പൊളിച്ചെഴുതപ്പെടേണ്ട ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം



നവഭാവുകത്വത്തെ  പ്രതിഫലിപ്പിക്കുന്ന ആധുനിക ലോകത്തെ ചിന്താമണ്ഡലങ്ങളിൽ വൈവിധ്യം ധ്വനിപ്പിച്ചു കൊണ്ടിരിക്കുന്ന ഈയൊരു വേളയിൽ,തീർത്തും പൊളിച്ചേഴുതപ്പെടേണ്ട മേഖലയാണ് ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അസ്ഥിത്വം.കൊളോണിയൽ ഭരണകാലത്ത് ബ്രിട്ടീഷുകാർ സ്ഥാപിച്ച വിദ്യാഭ്യാസ സമ്പ്രദായം തന്നെയാണ് ആധുനിക ഇന്ത്യയിലും അനുവർത്തിച്ചു കൊണ്ടിരിക്കുന്നത്.വിദ്യാസമ്പന്നനായ ഒരു വ്യക്തി തന്റെ അവകാശങ്ങളെക്കുറിച്ച് ബോധവാനാവുകയും സമൂഹത്തിലെ അനീതികൾക്കെതിരെ പോരാടാൻ കെൽപ്പുള്ള അജയ്യനുമാകുന്നു .യുവതലമുറയെ പരിശീലിപ്പിക്കുകയും ഭാവിയെ സജ്ജമാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തിന്റെ ബൃഹത്തായ പുരോഗതി കൈവരിക്കുന്ന അടിസ്ഥാന വശമായി നിലകൊള്ളുന്നതിനാൽ,അതിന്റെ അപാകതകളെ വിശാലമായി പരിശോധിക്കേണ്ടതുണ്ട്.



 1830- കളിൽ  ലോർഡ് തോമസ് ബേബിഗ്ടൺ  മക്കലെയാണ് ആധുനിക  സ്കൂൾ സമ്പ്രദായം ആദ്യമായി ഇന്ത്യയിൽ കൊണ്ടുവന്നത്.സംസ്‌കൃതം പോലെയുള്ള വിശുദ്ധ ഗ്രന്ഥങ്ങളും, ഗണിതം മുതൽ മെറ്റഫിസിക്സ് വരെയുള്ള വിഷയങ്ങളും പഠിപ്പിച്ചിരുന്ന ഗുരുകുലങ്ങളായിരുന്നു പ്രാചീന ഭാരതത്തിലെ വിദ്യാഭ്യാസ സ്രോതസ്സുകൾ.ഇന്ത്യ ബ്രാൻഡ് ഇക്വറ്റി ഫൌണ്ടേഷൻ(IBEF) കണക്കനുസരിച്ച് ഇന്ത്യയിൽ 250 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ വിദ്യാഭ്യാസം ആർജിക്കുന്നുണ്ട്.5 മുതൽ 24 വയസ്സ് വരെ പ്രായപരിധിയിലുള്ളവർ  ഈ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സംജാതമാകുന്നുണ്ട്.500 ദശലക്ഷത്തോളം വരുന്ന ആളുകൾക്ക് വിദ്യാഭ്യാസ മേഖല തൊഴിലാവസരങ്ങൾ ഉറപ്പ് നൽകുന്നുണ്ടെങ്കിലും,ജീവിതത്തിലുടനീളം സ്വാംശീകരിക്കാവുന്ന അറിവിന്റെ വാതായനങ്ങൾ അടിക്കപ്പെടുന്നതാണ് ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള അഭിരുചികളെ കൂടാതെ,അക്കാദമിക് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിദ്യാഭ്യാസത്തെ വിലയിരുത്തുന്നതാണ് ഈ സമ്പ്രദായത്തിന്റെ ന്യൂനത.തിയറി വിഷയങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതും പ്രാക്ടിക്കൽ വിഷയങ്ങളുടെ അഭാവവുമാണ് ഒരു വിദ്യാർത്ഥിയെ താൻ തിരഞ്ഞെടുക്കുന്ന വിഷയത്തിനപ്പുറത്തെ ചിന്തമണ്ഡലത്തിലേക്ക് പാലായനം ചെയ്യുന്നതിനെ നിഷേധിക്കുന്നത്.ഇതിലൂടെ ഏതെങ്കിലും ഒരു വിഷയത്തിലുള്ള സൈദ്ധാന്തിക ധാരണ ആഗമന മാകുന്നുണ്ടെങ്കിലും, പ്രയോഗിക പരിജ്ഞാനത്തിന്റെ   അഭാവം മൂലം  യഥാർത്ഥ  ലോകത്തിൽ ആശയ കുഴപ്പത്തിലാവുകയും ജീവിത പരീക്ഷകളിൽ തോൽവി നേരിടുകയും ചെയ്യുന്നു.അറിവ് ആർജിക്കുന്ന ആദ്യ ചവിട്ടടികളിൽ തന്നെ മാർക്ക് ലഭിക്കുക എന്നതാണ് പരമപ്രധാന ലക്ഷ്യമെന്ന് ഓരോ  ഉപബോധമനസ്സുകളിലും കൊത്തിവെക്കുമ്പോൾ വൈവിധ്യമാർന്ന അഭിരുചികളെ നിർവീര്യമാക്കപ്പെടുന്നത് വളരെ ഖേദകരമാണ്.സിദ്ധാന്തങ്ങളും സൂത്രവാക്യങ്ങളും യഥാർത്ഥത്തിൽ മനസ്സിലാക്കാതെയാണ് കുട്ടികൾ ഹൃദിസ്ഥമാക്കുന്നത്.വലിയ സിലബസും സമയത്തിന്റെ അഭാവവും വിദ്യാർത്ഥിനികളെ 'മഗ്ഗ് അപ്പ്' ചെയ്യാൻ പ്രേരിപ്പിക്കുന്നു. അതുവഴി വിദ്യാർത്ഥികളുടെ ചിന്താമണ്ഡലത്തിന്റെ സ്വാതന്ത്ര്യത്തെയാണ് പാർശ്വവൽക്കരിക്കപ്പെടുന്നത്.യുക്തിപരവും വിശകലനാപരവുമായ ചിന്തകളെയും, അഭിപ്രായ വികസനത്തിനുള്ള സ്വാതന്ത്ര്യത്തെയും തളച്ചിടുകയാണ് ഇത്തരം  അബൗദ്ധികമായ അധ്യാപനരീതികൾ.വ്യത്യസ്ത സ്ട്രീമുകളിൽ  നിന്നും വ്യത്യസ്ത വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ വിദ്യാർഥികൾക്ക് ലഭിക്കുന്നില്ലെന്നതാണ് കോളേജുകളിൽ പ്രവേശനം പിന്തള്ളപ്പെടുന്നതിന്റെ പ്രധാന കാരണം.ഇത് മറ്റു മേഖലയിലുള്ള വിജ്ഞാനത്തിന് കോട്ടം സൃഷ്ടിക്കുന്നതിനും ഒരു ദിശയിലേക്ക് മാത്രം ചിന്താശേഷി ചുരുങ്ങുന്നതിനും ഇടയാകുന്നു. ബൃഹത്തായ  അധ്യാപന ശിക്ഷണം വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മുഖ്യധാരയിലുണ്ടെങ്കിലും അധ്യാപക പരിശീലനത്തിന്റെ ഗുണനിലവാരത്തിൽ ഗ്രാമ പ്രദേശത്തിലെ വിദ്യാലയങ്ങൾ  ഇപ്പോഴും  ദൗർലഭ്യം  നേരിടുന്നുണ്ട്. പരിചയ സമ്പന്നതയും യോഗ്യതയും അന്യമാകുന്ന അധ്യാപകശിക്ഷണം വിജ്ഞാനത്തിന്റെ അകക്കാമ്പിനെയാണ് നിരർത്ഥകമാക്കുന്നത്.വിദ്യാഭ്യാസ ഗുണ നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ മാത്രം കണ്ണു ചെലുത്തുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാർഥികളിലെ വിജ്ഞാന ആഹ്വാനങ്ങൾ കച്ചവടവൽക്കരിക്കുകയാണ് ചെയ്യുന്നത്.

              

ഒരു വ്യക്തിയുടെ  സമഗ്രമായ വികസനത്തിനാവശ്യമായ വിദ്യാഭ്യാസത്തെ ആർജ്ജിക്കുന്നതിലൂടെ മാത്രമേ അന്തർലീനമായ സർഗാത്മകശേഷിയെ വിലയിരുത്താൻ സാധിക്കുകയുള്ളു.കേവലം ഉയർന്ന മാർക്കും വിജയവും നേടുക എന്നതിനേക്കാൾ ജീവിതത്തിന്റെ മൂല്യങ്ങളെ ത്വരിതപ്പെടുത്താനുതകുന്നതും രാജ്യത്തിന്റെ ഭദ്രമായ കെട്ടുറപ്പിനെ കീർത്തിപ്പെടുത്തുന്നതുമായ വിദ്യാഭ്യാസ രീതിയെയാണ് ഓരോ വിദ്യാർത്ഥിക്കും അർപ്പി ക്കേണ്ടത്. നമ്മുടെ രാജ്യം നേരിടുന്ന വിദ്യാഭ്യാസ നിലവാരമില്ലായ്മയും തൊഴിലില്ലായ്മയും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.പ്രാക്ടിക്കൽ വിദ്യാഭ്യാസത്തിലൂടെ ബൃഹത്തായ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ആധുനിക ലോകത്ത്, 90 ശതമാനം തിയറി വിഷയങ്ങൾക്ക് പ്രാധാന്യം നൽകി 10 ശതമാനം മാത്രം പ്രാക്ടിക്കൽ വിഷയങ്ങൾക്ക് വില നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായം കുട്ടികൾക്ക് തൊഴിലവസരങ്ങളെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്ന ഇന്ത്യയെന്ന മഹാരാജ്യത്ത് യഥാർത്ഥത്തിൽ നിലവാരമില്ലാത്ത പ്രൊഫഷനലുകളെയാണ് കോളേജുകൾ സമർപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ ക്രിയാത്മകശേഷിയെ തടസ്സപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ അഭിരുചികളെയും താല്പര്യങ്ങളെയും ദർശിക്കാതെ കേവലം പ്രൗഢിയലങ്കരിക്കുന്ന സർട്ടിഫിക്കറ്റുകളെ മാത്രമാണ് ലക്ഷ്യം വെക്കുന്നത്.വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉന്നതി കൈവരിക്കുന്ന രാജ്യങ്ങളുടെ വിജ്ഞാനത്തിന്റെ  അനാവരണ രീതികളെ വിശകലനം ചെയ്യുമ്പോൾ, ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരാ

യ്മകളെ മനസ്സിലാക്കാൻ സാധിക്കും.ലോകത്തിലെ വിദ്യാഭ്യാസ മികവിൽ ഏറ്റവും ഉയർന്ന നിൽക്കുന്ന രാജ്യമായ ഫിൻലാൻഡിലെയും അതുപോലെ ഉന്നത വിജ്ഞാന രീതി കൈവരിച്ച ജപ്പാൻ,കാനഡ,സൗത്ത് കൊറിയ,ആസ്ട്രേലിയ,ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളുടെ വിദ്യാഭ്യാസ രീതികളും ഇന്ത്യയിൽ നിന്നും ഏറെ വിഭിന്നമാർന്നതാണ്. ബാല്യകാലത്തിന്റെ ആരംഭമായ നാലാം വയസ്സിൽ തന്നെ ഒരു കുട്ടിയെ വിദ്യാഭ്യാസം ആർജിക്കുന്നതിൽ ഇന്ത്യ പങ്കാളിയാക്കുമ്പോൾ ഫിൻലാൻഡിൽ ഏഴാം വയസ്സിലാണ് ഒരു വ്യക്തിയുടെ വിദ്യാഭ്യാസ കാലത്തിന് തുടക്കം കുറിക്കുന്നത്. ഒരു കുട്ടിക്ക് തന്റെ ബാല്യകാലം ആസ്വദിക്കുന്നതിൽ ആവോളം സ്വാതന്ത്ര്യം നൽകുകയും അതുവഴി അവന്റെ സാമൂഹികമായ ഇടപെടലുകളെയും ചിന്താശേഷിയെയും പരിപോഷിപ്പിക്കലാണ് ഫിൻലാൻഡ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ഒരാഴ്ചയിൽ ശരാശരി 30 മണിക്കൂറുകൾ ഒരു കുട്ടി പഠനത്തിനു വേണ്ടി ചിലവഴിക്കുമ്പോൾ ഫിൻലാൻഡിലെ ഒരു കുട്ടി 20 മണിക്കൂറുകൾ മാത്രമാണ് പഠനത്തിൽ സംബന്ധിക്കുന്നത്. അവശേഷിക്കുന്ന സമയം കുട്ടികൾക്ക് കായികത്തിനു വേണ്ടിയും  മറ്റു പാഠ്യേതര  പ്രവർത്തനങ്ങൾക്ക് വേണ്ടിയും വിനിയോഗിക്കുന്നതിലൂടെ പ്രായോഗിക വിജ്ഞാന മേഖലയിലുള്ള സമഗ്രമായ വികസനത്തെയാണ് ഫിൻലാൻഡ് വിഭാവനം ചെയ്യുന്നത്. നമ്മുടെ രാജ്യത്തും ഇത്തരത്തിൽ പ്രായോഗിക പരിശീലനത്തിനുള്ള വേദികൾ സ്ഥാപിതമാണെങ്കിലും അവസരങ്ങൾ വെറും നാമമാത്രമായി അവശേഷിക്കുന്നുവെന്നതാണ് ഏറ്റവും വലിയ ന്യൂനത. കായിക വികസനത്തിനായി നിർണയിച്ചിട്ടുള്ള പി ഇ ടി പിരീഡുകൾക്ക് പ്രാമുഖ്യം നൽകാതെ മറ്റു വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന അധ്യാപന മനോഭാവമാണ്  ഒളിമ്പിക്സിൽ ഇന്ത്യ നേരിട്ട അവഹേളനാപരമായ പരാജയത്തിന്റെ ഉറവിടമെന്ന്  സാമൂഹ്യ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ജപ്പാനിലെ വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് പോകുമ്പോൾ ചൂല് കൂടെ കരുതുകയും പരിസര ശുചീകരണത്തിന് മുന്നിടുകയും ചെയ്യുന്ന രീതി ലോകത്ത് ശ്രദ്ധേയമാണ്. എന്നാൽ ആധുനിക ഇന്ത്യയിലെ സ്വകാര്യ സ്ഥാപനങ്ങൾ പഠനത്തിന് അപ്പുറത്തുള്ള  ഇത്തരം പ്രവർത്തനങ്ങൾ  വളരെ മ്ലേച്ഛമായി മുദ്രകുത്തുകയും ഇത്തരം പ്രവർത്തികളെ തൊട്ടുള്ള മനോഭാവം അവരിൽനിന്ന് പിഴുതെറിയപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ മക്കൾ പഠിച്ച് വിദേശരാജ്യങ്ങളിൽ ഉന്നതമായ തൊഴിൽ  പ്രാവിണ്യം നേടാനും പണം സമ്പാദിക്കാനുമുള്ള  രക്ഷിതാക്കളുടെ ഹീന മനോഭാവമാണ് ഇത്തരം നിഷേധങ്ങൾക്കുള്ള കാരണം.യഥാർത്ഥത്തിൽ രാജ്യത്തിന്റെ   സമഗ്ര വികസനത്തിനാവശ്യമായ പൗരന്മാരെ വാർത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരമപ്രധാനമായ ലക്ഷ്യം.വിദ്യാസമ്പന്നനായ ഒരു വ്യക്തി സ്വന്തം സമൂഹത്തിനോടും  രാജ്യത്തോടും കൂറ് പുലർത്തുന്ന മൂല്യങ്ങളെ സ്വാംശീകരിക്കാൻ കഴിയുന്നുണ്ടെങ്കിൽ മാത്രമേ  ആ വ്യക്തി വിജ്ഞാന സമ്പാദനത്തിൽ വിജയിച്ചുവെന്ന് ഉറപ്പിക്കാൻ കഴിയുകയുള്ളൂ.



വിദ്യാഭ്യാസ രീതിയുടെ ചില മാറ്റത്തിരുത്തലുകൾ അചഞ്ചലമായ  വ്യക്തിവികാസത്തിനും സമഗ്രമായ രാജപുരോഗതിക്കും  സഹായിക്കുകയും അതിലൂടെ മൂല്യാധിഷ്ഠിതമായ സമൂഹത്തെ പടുത്തുയർത്താനും സാധിക്കും. ഗ്രേഡിങ് സമ്പ്രദായം മെച്ചപ്പെടുത്തുക എന്നതാണ് പ്രഥമ പ്രധാനമായ കാര്യം. "റോട്ട് ലേണിങ്ങ് "ന്റെ  പ്രാമുഖ്യം ഒഴിവാക്കുകയും, പ്രായോഗിക പരിജ്ഞാനത്തിന്റെ ശാഖകൾ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതിലൂടെ കുട്ടിയുടെ അഭിരുചികളെയും താൽപര്യങ്ങളെയും ക്രിയാത്മകമാക്കാനും ഒരു വ്യക്തിയുടെ സമഗ്രമായ വികസനത്തെ പരിപോഷിപ്പിക്കാനും സാധിക്കും.മാർക്കിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ ഉന്നതനെന്നും  താഴ്ന്നവനെന്നുമുള്ള താരതമ്യവിധി നിർണായക രീതിയിൽ നിന്നും വ്യത്യസ്തമായി, അവരുടെ അന്തർലീനമായ  കഴിവുകളെ പരിഗണിച്ചുകൊണ്ടുള്ള പ്രായോഗിക പരിജ്ഞാന രീതിയെയാണ് സ്വീകരിക്കേണ്ടത്.90 ശതമാനം തിയറി വിഷയങ്ങൾക്കും 10 ശതമാനം പ്രാക്ടിക്കൽ വിഷയങ്ങൾക്കും പ്രാധാന്യം കൊടുക്കുന്ന വിദ്യാഭ്യാസ രീതിയിൽ നിന്നും തിയറി വിഷയങ്ങൾക്കും പ്രാക്ടിക്കൽ വിഷയങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന രീതിയിലേക്ക് വ്യതിചലിപ്പിക്കപ്പെട്ടാൽ വൈവിധ്യമാർന്ന മേഖലകളിൽ കഴിവ് പുലർത്ത പൗരന്മാരെ സൃഷ്ടിച്ചെടുക്കാൻ  സാധിക്കുമെന്നതിൽ സംശയമില്ല. ലോകത്തിന്റെ ഇന്നത്തെ ആവശ്യങ്ങൾക്കനുസരിച്ചുള്ള  പഠനപദ്ധതി രൂപപ്പെടുത്തുക എന്നതും പ്രധാനമാണ്. അധ്യാപകരുടെ പഠന രീതികളിലും നിയന്ത്രിതമായ മാറ്റങ്ങൾ സാധ്യമാക്കണം. അധ്യാപകർക്ക് പഠന രീതിയെ പറ്റി കൃത്യമായ പരിശീലനം നൽകുകയും, അധ്യാപകരുടെ അധ്യാപന രീതിയെ കുറിച്ച് സൂക്ഷ്മമായറിയാൻ  കുട്ടികൾക്ക് വോട്ടിംഗ് സമ്പ്രദായം സ്ഥാപിക്കുകയും വേണം.ഇതിലൂടെ മികച്ച അധ്യാപകരെ കുട്ടികൾ തന്നെ നിർണയിക്കുകയും മറ്റു അധ്യാപകർക്ക് അവരുടെ ന്യൂനതകളെ നികത്താനുള്ള അവസരവും ലഭിക്കുന്നു.ഓരോ വിദ്യാർത്ഥിയുടെയും മൊത്തത്തിലുള്ള വളർച്ചയെ കൈവരിക്കാൻ വിദ്യാഭ്യാസ മേഖലയെ ശാസ്ത്രീയ ശാഖകളിലേക്കും ആരോഗ്യ മേഖലകളിലേക്കും ലൈംഗിക വിദ്യാഭ്യാസത്തിലേക്കും കൂടി വിഹരിക്കേണ്ടതുണ്ട്.


   കാലത്തിനൊത്ത ചിന്തകളും സാങ്കേതിക പിഴവുകൾ നിർവീര്യമാക്കുന്നതും വിദ്യാർത്ഥികളുടെ അവകാശങ്ങളെ സംരക്ഷിക്കപ്പെടുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായത്തിനാണ് ഇന്ത്യ പരിശ്രമിക്കേണ്ടത്. രാജ്യത്തിന്റെ സമഗ്ര വികസനത്തിനാവശ്യമായ ഓരോ വിദ്യാർത്ഥികളുടെയും മൊത്തത്തിലുള്ള വളർച്ചയെ പരിഗണിക്കുന്നതായ വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വിധേയമാവട്ടെ.



Jumana Thasneem 

Kasarkode wafiyya college