മരണപര്യന്തം: റൂഹിന്റെ നാൾവഴികൾ


 ഷംസുദ്ദീൻ മുബാറക്കിന്റെ മരണവും മരണാനന്തര ജീവിതവും പ്രമേയമാകുന്ന നോവലാണ് മരണപര്യന്തം റൂഹിന്റെ നാൾവഴികൾ. സ്രഷ്ട്ടാവിന്റെ സൃഷ്ടിയായ റൂഹിന്റെ ഓരോ നാൾ മൊഴികളും വിശദമായി വിവരിക്കുന്ന ഈ നോവൽ രണ്ട് പർവങ്ങളായാണുള്ളത്. ഒന്നാം പർവത്തിൽ ഭൂമിയും സൂര്യനും നക്ഷത്രങ്ങളും ഉള്ള രാപ്പകലുകളിൽ റൂഹ് എഴുതിയ നാൾമൊഴികളാണെങ്കിൽ രണ്ടാം പർവത്തിൽ ലോകാവസാനന്തരം പുനർജന്മം ഉണ്ടായി എഴുതിയ നാൾമൊഴികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തയ്യില പറമ്പിൽ അബൂബക്കറിന്റെ മകൻ ബഷീറിന്റെ റൂഹ്, മരണാനന്തര ജീവിതവും ലോകാവസാനവും തുടർന്നുള്ള മഹ്ശറയിലെ അനശ്വര ജീവിതം, ഇവയെക്കുറിച്ചെല്ലാം ഒരു റൂഹിന്റെ ഡയറിക്കുറിപ്പെന്ന പോലെ വായനക്കാരിലേക്ക് എത്തിക്കുന്നു. തെറ്റുകളിലായി ജീവിതം കഴിച്ചുകൂട്ടി പശ്ചാതാപത്തിന് സാവകാശം നൽകാതെ ആകസ്മികമായ മരണത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്നത് ഒരു ഞെട്ടലോടെയാണ് റൂഹ് ഓർക്കുന്നത്. തൽഫലമായി റൂഹിന്റെ തുടർന്നുള്ള ദിവസങ്ങളിലെ വേദനാജനകമായ അനുഭവങ്ങൾ,ആധികൾ വേവലാതികൾ എല്ലാം വ്യാഖ്യാനിക്കുന്നു. ഖബറിലെ ആദ്യ ദിനങ്ങളും മാലാഖമാരുടെ വരവും തെറ്റായ മാർഗത്തിലൂടെ സഞ്ചരിച്ച റൂഹിനെ സംബന്ധിച്ചിടത്തോളം ഭയാനകമായിരുന്നു. അതുകൊണ്ടുതന്നെ ഖബറിലേക്ക് കടന്നുവരുന്ന ഓരോ അതിഥികളോടും അവരവരുടെ അനുഭവങ്ങൾ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നുണ്ട്. അയൽവാസിയും നാട്ടിലെ മീൻ കച്ചവടക്കാരനായ സൈനുവിന്റെ സുന്ദരമായ ഖബർ ജീവിതം റൂഹിനെ വല്ലാതെ സങ്കടത്തിലാക്കുന്നുണ്ട്. സൃഷ്ട്ടാവിന്റെ സച്ചരിതരായ അടിമകൾക്ക് റബ്ബ് നൽകുന്ന സുന്ദരമായ പരലോക ജീവിതം വർണ്ണനകളിൽ ഒതുങ്ങാത്തതാണ്. എന്നാൽ, തെറ്റിലായി മുഴുകി ജീവിച്ച ദുർമാർഗികൾക്കുള്ള പരലോക ശിക്ഷ തെല്ലൊരു ഞെട്ടലില്ലാതെ വായിക്കാനാവില്ല. ഇതിനിടയിൽ തന്റെ അകാലത്തിൽ പൊഴിഞ്ഞുപോയ മകൻ അജ്മൽ ഉപ്പയുടെ ഖബറിടത്തിലേക്ക് എത്തുന്നതും തെറ്റുകൾ നിറഞ്ഞ ഭാണ്ഡക്കെട്ട് മകനുമുന്നിൽ നിവർത്തുകയും ഖേദിക്കുകയും ചെയ്യുന്ന പിതാവിന്റെ റൂഹിനെ കാണാൻ കഴിയും.തനിക്ക് വേണ്ടി ഒരു കർമ്മവും ചെയ്യാത്ത വീട്ടുകാരെ പിന്നീടുള്ള ദിനങ്ങളിൽ സിയാറത്ത് ചെയ്യാൻ റൂഹിന് മനസ്സ് വന്നില്ല. കാലങ്ങളോളം ഖബറിൽ കഴിഞ്ഞു കൂടിയ റൂഹ് പിന്നീട് ലോകം ചുറ്റാനെന്നോണം രണ്ടാമതായി പുറത്തിറങ്ങുന്നതാണ് രണ്ടാം പർവ്വത്തിലെ തുടക്കം. അവിടെവെച്ച് ഇബ്നു മുറാദ് എന്ന സിറിയക്കാരനായ ആത്മാവിനെ പരിചയപ്പെടുകയും രാജ്യങ്ങളെ കുറിച്ചുള്ള അറിവുകൾ ലഭിക്കുകയും അവകളെ സന്ദർശിക്കുകയും ചെയ്യുന്നുണ്ട്. അവസാന നാളിന്റെ ലക്ഷണങ്ങൾ ഓരോന്നായി ഉതിർന്നു വീഴുന്നത് കൺമുന്നിലെ ദൃശ്യം പോലെ വായനക്കാരനെ അറിയിക്കുന്നു. അറബ് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും അക്രമങ്ങളും കണ്ട് റൂഹിന് മനം മടുക്കുന്നു. ദജ്ജാലിന്റെയും ഈസാനബി ലോകർക്ക് രക്ഷകനായി ആകാശത്തുനിന്നിറങ്ങി വരുന്നതും അക്രമവും ആ സമയങ്ങളിലെ സത്യവിശ്വാസികളുടെ അവസ്ഥയും റൂഹിന്റെ നാൾമൊഴികളിലൂടെ കടന്നുപോകുന്നുണ്ട്. പിന്നീട് ഖബറിലേക്ക് പോകാൻ ഒരുങ്ങിയ സമയം ദാബത്തുൽ അർളിന്റെ പ്രത്യക്ഷപ്പെടൽ തുടർന്നുണ്ടാകുന്ന കാര്യങ്ങളെ കുറിച്ചുള്ള ജിജ്ഞാസ റൂഹിനെ പിടികൂടുന്നു. പിന്നീട് ഒരു വെള്ളിയാഴ്ച ലോകം മുഴുവനും തകർന്ന ആ ദിനം വന്നെത്തുന്നു. ലോകാവസാനവും പുനർജന്മവും നാളുകളോളം നീണ്ടുനിൽക്കുന്ന മഹ്ശറയും റൂഹിന്റെ അവസ്ഥകളും വിവരിക്കുന്ന ഭാഗങ്ങൾ ഹൃദയത്തെ കിടുകിടാ വിറപ്പിച്ചു.ഹബീബിന്റെ (സ്വ) ശഫാഅത്തിനൊടുവിൽ വിചാരണ ആരംഭിക്കുകയും റൂഹിന്റെ യോജിച്ച ശിക്ഷയായ ശാശ്വതനരകം റൂഹിനേൽപ്പിച്ച ആഘാതങ്ങളും ഇതിൽ കുറിച്ചിട്ടുണ്ട്. മരണമില്ലെന്ന് അറിഞ്ഞിട്ടും അതിനെ അതിയായി ആഗ്രഹിച്ച റൂഹിനെ ചെറുപ്രായത്തിൽ മരിച്ച മകന്റെ പ്രാർത്ഥനയെന്നോണം സ്വർഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കപ്പെടുന്നു. സൃഷ്ട്ടാവിന്റെ തൃപ്തി ഉടയവരായ,എല്ലാം അവനിലേക്ക് സമർപ്പിച്ച തന്റെ അടിമകൾക്ക് സ്രഷ്ടാവ് ഒരുക്കിവെച്ച സുഖസൗകര്യങ്ങൾ കണ്ടു റൂഹ് അതിശയിക്കുന്നു. സ്വർഗ്ഗത്തിലെ ഏറ്റവും താഴ്ന്ന തട്ടിലായിരുന്ന റൂഹിന് ഇത്രമേൽ സുഖാനുഭൂതി അനുഭവിക്കാൻ കഴിയുന്നുവെങ്കിൽ, സ്വർഗ്ഗത്തിന്റെ ആദ്യതട്ടിൽ ഹബീബിനോട് കൂടെ ഉല്ലസിക്കുന്നത് എത്ര ആനന്ദകരമായിരിക്കും എന്ന് നമ്മെ ചിന്തിപ്പിക്കുന്ന ഭാഗമാണത്. റൂഹും അപ്രകാരം ചിന്തിക്കുന്നത് നമുക്ക് വായിച്ചെടുക്കാവുന്നതാണ്.അവർണനീയമായ സ്വർഗം മോഹിപ്പിക്കുന്ന വരികളിലൂടെ ഈ രചന കടന്നുപോകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും സ്വർഗ്ഗ നിവാസികൾക്ക് ഒരു സ്ഥലത്ത് ഒരുമിച്ചു കൂടാനുള്ള അവസരവും,റൂഹ് തന്റെ മകനെയും കൂട്ടി തന്റെ ഭാര്യയെയും കുഞ്ഞുമോളെയും കാണാൻ ആവശ്യപ്പെടുകയും പിന്നീട് അവരോട് ഒന്നിച്ചു ചേർക്കപ്പെടുകയും ഒരുമിച്ച് സല്ലപിക്കുകയും ചെയ്യുന്ന ബന്ധമായി മാറുന്നതോടെ രചന സമാപ്തി കുറിക്കുന്നു.

വളരെ ലളിതമായ ഭാഷാശൈലിയുള്ള ഈ എഴുത്തിൽ വായനയിൽ ഉടനീളം വരുന്ന അറബി പദങ്ങളു൦ അർത്ഥങ്ങളും പുസ്തകത്തിന്റെ ആദ്യഭാഗത്ത് ഉൾക്കൊള്ളിച്ചിരിക്കുന്നത് മറ്റൊരു സവിശേഷതയാണ്.


Amal. M. I

Smst, Anchangadi