മഹാനായ സൂഫിവര്യൻ ഉമറുൽ ഖാഹിരിയുടെ ഇഷ്‌ഖിന്റെ കാവ്യസമാഹാരമാണ് 'അല്ലഫൽ അലിഫ്'. അലിഫ് മുതൽ യാ വരെ നീണ്ടു നിൽക്കുന്ന പ്രാസം അടങ്ങിയ മനോഹരമായ ഈ ബൈത്തുകളിൽ പ്രവാചക പുകളുകളും സ്നേഹോപദേശങ്ങളും ഉൾപെടുത്തിയിട്ടുണ്ട്.വരികളിലെ ആശയങ്ങൾ വളരെ ചുരുക്കി വായനക്കാരിലേക്കെത്തിക്കാനാണീ ശ്രമം.
കാമിലരായ റസൂലരെ ﷺ വർണിക്കുവാൻ കഴിയാതെ മാദിഹീങ്ങൾ തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. കാരണം, വർണനകൾക്കുമപ്പുറമായിരുന്നു റസൂൽ ﷺ.
ഹിജാസിലെ 'നഖാ' താഴ്‌വരയിൽ നിന്നും പിന്തിരിഞ്ഞു പോകാൻ കഴിയാതെ മഹാനവർകൾ നബിയോട് വിരഹവേദനയോടെ പരാതിപ്പെടുകയാണ്.
റസൂൽ ﷺ തങ്ങൾ 'ഇസ്റാഅ് - മിഅ്റാജ്' എന്നീ അസാമാന്യ അനുഭവങ്ങളിൽ ലയിച്ചത് അല്ലാഹുവിന്റെ അടുക്കൽ മുഹമ്മദ് നബിയുടെ ﷺ സ്ഥാനക്കയറ്റം കൊണ്ട് തന്നെയാണെന്ന് കവി തന്റെ പ്രേമഭാജനത്തിന്റെ മഹത്വമായി കുറിക്കുന്നു.അത്യുന്നതനും പരമജ്ഞാനിയുമായ അല്ലാഹുവിനു ശേഷം മറ്റാരും തന്നെ യാതൊരു വിഷയത്തിലും റസൂലിനോളം ﷺ ശ്രേഷ്ഠനായി ഇല്ല എന്നതാണ് സത്യം .
ഓരോ വ്യക്തിക്കും അസ്തിത്വം കിട്ടാൻ കാരണക്കാരനായത് കൊണ്ട് തന്നെ റസൂലിനെ ﷺ സ്നേഹിക്കൽ എല്ലാ ജീവിചരാചരങ്ങൾക്കും ബാധ്യതയാണെന്നത് തീർത്തും അവിസ്മരണീയ വസ്തുതയാണ്.
റസൂലിനോടുള്ള ﷺ സ്നേഹമാണ് മറ്റെല്ലാസ്നേഹങ്ങൾക്കുമുള്ള ഊർജ സ്രോതസ്സായി മാറുന്നത്.തിരുസ്നേഹം തന്നെ ശക്തിപ്പെടുത്തുന്നുവെന്ന് വളരെ വികാരാധീതനായി കവി പറഞ്ഞു വെക്കുകയാണിവിടെ .
ബൈത്തിൽ തലമുറയോടുള്ള സ്നേഹോപദേശങ്ങളും ഉൾപെടുത്തിയിട്ടുണ്ട്. ദുസ്വഭാവികളായ ജനങ്ങളോടുള്ള സഹവാസം വർജിക്കണമെന്നും അത് മോശമായ മരണത്തിന് കാരണമാണെന്നും പരിമിതമായ ഭൗതിക സാധ്യതകളിലൂടെ ആത്മീയ വളർച്ച സാധ്യമാക്കാനും ഫലമായി സ്വർഗീയ ഉദ്യാനങ്ങളിൽ കളിച്ചുല്ലസിക്കാമെന്നും ഇതിലൂടെ ഉപദേശിക്കുന്നു.
കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പമുള്ള മനസ്സിന്റെ ഇച്ഛകളെ ഉപേക്ഷിക്കാനും വ്യാജ ഗുരുക്കളിൽ നിന്നും ഒഴിഞ്ഞു മാറി ദൈവജ്ഞാനം കരസ്തമാക്കിയ ഗുരുശിക്ഷണത്തിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുക കൂടി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട് .
ലൗകികമായ ഒരു ചിന്തയും അലട്ടാതെ നബി ﷺ യിൽ തന്നെ കേന്ദ്രീകരിച്ചുകൊണ്ടും റസൂലിന്റെ ﷺ അഭാവം കൊണ്ട് വേദനിച്ചുകൊണ്ടുമായിരിക്കണം റസൂലിന്റെ ﷺ റൗള സന്ദർശിക്കേണ്ടതെന്ന് ഗുരുസ്ഥാനത്ത് നിന്നെന്നോണം കവി ഉദ്ബോധിപ്പിക്കുന്നു.
നേതാക്കളുടെ നേതാവായ മുഹമ്മദ് നബിﷺ സഞ്ചരിച്ച മാർഗം കണ്ടെത്തി അതിലൂടെ സഞ്ചരിക്കുന്നവനാവണം ഓരോ വ്യക്തിയും . എന്നാൽ, സൂഫികൾക്ക് ലഭിക്കുന്ന തണുത്ത ശുദ്ധജലം പോലെയുള്ള അനുരാഗം അല്ലാഹു ദുനിയാവിൽ വെച്ച് തന്നെ രുചിപ്പിക്കുമെന്നും, അതിനാൽ തന്നെ അല്ലാഹുവിന്റെ ഉത്തരവുകളെ നടപ്പിൽ വരുത്തുന്ന ശരീഅത്തിനെ ഉയർത്തി പിടിക്കാനും ബൈത്തിലൂടെ പ്രേരിപ്പിക്കുന്നു. ശരീഅത്ത് നാളെ ശുപാർശ ചെയ്യാനുള്ള റസൂലിന്റെ ﷺ പ്രോട്ടോകോൾ ആണെന്നും ആയതിനാൽ അതിൽ തളർച്ച കാണിക്കുന്നത് വൻ പരാജയമായിരിക്കുമെന്നും കൂടെ ഇതിന്റെ കൂടെ ഓർമപ്പെടുത്തുന്നു.
ശരീരവും മനസ്സും ഇന്ദ്രിയങ്ങളും ബുദ്ധിയുമെല്ലാം അല്ലാഹുവിൽ മാത്രം എകാഗ്രമായിത്തീരുന്ന വൃതമാണ് അല്ലാഹുവിന്റെ സാമീപ്യം നേടാൻ ഏറ്റവും ഉചിതമായത്. അതിനാൽ ഇഹലോകം വിട്ട് വ്രതത്തിലാവുക.
ദൈവം എന്തുതന്നെ വിധിച്ചാലും അതിൽ സന്തുഷ്ടനായിരിക്കാനും അതിന് സന്നദ്ധരല്ലാത്തവർ ഇസ്ലാമിന്റെ ആറാമത്തെ വിശ്വാസത്തിന് എതിരായവരാനാണെന്നും അതിനെ തൊട്ട് ജാഗരൂകരാകാനും ഇതിന്റെ വരികളിൽ പ്രതിപാദിക്കുന്നു.
അസൂയ പോലുള്ള ഹൃദയാന്തരങ്ങളുടെ രോഗങ്ങളെ ഇല്ലായ്മ ചെയ്യാനും ഹൃദയം ശുദ്ധിയാക്കാനും തന്റെ വരികളിലൂടെ ആഹ്വാനം ചെയ്യുകയാണ് കവി ഇവിടെ.
നിഴൽരഹിതമായ റസൂലിന്റെ തേജസ്സുറ്റ അസാധാരണമായ വ്യക്തിത്വത്തെ കൂടി ഇതിൽ വർണിക്കുന്നുണ്ട്.ഇത് റസൂലിന് ﷺ തണലിട്ടു കൊടുക്കുന്ന ചില അസാധാരണമായ സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.ഒപ്പം, തണലുകളില്ലാത്ത ഖിയാമത്ത് നാളിന്റെ ഭയാനതകളിൽ പ്രതീക്ഷയാണങ്ങ് എന്ന് വിശേഷിപ്പിച്ചു കൊണ്ടും ഒരു മേഖലയിലും അങ്ങേക്ക് തുല്യനായ ഒരാളുടെ ഒരു കണ്ണും കാണുകയില്ലെന്നും സഹായത്തിന്റെ സ്രോതസ്സുകൾ അങ്ങാണെന്നും കൂടെ കവി അപദാനം പാടുന്നു.
അഴുക്കുകൾ ബാധിച്ച് മനുഷ്യഹൃദയങ്ങളെ ജ്വലിപ്പിക്കാൻ റസൂലിന്റെ ﷺ നൂറിന് മാത്രമേ സാധ്യമാവുകയുള്ളൂ.
ജൂതായിസത്തിലെയും ക്രൈസ്തവതയിലേയും പുരോഹിതന്മാർ മതത്തിന്റെ പേരിൽ കെട്ടി ചമച്ച സങ്കീർണതകൾ ജനങ്ങളെ പ്രയാസപ്പെടുത്തിയപ്പോൾ അവയെല്ലാം നീക്കം ചെയ്തത് മുഹമ്മദ് നബി ﷺ തങ്ങളാണ്. ഒരു ഉത്തമനായ നേതാവിന്റെ മാതൃകയായിരുന്നു തിരുനബി ﷺ.
ഏതൊരു സത്യവിശ്വസിക്കും നബി ﷺ യുടെ നേരെ ഉണ്ടായിരിക്കേണ്ട ബന്ധം അനുരാഗത്തിന്റേതായിരിക്കണം.
ജനസമൂഹത്തിൽ കഴിയുന്നതിനിടയിലും റസൂൽ ﷺ ഏകത്വത്തിൽ സദാ സാനിധ്യമുറപ്പിച്ചിരുന്നു.
അതിസൗന്ദര്യമുള്ള ആകൃതിയും ആകർഷണീയമായ പ്രകൃതിയുമായിരുന്നു നബി ﷺ. മന:ശുദ്ധി, വിനയം, ലജ്ജ, പ്രസന്നത, ഔദാര്യം, ദയ, മഹാമനസ്കത തുടങ്ങിയ മഹത്തായ ഗുണങ്ങൾ കൊണ്ടെല്ലാം കൃത്യമായിരുന്നു അവിടുത്തെ വ്യക്തിത്വം. സൗന്ദര്യബോധപരമായ ഏത് മാപിനികൾ വെച്ചളന്നാലും അവിടുത്തെ സൗന്ദര്യം അതിന്റെ പൂർണതയിലെത്തി നിൽക്കുന്നത് കാണാം.
ഏകാഗ്രമായ ദൈവാരാധനയും നബി ﷺ യുടെ സ്നേഹസാമ്രാജ്യത്തിൽ കടന്നു കൂടാനുള്ള അശ്രാന്തപരിശ്രമവും അദ്ധ്യാത്മവഴിയിൽ അനിവാര്യമാണ്. എല്ലാ അധികാരബന്ധങ്ങളുടെയും അടിസ്ഥാനം ശുദ്ധമായ സ്നേഹമാണെന്നും സ്രോതസ്സ് മുഹമ്മദ് നബി ﷺ യുമാണ്.
ദൈവസാമീപ്യത്തിൽ ലയിച്ച മനസ്സിനുടമക്ക് റബ്ബിന്റെ ആഹ്വാനം കിട്ടുമ്പോൾ അതക്ഷരംപ്രതി അനുസരിക്കാൻ കഴിയാതിരുന്നാൽ ഭയവും മനോവിഷമവും കാരണം നര ബാധിക്കാൻ വരെ കാരണമാകുന്നു.
അല്ലാഹു എന്നതാണ് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിന്റെ കാതൽ. ലൗകികമായ സകലതിനോടുമുള്ള ആഭിമുഖ്യം ഇല്ലാതാക്കി അല്ലാഹുവിലേക്ക് മാത്രം തിരിയാൻ കഴിയുന്നത് ഇതിലൂടെ മാത്രമാണ്.
അനുരാഗത്തിന്റെ അർത്ഥതലങ്ങൾ സ്പർശിച്ചു കൊണ്ടുള്ള ഈ ഖസീദ നാളെ റസൂലിന് മദ്ഹിനാൽ ഖിദ്മത്ത് ചെയ്തതിന്ന് തെളിവായി വരും. കൂടുതൽ വിവർത്തനങ്ങളിലൂടെ ഇഷ്‌ഖിന്റെ സഞ്ചാരപാതയിലൂടെ മുന്നോട്ട് പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

0 Comments