പ്രബുദ്ധ കാലത്തിലെ അബദ്ധവീക്ഷണങ്ങൾ
കാലം കറങ്ങുകയാണ്. മുന്നോട്ട് മുന്നോട്ട്. അതിനനുസരിച്ച് പുതിയ തലമുറ പ്രത്യക്ഷപ്പെടുന്നു. ചിന്തകളും വീക്ഷണങ്ങളും കാലത്തിൻറെ മൂല്യം എന്ന് സങ്കൽപ്പിക്കുന്ന മൂല്യങ്ങളിലും മാറ്റം വരുന്നു പുതിയ തലമുറക്ക് കൂടുതൽ ഇഷ്ടം നിയന്ത്രണങ്ങൾ ഊരിയെറിഞ്ഞ സ്വതന്ത്ര ചിന്തയോടാണ് എന്ന് നമുക്ക് സംശയം പറയാം. പുരോഗമനവാദം ഇന്നേറെ കോളിളക്കം സൃഷ്ടിക്കുന്നു. അവർ പറയുന്നത് കാലത്തിനനുസരിച്ച് മനുഷ്യൻ സാമ്പത്തികമായും വിദ്യാഭ്യാസപരമായും ധാർമികപരമായി പുരോഗമിക്കുന്നു എന്നതാണ്. വിദ്യാഭ്യാസപരമായും സാങ്കേതിക വിദ്യയിലെല്ലാം ഉന്നതിപ്രാപിച്ചു എന്നത് ശരിതന്നെ എന്നാൽ ധാർമികമായി പുരോഗമിച്ചു എന്ന വാദം തീർത്തും അസ്ഥാനത്താണ് കാരണം ഇന്ന് സമൂഹത്തിൽ അരങ്ങേറുന്നത്ര കൊള്ളയും കൊലയും വ്യഭിചാരവും മറ്റ് അസംഘ്യം കുറ്റകൃത്യങ്ങളും മുമ്പൊരു സമൂഹവും സാക്ഷ്യം വഹിക്കാത്തതാണ് സമൂഹത്തിലെ ഏത് തെറ്റുകളെ വെച്ചാണ് എന്നാലും ഇത് വ്യക്തമാകും അതുകൊണ്ട് മനുഷ്യൻ പുതിയ കാലഘട്ടത്തിൻറെ ഭൗതികമായി പുരോഗമിച്ചെങ്കിലും ധാർമികമായി പുരോഗമിച്ചിട്ടില്ല എന്ന് തന്നെ പറയാം.
*_പുതിയ കാലത്തിനനുസരിച്ച് ഇസ്ലാമിൽ പരിഷ്കരണം ആവശ്യമോ_*
ഇസ്ലാം സർവ്വകാലത്തിലേക്കുമായി അവതരിച്ചിട്ടുള്ളതാണ്. അതിന് ഒരു കോട്ടവും തട്ടാതെ അല്ലാഹു അതിനെ സംരക്ഷിക്കും. എന്നാൽ പുരോഗമനവാദികൾ ഇസ്ലാമിൽ പരിഷ്കരണം വേണമെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നു. ഇസ്ലാം ആയിരത്തി അഞ്ഞൂറ് വർഷം മുമ്പ് അവതീർണമായതാണെന്നും അന്നത്തെ സാമൂഹിക മൂല്യത്തെ മാത്രമേ ഉൾക്കൊള്ളുകയുള്ളു എന്നും അത് പുതിയ കാലത്തിന് ഫിറ്റ് അല്ല എന്നതുമാണ് വാദം. എല്ലാ കാലത്തിനും സമൂഹം കൽപ്പിച്ച ഒരു മൂല്യമുണ്ടായിട്ടുണ്ട്. ആദ്യകാലങ്ങളിൽ അത് ഫിലോസഫി ആയിരുന്നെങ്കിൽ പിൽക്കാലത്ത് അത് ശാസ്ത്രമായി മാറി. എന്നാൽ കാലങ്ങൾക്കിപ്പുറം പറയുന്നു മാനവികതയാണ് മൂല്യമെന്ന്. കാലത്തിൻറെ മൂല്യത്തെ മാനദണ്ഡമാക്കി ഇസ്ലാമിനെ അളക്കുകയും ഇസ്ലാമിൽ പരിഷ്കരണം വേണമെന്ന് വാദിക്കുകയും ചെയ്യുന്നു. ഇസ്ലാമിനെ മാനദണ്ഡമാക്കി കാര്യങ്ങളെ സമീപിച്ചാൽ ഇവിടെ ഇങ്ങനെയൊരു വിഷയം വരുന്നില്ല. മുസ്ലിമുകളിൽ നിന്ന് തന്നെ ഉടലെടുക്കുന്ന ഇത്തരം പരിഷ്കരണ വാദികൾ കടന്നുപോകുന്നത് മുസ്ലിം 3 ഘട്ടങ്ങളിലൂടെയാണ്. ആദ്യം മദ്ഹബ് നിഷേധവും ശേഷം ഹദീസ് നിഷേധവും നടക്കുന്നു പിന്നെ ഖുർആനിൽ الرجال قوامون على النساء എന്നത് അടിസ്ഥാനമാക്കി ഖുർആൻ വെടിയുകയും മുർത്തദ് ആവുകയും ചെയ്യുകയാണ്.
പ്രാകൃതം അഥവാ പുരാതനമായത് അല്ലെങ്കിൽ പ്രകൃതിയോട് ചേർന്നത് പുതിയ തലമുറക്ക് പ്രാകൃതമെന്നാൽ അലോസരവാക്കുന്നതാണ് മനുഷ്യൻ കുരങ്ങിൽ നിന്നും പരിണമിച്ചു അതുപോലെ ധാർമികമായി അധ:പതിച്ചവൻ കാലക്രമേണ മാറി സംസ്കാരസമ്പന്നനായി എന്ന ചിന്തകൾ പേറി നടക്കുമ്പോഴാണ് ഇതിൻ്റെ പ്രശ്നം. എന്നാൽ ഇസ്ലാമിൻറെ കോണിലൂടെ വീക്ഷിക്കുമ്പോൾ പ്രാകൃതം ഒരിക്കലും മോശമല്ല കാരണം ആദ്യം മനുഷ്യൻ ആധുനികലെം സംസ്കാരസമ്പന്നനായ ഉത്തമ പ്രവാചകനായിരുന്നു ഇസ്ലാമിൽ ഏത് വിഷയവും ഇങ്ങനെ തന്നെ. പ്രാരംഭം മുതലേ എല്ലാം അടുക്കും ചിട്ടയോടെയും സാംസ്കാരികപരമായി ട്ടാണ് തുടങ്ങി എന്നതുകൊണ്ട് തന്നെ ഇസ്ലാമിൽ ഒരു പരിഷ്കരണത്തിന്റെ ആവശ്യമില്ല. എന്ത് വിമർശനങ്ങൾ ഇസ്ലാമിക വീക്ഷണത്തിനെതിരെ ഏത് വിട്ടാലും ശരീഅത്ത് തന്നെ അതിന് കൃത്യവും വ്യക്തവുമായ മറുപടിയും നിർദ്ദേശിക്കുന്നുണ്ട്. അതിനാൽ കാലത്തിനനുസരിച്ച് ഇസ്ലാമിൻറെ മൂല്യങ്ങളെ തിരുത്തി എഴുതുകയോ മാറ്റുകയോ ചെയ്യേണ്ട ആവശ്യമില്ല. ഇസ്ലാമിനെതിരായ മൂല്യങ്ങൾ അവതരിപ്പിക്കുമ്പോൾ അത് മൂല്യമല്ല മാലിന്യമാണെന്ന് തിരിച്ചറിയുക.!
_ലഹരിയിൽ കരിയുന്ന കൗമാരങ്ങളും യൗവനങ്ങളും_
"പുകയുന്നൊരിലയിലെ ഉന്മാദ ഗന്ധത്തിൽ
കാലിടറി തെറിക്കുന്നു മധുരമാം യൗവനം
കിട്ടിയ പെണ്ണിൻറെ താലിയെ ഷാപ്പിലെ
നാണയ തുട്ടാക്കി മാറ്റുന്ന ലഹരി
ഒന്നിച്ചൊരു പിടി വറ്റുണ്ണാൻ
പാതിരാ നേരത്തും
കാത്തിരുന്ന് പെണ്ണിൻറെ മോന്തയിലേറായി
പതിക്കുന്നു ലഹരി..."
ഒരു കവിത ശകലമാണ് മുകളിൽ ഉദ്ധരിച്ചത്. ലഹരി മനുഷ്യനെ സാമൂഹ്യപരമായും അഭിമാനപരമായും സാമ്പത്തികപരമായും തകർക്കുന്നതാണ്. എല്ലാത്തരത്തിലും അവനെ നഷ്ടത്തിലേക്ക് തള്ളിയിടുന്നു. എന്നാൽ ആധുനിക കാലഘട്ടത്തിൽ പെൺകുട്ടികൾ അടക്കം നിരവധി പേർ ലഹരിക്കടിമയാണ്. സ്കൂൾ,കോളേജുകൾ കേന്ദ്രീകരിച്ച് മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നു. പ്രധാനമായും മനുഷ്യൻ ഇതിൽ അഭയം തേടുന്നത് നൈമിഷിക നേരത്തിനുള്ള സന്തോഷത്തിന് വേണ്ടിയാണ്. എന്നാൽ ഇത് വരുത്തി വെക്കുന്ന കൊടും വിനയെക്കുറിച്ച് അവർ ബോധവാന്മാരല്ല . അടുത്തുള്ള കണക്കുകൾ പരിശോധിച്ചാൽ ലഹരിക്കടിമപ്പെട്ട് ആത്മഹത്യ ചെയ്തവരും വിഷാദ രോഗത്തിന് അടിമപ്പെട്ട വരും ഏറെയാണ്. സ്കൂളുകളിൽ എല്ലാം അതൊരു ട്രെൻഡായി മാറിയിരിക്കുന്നു. പരസ്യമായി പറയാൻ പേടിയോ മടിയോ ഇല്ലാത്ത വിധം ചെറിയ കുട്ടികളടക്കം ഈ വലയിൽ അകപ്പെട്ടിരിക്കുന്നു. സമൂഹം ഇതിനെ സ്വാഭാവിക വൽക്കരണം നടത്തുന്നു എന്നതാണ് പ്രശ്നം. ഒരു വലിയ പ്രശ്നത്തെ നോർമലൈസ് ചെയ്യുക എന്നത് അതിലേക്ക് കൂടുതൽ പേർ ചെന്ന് ചാടാൻ വിനയാകുമെന്ന് ഉറപ്പാണ്.
ലഹരിക്കൊരു പരിഹാരമായി നമുക്കും ഒരുപാട് ചെയ്യാനുണ്ട്. സന്തോഷവും സമാധാനവും അവർക്ക് മനസ്സിലാക്കി കൊടുക്കണം അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കലാണ് യഥാർത്ഥ സന്തോഷത്തിന്റെ വഴിയെന്ന് പറഞ്ഞു കൊടുക്കണം.
'ألا بذكر الله تطمئن القلوب'
ഇതിൽ കാര്യങ്ങൾ
വ്യക്തമാണല്ലോ ആരെങ്കിലും അടിമപ്പെടലിൽ നിന്ന് മുക്തിയാർജിച്ചു വന്നിട്ടുണ്ടെങ്കിൽ അവരോട് അതിനനുസരിച്ച് നല്ല രീതിയിൽ സമീപിക്കണം. കൗൺസിലർമാർക്ക് മാത്രമല്ല ; സമൂഹത്തിന് ആകമാനം ഈ ഒരു വിഷയത്തിൽ ഉത്തരവാദിത്തമുണ്ട്.
*ഉദാരവാദം; പുതുതലമുറയുടെ സ്വതന്ത്ര പ്രാപ്തി*
എല്ലാത്തിനെയും ഉദാരവൽക്കരിക്കുക, സ്വന്തം ഇഷ്ടത്തിനനുസരിച്ച് തോന്നിയപോലെ ഭക്ഷിച്ചും ഭോഗിച്ചും മുന്നോട്ടുപോവുക, ഇതാണ് പുതിയ തലമുറയുടെ ആവശ്യം. മതം ശാസനകളാൽ വേലി കെട്ടിയതുകൊണ്ട് അത് ഒഴിവാക്കുക. ആരോടാണോ ഇഷ്ടം തോന്നുന്നത് അവരോടൊപ്പം വിവാഹം നടത്തുക. സ്നേഹത്തിന് ലിംഗമില്ല, ദൈവമില്ല, പാരത്രിക ജീവിതം ഇല്ല ഇങ്ങനെ നീളുന്നു അവരുടെ ഉദാരവാദങ്ങൾ.
പുരോഗമനവാദത്തിന്റെ മറ്റൊരു വാദമാണ് പുതിയതെല്ലാം ശരി പാശ്ചാത്യനാടുകളിൽ ഉള്ളതെല്ലാം ശരി എന്നത്. ഫെമിനിസം,ലിബറലിസം പുതിയ ചിന്താ ധാരയാണ്, ശരിയാണ്. ഇന്ന കാര്യം പാശ്ചാത്യ നാടുകളിൽ ഉണ്ട് ശരിയാണ്. കുറച്ചു മുമ്പ് പ്രശസ്ത യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര പ്രസ്താവിക്കുകയുണ്ടായി "യൂറോപ്പിൽ ബലാത്സംഗങ്ങൾ കുറയാൻ കാരണം അവിടെ വേശ്യാലയങ്ങൾ ഉണ്ട്. അതുപോലെ കേരളത്തിലും ബലാത്സംഗങ്ങൾ കുറയണമെങ്കിൽ വേശ്യാലയങ്ങൾസ്ഥാപിക്കണം." ലിബറൽ ലോകം ഇതിനെ സ്വാഗതം ചെയ്തു ആരും ഇഴകീറി പരിശോധിക്കാൻ ഒന്നും നിന്നില്ല എത്ര അപലപനീയമാണിത് .
ഇത്തരം സാഹചര്യങ്ങളിൽ ലക്ഷ്യങ്ങൾ വഴിയോര കാഴ്ചകൾ മാത്രമായി പരിമിതപ്പെടുന്നു. ഇരുളടഞ്ഞ മനുഷ്യഹൃദയങ്ങൾ പെരുകുന്ന പുതിയ തലമുറയോട് തങ്ങളുടെ ആശയ മലീമസതയേയും അർത്ഥശൂന്യതയെയും മനസ്സിലാക്കി കൊടുക്കണം. എന്താണ് മതം ഒന്നും ദൈവം എന്നും പറഞ്ഞു കൊടുക്കണം.قال (ص):الدين النصيحة മതം ഗുണകാംക്ഷയാണ്. അല്ലാഹുവിലേക്കടുപ്പിക്കുന്ന അധ്യാത്മികതയുടെ ചട്ടക്കൂട് ആശയങ്ങൾ കൊണ്ട് തന്നെ ആശയങ്ങളെ നേരിടണം .എഴുതാനും വായിക്കാനും അറിയാത്ത കൊച്ചു കുട്ടിക്ക് പ്രഗൽഭനായ ഒരു എഴുത്തുകാരന്റെ എത്ര വലിയ രചനാ വൈഭവവും കേവലം കുത്തിവരകളായി മാത്രമേ തോന്നുകയുള്ളൂ എന്നതുപോലെയാണ് കേവലം സൃഷ്ടാവിന്റെ സൃഷ്ടി വൈഭവത്തെ നോക്കിക്കാണുന്ന നിരീശ്വരവാദിയുടെ കാര്യം അവൻക്കെല്ലാം വെറും കാഴ്ച പുറങ്ങൾ മാത്രമായിരിക്കും. എല്ലാം അറിയാം എന്ന ഭാവത്തിൽ ഇത്തരം നിരീശ്വര നിർമ്മിത വാദികൾ സ്റ്റേജിലും പേജിലും ആനയെ കണ്ട അന്ധവിവരണം നടത്തുമ്പോൾ അറിയില്ല എന്ന് അറിവു പോലുമില്ലാതെ പമ്പര വിഡ്ഢികളാണ് തങ്ങൾ എന്ന് അവർ തിരിച്ചറിയുന്നില്ല. ഒരാൾ ഇസ്ലാം മതം സ്വീകരിക്കുന്നതിലൂടെ ഐശ്വര്യപൂർണ്ണമായ ഒരു ഭൗതിക ജീവിതത്തിനും പ്രതീക്ഷനിർഭരമായ ഒരു ആത്മീയ ജീവിതത്തിനും അത് വഴിവെക്കും എന്നതിൽ സംശയമില്ല. അർദ്ധ വിശ്വാസി ആശയക്കുഴപ്പത്തിൽ അകപ്പെടുകയും വിശ്വാസമേ ഇല്ലാത്തവൻ ആശയമറ്റ് അരക്ഷിതാവസ്ഥയിൽ അകപ്പെടുകയും ചെയ്യുന്നത് ഇവിടെയാണ്.'ഐശ്വര്യം'എന്ന വാക്ക് നിഷ്പന്നമാകുന്നത് തന്നെ ഈശ്വരനിൽ നിന്നാകുമ്പോൾ 'ഈശ്വരൻ ഇല്ല' എന്ന് വാദിക്കുന്നവന് പിന്നെന്ത് ഐശ്വര്യം ഉണ്ടാകാനാണ്? ആലങ്കാരികമായ എല്ലാ അക്ഷരാർത്ഥത്തിൽ തന്നെ അങ്ങനെയാണ്.
ഇവിടെ അലക്ഷ്യരായി അല്ലെങ്കിൽ കേവലലക്ഷ്യമുള്ളവരായി ജീവിതം നയിക്കുമ്പോൾ അത് അവനെ കൂടുതൽ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്. ദാർശനികൻ നീത്പൂ ഹേണസ്റ്റ് ഹെമിംഗ് വേ, ലൂയി അൽത്യൂസർ ഇങ്ങനെ നിരവധി ലിബറൽ മതനിരാസ വാദികളെ ഉദാഹരണമായി എടുക്കാം. മലയാള സാഹിത്യത്തിൽ ഈ ഒരു വിഷയം വ്യക്തമായി പ്രതിപാദിച്ച രചനകൾ ഉണ്ട്. പി. കേശവദേവിന്റെ 'ഓടയിൽ നിന്ന്' എന്നതിലെ പപ്പു അങ്ങനെത്തെ ഒരാളാണ്. ലക്ഷ്മിയെ വളർത്തി വലുതാക്കുക എന്നതാണ് പപ്പുവിന്റെ ലക്ഷ്യം. ലക്ഷ്മി വലുതാകുന്നു വിവാഹിതയാകുന്നു പപ്പു അലക്ഷ്യനാകുന്നു. അലക്ഷ്യനായ പപ്പു അശാന്തൻ ആകുന്നു. മറ്റൊരു ഉദാഹരണമാണ് എം. മുകുന്ദൻറെ മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസനും. ഇതുപോലെ കാലിക സമൂഹത്തിൽ അത്രത്തോളം സ്വീകാര്യത നേടിയ ഉദാരവാദത്തിന്റെ വൈരുദ്ധ്യങ്ങളെപ്രത്യക്ഷമായി തന്നെ ഉദാഹരണം സഹിതം നമുക്ക് വ്യക്തമായി മനസ്സിലാക്കാം.
_കാലത്തിനൊപ്പം കാതലായ സ്വവർഗരതി_
ഈയടുത്ത് ഏറെ പ്രചാരം നേടിയതാണ് 'ജിയോ ബേബി' സംവിധാനം ചെയ്ത 'കാതൽ the core' സിനിമ. ഇതിൽ സ്വവർഗരതിയെ നോർമലൈസ് ചെയ്യുന്നു. ഇതിൻറെ സംവിധായകൻറെ പശ്ചാത്തലം തന്നെ മനസ്സിലാക്കിയാൽ ഉദ്ദേശം ഒരിക്കലും ശരിയല്ലെന്ന് വ്യക്തമാകും. പോലെ റവന്യൂ ജില്ല കലോത്സവത്തിൽ എൽജിബിടി സവർഗ്ഗരതിയെ പ്രോത്സാഹിപ്പിക്കുന്ന നാടകം സ്ഥാനത്തിന് അർഹമായി സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.N55 ക്യാമ്പിലും പാഠ പദ്ധതിയിലും ഒക്കെ ഇത്തരത്തിലുള്ള ചിന്തകൾ കുത്തിനിറച്ച് മോഡേൺ ജെൻഡർ കൺസെപ്റ്റ് പുതിയ തലമുറ കുത്തിവെക്കുന്നു. ലെസ്ബിയൻ ഇണകൾ കൂടി വരുന്ന സാഹചര്യമാണ് എനിക്കെന്താണ് തോന്നുന്നത് അതാണ് എൻറെ ജെൻഡർ എന്നും ലൈംഗികത യാണ് എന്റെ ഐഡന്റിറ്റി തീരുമാനിക്കുന്നത് എന്നും പറഞ്ഞ് തെരുവിലിറങ്ങി മുറവിളി കൂട്ടുന്നു. ഇത്തരം ചിന്താധാരികൾ ആണോ ധാർമിക പുരോഗമനവാദികൾ.!?
ഒരു മനുഷ്യൻറെ ഉള്ളിൽ ഇങ്ങനെയൊരു ചിന്ത ഉണ്ട് എന്നത് അവന്റെ തെറ്റല്ല, എന്നാൽ അതിനവസരം ഒരുക്കാൻ വേണ്ടി വാദിക്കലും ആ ഒരു വിഷയത്തെ സ്വാഭാവികവൽക്കരണം നടത്തി കൂടുതൽ സ്വാധീനം ചെലുത്തുന്നതും ശിക്ഷാർഹം തന്നെയാണ്. മനസ്സിലാക്കേണ്ടത് ഇത്തരം ഇമോഷണൽ ആയിട്ടുള്ളചില നാടകങ്ങളായിരിക്കരുത് നമ്മുടെ നിലപാടുകളെ രൂപീകരിക്കേണ്ടത്. കാര്യങ്ങളെ കൃത്യമായി പഠിക്കുകയും മനസ്സിലാക്കുകയും പൊതുസമൂഹത്തിന് ബോധനം നൽകാൻ പ്രാപ്തമാവുകയും വേണം..
പ്രധാനമായും എല്ലാ പുരോഗമന വാദങ്ങളും കടന്നു പോകുന്നത് മൂന്ന് തലങ്ങളിലൂടെയാണെന്ന് മനസ്സിലാക്കണം.1. യഥാർത്ഥ പ്രശ്നം (Genuine issue) 2. തെറ്റായ രോഗനിർണ്ണയം (False diagnosis) 3. അപകടകരമായ പരിഹാരങ്ങൾ (Dangerous solutions). എല്ലാ പുരോഗമന വാദങ്ങളും ഈ തലത്തിലൂടെ കടന്നു പോവുകയും കണ്ടെത്തുന്നത് തെറ്റുകയും സ്വാഭാവികമായും പരിഹാരങ്ങൾ വഷളാവുകയും ചെയ്യുന്നു എന്നതാണ് പുതിയ കാലത്തിൽ നാം ഗമിക്കേണ്ടത് ഉദാരപ്പെടാതിരിക്കാൻ (De liberalize) ചെയ്യപ്പെടാൻ ആണ്. അബ്ദുള്ള അന്തലൂസി ഒരിക്കൽ പറഞ്ഞു "ലോകം ഒരു cold storage " പോലെയാണ് എന്ന്. സ്വാഭാവികമായും തണുക്കും (അഥവാ ഉദാരനാവും) അതിനാൽ നാം ശ്രമിക്കേണ്ടത് അതിൽ നിന്നും മുക്തമാവനാണ്.
പുതിയ കാലഘട്ടത്തിൽ ഉയർന്നു ഒരുപാട് ചിന്താ വൈകല്യങ്ങളും ആശയതെറ്റിദ്ധാരണകളും ഇനിയും ഒരുപാട് നിരത്താനുണ്ട്. തട്ടത്തിൽ തട്ടി തടയുന്ന ആണും പെണ്ണും പുതിയ കാലത്തിന്റെ വ്യത്യസ്ത കാഴ്ച്ചയാണ്.Social, liberal, radical എന്നീ പല പേരുകളിൽ വിലസുന്ന ഫെമിനിസങ്ങളും അവരുടെ മുടന്തൻ ന്യായങ്ങളും പരിഹാസ്യമാണ്. സ്ത്രീ സ്വതന്ത്രയാകാൻ വസ്ത്രത്തിന് ഇറുക്കം കൂടുകയും ഇറക്കം കുറയുകയും വേണമെന്ന് വാദിക്കുന്നു. കുടുംബം എന്ന സ്ഥാപനം തകരണം എന്ന് വാദിക്കുന്നു. ഇങ്ങനെ പല അർത്ഥശൂന്യമായ പരിഹാരങ്ങൾ നിർദ്ദേശിച്ച് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.
ഇത്തരം 'കാലത്തിനൊപ്പം കോലം മാറുന്ന' നീചമായ ആശയ ചിന്താ വൈകല്യങ്ങളുടെ കാലത്ത് തന്നെ പ്രതീക്ഷാവഹമായ ഒരുപാട് കാര്യങ്ങൾ നടക്കുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ലെന്ന് പലരും തിരിച്ചറിയുന്നു. മനുഷ്യനെന്ത് കൊണ്ട് മതം വേണമെന്നും അത് എന്ത് കൊണ്ടും ഇസ്ലാമാകണമെന്നും മനസ്സിലാക്കുന്നു.. ചിലരെങ്കിലും ധാർമികമായും വിദ്യാഭ്യാസപരമായും മുൻപന്തിയിലെത്തുന്നു. അവരാൽ കഴിയുന്നത് സമൂഹത്തിനായി ചെയ്യുന്നു.
"മുൾ മുനമെത്തയല്ലാ മതം
കനലു വിരിച്ചതല്ലാ മതം
കടലുകവിഞ്ഞു തൂകിടും
സ്നേഹമാണെത്ര സ്നേഹമാണെൻ മതം "
വരികൾ എത്ര പ്രസക്തമാണ്. എല്ലാ ചങ്ങലകളും പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന പുതുതലമുറയോട് ഒന്നേ പറയാനുള്ളൂ.. കെട്ട് വിട്ട പട്ടത്തിന് ഒരിക്കലും ഉയർന്നു പറക്കാനാവില്ല കെട്ട് വിടാതെ നൂലൊന്ന് ബാക്കി നിൽക്കുന്നുവെങ്കിൽ അവൻ ആകാശം വരെ തൊട്ടേക്കാം..
എ. പി. ജെ ഒരിക്കൽ പറഞ്ഞ പോലെ
അതുല്യനാവുക ചിന്ത കൊണ്ടും വീക്ഷണം കൊണ്ടും പ്രവർത്തനം കൊണ്ടും!
FATHIMA FIDHA.KK
AL GAITH VALANCHERI
.jpg)
0 Comments