നവ യുഗ രക്ഷിതാക്കൾ
'മാതാപിതാഗുരുദൈവം' എന്ന ചൊല്ലിനെ നിരർത്ഥകമാക്കുന്ന കാഴ്ചയാണ് നവയുഗത്തിൽ സംജാതമായ ഖേദകരമായ കാര്യം.രക്ഷിതാക്കൾക്ക് മുന്നിൽ ആദരവ് കൊണ്ട് ശ്വാസം വിടാൻ പോലും ഭയന്നിരുന്ന ജനത ചരിത്രങ്ങളിലെ താളുകളിൽ മാത്രം ഒതുങ്ങുമ്പോൾ മാതാപിതാക്കളുടെ തോളിൽ കയ്യിട്ടു നടക്കുന്ന ധീരത യുക്ത തലമുറകൾ പതിവുകാഴ്ചയാക്കുന്നു.
സ്ഥലകാല ബോധമില്ലാത്ത ഒരുപറ്റം സംസ്കാരശൂന്യർ നമുക്ക് ചുറ്റും റോന്തു ചുറ്റുമ്പോൾ മാതാവിന്റെ കാൽക്കീഴിലാണ് സ്വർഗ്ഗം എന്ന് മദ്രസയിലെ ഉസ്താദിന്റെ മൊഴികേട്ട് വീട്ടിൽ ചെന്ന് ഉമ്മാന്റെ കാലടിയിൽ സ്വർഗ്ഗം ഗവേഷണം നടത്തിയ കൊച്ചു കുട്ടിയെ ഓർത്തു പോവുകയാണ്.അല്ലാഹുവിനെ ഏകനാക്കുവീന്‍ എന്ന ഖുർആനിക വചനത്തിന്റെ തൊട്ടരികെ മാതാപിതാക്കൾക്ക് നന്മ ചെയ്യണം എന്നും പഠിപ്പിച്ചുവെങ്കിൽ അത്രയും വലിയ ഒരു നിധിയാണ് നമ്മുടെ വീടുകളിൽ വിസ്മരിക്കപ്പെടുന്നതെന്നോർക്കണം . 'ച്ഛെ' എന്നൊരക്ഷരം പോലും ഉമ്മയോട് ഉരിയാടരുത് എന്നാണ് റബ്ബിന്റെ ആഹ്വാനമെങ്കിൽ വേദനിപ്പിക്കുന്ന അക്ഷരമാലകളാൽ കോർക്കപ്പെട്ട കുത്തുവാക്കുകൾ, അനാദരവ് പ്രകടമാക്കുന്ന സംസാരരീതികൾ, എത്രമാത്രം വികൃതമാണെന്നോർക്കണം.
മക്കൾക്ക് രക്ഷിതാക്കളോടുള്ള കടമ പോലെ ന്യൂജൻ രക്ഷിതാക്കൾ തങ്ങളെ സ്വർഗ്ഗത്തിലേക്ക് ആനയിച്ചു കൊണ്ടു പോകേണ്ട മക്കളുടെ കാര്യത്തിലും ശ്രദ്ധ പുലർത്തേണ്ടതുണ്ട്.ഉപദേശിച്ചാൽ മക്കൾ അനുസരിക്കില്ലത്രെ! ആർക്കാണ് യഥാർത്ഥത്തിൽ പിഴവ് പറ്റിയത്?
കത്തിയോങ്ങുമ്പോഴെല്ലാം മുന്നിൽ തല വച്ച് കൊടുത്ത് അവസാനം കയ്യിൽ വാളെത്തുമ്പോഴേക്കും നിസ്സഹായരായി കണ്ണ് നിറക്കേണ്ടി വരുന്ന രക്ഷിതാക്കൾക്കല്ലേ 'മുളയിലേ നുള്ളിക്കളയണം' എന്ന ചൊല്ല്!!
വളഞ്ഞ മാവിൻ തൈ നേരെയാക്കാതെ വളരാൻ വിട്ട് അവസാനം മാവ് നോക്കി ശരിയാക്കാൻ ശ്രമിച്ചിട്ട് കാര്യമുണ്ടോ..? കുഞ്ഞു പ്രായത്തിലെ നന്മ എന്താണെന്നും അതിനെതിരെന്താണെന്നും പറഞ്ഞു കൊടുക്കുന്നതിലുപരി പ്രവർത്തിച്ചു കാണിക്കണം. ഒരു മരത്തെക്കുറിച്ച് വിശദീകരിച്ചു പറഞ്ഞ്അത് ഏതു മരമാണെന്ന് തിരുനബി (സ) ചോദിച്ചപ്പോൾ അത് ഈത്തപ്പനയാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും തന്റെ വാപ്പ ഉമർ (റ) സദസ്സിലിരിക്കെ ഉത്തരം പറയുന്നത് അപമര്യാദയാണെന്ന് മനസ്സിലാക്കി മിണ്ടാതിരുന്ന ഇബ്നു ഉമർ (റ) മര്യാദ പഠിച്ചത് തന്റെ പിതാവിന്റെ ധന്യജീവിതത്തിൽ നിന്ന് തന്നെയായിരുന്നു.കാരണം ഖലീഫ ആയിരിക്കെ തന്റെ ജനതയോടെന്ന പോലെ സത്യസന്ധതയുടെയും പ്രതിബദ്ധതയുടെയും കാര്യത്തിൽ സ്വന്തം മക്കളോടും അതീവ കാർക്കശ്യക്കാരനായിരുന്നു ഖലീഫ ഉമറുബ്നു ഖത്താബ്(റ).സകാത്തിന്റെ എണ്ണ കൊടുത്തുവീട്ടിക്കഴിഞ്ഞ് തോൽസഞ്ചിയിൽ പറ്റിപ്പിടിച്ച മിച്ചം വരുന്ന എണ്ണയെ ദിവസങ്ങളോളമായി എണ്ണ തൊടാതെ പാറിക്കിടക്കുന്ന തലമുടിയിൽ തേച്ചു മിനുക്കി സുന്ദരനായി പിതാവിന്റെ മുന്നിൽ നിന്നപ്പോഴും അവർ മകനോട് പറഞ്ഞത്: 'സകാത്തിന്റെ മുതൽ നമുക്ക് വേണ്ട പോയി മുണ്ഡനം ചെയ്യ്' എന്നായിരുന്നു.
ഇന്ന് രക്ഷിതാക്കൾക്ക് മക്കളെ വഴക്ക് പറയാൻ ഭയമാണ്.അല്ലെങ്കിലും തൂക്കുകയർ ഏത് സമയത്തും കഴുത്തിൽ മുറുകാവുന്നത്ര മന:ശക്തിയേ മക്കൾക്കുള്ളൂ എന്നവർ മനസ്സിലാക്കിയിരിക്കണം. അതിനൊക്കെയാണല്ലോ ദീനിന് വേണ്ടി ചോര ചീന്തിയ ചെറുപ്പക്കാരിയായ സുമയ്യ ബീവി(റ)നെ പോലെയുള്ള കൺതുറപ്പിക്കുന്ന ചരിത്രങ്ങൾ. കുഞ്ഞുനാളിലേ അവർക്ക് അല്ലാഹുവിനെയും റസൂലിനെയും പറഞ്ഞു കൊടുക്കണം. എങ്കിൽ ഇളം ഹൃദയങ്ങളിൽ കെട്ടിയുണ്ടാക്കിയ ഈമാനിന്റെ മതിൽക്കെട്ടുകൾ പാതിവഴിയിൽ ഇടറി വീഴുകയില്ല. ഉമ്മാന്റെ മടിത്തട്ടുകൾ ആണല്ലോ കുട്ടികളുടെ ആദ്യത്തെ വിദ്യാലയം,വെറും സോഷ്യൽ മീഡിയയിൽ മുഴുകിയാൽ കരസ്ഥമാകുന്നതല്ല ഇതൊന്നും. അല്പ സമയം മാറ്റിവെക്കാൻ കഴിയണം! കുറഞ്ഞ കാലം മാത്രം ശ്വസിക്കുന്ന ഈ ഭൂമിയിൽ നിന്ന് മരണമില്ലാത്ത ആ ലോകത്തേക്ക് വേണ്ടി നമ്മുടെ മക്കളെ നല്ല പാകമുള്ള കായ്കനികളായി കൊയ്തെടുക്കാൻ സാധ്യമാകണം. മരിച്ചുകഴിഞ്ഞാലും ഉപകാരപ്പെടുന്ന മൂന്ന് കാര്യങ്ങൾ മുത്തു റസൂൽ(സ) എണ്ണി പറഞ്ഞത്തിലൊന്നാണല്ലോ തനിക്ക് വേണ്ടി ദുആ ചെയ്യുന്ന മക്കൾ. പള്ളിക്കാട്ടിൽ മൈലാഞ്ചി ച്ചെടികൾക്ക് കീഴെ കിടന്നുറങ്ങുമ്പോൾ നനത്ത കമ്പിളിപ്പുതപ്പായി കുളിർപ്പിക്കാൻ ആ ദുആകൾക്ക് മാത്രമേ സാധ്യമാകൂ. എത്രയെത്ര കുഞ്ഞുമക്കളുടെ ദുആയിലാണ് ഖബറിൽ തീ പൊള്ളി എരിയുന്ന മാതാപിതാക്കൾക്ക് തണുത്ത വെള്ളമായി തെളിച്ചു കൊണ്ട് ശിക്ഷ കെടുത്തിയിട്ടുണ്ടാവുക. മക്കൾ ഉപകാരത്തിനാവണം,അതിന് ഓരോ ഉമ്മയും ഉപ്പയും മനസ്സിരുത്തി തയ്യാറാവണം.നട്ട ഉടൻ തന്നെ വിത്ത് മരമായി വന്ന ചരിത്രമില്ലെങ്കിലും, വളർന്ന മരം എക്കാലത്തും ഓർമ്മിക്കപ്പെടുന്നത് അത് നട്ടവന്റെ പേരിലായിരിക്കും. ഷാഫിഈ ഇമാം(റ)യോട് തന്റെ ഉമ്മ ഫാത്തിമ(റ) "നമുക്ക് സ്വർഗ്ഗത്തിൽ വെച്ച് കാണാം" എന്ന് പറഞ്ഞത് ഇൽമിന്റെ ബഹ്‌റിൽ മൂസ നബിയെ(അ) തന്റെ പൊന്നുമ്മ ഒഴുക്കിയത് പോലെ വിട്ടയച്ചത് ആ മാതാവിന്റെ ഉത്തരവാദിത്വബോധം കൊണ്ടാല്ലാതെ മറ്റൊന്നുമല്ല. മക്കൾ വെറും ദുനിയാവിലേക്ക് ഒതുങ്ങേണ്ട സുഖം മാത്രമല്ല മറിച്ച് പരലോകത്ത് എന്നന്നേയ്ക്കും പൂക്കുന്ന പൂന്തോട്ടവുമാണവർ!!
ആ സുഗന്ധമുള്ള പൂക്കളുടെ ഗന്ധം ആവാഹിച്ചെടുക്കാൻ നമ്മുടെ പ്രവർത്തനങ്ങൾ ഒരു സബബാകട്ടെ!!
Fathima
Aliya 02
Fathima Zahra Women's College Uduma

0 Comments