ഭീതിയിലാഴ്ത്തപ്പെട്ട ലോകവും അനീതിയിൽ മുങ്ങിയ ഭരണകൂടവും



വംശീയതയുടെയും ,മതത്തിന്റെയും പേരിൽ കലഹങ്ങളും കലാപങ്ങളുമെല്ലാം പൊട്ടി പുറപ്പെടുകയും നിരവധി പേർ  പലയിടങ്ങളിലായി മരിച്ചു ജീവിക്കുകയും ചെയ്യുന്നു . അതിന് ഉത്തമ ഉദാഹരണമാണ് ഇന്നത്തെ മണിപ്പൂർ ജനത.


കിഴക്കിന്റെ രത്നം എന്നറിയപ്പെടുന്ന മണിപ്പൂരിന്റ ചരിത്രം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഏറെ വിഭിന്നമാണ്. പതിറ്റാണ്ടുകളായി വിവിധ വംശീയ വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത ശത്രുതയും ആധിപത്യം പിടിച്ചടുക്കാനുള്ള നീക്കവും ഇന്നത്തെ പുതിയ പ്രശ്നങ്ങളുമായി ചേർന്നു കിടക്കുന്നു . ഭൂമി ശാസ്ത്രപരമായി തന്നെ മണിപ്പൂർ രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട് .

മൈതി വിഭാഗം താമസിക്കുന്ന താഴ്‌വരയും കുക്കി വിഭാഗക്കാർ താമസിക്കുന്ന കുന്നുകളും. മൈതികൾ ഏറെയുള്ള താഴ്‌വരകളിലാണ് കൂടുതലും വികസന പ്രവർത്തനങ്ങൾ നടക്കുന്നത്,കുക്കി ഗോത്രമേഖല അതിൽ പിന്നിലുമാണ് . കുന്നുകളിലെ ഉടമസ്ഥാവകാശം എന്നും കുക്കി ഗോത്ര വിഭാഗക്കാർക്കായിരുന്നു .താഴ്‌വരയിൽ ഭൂമി വാങ്ങുന്നതിന് അവർക്ക് തടസ്സവുമുണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ അവരിൽ താഴ്‌വരയിലേക്കുള്ള കുടിയേറ്റം സാധാരണയായി നിലനിന്നു പോന്നിരുന്നു .കൂടാതെ മൈതികൾക്ക്‌ താഴ്‌വരയിലെ ജീവിതം ദുസ്വഹമായതോടെ കുന്നുകളിലേക്ക് കുടിയേറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങി . എല്ലാത്തിലും ആനുകൂല്യങ്ങളുള്ളതിനാൽ സർക്കാർ സർവീസുകൾ കുക്കി ഗോത്ര വിഭാഗക്കാർ കയ്യടക്കുന്നതായും മൈതി വിഭാഗക്കാർ ആരോപിച്ചു കൊണ്ടിരുന്നു . മത പരിവർത്തനം കാരണം മണിപ്പൂരിന്റെ പുരാതന സംസ്കാരം നശിപ്പിക്കപ്പെട്ടുവെന്ന സംസാരം മൈതികൾക്കിടയിൽ ഉടലെടുത്തു . പരമ്പരാകത വിശ്വാസ രീതികൾ സംരക്ഷിക്കാൻ അവർക്കിടയിൽ തീവ്ര സംഘടനകൾ പ്രവർത്തിക്കുന്നുണ്ടായിരിക്കെ മുഖ്യമന്ത്രി ഇത്തരം സംഘടനകളെ പിന്തുണയ്ക്കുന്നതായി കുക്കി വിഭാഗക്കാരും ആരോപിച്ചു .

ഇങ്ങനെയുള്ള പരസ്പര വിഭിന്നമായ ചിന്തകളും പ്രവർത്തികളും സമൂഹത്തെ കലാപത്തിലേക്ക് നയിക്കാനുള്ള പഴുതുകൾ തുറുന്നു .

ഇരു ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള ജനസംഖ്യ അന്തരമാണെന്നതായിരുന്നു കുക്കി - മൈതി വിഭാഗങ്ങൾ തമ്മിലുള്ള പരസ്പര പോരാട്ടത്തിന്റെ മൂല കാരണം. അവരിൽ ഭൂരിപക്ഷം മൈതികളും,ന്യുനപക്ഷം കുക്കികളുമായിരുന്നു .ഗോത്ര വിഭാഗങ്ങളായ മൈതികളും കുക്കികളും തമ്മിലുള്ള പ്രശ്നം മതപരവും വംശീയപരവുമായ പോരാട്ടമായി തുടർന്നു. പട്ടികവർഗ്ഗക്കാരായിരുന്ന കുക്കികൾക്ക് പുറമെ മൈതികളെയും പട്ടിക വിഭാഗമാക്കി എന്ന പ്രഖ്യാപനമാണ് അവർക്കിടയിൽ കലാപത്തിന്റെ തുടക്കം കുറിച്ചത്. ആ പ്രഖ്യാപനം കുക്കികളെ ചൊടിപ്പിച്ചു .അവരിൽ ഭൂരിപക്ഷം മൈതികളും ഹിന്ദു മത വിശ്വാസികളും കുക്കികളിൽ ഭൂരിപക്ഷം ക്രിസ്തു മത വിശ്വസികളുമായിരുന്നു. ഈ വ്യത്യാസമാണ് അവരെ വിദ്വേഷത്തിലേക്ക് തള്ളിയിട്ടു . ഇതിനിടയിൽ ന്യുനപക്ഷ ഇസ്ലാം മത വിശ്വാസികളുമായുള്ള ആഭ്യന്തര സംഘർഷവും കൊടുംമ്പിരി കൊണ്ടു .

മൈതി മേഖലയിലെ ഹിന്ദുക്കളുടെ പ്രതിനിധിയായ ബൈറിൻ സിങിനെതിരെ കുക്കികൾ കുരിശുയുദ്ധം പ്രഖ്യാപിച്ചുവെന്ന പ്രചരണം കലാപത്തിനാക്കം കൂട്ടി . വർഷങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളിലൂടെ പരസ്പര ഭിന്നതയുടെ ആഴം ഏറുകയും,എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണെന്ന പ്രതിജ്ഞയെടുത്തിട്ടും മതത്തിന്റെയും വംശീയതയുടെയും ലഹരി ഉള്ളിൽ കയറി തുടങ്ങിയപ്പോൾ അവർ സഹോദരികളെ മറന്നു തുടങ്ങി, സാഹോദര്യമെന്ന ബോധം നഷ്ടപ്പെട്ടു കഴിയുകയും ചെയ്തു .കരുണയെന്ന പദം നിഷ്ഫലമായി.

രാജ്യത്തിനു വേണ്ടി ജീവനർപ്പിക്കാൻ തയ്യാറായ ഒരു ജവാന് തന്റെ പത്നി ആൾകൂട്ടങ്ങൾക്കിടയിൽ കിടന്നു പിടയുന്നത് കണ്ടു നിൽക്കേണ്ടി വരുന്ന രംഗം ഏറെ ഭയാനകമാണ്,ഇത്ര കാലവും താൻ കാവൽ നിന്നത് ഈ സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടിയാണോ എന്ന ചിന്ത ആ ഹൃദയത്തിന് നൽകിയ നോവ്,ഒട്ടും ചെറുതല്ല.

അവരിൽ പകയുടെയും ആർത്തിയുടെയും തീ ആളിക്കത്തുകയായിരുന്നു. ഒട്ടനവധി ആരാധനാലയങ്ങളും വീടുകളും അതിലേറെ ജീവിതങ്ങളും എരിഞ്ഞ് തീർന്നില്ലാതെയായി . ഒപ്പം സ്വപ്നങ്ങൾ ചാരമായി തീർന്നു.

മെയ് 3 ന് ആരംഭിച്ച മണിപ്പൂർ കലാപത്തിന് മാസങ്ങൾ പിന്നിടുമ്പോഴും പരിഹാര നടപടി മൗനം മാത്രം. സർക്കാറിന്റെ മൗനവും കൃത്യമല്ലാത്ത നടപടികളും സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിലേ ക്കാണ് നയിക്കുന്നത്.


മനുഷ്യ ജീവന്  വിലയില്ലാതെയായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ജീവിക്കാൻ മാനവൻ ഭയപ്പെട്ടു തുടങ്ങി.എല്ലാം എരിഞ്ഞമർന്ന് തീരുമ്പോഴും നേതാക്കന്മാർ വംശീയതയുടെ വിത്തുകൾ വീണ്ടും വീണ്ടും പാകികൊണ്ടിരിക്കുന്ന തിരക്കിലാണ്.

ജനാധിപത്യ രാഷ്ട്രമെന്ന് മുദ്രകുത്തപ്പെടുമ്പോഴും ഭരണം ചിലരുടെ കൈകളിൽ മാത്രമായ് ഞെരുങ്ങിയമർന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് സംജാതമായി കൊണ്ടിരിക്കുന്നത്.

നിയമ വാഴ്ചയെന്നത് ഒരു നാടിന്റെ ധർമ്മമാണ്, ഭരണകൂടത്തിന്റെ ഉത്തതരവാദിത്വവും. എന്നിരിക്കെ മണിപ്പൂർ രാജ്യത്തിന്റെ വേദനയായി മാറുമ്പോഴും,കലാപത്തെ  എങ്ങനെ നീട്ടി വലിക്കാമെന്ന ചിന്തയിലാണവർ...


സ്വർണ്ണമെത്തയിൽ കിടന്നു സുഖമോദ ങ്ങളിൽ ആർത്തുല്ലസിക്കുന്ന ഒരുത്തൻ എങ്ങനെയാണ്, കണ്ണടക്കാൻ പോലും ഭയപ്പെട്ടു ജീവിക്കുന്ന ഒരു സമൂഹത്തിന്റെ വേദനയറിയുന്നത് ...?


Haseena Hassan

Wadeema Mohamed Butti Womens College