നേട്ടങ്ങളും രാഷ്ട്രീയ കോട്ടങ്ങളും..
"സ്വാതന്ത്ര്യത്തിൽ നിന്ന് മാറിക്കഴിഞ്ഞാൽ ഒരിക്കലും പുനഃസ്ഥാപിക്കാനാവില്ല. ഒരിക്കൽ നഷ്ടപ്പെട്ട സ്വാതന്ത്ര്യം എന്നെന്നേക്കുമായി നഷ്ടപ്പെടും".
-John Adams-
ശാസ്ത്ര സാങ്കേതിക വിദ്യ പുരോഗമനങ്ങളിൽ അത്ഭുത പൂർണമായ ഒരു യുഗത്തെയാണ് 140 കോടിയിലധികം വരുന്ന ഇന്ത്യൻ ജനത സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ചന്ദ്രയാൻ 3 ലൂടെയുള്ള ബഹിരാകാശ പര്യവേഷണം, ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ കടന്നുവരവ്, ബയോടെക്നോളജി മേഖലയിലെ ഉയർച്ച, പുനരുപയോഗ ഊർജ്ജ പദ്ധതികൾക്കുള്ള മുൻതൂക്കം ഇവയിലെല്ലാമുള്ള ഇന്ത്യയുടെ പങ്ക് ആഗോള മേഖലയിൽ തന്നെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ സമൂഹത്തിലെ ഒരു കൂട്ടം (വിദ്യാസമ്പന്നർ ആവട്ടെ ,അധ്വാനശീലരാവട്ടെ) ഇന്ത്യയുടെ ഭാവി ഭാസുരമാക്കാൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ ഇന്ത്യൻ ജനതയുടെ നിസ്സഹായവസ്ഥ വെളിവാക്കുന്ന തരത്തിലുള്ള രാഷ്ട്രീയ അരാജകത്വ സാഹചര്യങ്ങൾ നാം വിസ്മരിച്ചു കൂടാ.
ഇവയെല്ലാം നിരന്തരമായ ഇന്ത്യൻ രാഷ്ട്രീയപ്രകൃതിയുടെ വെല്ലുവിളികളാൽ, വളർത്തിയെടുത്ത നേട്ടങ്ങളിൽ വിള്ളൽ വീഴ്ത്താനാണ് സാധ്യത.
181 പേരുടെ മരണത്തിനിടയാക്കിയ മണിപ്പൂർ കലാപം, ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷത്തിലെ തടയിടാൻ ശ്രമിക്കുന്ന കേന്ദ്രഭരണം ,വൈവിധ്യ വികലമാക്കുന്ന ഏക സിവിൽ കോഡ് ഇങ്ങനെ നീളുകയാണ് ഇന്ത്യയുടെ ആഭ്യന്തര മേഖലകളിലെ വിള്ളലുകൾ.
ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പുരോഗതിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ വെല്ലുവിളികളും രാജ്യത്തിൻറെ പാതയെ രൂപപ്പെടുത്തുന്ന ഒരു സങ്കീർണ്ണ രേഖയായി മാറുന്നുണ്ട്. സാങ്കേതിക പുരോഗതിക്ക് നല്ല മാറ്റങ്ങൾക്ക് ആവശ്യമായ ഊർജ്ജം നൽകാൻ കഴിയുമെങ്കിലും ഈ മുന്നേറ്റങ്ങളെ വർഗീയ ധ്രുവീകരണത്തിലുപരി ,കൂടുതൽ നന്മക്കായി ഉപയോഗപ്പെടുത്തുന്നതിന് പക്വതയാർന്ന രാഷ്ട്രീയവും ഉത്തരവാദിത്ത ഭരണവും അത്യന്താപേക്ഷിതമാണ്. വിവരമുള്ള പൗരപങ്കാളിത്തത്തിലൂടെയും ദർശനാത്മകമായ നേതൃത്വത്തിലൂടെയും ശാസ്ത്രസാങ്കേതിക നേട്ടങ്ങളും രാഷ്ട്രീയ മികവും പരസ്പരപൂരകം ആകുന്ന ഒരു ഭാവിയിലേക്ക് ഇന്ത്യ കടന്നു ചെല്ലേണ്ടതുണ്ട്.
ദേശസ്നേഹം ഈമാനിന്റെ ഭാഗമാണെന്ന് പറഞ്ഞ പ്രവാചകർ ( സ്വ) ഉണർത്തിയത് നാം രാജ്യത്തോട് ചെയ്തു തീർക്കേണ്ട ബാധ്യതകളെയാണ്. വിടരുന്ന പൂക്കളെ മാത്രം നോക്കി സ്വയം സന്തോഷം കണ്ടെത്തുക മാത്രം ചെയ്യാതെ അവയുടെ വളർച്ചക്ക് തടസ്സമായി നിൽക്കുന്ന വിളകൾക്കിടയിലെ കളകളെ ആവുംവിധം നാം പറിച്ചെറിയേണ്ടതുണ്ട്.
Abna Fathima .s .a
Cmmo madavoor

0 Comments