപ്പെടുവിക്കുന്നില്ല. കോളേജിലെ ഹിജാബ് വിലക്കിനെതിരെ രേഷം ഫാറൂഖ് എന്ന വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭരണഘടന അവകാശങ്ങളുടെ ലംഘനമാണിത് എന്ന് കാണിച്ചാണ് വിദ്യാർത്ഥിനി കോടതിയിൽ ഹർജി നൽകിയത്. കുറ്റ്യാടി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനി  SPC യിൽ ഹിജാബും മുഴുകൈ നീളമുള്ള ഉടുപ്പും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമീപിച്ചെങ്കിലും അത് സ്റ്റുഡൻസ് കേഡറ്റ് യൂണിഫോം അല്ലെന്നും അനുവദിക്കാൻ ആകില്ലെന്നുമായിരുന്നു പ്രതികരണം.

         രണ്ടു പരാതികളുടെയും ഇതിവൃത്തം മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണമാണ്. ഹിജാബ് നിരോധനം വ്യക്തമായ മൗലികാവകാശ ധ്വംസനമാണ് എന്നതിന് കൂടുതൽ തല പുകക്കേണ്ടതില്ല. കർണാടക സർക്കാരിന്റെ ഹിജാബ് വിലക്കിന് പിന്നിലും വ്യക്തമായ ചില ഹിഡൻ അജണ്ടകൾ ഉണ്ട് . ഹിജാബ് ധരിക്കുന്നത് ബഹുഭൂരിപക്ഷം മുസ്ലീങ്ങൾ ആണെന്നതിനാലും വിലക്ക് ഇസ്ലാം മത വിശ്വാസികളെ സാരമായി ബാധിക്കും എന്ന് മുൻകൂട്ടി അറിഞ്ഞുകൊണ്ടുതന്നെയാണ് ഭരണകൂടത്തിന്റെ നെറികെട്ട കളികൾ . 


           മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന മലബാർ ഏരിയയിലെ പ്ലസ് വൺ സീറ്റ് അവഗണനയും മലപ്പുറത്ത് മഴക്കു പകരം എ പ്ലസ് പെയ്യുന്നു എന്ന തരം ട്രോൾ ചിത്രീകരണങ്ങളും ന്യൂനപക്ഷ മുസ്ലിം ജനതയോടുള്ള കേരള സർക്കാരിൻറെ ആഭിമുഖ്യം മനസ്സിലാക്കി തരുന്നു.മലയാളിയുടെ തനത് സംസ്കാരത്തിന്റെ വിഭിന്ന തലങ്ങൾക്കിടയിൽ കേരളം കേന്ദ്രത്തിന് താങ്ങായി തന്നെ നിലയുറപ്പിക്കുകയാണ് എന്നതിന്റെ തെളിവുകളാണ് ആധുനിക പരിതസ്ഥിതികൾ തെളിയിക്കുന്നത്. സമീപകാല രാഷ്ട്രീയ ചരിത്രങ്ങൾ പരിശോധിക്കുമ്പോൾ ഇത് ബോധ്യമാകും. 2021ൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദത്തിൽ ഭരണകൂടം സ്വീകരിച്ച നിലപാടുകൾ കൃത്യമായി മുസ്ലിം ജനതയെ ഉന്നം വെച്ചു കൊണ്ടായിരുന്നു. നിങ്ങൾക്ക് വേണ്ടി ആരംഭിച്ച പദ്ധതിയെ ആദ്യം ന്യൂനപക്ഷ പദ്ധതി ആക്കി. പിന്നീട് അതിലെ ആനുകൂല്യങ്ങൾ മുസ്ലീങ്ങൾക്ക് അധികവും മറ്റു പിന്നാക്കന്യൂനപക്ഷങ്ങൾക്ക് അതിന്റെ ആനുപാതികവും എന്ന നിലയിലേക്ക് മാറ്റി. അടുത്തഘട്ടത്തിൽ അത് ജനസംഖ്യാനുപാതികമാക്കി മാറ്റി. ഒടുവിൽ മുസ്ലിം ക്ഷേമം മുന്നിൽക്കണ്ട് ആരംഭിച്ച പദ്ധതി വെള്ളത്തിൽ വരച്ച വര പോലെയായി.


        മുസ്ലിമിൻറെ സ്വഭാവ സംസ്കാര മഹിമയുടെ പച്ചയായ വക്രീകരണം ദ്രുതഗതിയിൽ നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം നാമധാരി കക്ഷിരാഷ്ട്രീയത്തിന്റെ അലയൊളികൾ ‘മാലികി'ലും 'അൻവറി’ലും തകര്‍ത്താടുമ്പോൾ വളച്ചു കെട്ടി വലിച്ചു നീട്ടിയ ‘കേരള സ്റ്റോറി’യും  മുസ്ലിം വിരുദ്ധ ഭാവി സമൂഹത്തെ സ്വപ്നം കാണുന്നവരുടെ ആശാകേന്ദ്രങ്ങളാണ്.


      കറപുരളാത്ത ഇസ്ലാമിന്റെ ലളിത സംസ്കാരവും ആശയാദർശങ്ങളും ആണ് ഇന്ത്യയുടെ മണ്ണിൽ ഇസ്ലാമിനെ വളർത്തിയെടുത്തത്. സൂഫിയാക്കളുടെ നിഷ്കളങ്ക ജീവിതമാണ് ഭരണാധിപരെക്കാളും ഏറെ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ഒക്കെ വിശുദ്ധ ഇസ്ലാമിന്റെ കരുത്തുറ്റ ചാലക ശക്തികളായി നിലകൊണ്ടത് .പതിമൂന്നാം നൂറ്റാണ്ടിൽ ഇന്ദ്രപ്രസ്ഥത്തിലിരുന്ന് ഇന്ത്യയുടെ ആത്മീയ ചൈതന്യത്തന് നിറദീപം തെളിച്ച നിസാമുദ്ദീൻ ഔലിയയും അജ്മീരിന്റെ വിണ്ണിൽ പ്രാേജ്വലിച്ച് നൽകുന്ന ഖ്വാജാ മുഈനുദ്ദീൻ ചിശ്തിയും  ചില ഉദാഹരണങ്ങൾ മാത്രം.

     അവഗണിക്കപ്പെടുന്നതിനും ഇരട്ടിയായി മുസ്ലിം മഹിളകൾ ഉയരങ്ങൾ താണ്ടുക തന്നെ ചെയ്യും. അവഹേളനങ്ങളും പ്രതിസന്ധികളും വളമാക്കി ചേർത്ത് നട്ടു നനച്ച് പടർന്നു പന്തലിച്ചുനിൽക്കുന്ന മുസ്ലിം സമൂഹത്തിന് സർവ്വ ഭാവുകങ്ങളും ..... 


Nabeela Nashrin A P

AL FAROOQ WAFIYYA COLLEGE