യുക്തിയിലുലയുന്ന പെൺയുഗം..!
_______________________________
“തുറിച്ചു നോക്കേണ്ട, ഒന്ന് ചിന്തിക്കൂ ഞാനും നീയും ഒക്കെ എങ്ങനെയുണ്ടായി.......?
_The planet needs sexual Liberation_”
സമ്പന്നമായ കേരളത്തിൻറെ പഴമയും പൊലിമയും മാറ്റൊട്ടും കുറയാതെ കൊത്തിവെച്ച കേരളവർമ്മയുടെ മണ്ണിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ തന്നെ കണ്ണിലുടക്കിയത് ഇണചേരുന്ന രണ്ടുടലുകളുടെ താഴെ എഴുതിച്ചേർത്ത ഈ വാക്യങ്ങളിലേക്കാണ്.......
പള്ളി മിനാരങ്ങളിൽ നിന്നുയരുന്ന ബാങ്കിൻറെ അലയൊലികളോടൊത്ത് തിരി കത്തി തുടങ്ങിയ സന്ധ്യാദീപങ്ങൾ ആയിരുന്നു ഇന്നലെകളുടെ സൗന്ദര്യം. “ഉണ്ണിയെ,...സുബഹി ബാങ്ക് കൊടുത്തു. അമ്പലക്കുളത്തിൽ പോയെന്ന് മുങ്ങിയേക്കും വാടാ, പോരണ വഴി ആ പ്രസാദം കൂടെ വാങ്ങി വച്ചേര...” മതസൗഹാർദം തുളുമ്പി തുടങ്ങിയ നളിനിയേടത്തിയുടെ ആ വാക്കുകളും ഇന്ന് മങ്ങിത്തുടങ്ങി. ബാങ്ക് വിളി കേൾക്കുന്നത് പോലും ശബ്ദ മലിനീകരണത്തിന്റെ ഉറവിടങ്ങളായി. കൊട്ടിയടച്ച വാതിൽ പാളികളിൽ My body is my choice എന്ന് കൊത്തിവെക്കപ്പെട്ടു. ദാവണി ചുറ്റി കൊലുസ് കുലുക്കി പാറി നടക്കുന്ന അശ്വതിയും മക്കനയിട്ട് പർദ്ദവലിച്ച് ഓടി നടന്ന ഫാത്തിമയും ഒക്കെ ക്യാമ്പസ് ഇടങ്ങളിലെ ഓർമ്മകൾ മാത്രമായി. കേരളീയ സംസ്കാരവും ആദർശധാരകളും ഇന്ന് യുക്തി ചിന്തകളുടെ ഊരാക്കുടുക്കിൽ വലിഞ്ഞു മുറുകുകയാണ്. മത ചിന്തകൾക്കും മതകീയ മതിൽക്കെട്ടുകൾക്കും അപ്പുറം മനുഷ്യൻ എന്ന ഒരൊറ്റ മതബോധമാണ് മാനവ യുഗത്തേ നയിക്കേണ്ടതെന്ന യുക്തി ചിന്തയാണ് ക്യാമ്പസകങ്ങളിൽ ഘനീഭവിച്ചു നിൽക്കുന്നത്. കലാലയ ജീവിതം അവസാനിക്കുന്നിടത്ത് ആരംഭിക്കുന്ന ക്യാമ്പസ് വീരഗാഥകളിൽ മുന്നിട്ട് നിൽക്കുന്ന മതനിരാസ ചിന്തകളും ലിബറൽ-കമ്മ്യൂണിസ്റ്റ് പാഠങ്ങളും കാലികലോകം അതിസൂക്ഷ്മതയോടെ വിശകലനം ചെയ്യേണ്ടതുണ്ട്. സമകാലിക സംസ്കാര സ്വത്വത്തിന്റെ ഭിന്നതലങ്ങളിൽ നിന്നാഴത്തിൽ സംഗ്രഹിക്കുമ്പോൾ പഠനം പരിസമാപ്തിയിലെത്തുന്നത് സ്വതന്ത്ര ചിന്തകൾക്കും സന്ദേഹവാദങ്ങൾക്കും അടിത്തറയിടുന്ന നാസ്തികതയുടെ പുറം പാളിയിലാണ്. സ്വാതന്ത്ര്യ ബോധത്തിന്റെ മൂടുപടം അണിഞ്ഞ് മാനവ മസ്തിഷ്കത്തിൽ സംസ്കാരവിരുദ്ധതയുടെ വിഷം കുത്തിനിറക്കുന്ന അയുക്തിക ഭ്രാന്തിന്റെ അനന്തരഫലം ലോകമൊന്നടങ്കം വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ മനുഷ്യനെ സംസ്കാരത്തിന്റെ അർത്ഥതലങ്ങൾ പഠിപ്പിച്ച മതപ്രമാണങ്ങൾ കാലികതയുടെ ശത്രു പട്ടികയിൽ എഴുതപ്പെടുകയും സ്വതന്ത്ര ചിന്തകൾക്ക് മൂല്യം വേണമെന്ന ശാഠ്യം പ്രതിധ്വനിക്കുകയും ചെയ്യുകയാണ്. സമ്പൂർണ സാക്ഷരതയാൽ ചായം പൂശപ്പെട്ട കേരളത്തിൻറെ ഭാവിയും മനുഷ്യ പരിമിതികൾ മിഥ്യാധാരണയാണ് എന്ന മൂഢവാദത്തിന് മുന്നിൽ ചോദ്യചിഹ്നമാണ്.
ഇവിടെ നാസ്തികതയും മതനിരാസവും മാനവകുലത്തിനു ചുറ്റും ചങ്ങലയിൽ ബന്ധനം തീർക്കുമ്പോൾ അവക്ക് മൂർച്ച കൂട്ടുന്ന ലിബറൽ ചിന്തകളെക്കുറിച്ചും കമ്മ്യൂണിസ്റ്റ് ദർശനങ്ങളെക്കുറിച്ചും കൂടുതൽ ചിന്തിക്കുകയും വിശദപഠനങ്ങളിലേക്ക് ആനയിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
എന്താണ് ലിബറലിസം ?
രാഷ്ട്രീയവും സാമ്പത്തികവും ധാർമികവുമായ ഒരു ദർശനമാണിത്. പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ദർശനികനായ ജോൺ ലോക്ക് ആണ് ഇതിൻറെ പിതാവായി അറിയപ്പെടുന്നത്. 1688 ഇംഗ്ലണ്ടിൽ നടന്ന ഗ്ലോറിയസ് വിപ്ലവം, 1789 ലെ ഫ്രഞ്ച് വിപ്ലവം തുടങ്ങിയവയിലൂടെയാണ് ലിബറലിസം എന്ന കുഞ്ഞ് ജന്മം പുൽകപ്പെടുന്നത്. മൊണ്ടസ്ക്യു, ആഡം സ്മിത്ത് തുടങ്ങിയ ചിന്തകന്മാരാണ് ലിബറലിസത്തിന് സൈദ്ധാന്തികമായ ഒരു അടിത്തറ തീർത്തത്. സമൂഹത്തിന്റെ കേന്ദ്രം വ്യക്തിയാണെന്നും അവനു തൻ്റെ ഇഷ്ടം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും ഭരണകൂടങ്ങൾ അവ വകവച്ചു നൽകേണ്ടതുണ്ടെന്നുമുള്ള ലിബറലിസത്തിന്റെ വാദങ്ങളാണ് മാനവകുലത്തിൽ മത സൗഹാർദ്ദത്തിൽ നിന്നും മത നിരാസത്തിലേക്കുള്ള പാലം പണിതു വെച്ചത്. മതേതരത്വത്തിന്റെ അടിത്തറയിലാണ് ആധുനികതയുടെ ഇത്തരം ദർശനങ്ങൾ ഉയർത്തപ്പെട്ടത്. ആ എടുപ്പിന് അടിക്കല്ലിട്ടത് മതത്തെയും ദൈവത്തെയും വിമർശിച്ച മൂന്ന് ദാർശനികരാണ്. സിഗ്മാൻ ഫ്രോയിഡ്, കാൾ മാക്സ്, ഫ്രെഡറിക് നീഷെ എന്നിവരാണ് അവർ. ദൈവത്തിലെ പിതാവിനെയും നീതി പാലകനെയും സർവ്വദായകനെയും നീഷേ ചോദ്യം ചെയ്തു. വിമർശനത്തിന്റെ അടിസ്ഥാനവും പശ്ചാത്തലവും മത വിമർശനമാണെന്ന് നീഷേ വിശ്വസിച്ചു. മായികമായ ആഹ്ലാദങ്ങളിൽ നിന്നും വിടുതൽ നേടുമ്പോഴാണ് മനുഷ്യൻ യഥാർത്ഥ ആഹ്ലാദത്തിൽ എത്തിച്ചേരുക എന്ന് മാക്സും വിശ്വസിച്ചു.
കേരള സമൂഹത്തിൽ പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൽ സ്ത്രീകൾ അർഹിക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല എന്നയിടത്തുനിന്ന് ലിബറൽ വൽക്കരിച്ച ഫെമിനിസം അസോസിയേഷനും മതനിരാസ ചിന്തകരുടെ മറ്റൊരു പ്രോഡക്റ്റാണ്. സ്ത്രീ വിഷയത്തിൽ ഖുർആൻ പരാമർശിക്കുന്ന ആൺകോയ്മ അഥവാ ആണധികാര തലങ്ങളാണ് ഫെമിനിസം ഏറെ ചർച്ച ചെയ്യുന്നതും. മതങ്ങൾ കൽപ്പിക്കുന്ന പരിധികൾ ഭേദിച്ചുകൊണ്ട് സമൂഹത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു സ്ത്രീ സമൂഹത്തെയാണ് അവർ സ്വപ്നം കാണുന്നത്.
മാറുമറക്കാൻ സ്വാതന്ത്ര്യം നിഷേധിച്ച ഒരു കാലത്തുനിന്ന് സ്വാതന്ത്ര്യത്തിനായി വീറോടെ പൊരുതിയവർ ഇന്ന് തുറന്നിടാനുള്ള സ്വാതന്ത്ര്യം വലിച്ചു കേറ്റുകയാണ്. മാന്യതയുടെ മൂടു
പടങ്ങൾ എന്തിനു സ്ത്രീയുടെ മേൽ കെട്ടിവയ്ക്കണം എന്നവർ ആർത്ത് ചോദിക്കുന്നു.
പുരുഷ വികാരത്തിന് കോളിളക്കം സൃഷ്ടിക്കുന്ന തരത്തിൽ അവയവ ദർശനം നടത്തി അവരെ പ്രകോപിപ്പിക്കുമ്പോൾ ‘കിട്ടിയോ, ഇല്ല -ചോദിച്ചു മേടിച്ചു’എന്ന സലിംകുമാർ ചേട്ടൻറെ മറുപടിയാണ് യഥാർത്ഥത്തിൽ എടുത്തു കാട്ടപ്പെടേണ്ടത്. കേരളത്തിൽ നിന്നുയരുന്ന നിരന്തര പോക്സോ കേസുകളും സൈബർ അതിക്രമങ്ങളും ഇത്തരത്തിലുള്ള പ്രവണതകൾക്ക് ഉത്തമ ഉദാഹരണങ്ങളാണ്.
മതത്തിൻറെ വേലികെട്ടിന് അരികിൽ നിന്ന് ജീവിതം നയിച്ചിട്ടും ആർജ്ജവമുള്ള മതസൗഹാർദത്തിന് വേദിയായവയാണ് കേരളത്തിലെ ഓരോ ക്യാമ്പസ് ഇടങ്ങളും. കുടുംബ സദസ്സുകളിൽ നിന്ന് ഒളിച്ചോടി മതസൗഹാർദ്ദത്തിന് മതാതീത നിർവചനം എഴുതിച്ചേർക്കാൻ ആധുനിക യുവത സ്വതവേ മഹിളാരത്നങ്ങൾ വെമ്പൽ കൊള്ളുകയാണ്.
സ്ത്രീക്കും പുരുഷനും ഇസ്ലാമിക അധ്യാപനത്തിൽ പരിഗണനീയമായ സ്ഥാനമാനങ്ങൾ അല്ലാഹു കല്പിക്കുന്നുണ്ട് “പുരുഷന്മാർക്ക് സ്ത്രീയുടെ മേൽ അധികാരമുണ്ട്” എന്ന പ്രഖ്യാപനത്തിന്റെ പൊരുളും പ്രമാണവും ഇതാണ്. അടിച്ചമർത്താനുള്ള വ്യഗ്രതയുടെ പുറത്തല്ല, ഉപജീവനം കണ്ടെത്തുന്നത് അടക്കമുള്ള ഉത്തരവാദിത്വങ്ങൾ നിക്ഷിപ്തമായിരിക്കുന്നത് പുരുഷനിൽ ആണ് എന്നതുകൊണ്ടാണ് ഖുർആൻ ഇങ്ങനെ പറഞ്ഞത്. സുന്ദരവും സന്തുലിതവുമായ സാമൂഹിക വ്യവസ്ഥിതിയുടെ സുതാര്യമായ നടത്തിപ്പിന് ഈ ആൺകോയ്മ (ഖിവാം) ഒഴിച്ചുകൂടാൻ ആകാത്തതാണെന്ന് സാമൂഹ്യശാസ്ത്ര പഠനങ്ങൾ തുറന്ന് സമ്മതിക്കുന്നു. അധ്വാനം കുറവുള്ള ഗാർഹിക ഭരണവും ആഭ്യന്തര ഉത്തരവാദിത്വവും പെണ്ണിനെ ഏൽപ്പിക്കുകയും കൂടുതൽ കായികാദ്വാനം ആവശ്യമുള്ള ജോലികൾ പുരുഷന് കൊടുക്കുകയും വിജ്ഞാന സമ്പാദനം പോലെ ഇരുകൂട്ടർക്കും ഐഹികമായി നേടിയെടുക്കാവുന്ന കാര്യങ്ങളിൽ ഒരുപോലെ പങ്കാളിത്തം നിശ്ചയിക്കുകയും ചെയ്യുന്ന തികച്ചും യുക്തിസഹമായ ഈ ഉത്തരവാദിത്ത വിഭജനത്തെ കുറിച്ച് എങ്ങനെ വിവേചനപരമെന്ന് ആക്ഷേപിക്കാൻ ആകും.
സമത്വം എന്ന മിഥ്യ
സമൂഹത്തിൽ സ്ത്രീയുടെ സ്ഥാനം എന്തെന്ന് നിർണയിക്കുന്നതിൽ പലർക്കും തെറ്റ് പറ്റിയിട്ടുണ്ട്.
📍സ്ത്രീയുടെ സൃഷ്ടിപരമായ പ്രത്യേകതകൾ.
📍സമൂഹ നിലനിൽപ്പിന് സ്ത്രീവർഗ്ഗം വഹിക്കുന്ന പങ്ക് .
📍സമൂഹത്തിന്റെ സുഗമമായ നിലനിൽപ്പിന് കുടുംബ സംവിധാനത്തിന്റെ അനിവാര്യത.
📍സൃഷ്ടിപ്പിലെ വൈജാത്യങ്ങൾ വിസ്മരിച്ച് ഇരുവിഭാഗവും ഒരേ മേഖലയിൽ മത്സരിച്ച് മുന്നേറാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ,
ഇവയെല്ലാം ഗൗരവമായി കണക്കിലെടുത്തുകൊണ്ട് ആകണം വാസ്തവത്തിൽ ഓരോ വിഭാഗത്തിന്റെയും ചുമതലയും ധർമ്മവും പദവിയും നിർണയിക്കാൻ. യുക്തിയും ന്യായവും ശരിവെക്കുന്ന വഴികളിലൂടെ അല്ലാതെ മുന്നേറിയാൽ താള പിഴവുകൾ സംഭവിക്കുമെന്ന് സമകാലിക സമൂഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യം, സോഷ്യലിസം, ക്യാപ്പിറ്റലിസം, കമ്മ്യൂണിസം, സെക്കുലറിസം തുടങ്ങിയ മനുഷ്യനിർമ്മിത പ്രസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾ അന്തിമവും അലങ്കനീയവുമായി പരിഗണിക്കണമെന്ന് വാശിയിലാണ് ഇന്ന് ലോകം.
സോഷ്യലിസത്തിന്റെ സ്ഥിതി സമത്വവാദം ആദ്യം വാളോങ്ങിയത് കുടുംബ സംവിധാനത്തിനെതിരെയാണ്. സമത്വം പുരുഷ-സ്ത്രീ വിഭാഗങ്ങൾ തുല്ല്യമായി കളിയാടണമല്ലോ, അതിന് കുടുംബ വ്യവസ്ഥ വിഘാതം സൃഷ്ടിക്കുന്നു. പുരുഷാധിപത്യം കളിയാടുന്നത് കുടുംബത്തിൽ ആണല്ലോ, അതുകൊണ്ട് കുടുംബം തകർന്നാലേ സമത്വം സാധ്യമാകു. വിവാഹമാണ് കുടുംബത്തിന് അടിത്തറ. അവിടെനിന്നാണ് സ്ത്രീയുടെ അടിമത്വം ആരംഭിക്കുന്നത്. അതുകൊണ്ട് വിവാഹം വേണ്ട. അങ്ങനെ ആർക്കും മേഞ്ഞു നടക്കാവുന്ന മേച്ചിൽ പുറങ്ങൾ ആക്കി സ്ത്രീയെ സമകാലികലോകം മാറ്റിയെടുത്തു. കുട്ടികളുടെ കാര്യം നോക്കാൻ കുടുംബം വേണമെന്നില്ല. സമൂഹം നോക്കിക്കൊള്ളും. കുട്ടികൾ ഉണ്ടായത് നിയമപരമോ അല്ലാതെയോ എന്ന നോട്ടമില്ല. ഏതുതരം കുട്ടികളെയും സംരക്ഷിക്കലാണ് സമൂഹത്തിന്റെ ഉത്തരവാദിത്വം. അപ്പോൾ സമൂഹം എന്ന ദർശനത്തിൻ്റെ ഉദ്ദേശ്യം എന്താകും?....
ഫ്രഞ്ച് വിപ്ലവത്തിന്റെ ഉൽപ്പന്നമായ ലിബറലിസം സ്ത്രീപുരുഷന്മാർ തമ്മിൽ അവകാശങ്ങളിലും ചുമതലകളിലും തുല്യരാണ് എന്ന വാദത്തിന് ഊന്നൽ നൽകി. മതങ്ങളും സദാചാര നിയമങ്ങളും അവലംബിക്കുന്ന നിയന്ത്രണങ്ങളിൽ നിന്ന് സ്വതന്ത്രമായി സ്ത്രീയെ സമൂഹത്തിന്റെ നിഖിത മേഖലകളിലും പ്രതിഷ്ഠിച്ചു. സ്ത്രീപക്ഷ പരമായ റാഡിക്കലിസം കടന്നുവന്നതോടെ നിരുപാധികം സമത്വം എന്ന മുദ്രാവാക്യവും മുൻകടന്ന് സ്ത്രീക്ക് ദൈവിക പരിവേഷം നൽകി പുരുഷനിൽ നിന്നും വേർപെടുത്തി. സ്ത്രീകൾ മാത്രമായി ഒരു കമ്മ്യൂണിറ്റി രൂപീകരിച്ചു. പുരുഷമുക്തമായ സമൂഹത്തിൽ സ്വവർഗ ഭോഗം നടമാടി. ബുദ്ധിയും പ്രകൃതിയും അവഗണിക്കപ്പെട്ടു. സമൂഹത്തിൽ കുടുംബത്തിനും വിവാഹത്തിനുമുള്ള റോളുകൾ ശിഥിലീകരിക്കപ്പെട്ടു. മാതൃത്വം അന്യവൽക്കരിക്കപ്പെട്ടു. സമത്വം എന്ന തലവാചകതിൻ്റെ മറവിൽ സ്ത്രീ മാത്ര സമൂഹം രൂപീകരിക്കുകയും പുരുഷൻ്റെയും കുട്ടികളുടെയും അവകാശങ്ങൾ ഹനിക്കുകയും ചെയ്യുന്നു. മതവും സംസ്കാരവും നിയന്ത്രിച്ച സാമൂഹിക വിപത്തുകൾ പൗരാവകാശമാക്കി മാറ്റി പ്രഖ്യാപിക്കുകയും നിയന്ത്രണങ്ങൾ മാറ്റി നിർത്തുകയും ചെയ്താൽ രൂപപ്പെടുന്ന ലോകത്തിന് അതിരുകൾ ഇല്ലല്ലോ. പാശ്ചാത്യൻ നാഗരികതയിലെ “പൗരസ്ത്യൻ യുവതി” എന്ന പുസ്തകത്തിൽ പറയുന്നു: അമേരിക്കൻ കോൺഗ്രസിലെ 131 അംഗങ്ങളിൽ 9 പേർ മാത്രമാണ് സ്ത്രീകൾ. അമേരിക്കയിൽ തൊഴിലെടുക്കുന്ന സ്ത്രീകളിൽ 25% പുരുഷനെക്കാൾ കുറഞ്ഞ വേതനത്തിനാണ് ജോലി ചെയ്യുന്നത്. സെനറ്റിലേ സ്ത്രീ പ്രാതിനിധ്യം ഒരു അംശമാണ് . 675 ഫെഡറൽ ജഡ്ജിമാർ ഉള്ളപ്പോൾ അതിൽ വനിതകൾ 8. നിഷ്പക്ഷമായ വിലയിരുത്തലിൽ പാശ്ചാത്യരുടെ സ്ത്രീ സമീപനം എങ്ങനെയാണെന്ന് നമുക്ക് വ്യക്തമാകും. അതുപോലെ അമേരിക്കയിലെ നാഷണൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ അമേരിക്കൻ വുമൺ പുറത്തുവിട്ട കണക്കുപ്രകാരം വികസിത രാജ്യങ്ങളിൽ തങ്ങൾക്ക് ഭൗതിക സാഹചര്യം അനുകൂലമായി കിട്ടിയാൽ 77% സ്ത്രീ ജോലിക്കാരും ജോലി ഉപേക്ഷിച്ച് വീടുകളിൽ ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ്.
സ്ത്രീ സമത്വത്തിന്റെ പ്രസ്ഥാനം ആയി മാറിയ സോഷ്യലിസത്തിന്റെ പ്രമുഖ സാന്നിധ്യം ഇഹ്സാൻ അബ്ദുൽ ഖുദുസ് കുവൈത്ത് വാർത്ത ഏജൻസിയുമായി നടത്തിയ അഭിമുഖത്തിൽ സ്ത്രീകളുടെ തൊഴിലിനെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു ‘ജോലിക്ക് പോകുന്ന ഒരു സ്ത്രീയെ വിവാഹം ചെയ്യുക എന്നത് എൻറെ സങ്കല്പത്തിലെ ഇല്ല’ എന്നെ അറിയുന്നവർക്കെല്ലാം അതറിയാം. കാരണം ഒരു സ്ത്രീയുടെ വീടിനുള്ളിലെ ഉത്തരവാദിത്വങ്ങളുടെ ഭാരത്തെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട് എന്നാണ്. വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വനിതാ വിമോചനത്തിന്റെയും പേരിൽ വലിയ കോലാഹലം സൃഷ്ടിച്ച പാശ്ചാത്യരും അവർക്ക് ദാസ്യവേല ചെയ്യുന്ന പൗരസ്ത്യരും എന്തു നേടിയെന്ന ചോദ്യത്തിന് അവരിൽ നിന്നു തന്നെ ഉത്തരം ലഭിക്കേണ്ടതുണ്ട്. പുരുഷന്റെ ജോലി സ്ത്രീ ചെയ്യുന്നത് ഒരു ട്രെൻഡ് ആക്കി മാറ്റി. അവൾ വണ്ടിയോടിക്കുന്നതും വിമാനം പരത്തുന്നതും വലിയ കൗതുകമായി. ഫലം സ്ത്രീസമത്വത്തിനായി വാദിച്ചവർ ജോലിഭാരം താങ്ങാതെ അകാലവാർധ ക്യത്തിന് ഇരയാക്കപ്പെടുമ്പോൾ ഭർത്താവ് തന്നെക്കാൾ ചെറുപ്പം ഉള്ളവരിലേക്ക് സുഖം തേടി പോകുന്നത് കാണേണ്ടിവരുന്നു. സ്ത്രീകൾ തന്നെ സ്ത്രീകൾക്ക് കെണി ഒരുക്കി.
സ്ത്രീയെ മത മൂല്യങ്ങൾ ഭേദിച്ച് പുറത്ത് കടക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ:
ദൃശ്യമാധ്യമപ്രചാരണം
കോവിഡ് കാലാനന്തരം ദ്രുതഗതിയിൽ പ്രചാരം നേടിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ യുക്തിവാദ ചിന്തകളുടെ വളർച്ചയ്ക്ക് ഒരു പരിധിവരെ കാരണമായിട്ടുണ്ട്. പൊതുസമൂഹത്തിനു മുമ്പിൽ സ്വന്തം അഭിപ്രായങ്ങളും അനുഭവങ്ങളും ആത്മസംഘർഷങ്ങളും തുറന്നു പറയാനുള്ള അവസരം ഈ പ്ലാറ്റ്ഫോമുകൾ വഴി ലഭിക്കുന്നു. സോഷ്യൽ മീഡിയ ഉപഭോക്താക്കളിലേക്ക് പ്രസ്തുത പ്രസ്താവനയുടെ ഫീലിംഗ് എത്തിക്കപ്പെടുകയും ചെയ്യുന്നു. സ്വന്തം ചിന്തയിൽ ഉണരുന്ന സ്വാതന്ത്ര്യ വിചാരങ്ങളെ ഇങ്ങനെ മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യുന്നത് വഴി മത മൂല്യങ്ങൾ പാരമ്പര്യമായി പരിചയിച്ചുവരുന്ന ഉപഭോക്താവിന്റെ മനസ്സിൽ ‘എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ’ എന്ന തരത്തിൽ ചിന്താവിചിന്തനം നടക്കുകയും മാറ്റങ്ങൾ ആഗ്രഹിക്കുന്ന മനസ്സുകൾ ഉൽസാഹത്തോടെ അത് ഏറ്റെടുക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ മേഖലയിലും സാമൂഹികവൽക്കരണത്തിലും ഇതുവഴി നിരവധി നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചുവെങ്കിലും സംസ്കാരത്തിന്റെ മാനുഷിക ബോധത്തെ മറക്കുന്ന സ്വതന്ത്ര ചിന്തകൾ താന്താങ്ങളുടെ ഇഷ്ടപ്രകാരം സമൂഹത്തോട് വിളിച്ചു പറയുന്നതിനും സമൂഹമാധ്യമങ്ങൾ ഒരു ചാലകമായി വർത്തിക്കുന്നു. സ്വതവേ മത ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് നടക്കുന്ന സംസ്കാര ശൂന്യതകൾ മിതമായ രീതിയിൽ പരിഹരിക്കുകയും നേരായ വഴിയിൽ നയിക്കപ്പെടുകയും ചെയ്തിരുന്നിടത്തുനിന്നും ഇത്തരം കൃത്യങ്ങൾ ദൃശ്യമാധ്യമങ്ങൾ വഴി ലോകത്തിലെ സർവ്വദിക്കുകളിലേക്കും കൈമാറ്റം ചെയ്യുകയും മതമെന്ന പ്രാമാണികതത്വത്തിന് അതീതമായി പ്രസ്തുത വിഷയം മനുഷ്യൻ ഉണ്ടാകുന്നവയാണെന്നും നിരാകരിക്കേണ്ടത് ഇല്ലെന്നുമുള്ള പ്രതിപ്രസ്താവനയോടൊപ്പം വീണ്ടും അത് ദൃശ്യമാധ്യമങ്ങളിൽ കൈമാറുകയാണ്. മത മൂല്യങ്ങളുടെ യാഥാർത്ഥ്യം അറിയാതെ കേവലം മതവിശ്വാസി എന്ന പേരിൽ ആരാധനകൾ അർപ്പിച്ചു കൊണ്ടിരിക്കുന്ന സാധാരണ ജനത ഇതുവഴി ഒരു വിചിന്തനത്തിന് പ്രേരിതമാവുകയും ക്രമേണ ഒരു മതവിശ്വാസി ആയതിനാൽ ഉപേക്ഷിക്കേണ്ടി വന്ന വികാരങ്ങൾ വീണ്ടും ചിന്താമണ്ഡലങ്ങളിൽ ഉണർന്നു വരികയും ചെയ്യുന്നു. മതം സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന നിഗമനത്തോടെ വ്യക്തികൾ മത നിരാസത്തിലേക്ക് വഴി തിരിയും ചെയ്യുന്നു. 1990 കളിൽ മതത്തോട് താല്പര്യം പ്രകടിപ്പിക്കാതിരുന്നവരുടെ തോത് എട്ട് ശതമാനം ആയിരുന്നുവെങ്കിൽ 2019ഇൽ അത് 18% ശതമാനം ആയി വർദ്ധിക്കുകയാണ് ചെയ്തത്. ഈ കാലഘട്ടങ്ങളിലെ ഇൻറർനെറ്റ് ഉപയോഗം പരിശോദിക്കുമ്പോൾ പൂജ്യത്തിൽ നിന്നും 80% ആയി ഉയർന്നതായി കാണാൻ സാധിക്കും.
കുടുംബ പശ്ചാത്തലം
അധികരിച്ചു കൊണ്ടിരിക്കുന്ന മതനിരാസ പ്രവണത കൗമാര യൗവന മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഒരു പരിധിവരെ കുടുംബ സാഹചര്യങ്ങളും കാരണമായിട്ടുണ്ട് പരമ്പരാഗതമായി കുടുംബങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന ആൺപൺ വിവേചനവും വിമർശനാത്മക ചിന്തകളും ഇതിനു വഴി തെളിയിക്കുന്നു. വാസ്തവത്തിൽ മതങ്ങൾ അനുശാസിക്കാത്ത നിയമവ്യവസ്ഥകളും സാമൂഹിക അനാചാരങ്ങളും ഇവിടെ മേൽക്കോയ്മ ചാർത്തപ്പെടുമ്പോഴാണ് മതം അസ്വാതന്ത്ര്യം വിഭാവനം ചെയ്യുന്നു എന്ന തരത്തിലേക്ക് ചിന്തകൾ കൂട് മാറുന്നത്. കഴിഞ്ഞ കാലഘട്ടത്തെ അപേക്ഷിച്ച് കൂടുതൽ ലിബറലായി കുട്ടികളെ വളർത്തുന്ന രീതിയാണ് കണ്ടുവരുന്നത്. കുടുംബം കുട്ടികളുടെ പരമമായ ആനന്ദം കാംക്ഷിച്ചുകൊണ്ട് അവരുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്നു. ഇത്തരത്തിൽ വളർന്നു വരുന്ന സ്വതന്ത്രചിന്തകളാൽ പിന്നീട് സമൂഹത്തിൽ നിന്ന് വരുന്ന നിയന്ത്രണങ്ങളെ അവർ നിഷേധാത്മകമായ രീതിയിൽ സമീപിക്കാൻ കാരണമാവുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരേ വീട്ടിൽ ഉണ്ടായിരിക്കെ പഠനാവശ്യാർത്ഥം ഒരു യാത്ര പോകേണ്ടി വരുമ്പോൾ വീട്ടുകാർ ആൺകുട്ടിക്ക് സമ്മതം നൽകുകയും പെൺകുട്ടിയോട് നീ പെണ്ണാണ് പുറത്തിറങ്ങി നടക്കാനുള്ളതല്ല എന്ന് പറയുകയും യാത്ര പോകാനുള്ള ആഗ്രഹത്തെ അന്യായമായി നിരാകരിക്കുകയും ആണ് ചെയ്യുന്നത്. അതുപോലെ ആൺകുട്ടികൾക്ക് നൽകുന്ന സ്വാതന്ത്ര്യവും മഹത്വവും കുടുംബങ്ങളിൽ പെൺകുട്ടികൾക്ക് വകവച്ചു നൽകുന്നില്ല. നീയൊരു പെൺകുട്ടിയല്ലേ എന്ന വാചകത്തിൽ തന്റെ പഠിക്കാനും പറക്കാനും ഉള്ള ആഗ്രഹങ്ങൾക്ക് വിലങ്ങു തീർക്കുമ്പോൾ ആൺകുട്ടികൾ ആകട്ടെ തൻറെ ലക്ഷ്യങ്ങളിലേക്ക് ചിറകടിച്ചു പറക്കുന്ന തിരക്കിലാകും .ഞാനൊരു പെണ്ണാണെന്ന ചിന്തയിൽ ഇത്തരം നിഷേധാത്മകമായ അപകർഷതാബോധം പെൺകുട്ടികളിൽ കുടുംബം വളർത്തിയെടുക്കുകയും ഇത് മതകീയ കാഴ്ചപ്പാടുകൾ ആണെന്ന് തെറ്റിദ്ധരിച്ചു തൻറെ സ്വാതന്ത്ര്യ ജീവിതത്തിന് മതം വിലങ്ങുതടിയാണെന്ന ഇടത്തേക്ക് പെൺകുട്ടികളെ എത്തിക്കുകയും ചെയ്യുന്നു. തുടർന്ന് സ്വാതന്ത്ര്യം നൽകുന്നവർക്കൊപ്പം നിന്ന് തന്നെ സ്വതന്ത്രമായ ആശയങ്ങൾ പരസ്പരം പങ്കുവെച്ച് മതമില്ലാത്ത ലോകത്തിൻറെ അടിത്തറ കെട്ടിത്തുടങ്ങുകയും ആണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
ക്യാമ്പസ് രാഷ്ട്രീയം
കലാലയ അന്തരീക്ഷം അവസാനിക്കാത്ത അക്കാദമികവും പൊതുവിജ്ഞാനപരവുമായ ചർച്ചയുടെയും ആശയങ്ങളുടെയും ആധാന പ്രദാനങ്ങളുടെയും കേന്ദ്രമാണ്. പൊതുബോധത്തിന് ഉണർവേകുന്ന പ്രധാനഘടകമാണ് ക്യാമ്പസ് രാഷ്ട്രീയം. ക്യാമ്പസിൽ നിന്നും അതിനെ ഒഴിച്ചുനിർത്തിയാൽ ആ രാഷ്ട്രീയത്തിൽ യൗവനത്തിന്റേതായ സമർപ്പണവും ഊർജ്ജസ്വലതയും ഉണ്ടാകില്ല .എന്നാൽ ഖേദകരം എന്ന് പറയട്ടെ മലയാളികളുടെ മതനിരാസ പ്രകടനങ്ങൾക്ക് ചുക്കാൻ പിടിച്ചുകൊണ്ട് ക്യാമ്പസുകളിൽ സ്വതന്ത്ര ചിന്താമണ്ഡലങ്ങൾ ഉണർന്ന് വരികയാണ്. ‘എൻറെ ശരീരം എൻറെ തിരഞ്ഞെടുപ്പാണ്’ എന്ന കുറിപ്പിന് മേലെ നഗ്നമായ പെൺകുട്ടിയുടെ ചിത്രം വരച്ചു തിരുവനന്തപുരത്ത് സ്ഥാപിച്ചതും ‘തുറിച്ചു നോക്കേണ്ട ഒന്ന് ചിന്തിക്കൂ ഞാനും നീയും ഒക്കെ എങ്ങനെയുണ്ടായി’ എന്ന് അടിവാചകത്തോടെ ഇണചേരുന്നതിന്റെ പച്ചയായ നഗ്നചിത്രങ്ങൾ വരച്ച് കേരളവർമ്മ കോളേജിൽ തൂക്കിയിട്ടതും ലൈംഗിക ചുവയുള്ള ക്യാമ്പസ് രാഷ്ട്രീയത്തിന്റെ അധാർമിക ചട്ടങ്ങൾ ആയിരുന്നു. ആശയങ്ങൾക്ക് മൂർച്ച കുറയുമ്പോൾ ആയുധങ്ങളെ ആശ്രയിച്ചിരിക്കുന്നവർ അശ്ലീലതയിൽ അഭയം തേടുന്ന അധികാര രംഗമാണ് ഇപ്പോൾ കാണുന്നത് ലൈംഗിക ദാരിദ്ര്യത്തിന്റെ കാണക്കയങ്ങളിൽ ഇരയാക്കപ്പെടുന്നത് ആകട്ടെ സ്വാതന്ത്രമോഹികളായ ഒരുപറ്റം പെൺകുട്ടികളും. ക്യാമ്പസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ചില രാഷ്ട്രീയ പാർട്ടികളുടെ ഡോക്യുമെന്റുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മതങ്ങളിൽ അല്പതല്പരമായി മാറുന്ന പെൺകുട്ടികൾ സ്വാതന്ത്ര്യം എന്ന ആശയം ചുമലിലേക്ക് എടുത്തു വെച്ച് ലിബറൽ വാദികളോടൊപ്പം വഴിമാറി തുടങ്ങുകയാണ്. ഉദാര ലൈംഗികതയെ അടിസ്ഥാന ലക്ഷ്യമായി കണക്കാക്കുന്ന ഇത്തരം സംഘടനകൾ സ്വാതന്ത്ര്യം എന്നാൽ ഉദാര ലൈംഗിക സ്വാതന്ത്ര്യം ആണെന്നും മതങ്ങൾ ഈ സ്വാതന്ത്ര്യത്തിന് വിലങ്ങു തടിയാണെന്നും ഗ്രഹിക്കുകയും സ്വാതന്ത്ര്യത്തിനായി മത നിരാസത്തിലേക്ക് വഴിമാറുകയും ആണ് ചെയ്യുന്നത്. പള്ളിക്കൂടങ്ങളെ സംസ്കാര ശൂന്യതയുടെ ഇടങ്ങളായി പരിവർത്തനം ചെയ്യാനുള്ള ലിബറൽ വർഗീയ കൂട്ടായ്മകളുടെ ചിന്താഹീനതക്ക് നിന്ന് തരില്ലെന്ന് ധാർമികത പുലരണം എന്ന് ആഗ്രഹിക്കുന്നവരെല്ലാം ഉറക്കെ പറയേണ്ട സന്ദർഭോചിതമായ അവസരമാണിത് .കലാലയണത്തിൽ അക്കാദമിക് മേഖലയിലും ആസൂത്രിത പാഠ്യേതര മേഖലയിലും പൊതു തത്വബോധത്തിന് ഊന്നൽ നൽകി ഉണർവേകുന്നതിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന് സുപ്രധാനമായ ഒരു പങ്കുണ്ട്. യൗവന ജീവിതത്തിന് അത്യാനന്ദവും രാഷ്ട്രീയ വികാരവും നൽകുന്നതിൽ വിപ്ലവം തീർത്ത ക്യാമ്പസ് രാഷ്ട്രീയങ്ങൾ ഇന്ന് ഇത്തരം ഉത്തരവാദിത്തങ്ങൾ മറന്ന് ഉദാര ലൈംഗിക സ്വാതന്ത്രവാദികളായി രൂപമാറ്റം നടത്തപ്പെടുമ്പോൾ മതേതരത്വത്തിന്റെ മഹനീയമായ നിർവചനം മതമില്ല ഭാവിയുടെ പുതിയ വകുപ്പുകൾ ആയി ചായം പൂശപ്പെട്ടുപോയി. ജെൻഡർ ന്യൂട്രൽ ആശയങ്ങൾ എന്ന പേരിൽ പടിഞ്ഞാറൻ രാഷ്ട്രങ്ങളിൽ നടപ്പാക്കാൻ ശ്രമിച്ച പരാജയം രുചിച്ച പ്രസ്താവനങ്ങളെ കേരളീയ കലാലയങ്ങളിൽ ഇന്ന് തകൃതിയായി നടപ്പിലാക്കുകയാണ്. പൊതിഞ്ഞു നടക്കേണ്ടവളല്ല പെണ്ണ് അവൾ സ്വതന്ത്രരാണ് എന്ന ലക്ഷ്യത്തെ മുന്നിൽ അവതരിപ്പിച്ച് പെൺകുട്ടികളെ രാഷ്ട്രീയ പാർട്ടിയിലേക്ക് ആകർഷിപ്പിക്കുകയും പൊതുവേ മതത്തിനു വിപരീതമായ ഇത്തരം കാഴ്ചപ്പാടുകളെ സ്വീകരിക്കാനായി അവർ മതം വിട്ടു പോവുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇരകൾ തങ്ങളുടെ വലയിലായി എന്നറിയുമ്പോൾ യഥാർത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങൾ പുറത്തുകൊണ്ടുവരികയും സമൂഹത്തിൽ മഹനീയ പദവികൾ അലങ്കരിക്കുന്ന സ്ത്രീ സമൂഹത്തെ കേവലം പുരുഷന്റെ ഉപഭോഗ വസ്തു എന്നതിലേക്കും ചവിട്ടി താഴ്ത്തുകയും ചെയ്യുന്ന ലൈംഗിക ചുവയുള്ള അടിസ്ഥാന വാദികളായി വിദ്യാർത്ഥി രാഷ്ട്രീയം കൂപുകുത്തുന്നു.
മാറേണ്ടതുണ്ട് ലോകം
മാറ്റി മറിക്കേണ്ടത്തുണ്ട് നാം മാനവൻ.... മാറ്റം ഒരിക്കലും മാനവന്ന് നിരക്കാത്തതാകല്ലെ....
ഇനിയുമി ലോകത്ത് ഉണരണം ഭാവി....
അതിനിനിയും ബാക്കിയാകണം മാനവാ നിൻ്റെ മണ്ണ്....
ശുഭം...!
Reference
_____________
Sunni Afkar
Sathya Dhara
വേദം യുക്തി വാദം
നവ നാസ്തികത
ലിംഗ സമത്വം
Nabeela Nashrin AP
Alfarooq wafiyya college Thrippanchi

0 Comments