ഭൂമിയിലെ സ്വർഗ്ഗം; അതേതാണ്?
അസ്ഥി പോലും കോരിത്തരിക്കുന്ന ഡിസംബറിന്റെ തണുപ്പിൽ വിജനമായ വീഥിയിലൂടെ അയാൾ നടന്നുകൊണ്ടിരിക്കുന്നു. ചെറിയൊരു ആശ്വാസത്തിനായി കൈകൾ കൂട്ടി തിരുമ്മുന്നുണ്ടായിരുന്നു. പുറത്തെ തണുപ്പിനൊപ്പം അയാളുടെ ചിന്തകളും മരവിച്ചു തുടങ്ങി.ലഹളകൾക്കും കലാപങ്ങൾക്കും സാക്ഷിയായ പ്രദേശങ്ങളിലൂടെ നടന്നു നീങ്ങുമ്പോൾ എവിടെ നിന്നൊക്കെയോ നിലവിളികൾ ഉയരുന്നതായി അനുഭവപ്പെട്ടു. വെടിയുണ്ടകളും ആക്രോശങ്ങളും കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. സുദീർഘമായ ചിന്തയിലൂടെ കടന്നുപോയിട്ടും അയാളുടെ ചോദ്യത്തിന് ശരിയായ ഉത്തരം കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. കാശ്മീരികൾ യഥാർത്ഥത്തിൽ ഇന്ത്യക്കാരാണോ അതോ പാക്കിസ്ഥാനികളോ? പക്ഷാപാതമില്ലാതെ ജീവിക്കാൻ കാശ്മീരികൾക്ക് അവകാശമില്ല. അധികാരത്തിനുവേണ്ടി ആയിരങ്ങളെ ക്ഷതമേൽപ്പിച്ചുകൊണ്ട് എന്തു നേടാൻ?
വിശപ്പിന്റെ കാഠിന്യം കൊണ്ടും ഇടവേളയില്ലാത്ത സഞ്ചാരം കൊണ്ടും അയാൾ തളരാൻ തുടങ്ങിയിരുന്നു .എങ്ങോട്ട് പോകണമെന്ന് അറിയില്ലാ...
കാശ്മീർ തങ്ങളുടേതാണെന്ന് നിലപാടിൽ പാകിസ്ഥാൻ ഉറച്ചുനിൽക്കുന്നു. ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന ഭാവത്തിൽ ഇന്ത്യയും, എന്നാൽ സ്വദേശത്തെ അധികാരമോഹികൾക്ക് വിട്ടുകൊടുക്കാൻ ആരാണ് താൽപര്യം പ്രകടിപ്പിക്കുക. ചരിത്രകാരന്മാരുടെ കണ്ണിൽ " ഭൂമിയിലെ സ്വർഗമായിരുന്നെങ്കിൽ" ഇന്നാ..സ്വർഗ്ഗഭൂമി പതിയെ കത്തിയെരിഞ്ഞ് നരകഭൂമിയായി തീരുന്നത് ആരും രേഖപ്പെടുത്തുന്നില്ല. അടിച്ചമർത്തപ്പെടുന്ന വർഗ്ഗത്തെ പിടിച്ചുനിർത്താൻ ആരുമില്ലേ ..?
ചിന്തകൾ കാടു കയറി കൊണ്ടിരുന്നു. മാനസിക സമ്മർദ്ദത്താൽ അയാളുടെ പേശികൾ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.
ഒരു ദേശസ്നേഹിയുടെ എല്ലാവിധ അടയാളങ്ങളും അയാളിൽ പ്രകടമായി. അപ്പോഴേക്കും കാശ്മീർ അതിർത്തി അയാൾക്ക് മുന്നിൽ തെളിഞ്ഞു നിന്നു. മുന്നിൽ കണ്ട വലിയ വൃക്ഷത്തിന്റെ ചുവട്ടിൽ അയാൾ തളർന്നിരുന്ന്,ദീർഘശ്വാസം വലിച്ചുകൊണ്ട് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചപ്പോൾ ആശ്ചര്യത്താൽ അയാളുടെ കണ്ണുതള്ളി . താനിരിക്കുന്ന മരം രാജ്യാതിർത്തിയിലായിരുന്നു . ഇരു രാജ്യങ്ങൾക്കും തണലിട്ടു നിൽക്കുന്ന വൃക്ഷം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി കൺകുളിർക്കെ കണ്ടു. മനുഷ്യരെ മനുഷ്യർ തന്നെ ഭിന്നിപ്പിക്കാൻ മത്സരിക്കുമ്പോൾ പ്രകൃതി സൗഹാർദ്ദത്തിന്റെ പുതിയ പാഠങ്ങൾ ദിനംതോറും സമ്മാനിച്ചു കൊണ്ടിരിക്കുന്നു.
സ്ഥലകാല ബോധമില്ലാത്ത അവകാശത്തിനായി കരങ്ങൾ ഉയർത്തിപ്പിടിച്ച അയാളുടെ മേനിയിലൂടെ കൊഴിഞ്ഞുവീഴുന്ന ഇലകളുടെ തലോടൽ ചെറിയ ആശ്വാസം പകർന്നു .
RAMEESA
DARUL ANWAR

0 Comments