ഗുജറാത്ത് : വിസ്മരിക്കപ്പെട്ട പുണ്യഭൂമി
"ആധുനിക ലോകത്തെ ജനങ്ങൾ ഈ സംഭവത്തെ എങ്ങനെ വിലയിരുത്തുമെന്നെനിക്കറിയില്ല . എൻ്റെ അഭിപ്രായത്തിൽ ഇത് തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട സംഭവമാണ് ".
ചരിത്രത്തിലുണ്ടായ നല്ല മുഹൂർത്തത്തേയോ, വിജയം വരിച്ച യുദ്ധങ്ങളേയോ പരാമർശിച്ചല്ല മേൽപ്പറഞ്ഞവ .മറിച്ച് ചരിത്രത്തിൽ പണ്ഡിതകേസരികളുടെ മലർവാടിയും,ദൈവികാനുരാഗത്തിന്റെ ദർഗയുമായിരുന്ന ഗുജറാത്തിനെ കുറിച്ചാണ് .
ഗുജറാത്ത് പുണ്യഭൂമിയെന്നു പറയുമ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷമുള്ള തലമുറയ്ക്ക് വിശ്വസിക്കാനും ഉൾക്കൊള്ളാനും പ്രയാസമായിരിക്കും.ആ നാട് നെഞ്ചിലേറ്റിയ അക്രമങ്ങൾ അത്രത്തോളമായിരുന്നു . വർഗീയ സമരങ്ങൾ തൂലികയാക്കിയും അതിൽ ചൊരിഞ്ഞ രക്തം മഷിയാക്കിയുമാണ് ഓരോ മനുഷ്യനും തങ്ങളുടെ മനസ്സിൽ ഗുജറാത്തിൻ്റെ ചിത്രം വരയ്ക്കുന്നത് .
നിരവധി ഔലിയാക്കളും നവോത്ഥാന നായകരും ജീവിച്ച പുണ്യഭൂമിയായിരുന്നു ഗുജറാത്ത്.
ഇന്ത്യയിലെ ഹദീസ് പ്രചാരകനായ ശൈഖ് അബ്ദുൽ ഹഖ് ദഹ്‌ലവി എന്നവർ ജനിക്കുന്നതിന് മുൻപ് തന്നെ ശൈഖുൽ ഇസ്‌ലാം സകരിയ്യ അൽ അൻസാരി (റ), ഷംസുദ്ദീൻ സഖാഫി (റ), അല്ലാമ ഇബ്നു ഹജരീനിൽ ഹൈതമി (റ) എന്നീ പ്രമുഖരുടെ ശിഷ്യഗണങ്ങൾക്കു കീഴിലുള്ള പഠനകേന്ദ്രങ്ങൾ ഗുജറാത്തിൽ ആരംഭിച്ചിരുന്നു. ഏക ഇലാഹിൽ വിശ്വസിക്കുന്ന തൗഹീദിന്റെ ധ്വജവാഹകർ ഇന്ത്യയിലാദ്യമായി കാലുകുത്തിയത് ഈ പുണ്യ ഭൂമിയിലാണ്. വജീഹുദ്ദീൻ അലവി (റ) ഗുജറാത്തിലെ അറിയപ്പെട്ട മുദരിസായിരുന്നു.നബി തിരുമേനി (സ) യുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹത്തിൻ്റെ ദർസിന് 'ദർസെ മുഹമ്മദീ' എന്നായിരുന്നു പേര്. മഹ്മൂദ് ഗസ്നി , ശിഹാബുദ്ദീൻ ഗോറി , സുൽത്താൻ അലാഉദ്ധീൻ ഗിൽജി തുടങ്ങിയവർ ഗുജറാത്തിൻ്റെ പ്രഗത്ഭരായ ഭരണാധികാരികളായിരുന്നു . ഹിജ്റ 93 ൽ മുഹമ്മദ് ബിൻ ഖാസിം സഖഫിയാണ് ഇന്ത്യയിൽ ഇസ്ലാമിക ഗവൺമെൻ്റിന് തുടക്കമിട്ടത്. അല്ലാമ മുഹമ്മദ് ബിൻ മുഹമ്മദൽ ഈജിയുടെ ശിഷ്യൻ മുസഫ്ഫർ ശാഹ് ഹലീം 14 വർഷം ഗുജറാത്ത് ഭരിക്കുകയുണ്ടായി .ചെറുപ്പത്തിൽ തന്നെ ഖുർആൻ മന:പാഠമാക്കിയ അദ്ദേഹം നിത്യം അംഗശുദ്ധിയുള്ളവനും,ദിനേന ജമാ:അത്തായി നിസ്കരിക്കുന്നവരുമായിരുന്നു.ഹിജ്റ 943 ൽ മഹ്മൂദ് ശാഹ് രണ്ടാമൻ ഭരണമേറ്റെടുത്തു .അക്കാലത്താണ് ഇന്ത്യയുടെ അഭിമാനമായ മഹാ പണ്ഡിതൻ ശൈഖ് അലിമുത്തഖി രണ്ടാമതായി ഇന്ത്യയിലേക്ക് തിരിച്ചുവന്നത് .ഹിജ്റ 961 മഹ്മൂദ് ശാഹ് രണ്ടാമൻ കൊല്ലപ്പെട്ടതോടെ ഗുജറാത്ത് പലരുടെയും കളിപ്പാവയായി .184 വർഷം മഹ്മൂദ് ശാഹ് കുടുംബം തുല്യതയില്ലാത്ത മാതൃകാഭരണം കാഴ്ചവെച്ചു. മാൾവെയിൽ ഇസ്ലാമിന് വേണ്ടി ശബ്ദമുയർത്തിയത് മുസഫ്ഫർ ശാഹ് ഹലീം എന്ന ഗുജറാത്തിൻ്റെ ഭരണാധികാരിയായിരുന്നു.ഗുജറാത്തിലെ അഹമ്മദാബാദ് , സൂറത്ത് , പട്ടൻ , പോർബന്തർ എന്നിവിടങ്ങളിൽ നിരവധി സൂഫിവര്യന്മാർ അന്ത്യവിശ്രമം കൊള്ളുന്നുണ്ട് .ഹദീസിൽ ആദ്യമായി ഗ്രന്ഥം രചിച്ച ഹാജി ഖലീഫ എന്ന മഹാപണ്ഡിതൻ ഗുജറാത്തിൻ്റെ മടിത്തട്ടിലാണ് കിടന്നുറങ്ങുന്നത്.അത്തരമൊരു ഗുജറാത്ത് ഇന്ന് കലാപ ഭൂമിയാണ് .
1969 ലെ ഹിന്ദു-മുസ്ലിം വർഗീയ കലാപമാണ് ഗുജറാത്തിലെ ആദ്യ കലാപം .1947 ലെ ഇന്ത്യാവിഭജനത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ഹിന്ദു-മുസ്ലിം അക്രമവും ഇതുതന്നെയായിരുന്നു .660 പേർക്കാണ് ഔദ്യോഗിക കണക്കുപ്രകാരം ജീവഹാനി സംഭവിച്ചത് .1047 പേർക്ക് പരിക്കേൽക്കുകയും 48000 പേർക്ക് സ്വത്ത് നഷ്ടമാവുകയും ചെയ്തു.രണ്ടായിരം മരണങ്ങൾ വരെ ഉയർന്നതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. അതിൽ തന്നെ മുസ്ലിം വിഭാഗത്തിനാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത്. പോലീസ് പരാതികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 512 മരണങ്ങളിൽ 430 ഉം മുസ്ലീങ്ങളായിരുന്നു . 2002 ൽ ഗുജറാത്തിൽ അരങ്ങേറിയ വംശഹത്യ ആർക്കും മറക്കാൻ കഴിയില്ല .കലാപത്തിൽ 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളുമാണ് കൊല്ലപ്പെട്ടത്. കലാപങ്ങൾ കൂടാതെ കൊള്ളയും ബലാത്സംഘങ്ങളും വ്യാപകമായി. അവധുത്നഗർ കേസ്, എറൽ കേസ് തുടങ്ങിയവയും ഗുജറാത്തിലെ ഇസ്‌ലാം മുസ്ലിം വിരുദ്ധ മനോഭാവത്തിൻ്റെ പുറം ചട്ടയാണ് . പുണ്യ ഭൂമിയെ ഹൈന്ദവവൽക്കരിക്കാനുള്ള ശ്രമങ്ങളായിരുന്നു 1969 മുതൽ തുടക്കം കുറിച്ചത്. കലാപകാലത്ത് നിരവധി ദർഗകളും മസ്ജിദുകളുമാണ് ഗുജറാത്തിൽ നശിപ്പിക്കപ്പെട്ടത് . അഹമ്മദാബാദിൽ മാത്രം ഇരുപതിൽ പരം പള്ളികൾ പൊളിക്കപ്പെട്ടു . മുസ്ലിം പണ്ഡിതർ അന്ത്യവിശ്രമം കൊള്ളുന്നിടങ്ങൾ നിന്ദിക്കപ്പെടുകയും അവയ്ക്ക് മുകളിൽ ബിംബങ്ങൾ പ്രതിഷ്ഠിക്കുകയും അമ്പലങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്തു.ഈ ചെയ്തികളെല്ലാം വിരൽ ചൂണ്ടുന്നത് ഇസ്ലാമിക വിജ്ഞാനം കൊണ്ട് വർണശബളമായിരുന്ന ഗുജറാത്തിൻ്റെ മനോഹാരിതയെ തച്ചുതകർക്കാനുള്ള ഫാഷിസ്റ്റ് ദുർഭൂതങ്ങളുടെ ശ്രമങ്ങളിലേക്കാണ്.
ഡൽഹിയിൽ നിലനിന്നിരുന്ന 600 വർഷത്തെ ഭരണത്തിനു പോലും നേടിയെടുക്കാൻ സാധിക്കാത്ത വൈജ്ഞാനിക പുരോഗതി , കേവലം നൂറ്റിയൻപതിൽ പരം വർഷങ്ങൾക്കുള്ളിൽ നേടിയെടുത്ത നാടാണ് ഗുജറാത്ത്. രൂപപ്പെട്ട നാൾ മുതലേ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം. അത്തരമൊരു നാടാണ് വർഗീയ ലഹളകളുടെയും വംശഹത്യയുടെയും അഴിമതി ഭരണത്തിൻ്റെയും കീടങ്ങളുടെ നിബിഢവനമായിരിക്കുന്നത് . വിദ്വാന്മാരുടെയും തത്ത്വജ്ഞാനികളുടെയും പ്രഭാഷണങ്ങൾ കഴിഞ്ഞാൽ മരവിച്ച് പോയ ഹൃദയങ്ങളെ തൊട്ടുണർത്താൻ പറ്റുന്ന ഏറ്റവും നല്ല മാധ്യമം ചരിത്രമാണെന്ന് ആരോ പറഞ്ഞു വെച്ചത് പോലെ, ഗുജറാത്തിൻ്റെ ചരിത്രം ഇന്ത്യൻ മുസ്ലിങ്ങളുടെ അസ്ഥിത്വത്തിൻ്റെ കാതലാണെന്ന് ഇതിലൂടെ ഓർമ്മിപ്പിക്കുകയാണ്. ഔറംഗസീബ് ചക്രവർത്തി ഗുജറാത്തിനെ വിശേഷിപ്പിച്ചത് " സോബോ സീനത്തെ ഹിന്ദുസ്ഥാൻ" (ഇന്ത്യയുടെ ഭംഗിയും സൗന്ദര്യവും) എന്നാണ്.' യാദേ അയ്യാം ' എന്ന പുസ്തകത്തിൻ്റെ രചയിതാവ് സയ്യിദ് അബ്ദുൽ ഹയ്യ് അൽ ഹസനിയുടെ വാക്കുകൾ ഞാനിവിടെ ഉദ്ധരിക്കുകയാണ് ..." ഈ ചരിത്ര യാഥാർത്ഥ്യങ്ങളോട് നീതി പുലർത്താൻ ഇന്ത്യയിലെ ജനങ്ങൾ, ചുരുങ്ങിയത് ഗുജറാത്തുകാരെങ്കിലും തയ്യാറാക്കേണ്ടതുണ്ട്".
- Fathima V. S
Thanweerul Islam Women's College , Akalad

0 Comments