നിഗൂഢതയുടെ ഇരുളിൽ ഇന്ത്യ
“ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയും ബഹിരാകാശ- സാങ്കേതിക രംഗത്തെ മുൻ നിരയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ലജ്ജിക്കുന്നു”
കർണാടകയിലെ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥനായ മഞ്ചുനാഥിന്റെ ഇന്ത്യയെ കുറിച്ചുള്ള വാക്കുകളാണിത്. അതെ,ഇന്ത്യയിൽ സാങ്കേതികവിദ്യകൾ പുരോഗമിച്ച് കൊണ്ടിരിക്കുമ്പോഴും സാംസ്കാരിക- ധാർമിക മൂല്യങ്ങൾ കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ലിംഗസമത്വവും സ്ത്രീ ശാക്തീകരണവും ഏറ്റുപിടിച്ച ഈ നാവോത്ഥാന ലോകത്തിന് പിറവി കൊടുക്കാൻ വെമ്പൽ കൊള്ളുന്ന ഇന്ത്യൻ സമൂഹത്തിൽ കുഴിച്ച് മൂടപ്പെടുന്ന ശബ്ദങ്ങളും നിലവിളികളും ഇന്നും നിലക്കാതെ പ്രതിധ്വനിക്കുന്നു. മാറി വരുന്ന ഹാഷ് ടാഗുകളും വാർത്തകളും അസാധാരണയിൽ നിന്നും സാധാരണയിലേക്ക് പരിണമിച്ചു. നഗരവൽക്കരണത്തിനു ശേഷം സ്ത്രീകൾ പൊതുനിരത്തിലിറങ്ങാനും ശബ്ദങ്ങൾ ഉയർത്താനും തുടങ്ങിയെങ്കിലും സ്ത്രീവാസത്തിന് ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ മുൻപന്തിയിൽ തന്നെ. എന്താണിതിന് കാരണം?രാപ്പകൽ ഭേദമന്യേ വേണ്ടതെല്ലാം ഉൾക്കൊള്ളിച്ച് നിർമ്മിച്ച ബൃഹത്തായ ലിഖിത ഭരണഘടനയ്ക്ക് മുന്നിൽ നീതി നിഷേധിക്കപ്പെടുന്നു എന്നത് എത്ര ലജ്ജാകരം. പരമോന്നത നീതിപീഠത്തിൽ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പലപ്പോഴും യുക്തിക്ക് നിരക്കുന്നതോ ന്യായമോ ആകാറില്ല. നീതിക്ക് മുൻതൂക്കം കൊടുക്കേണ്ട നീതിദേവതയുടെ തുലാസിൽ പോലും അനീതിക്ക് തൂക്കം കൂടുമ്പോഴാണ് ജനങ്ങൾക്ക് നിയമനങ്ങളിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം നഷ്ട്ടപ്പെടുന്നത്. വിധികൾ തെളിവുകളുടെയും ചോദ്യം ചെയ്യലിന്റെയും അടിസ്ഥാനത്തിലാകുമ്പോൾ മനുഷ്യത്വവും നീതിയും ചവറ്റുകൊട്ടയിൽ എറിയപ്പെടുകയാണ്. കോടതികൾ കേവലം നിയമം നടപ്പാക്കാൻ എന്നതിലുപരി നീതിക്ക് വേണ്ടിയാവണം.
എന്നാൽ ഇന്ന് ആക്രമങ്ങളും കലാപങ്ങളും കൊടികുത്തിവാഴുന്നു,സ്ത്രീകളും പെൺകുട്ടികളും പൊതു നിരത്തുകളിൽ പിച്ചി ചീന്തപ്പെടുന്നു. പെണ്ണിനെ അമ്മയായും ദേവിയായും കണ്ടിരുന്ന കാലമെല്ലാം മാറിയിരിക്കുന്നു. ഭാരതമാതാവിന്റെ മടിയിൽ ഇന്നൊരു പെണ്ണും സുരക്ഷിതയല്ല. ഇന്ന് നിലവിളിക്കാൻ പോലുമാകാതെ രാവെന്നോ പകലെന്നോ ഇല്ലാതെ അസ്തമിക്കുകയാണ് പല ബാല്യങ്ങളും കൗമാരങ്ങളും യുവത്വങ്ങളും. ലഹരിയുടെ കൈപ്പിടിയിൽപെട്ട് കാമാസക്തിയിൽ ലയിച്ചിരിക്കുന്ന യുവത്വത്തിനിന്ന് സ്ത്രീ വെറും ഭോഗവസ്തു മാത്രമാണ്. രാജ്യം സ്ത്രീ സംരക്ഷണത്തിനായൊരുക്കിയ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി ദിനേന എത്ര എത്ര ഇരകൾ പിറവിയെടുക്കുന്നത്? കേവലാസക്തിക്കും ഇച്ഛകൾക്കും വേണ്ടി തകർക്കപ്പെടുന്ന ബന്ധങ്ങളും നഷ്ട്ടപ്പെടുത്തുന്ന മൂല്യങ്ങളും ഇന്ന് നിസാരമാണ്. രാഷ്ട്രീയ പോരുകൾക്കും ആധിപത്യത്തിനുമിടയിൽ ബലിയാക്കപ്പെടുന്ന സ്ത്രീ ജനങ്ങൾ ‘ഒരു വസ്തുവല്ലെന്നും വ്യക്തിയാണ്’എന്ന വ്യക്തതയും നഷ്ട്ടപ്പെട്ട ബോധത്തിന്റെ ഭാഗമാണ്. അധികാര സ്ഥാപനത്തിനായ് രാഷ്ട്രീയ അടർക്കളത്തിലെ പ്രധാന കരുവാണ് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ,അതിനുദാഹരണമാണ് മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ വലിച്ചിഴച്ചത്.
2018 ലെ ക്രിമിനൽ നിയമ ഭേദഗതി അനുസരിച്ച് 12 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാൽസംഗത്തിനിരയാക്കിയാൽ രണ്ട് മാസത്തിനുള്ളിൽ അന്വേഷണവും വിചാരണയും പൂർത്തിയാക്കുകയും വധശിക്ഷ വിധിക്കുകയും വേണം. ഇത് നടപ്പിലാക്കപ്പെടുകയാണെങ്കിൽ ഹാഷ് ടാഗുകൾ നാൾക്കുനാൾ മാറിവരികയില്ല. ഇനിയുമൊരു ആസിഫയും ചാന്ദിനിയും ജീവിതമാസ്വദിക്കാനാവാതെ വഴിയിൽ പൊലിയുകയില്ല!
എന്നാൽ ഗുജറാത്തിലെ ഭരണകൂടത്തിന്റെ സഹായത്തോടെ അതിക്രൂരമായി മാനഭംഗപ്പെടുത്തിയ ബൽകീസ് ബാനു എന്ന സാധുവായ സ്ത്രീയുടെ വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ തടവിലാക്കപ്പെട്ട പ്രതികളെ കഴിഞ്ഞ ആഗസ്റ്റ് 15 ന് കുറ്റവിമുക്തരാക്കി പുറത്ത് വിട്ടതിൽ ഇന്ത്യൻ ജനതക്ക് എന്ത് സന്ദേശമാണ് ലഭിക്കുന്നത്? രാജ്യമെമ്പാടും സ്വാതന്ത്ര്യദിനത്തിന്റെ മാഹാത്മ്യവും സന്ദേശങ്ങളും പകർന്ന് കൊണ്ടിരിക്കുന്ന അതേ ദിനത്തിൽ തന്നെ സ്ത്രീകൾക്കെതിരെയുള്ള ഇത്രയും നീചമായ സമീപനമാണ് കൈകൊണ്ടത്.മാത്രമല്ല, അവരെ പൂമാലയണിയിച്ച് സ്വീകരിക്കുകയും ചെയ്തു.
'ഇന്നു നീ... നാളെ ഞാൻ' എന്ന ഭീതിയോടെയാണ് ഇന്ത്യയിൽ ഓരോ പെണ്ണും കഴിയുന്നത്. വനിതാ ദിനത്തിലെ പോസ്റ്ററിലും അടിക്കുറിപ്പുകളിലും മാത്രം വാചാലമാവുകയും ഒതുങ്ങി പോവുകയും ചെയ്യുന്ന പ്രഹസനങ്ങളായി മാറി സ്ത്രീ മാഹാത്മ്യം. ഹാഷ്ടാഗുകളിൽ പരിചിതമായ പേരുകൾ വരുന്നത് വരെ നാം അന്ധരും മൂകരും ബധിരരുമായിരിക്കും.
Safna k
Sibila Nargees k.k
VMHM Mukkam

0 Comments